ചന്ദ്രനിലേക്ക് വീണ്ടും
Sankaran Vijaykumar
2009 ജൂലൈ 20 തീയതി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ 40 -ആം വാർഷികം നാം ആഘോഷിച്ചു.എന്തെന്നാൽ 1969 ൽ അതേപോലെയുള്ള ഒരു ദിവസമായിരുന്നു മാനവചരിത്രം മാറ്റിമറിക്കുക ഉണ്ടായത് (1969 ജൂലൈ 20) .അതുവരെ മനുഷ്യന് ഭൂമി എന്ന ഗ്രഹത്തിന്റെ ഇട്ടാവട്ടത്തിൽ ഒതുങ്ങികൂടുക എന്നത് ആയിരുന്നു നിയോഗം .എന്നാൽ അങ്ങനെയല്ല എന്ന് തെളിയിച്ച ഒരു പൊൻപുലരി ആയിരുന്നു ആ ദിവസം. അന്ന് ചന്ദ്രനിൽ ആദ്യമായി കാൽപതിപ്പിച്ചുകൊണ്ട് നീൽ ആംസ്റ്റ്രൊങ്ങ് ഇങ്ങനെ ലോകത്തോട് വിളിച്ചുപറഞ്ഞു. “That’s one small step for a man; one giant leap for mankind”.അതായത് “ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽവയ്പാണ് ,പക്ഷെ മനുഷ്യസമുദായത്തെ സംബന്ധിച്ച് ഇതു ഒരു വലിയ കുതിച്ചു ചാട്ടം” ആണെന്ന്.എന്നാൽ എന്തായിരുന്നു ആ കുതിച്ചു ചാട്ടം?അതിന്റെ പിണാമ്പുറകാഴ്ചകൾ എന്തോക്കെയായിരുന്നു?അതിലേക്കുള്ള ചെറിയ ഒരു എത്തിനോട്ടം ആണ് ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.
1609 ലെ നവംബർ മാസത്തിൽ ഇറ്റലിക്കാരൻ ആയ ഗലീലിയോ (Galileo Galilei) താൻ സ്വന്തമായി ഉണ്ടാക്കിയ ടെലസ്കോപ്പ് ഉപയോഗിച്ച് ചന്ദ്രനെ 20 മടങ്ങ് വലുപ്പത്തിൽ ദർശിച്ചതോടെയാണ് ചന്ദ്രന്റെ ഉള്ളുകള്ളികൾ മനുഷ്യന് മനസ്സിലാക്കി തുടങ്ങിയത്.അതുകഴിഞ്ഞ് പലരും ചന്ദ്രനെകുറിച്ച് പഠിച്ചു, അവിടത്തെ പരിതസ്ഥിതിയെകുറിച്ചും കാലാവസ്ഥയെ കുറിച്ചു ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി.1959 ജനുവരി 2-ന് സോവിയറ്റ് യുണിയന്റെ ലുണ-1(Luna-1 )എന്ന പേടകം ആദ്യമായി ചന്ദ്രന്റെ ഏകദേശം 6 കിലോമീറ്റർ സമീപത്തുകൂടി കടന്നുപോയതോടെ ചന്ദ്രനിലേക്കു വാഹങ്ങളുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായി .തുടർന്ന്,അവർ ലുണ- 2 ഉം 3ഉം ചന്ദ്രനിൽ ഇടിച്ചിറങ്ങി പല വിലപ്പെട്ട വിവരങ്ങളും പുറത്തുവിട്ടു ..ഇങ്ങനെ ചന്ദ്രനിലേക്കുള്ള റഷ്യയുടെ പ്രയാണങ്ങൾ അമേരിക്കയെ വളരെയധികം അലോസരപ്പെടുത്തി. അതുകൂടാതെ 1961 ഏപ്രിൽ 12 നു വോസ്തോക് -1എന്ന വാഹനത്തിൽ യൂറി ഗഗാറിൻ എന്ന മനുഷ്യനെ ലോകത്തിൽ ആദ്യമായി ശുന്യാകാശത്ത് എത്തിച്ചു .ഇതൊടുകൂടി റഷ്യയുമായുള്ള ബഹിരാകാശമത്സരങ്ങളിൽ തങ്ങൾ പിന്തള്ളപ്പെടുമോ എന്നവർ ആശങ്കപ്പെട്ടു .കുടാതെ ചന്ദ്രനിലേക്കുള്ള അവരുടെ പരിവേഷണങ്ങൾ അവിടെ ആളെ ഇറക്കാനുള്ള പ്രവർത്തനങ്ങളുടെ മുന്നോടിയാണെന്ന് അവർ ഭയപ്പെട്ടു.ഇതിനെല്ലാം ആയി ഒറ്റ പരിഹാരമേ അവർ കണ്ടുള്ളൂ.ലോകത്തിന്റെ മുൻപിൽ അമേരിക്ക വിജയിക്കണമെങ്കിൽ സോവിയറ്റ് യുണിയൻ ആളെ ഇറക്കുന്നതിനു മുന്നെ തങ്ങൾ അവിടെ എത്തിപ്പെടുക.
അങ്ങനെ 1961 മെയ് 25 നു അമേരിക്കൻ പ്രസിഡണ്ട് ജോൺ എഫ് കെന്നഡി പാർലമെന്റിൽ ഒരു പ്രതിജ്ഞയെടുത്തു ,അടുത്ത പത്തു വർഷത്തിനുള്ളിൽ അമേരിക്ക ചന്ദ്രനിൽ ആളെ ഇറക്കി സുരക്ഷിതമായി മടങ്ങും എന്നായിരുന്നു അത് .പക്ഷെ ഈ പ്രതിജ്ഞ നിറവേറ്റുക അത്ര എളുപ്പമുള്ള കാര്യമല്ല.കാരണം ചന്ദ്രനിലേക്ക് ഭൂമിയിൽ നിന്നുമുള്ള ഏറ്റവും കുറഞ്ഞ ദൂരം 384,400 കിലോമീറ്റർ ആണ് .അത്രയും ദൂരം ആളുകളെയും വഹിച്ചുകൊണ്ടുപോയി അവിടെ ഇറങ്ങുക ,പിന്നീടു തിരികെ വരിക എന്നത് ഏറ്റവും സങ്കീർണമായ,കുഴപ്പം പിടിച്ച പണിയാണ് .അതിനാദ്യം വേണ്ടത് ചന്ദ്രനെ വിശദമായി പഠനവിധേയമാക്കുക എന്നതാണ് .അതിനുവേണ്ടി അമേരിക്ക അയച്ച റേഞ്ചർ(Ranger ),സർവയർ (Surveyor ) എന്നീ വാഹനങ്ങൾ അവിടെയിറങ്ങി അനേകം ഫോട്ടോകൾ എടുത്തു,അവിടത്തെ മണ്ണ് ,കാലാവസ്ഥ എന്നിവയെ സംബന്ധിച്ചു സുപ്രധാന വിവരങ്ങൾ കൈമാറി.ലുണാർ ഓർബിറ്റർ എന്ന് പേരുള്ള അഞ്ചോളം വാഹനങ്ങൾ ചന്ദ്രനെ ചുറ്റി അതിന്റെ ഉപരിതലത്തിന്റെ 99% വരുന്ന ഭാഗങ്ങളുടെ ചിത്രങ്ങളും എടുത്തു.ഇനി വേണ്ടത് ആളുകളെ ബാഹ്യാകാശത്ത് വിട്ടു പഠനവിധേയമാക്കുക എന്നത് ആയിരുന്നു .അതിനുവേണ്ടി അമേരിക്ക വിട്ട വാഹനങ്ങൾ ആണ് മെർക്കുറി,ജെമിനി എന്നിവ.ഇവയിലെല്ലാം ബഹിരാകാശചാരികളെ അയച്ച് അനേകം പരീക്ഷണനിരീക്ഷണങ്ങൾ നടത്തി(docking &undocking ഉൾപെടെ),ചന്ദ്രനെപോലെ വായുവും അന്തരീക്ഷവുംഇല്ലാത്ത, ഗുരുത്വാകരണശക്തി കുറഞ്ഞ സ്ഥലത്ത് മനുഷ്യൻ എങ്ങനെ ജീവിക്കും എന്ന് മനസ്സിലാക്കി.ഇതേസമയം റഷ്യക്കാരും വെറുതെ ഇരുന്നില്ല.അവർ വോസ്തോക്(Vostok),വോഖോദ്(Vokhod ),സൊയുസ്സ് (Soyuz) എന്നീ വാഹനങ്ങളിൽ സ്പേസിൽ ആളെവിട്ടു പരീക്ഷങ്ങൾ നടത്തിക്കൊണ്ടിരുന്നു.
ഇങ്ങനെ രണ്ടു കൂട്ടർക്കും ചന്ദ്രനിൽ പോകാനുള്ള വാഹനങ്ങൾ ഉണ്ട്.ഇതിൽ എല്ലാം ചന്ദ്രനിൽ എത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഉണ്ട് താനും.പിന്നെ എന്താണ് പ്രശ്നം?അവിടെയാണ് കുഴപ്പം.അമേരിക്കയെ സംബന്ധിച്ചാണെങ്കിൽ ,മൂന്നുപേരെ വഹിച്ചുകൊണ്ട് ചന്ദ്രനിൽ എത്തിക്കേണ്ടുന്ന വാഹനത്തിന്റെയും അതിനുശേഷം അവിടെ ഇറങ്ങി തിരിച്ചു ഭൂമിയിൽ കൊണ്ടുവരേണ്ടുന്ന ഇന്ധനതിന്റെയും ഭാരം എല്ലാംകൂടി ഏകദേശം 45 ടൺ വരും.ഇത്രയും ഭാരം ഉള്ള ഒരു സാധനത്തെ വഹിക്കുവാൻ കെല്പുള്ള ഒരു റോക്കറ്റ് വേണം.ഇതിനായി ,റോക്കറ്റിനകത്ത് ഏകദേശം 2500 ടണ്ണിനടുത്ത് ഇന്ധനം കത്തിക്കേണ്ടിവരും. എന്നാലെ ഈ വാഹനം ചന്ദ്രനിൽ കൊണ്ടെത്തിക്കാൻ പറ്റു.എന്നാൽ അത്രയും കാപ്പ്പാസിറ്റി ഉള്ള റോക്കറ്റ് അന്നുവരെ ആരുടേയും കൈയിൽ ഇല്ലായിരുന്നു.
എന്നാൽ റഷ്യ അതേസമയം സമാനമായ ഒരണ്ണം ഡിസൈൻ ഡിസൈൻ ചെയ്തു.അതിന്റെ പേരാണ്, N-1 റോക്കറ്റ്.അതിന്റെ ഭാരം 2750 ടൺ!.ഇതു അഞ്ചു ഘട്ടം ആയിട്ടാണ് കത്തുന്നത്.(റോക്കറ്റുകൾ സാധാരണ ഡിസൈൻ ചെയ്യുന്നത് അങ്ങനെയാണ് .ഒരുഭാഗം കത്തിതീർന്നാൽ ആ ഭാഗം ഉപേക്ഷിച്ചു അത്രയും ഭാരം കുറച്ചു മുന്നോട്ടു പോകാമല്ലോ).ഇതിനു 23 ടൺ ഉള്ള ഒരു വാഹനത്തെ വഹിക്കാൻ പറ്റും.റഷ്യ ,2 പേരെ മാത്രമേ ചന്ദ്രനിൽ എത്തിക്കാൻ ഉദ്ദേശിച്ചിരുന്നുള്ളു.ഈ റോക്കറ്റ് വികസിപ്പിച്ചത് റഷ്യയുടെ ബഹിരാകാശയാത്രയുടെ തലതൊട്ടപ്പൻ ആയ സെർജി കൊരലോവ് (Sergei Korolev)ആയിരുന്നു .എന്നാൽ അദ്ദേഹത്തിന്റെ അകാലനിര്യാണം(1966) N-1റോക്കറ്റ് ശരിയായ രീതിയിൽ പ്രവർത്തനസജ്ജം ആക്കുന്നതിൽ തടസ്സം വരുത്തി വച്ചു .പിന്നീടു വന്നവർ പദ്ധതി ഏറ്റെടുത്തു എങ്കിലും വിക്ഷേപിച്ച N-1 റോക്കറ്റുകൾ എല്ലാം കൂപ്പുകുത്തി.
ഇതേസമയംതന്നെ അമേരിക്കക്കാർ രണ്ടാം ലോകയുദ്ധത്തിനുശേഷം ജർമനിയിൽ നിന്നും കടത്തികൊണ്ടുവന്ന പ്രസിദ്ധനായ റോക്കറ്റ് എഞ്ചിനീയർ വോൺ ബ്രൌണി (Von Braun)ന്റെ നേതൃത്വത്തിൽ ഏറ്റവും വലിയ റോക്കറ്റ് ആയ Saturn V (സാറ്റെൻ-5 )ഉണ്ടാക്കി.ഇന്ധനം ഉൾപെടെ ഏകദേശം 3000 ടൺ ഭാരമുള്ള ഈ റോക്കറ്റിന്റെ ഉയരം 110.6 മീറ്റർ ആയിരുന്നു.അതായത് ലണ്ടനിലെ ബിഗ് ബെനിനെക്കാൾ (96 m )കൂടുതൽ ഉയരം.അല്ലെങ്കിൽ 36 നിലയുള്ള ഒരു കെട്ടിടത്തിന്റെ ഉയരം .ഇതിനു 48 ടൺ വരെ ഭാരമുള്ള വാഹനത്തെ ചന്ദ്രനിൽ എത്തിക്കാൻ കഴിയും. ഈ റോക്കറ്റ് കത്തിച്ചാൽ ഉണ്ടാകുന്ന പവർ ഇന്ത്യയിൽഉള്ള എല്ലാ പവർപ്ലാന്റും ചേർന്ന് ഉണ്ടാക്കുന്ന ശക്തിക്ക് തുല്യമാണ് (150 GW )(Saturn V പോലെ ഒരു റോക്കറ്റ് ഇതേവരെ ആരും ഉണ്ടാക്കിയിട്ടില്ല )
മുന്ന് ഘട്ടങ്ങൾ ആയിട്ടാണ് Saturn V റോക്കറ്റ് ഡിസൈൻ ചെയ്തിട്ടുള്ളത് .ഏറ്റവും അടിയിൽ ,ആദ്യഭാഗത്ത് 2149 ടൺ ഭാരമുള്ള ശുദ്ധീകരിച്ച മണ്ണെണ്ണയും ദ്രവഒക്സിജനും(നമ്മുടെ അന്തരീക്ഷം വിട്ടുപോയാൽ റോക്കറ്റിന് കത്താൻ ഓക്സിജൻ വേണം),അടുത്ത ഘട്ടത്തിൽ 451 ടൺ ഭാരമുള്ള ദ്രവഹൈഡ്രജനും ദ്രവഒക്സിജനും.,മുന്നാമത്തെതും ഏറ്റവും മുകളിലുള്ളതുമായ ഭാഗത്തും 106 ടൺ ഭാരമുള്ള ദ്രവഹൈഡ്രജനും ദ്രവഒക്സിജനും തന്നെ .ഇത് വഹിച്ചു കൊണ്ടുപോകുന്നത് മൊത്തം 45 ടൺഓളം ഭാരമുള്ള ,3 പേരെ വഹിക്കാവുന്ന അപോളോ എന്ന വാഹനത്തെയാണ് (അതിൽ ചന്ദ്രനിൽ ഇറങ്ങാൻ സാഹായിക്കുന്ന ഈഗിൽ (Eagle )എന്ന വാഹനവും ഉൾപെടും ).ഇതിനെല്ലാം ഉപരി ഏറ്റവും മുകളിലായി വേറൊരു ചെറിയ റോക്കറ്റും ഉണ്ട് .എസ്കേപ്പ് റോക്കറ്റ് (Escape Rocket )എന്ന് പേരുള്ള ഈ റോക്കറ്റ് വിക്ഷേപണ സമയത്ത് എന്തെങ്കിലും അപകടം സംഭവിക്കുകയാണെങ്കിൽ യാത്രികരെ ദൂരെകൊണ്ടുപോയി രക്ഷപെടുത്തും
ആദ്യമായി ചന്ദ്രായാനത്തിന് വേണ്ടി പരീക്ഷിച്ച വാഹനം അപോളോ -1 ൽ വലിയ അപകടം ഉണ്ടായി, മുന്ന് ബഹിരാകാശചാരികൾ മരിച്ചു.പിന്നീട് Saturn V ോക്കറ്റ് ഉപയോഗിച്ചു അമേരിക്ക വിട്ട വാഹനം അപോളോ- 4 (Nov 9,1967) ചന്ദ്രനടുത്തു എത്തിയെങ്കിലും അനേകം പരീക്ഷണം നടത്തി.അതുകഴിഞ്ഞ് വിട്ട അപോളോ-8 ചന്ദ്രന്റെ 108 കിലോമീറ്റർ ഉയരത്തിൽ എത്തി 10 തവണ ചന്ദ്രനെ വലം വച്ചാണ് ഭുമിയിൽ തിരിച്ചെത്തിയത്.പിന്നീട് വിട്ട(May 18, 1969)അപോളോ-10 ചന്ദ്രന്റെ 15.6 കിലോമീറ്റർ വരെ അടുത്ത് എത്തിയെന്ന് മാത്രമല്ല ചന്ദനിൽ പിന്നീട് ഇറക്കാനുള്ള വാഹനം(Eagle) അന്തരീക്ഷത്തിൽവച്ച് പരീക്ഷണവും നടത്തി (docking &undocking )യാണ് തിരിച്ചു വന്നത് .ഇതിനിടയിൽ റഷ്യക്കാർ,അമേരിക്ക ചന്ദ്രനിൽ ആളെ വിടുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ്(July 3,1969 )മുകളിൽ പറഞ്ഞ N-1 റോക്കറ്റ് വച്ച് ഒന്നുകൂടെ പയറ്റി നോക്കി.എന്നാൽ അത് ഒരു വലിയ സ്പോടനത്തോടെ നിലംപതിക്കുകയാണ് ചെയ്തത്.
1969 മെയ് 20
ചന്ദ്രനിലേക്ക് പോകേണ്ട Saturn V റോക്കറ്റിനെയും അതിലുള്ള അപ്പോളോ11,ഈഗിൾ എന്നീ വാഹനങ്ങളെയും വഹിച്ചുകൊണ്ട് ക്രൌളർ ട്രാൻസ്പോർട്ടർ (crowler tranporter )എന്ന പടുകൂറ്റൻ വണ്ടി 5.6 കിലോമീറ്റർ അകലെയുള്ള ഫ്ലോറിഡയിലെ നാസയുടെ വെഹിക്കിൾ അസ്സംബ്ലി ബിൽഡിംഗിൽ നിന്നും വിക്ഷേപണ സ്ഥലമായ കെന്നഡി സ്പേസ് സെന്ററിലെ Pad -39A ൽ എത്തുന്നു. 2720 ടൺ ഭാരമുള്ള ഈ വണ്ടി ഇവിടെ എത്തുന്നതിന് മുന്നര മണിക്കൂർ എടുത്തു(speed 1.6km/ hour ).
1969 ജൂലൈ 16 ,സമയം 06:39am
സ്ഥലം:കെന്നഡി സ്പേസ് സെന്റർ Pad -39A,Merritt Island,ഫ്ലോറിഡ,USA
ചന്ദ്രനിലേക്ക് പോകാനായി തിരഞ്ഞെടുക്കപ്പെട്ട നീൽ ആംസ്റ്റ്രൊങ്ങ് ,എഡ്വിൻ ആൽഡ്രിൻ,മൈക്കൽ കോളിൻസ് എന്നിവർ Manned Spacecraft operations building ൽ നിന്നും അവിടേക്ക് പോകാനായി ,പ്രത്യേകമായി രൂപകല്പന ചെയ്ത Space Suit ഉം ധരിച്ചു a/c വാനിൽ വന്നിറങ്ങി .പുറത്ത് ഫ്ലോറിഡയിൽ എങ്ങും അപ്പോൾ വേനൽക്കാലം ആണെങ്കിലും നന്നേ പുലർകാലം ആയതിനാൽ വലിയ ചൂട് അനുഭവപ്പെട്ടിരുന്നില്ല .അപ്പോൾ അവർ നിന്നിടത്തു നിന്നും ,5 കിലോമീറ്റർ ചുറ്റളവിൽ ഒരു വലിയ സഞ്ചയം തന്നെയുണ്ട് .ആയിരക്കണക്കിന് സാമാന്യജനത്തെ കുടാതെ US കോൺഗ്രസിലെ പ്രതിനിധികൾ,പിന്നെ വലിയ ഒരു മാധ്യമപട തന്നെയുണ്ട്. കുറഞ്ഞത് ,56 രാജ്യങ്ങളിൽ നിന്നും ഏകദേശം 3000 ഓളം TV ,പത്ര റിപ്പോർട്ടർമാർ വന്നെത്തിയിട്ടുണ്ട് . .ഇതിനെക്കാളെല്ലാം ഉപരി ലോകത്തെമ്പാടുമുള്ള 53 കോടി ടെലിവിഷൻ പ്രേക്ഷകർ വേറെയും.ഇവരെല്ലാം പാതിരാമുതൽ അക്ഷമാരായി കാത്തിരിപ്പാണ് ,ആ സുവർണ്ണ നിമിഷം കാണുവാനായി ,അല്ലെങ്കിൽ ഒപ്പിയെടുക്കാനായി….അതെ മനുഷ്യന്റെ കാൽസ്പർശം ചന്ദ്രനിൽ പതിക്കുന്ന നിമിഷത്തിനായി …
യാത്രികർ മൂന്നുപേരും അവർക്ക് പോകാനുള്ള പേടകത്തിനടുത്തേക്ക് നടന്നടുത്തു.110 മീറ്റർ ഉയരമുള്ള Saturn V റോക്കറ്റിന്റെ മുകളിൽ ആണ് അവർക്ക് ചന്ദ്രനിൽ ഇറങ്ങാനുള്ള ഈഗിൾ(Lunar Module) എന്ന പേടകം ഉള്ളത് .ഏകദേശം 16 ടൺ ഭാരമുള്ള ഇതിനോട് ബന്ധിപ്പിച്ചിരിക്കുന്നത് രണ്ടു റോക്കറ്റുകൾ ആണ് .ചന്ദ്രനിൽ ഇറങ്ങാൻ സഹായിക്കുന്ന Descent റോക്കറ്റും, അവിടെ നിന്നും ഉയർന്നുപൊങ്ങി തിരിച്ചു വരാൻ സഹായിക്കുന്ന Ascent റോക്കറ്റും..Descent റോക്കറ്റിൽ 8845 kg ഇന്ധനം(N2O4 / Aerozine 50) നിറച്ചിരിക്കുന്നു.അതേപോലെ Ascent റോക്കറ്റിൽ 2357 kg ഇന്ധനവും (N2O4 / Aerozine 50)നിറച്ചിട്ടുണ്ട് .ഈഗിളിന് തൊട്ടുമുകളിൽ ആണ് പ്രധാന വാഹനമായ അപോളോ വാഹനം ഉള്ളത് .ഇതിനു കമാൻഡ് മോഡ്യുൾ(Columbia)എന്നും പറയും.ഈഗിളിനെ ചന്ദ്രനിൽ ഇറങ്ങാൻ സഹായിക്കുനത് ഈ കമാൻഡ് മോഡ്യുൾ ആണ് .അതേപോലെ തിരിച്ചു ഭുമിയിൽ എത്തുന്നതും ഈ കമാൻഡ് മോഡ്യുൾ മാത്രമായിരിക്കും .ഇതിന് വേണ്ടുന്ന ശക്തി പകരുന്നത് സർവീസ് മോഡ്യുൾ എന്ന പേരുള്ള ഇതിനോട് ഘടിപ്പിച്ചിട്ടുള്ള ഭാഗമാണ് .സർവീസ് മോഡ്യുളിൽ ചെറിയ ഒരു റോക്കറ്റുണ്ട് .ഇതിൽ 19203kg ഇന്ധനം( (N2O4 / Aerozine 50)നിറച്ചിട്ടുണ്ട്.ഇതിനെല്ലാം ഉപരി കമാൻഡ് മോഡ്യുളിന്റെയും ഈഗിളിന്റെയും വശങ്ങളിൽ എല്ലാം thrusters എന്ന് വിളിക്കപ്പെടുന്ന അനേകം ചെറിയ റോക്കറ്റുകൾ(Engine) ഘടിപ്പിച്ചിട്ടുണ്ട് .ഇവ ഉപയോഗിച്ചാണ് ഈ വാഹനത്തിന്റെ ഗതി മാറ്റുന്നത്.(അല്ലാതെ കാറിന്റെ സ്റിയറിംഗ് തിരിക്കുന്നതുപോലെ ഇവിടെ പറ്റുകയില്ല ).കുടാതെ പൊസിഷൻ അറിയാൻ ഉപയോഗിക്കുന്ന റഡാറുകൾ, പിന്നെ gyroscopes,accelerometers,sextant ഉൾപെടെയുള്ള നാവിഗേഷൻ ഉപകരണങ്ങൾ, Apollo Guidance Computer(AGC)എന്ന കമ്പ്യൂട്ടർ ആണ് ഇതെല്ലാം നിയന്ത്രിക്കുന്നത് .
സമയം 6.54 am
നീൽ ആംസ്റ്റ്രൊങ്ങും കൂട്ടാളികളും വിക്ഷേപണകേന്ദ്രത്തിലെ ഹൈസ്പീഡ് ലിഫ്റ്റ് ഉപയോഗിച്ചു പടുകൂറ്റൻ Saturn V റോക്കറ്റിന്റെ മുകളിലുള്ള കമാൻഡ് മോഡ്യുളിന്റെ ഉള്ളിൽ പ്രവേശിച്ചു.റോക്കറ്റിന്റെ കൌണ്ട് ഡൌൺ വളരെ നേരത്തെ തുടങ്ങി കഴിഞ്ഞിരുന്നു.ഹൂസ്റ്റനിലുള്ള മിഷൻ കന്റ്രോൾ സെന്ററുമായിയുള്ള കമ്മ്യൂണിക്കെഷൻ ഒന്ന് കുടി ചെക്ക് ചെയ്തു ഉറപ്പുവരുത്തി.കാരണം ഇവിടംനിന്നും വിട്ടാൽ പിന്നീടുള്ള അപോളോയുടെ നിയന്ത്രണം എല്ലാം അവരാണ് നിയന്ത്രിക്കുന്നത്.പിന്നീടു അവിടെയുള്ള എല്ലാ ഉപകരണങ്ങളുടെ അവസാനത്തെ ചെക്കിംഗും കഴിഞ്ഞു..ഇപ്പോൾ സമയം 9 മണി കഴിഞ്ഞു 31 മിനിട്ട് 52 സെക്കന്റ് .റോക്കറ്റിന്റെ ജ്വലനം ആരംഭിച്ചു…..
സമയം 9.32am .
അതാ ഉദയസൂര്യൻ ഉദിച്ചുഉയരുന്നത് പോലെ വലിയ പ്രകാശത്തോടെ റോക്കറ്റ് ഉയർന്നു പൊങ്ങാൻ തുടങ്ങി.അനേകായിരങ്ങൾ ശ്വാസം അടക്കി ആ കാഴ്ച കണ്ടു നിന്നു. .2.5 മിനിറ്റിനുള്ളിൽ അത് ഭൂമിയുടെ ശക്തിയേറിയ വായുമണ്ഡലവും ഭേദിച്ച് ,68 കിലോമീറ്റർ താണ്ടിയപ്പോൾ റോക്കറ്റിന്റെ ഒന്നാം ഘട്ടത്തിലെ ഇന്ധനം പൂർണമായും ഉപയോഗിച്ചു തീർന്നിരുന്നു. ,അതിനെ വേർപെടുത്തി യാത്രതുടർന്നു(റോക്കറ്റിലെ ഇന്ധനം തീർന്നാൽ അപ്പോൾ തന്നെ വേർപെടുത്തും ).വേഗത ഇപ്പോൾ 2.6 km/s .ഇനി റോക്കറ്റിന്റെ സ്പീഡ് ക്രമേണ കൂട്ടി വേണം ഭുമിയുടെ ശക്തിയേറിയ ആകർഷണ ശക്തി ഭേദിച്ചു (escape velocity )ചന്ദ്രനിൽ എത്താൻ.അതിനു 11km/s നടുത്ത് വേഗത വേണം.റോക്കറ്റിന്റെ രണ്ടാം ഘട്ടം 6 മിനിറ്റു കത്തിച്ചപ്പോൾ 176 കിലോമീറ്റർ മുകളിൽ എത്തി. .വേഗത 7 km/s…ഇത് orbital velocityക്ക് അടുത്താണ്.അതിനാൽ ഇനി റോക്കറ്റിനെ കത്തിച്ചില്ലെങ്കിലും താഴെ വീഴാൻ പോകുന്നില്ല.അത് ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കും.അതുപോരല്ലോ,തുടർന്ന് അടുത്ത ഘട്ടം രണ്ടു പ്രാവശ്യമായിട്ടാണ് കത്തിച്ചത്.ആദ്യം 2.5 മിനിട്ട് കത്തിച്ചു എഞ്ചിൻ ഓഫ് ചെയ്തു.അപ്പോൾ റോക്കറ്റ് 191.2 കിലോമീറ്റർ മുകളിൽ എത്തി.ഇതിനെ “Parking Orbit” എന്ന് വിളിക്കുന്നു.ഇവിടെ പാർക്ക് ചെയ്തിരിക്കുന്നത് ചന്ദ്രൻ അടുത്ത് വരുന്ന സമയം കണക്കാക്കി അതനുസരിച്ച് ചന്ദ്രനിലേക്ക് റോക്കറ്റ് വീണ്ടും fire ചെയ്യാനാണ്.ഇത് ഒരു circular orbit ആണ് .ഇവിടെ നിന്നും ചന്ദ്രനിലേക്ക് എത്തണമെങ്കിൽ മുന്നുലക്ഷത്തിൽപരം ദൂരമുണ്ട്.ഇനി വേണ്ടത് ഒരു eccentric orbit ആണ് .അതായത് പാർക്കിംഗ് ഓർബിറ്റിൽ നിന്നും ഒരു ദീർഘവൃത്തത്തിലുള്ള ഒരു ഭ്രമണപഥം ഉണ്ടാക്കുക .ഇതിന്റെ ഒരറ്റം ഭൂമിയിലും മറ്റേ അറ്റം ചന്ദ്രന്റെ ആകർഷണ വലയത്തിലും ആയിരിക്കും .ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിൽ ആയിരിക്കും അപ്പോൾ പ്രവേശിക്കുന്നത് .ചുരുക്കത്തിൽ ചന്ദ്രൻ കറങ്ങി അവിടെ വരുന്നതിനു മുൻപ് അപോളോ അടങ്ങുന്ന പേടകത്തെ ഇവിടേക്ക് തള്ളിവിടുകയാണ് ചെയ്യുക.ചന്ദ്രൻ അവിടെ എത്തിച്ചേരുമ്പോൾ അപോളോയെ പിടിച്ചെടുത്തുകൊള്ളുമല്ലോ (Translunar injection).എന്തെങ്കിലും കാരണവശാൽ ഇത് സംഭവിച്ചിലെങ്കിൽ പേടകം ഭൂമിയിലെക്കു സുരക്ഷിതമായി തിരിച്ചെത്തിക്കൊള്ളും (Free lunar trajectory ).
തുടർന്ന് 5 മിനിട്ട് 48 സെക്കന്റ് കഴിഞ്ഞ് Saturn V റോക്കറ്റിന്റെ അവസാനഭാഗവും കത്തിതീർന്നു. ഇതിനിടയിൽ കമാൻഡ് മോഡ്യുളിന് അടിയിൽ ഇരുന്ന ഈഗിളിൾ പുറത്തു എടുത്തു ഈഗിളിനെ കമാൻഡ് മോഡ്യുളിളുമായി ശരീയായ രീതിയിൽ ബന്ധിപ്പിച്ചു (docking)… (എന്തെന്നാൽ കമാൻഡ് മോഡ്യുളിൽ ഇപ്പോൾ യാത്രചെയ്യുന്ന നീൽ ആംസ്റ്റ്രൊങ്ങ് ,എഡ്വിൻ ആൽഡ്രിൻ എന്നിവർക്ക് ഇതിൽ കയറിയിട്ട് വേണം ചന്ദ്രനിൽ ഇറങ്ങാൻ) …തുടർന്ന് കത്തി തീർന്ന റോക്കറ്റിന്റെ അവസാനഭാഗവും ഉപേക്ഷിച്ചു അവർ യാത്ര തുടർന്നു .ഇപ്പോൾ വേഗത 10.423 km/s ആണ്. അടുത്ത ഏകദേശം 70 മണിക്കൂർ(3 ദിവസം ) യാത്ര ചെയ്തു അവർ ചന്ദ്രന്റെ ആകർഷണ വലയത്തിലായി.ഇനി ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പുർണ്ണമായും എത്തപ്പെടണം .അതിനു കമാൻഡ് മോഡ്യുളിലുള്ള റോക്കറ്റ് fire ചെയ്തു വേഗത കുറച്ചു ചന്ദ്രനിൽ നിന്നും 96 km (apogee),305 km(perigee) ഉയരയുള്ള ഒരു ഭ്രമണപഥത്തിൽ എത്തി .ഭൂമിയിൽ ജൂലൈ 16 നു പുലർച്ചെ പുറപ്പെട്ട വാഹനം ഇപ്പോൾ ജൂലൈ 19ന് ഉച്ചക്ക് 1.20 നു ചന്ദ്രന്റെ ഓർബിറ്റിൽ എത്തിയിരിക്കുന്നു . .വേഗത വീണ്ടും കുറച്ചു 100km ,113km ഉയരമുള്ള ഒരു ഓർബിറ്റിൽ എത്തി .പിന്നീടു നീൽ ആംസ്റ്റ്രൊങ്ങ് ,എഡ്വിൻ ആൽഡ്രിൻ എന്നിവർ കമാൻഡ് മോഡ്യുളിൽ നിന്നും ഈഗിളിലേക്ക് ഊർന്നിറങ്ങി… തുടർന്ന് ഈഗിളിനെ കമാൻഡ് മോഡ്യുളിൽ നിന്നും വേർപെടുത്തി (undocking).. ഈഗിൾ ഇതിനോടകം 13 പ്രാവശ്യം എങ്കിലും ചന്ദ്രനെ ചുറ്റിക്കാണും..ഈ സമയം ഈഗിളിൽ ഉള്ള Descent എഞ്ചിൻ 30 സെക്കന്റ് fire ചെയ്തു ചന്ദ്രനിൽ നിന്നുള്ള ഉയരം 15 km ,100 km എന്നിങ്ങനെ ആക്കിതീർത്തു…
ഈഗിൾ ഇപ്പോൾ ചന്ദ്രനിലേക്ക് ഇറങ്ങുകയാണ് ….ഇനിയാണ് നിർണായകവും ഏറ്റവും അപകടമേറിയതും….ഇവിടെ വന്ന പല വാഹനങ്ങളും ഇങ്ങനെ ഇറങ്ങുന്ന അവസരത്തിൽ നിയന്ത്രണം വിട്ടു തകർന്നു വീണിട്ടുണ്ട്.ചന്ദ്രന്റെ ആകർഷണശക്തിയെ അതിജീവിച്ചു സാവധാനം നിലത്തിറങ്ങാൻ പ്രയാസമാണ്.ഭുമിയിലാണെങ്കിൽ പാരഷൂട്ട് നിവർത്തി വേഗത കുറയ്ക്കാം.വായുവില്ലാത്തതിനാൽ ആ പരിപാടി ഇവിടെ നടക്കില്ല.പിന്നെ ആകെ ചെയ്യാവുന്നത് റോക്കറ്റ് വിപരീതദിശയിൽ കത്തിച്ചു വേഗത കുറയ്ക്കുക എന്നതാണ് .ഈഗിൾ അതാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് .13 മിനിട്ട് നേരം ഈഗിളിന്റെ Discent എഞ്ചിൻ കത്തിച്ചു 8 മിനുട്ട് കഴിഞ്ഞപ്പോൾ ഏകദേശം 8 കിലോ മീറ്റർ ഉയരത്തിൽ വന്നു.വേഗതയിപ്പോൾ പരാമാവധി കുറഞ്ഞിട്ടുണ്ട്…
ജൂലൈ 20 ,സമയം 4.05pm
നീൽ ആംസ്റ്റ്രൊങ്ങ് ആണ് ഇപ്പോൾ ഈഗിൾ നിയന്ത്രിക്കുന്നത് .ചന്ദ്രനിൽ ഇറങ്ങാൻ നിശ്ചയിച്ച സ്ഥലം അടുക്കുംതോറും അദ്ദേഹത്തിന്റെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു (അതിപ്പോൾ 77 ൽ നിന്നും 156 ആയി)……അതാ ഇറങ്ങാനുള്ള സ്ഥലം,പക്ഷെ സുക്ഷിച്ചു നോക്കിയപ്പോൾ അദ്ദേഹം ഞെട്ടിപ്പോയി…!!!.അത് ഒരു ഫുട്ബാൾ ഗ്രൌണ്ടിന്റെ വലിപ്പമുള്ള ഒരു അഗാധഗർത്തം ആണത് .!!!അതുവരെ ഓട്ടോമാറ്റിക് കണ്ട്രോൾ ആയി പ്രവർത്തിച്ചു കൊണ്ടിരുന്ന വാഹനം അദ്ദേഹം സെമിഓട്ടോമാറ്റിക് ആക്കി വാഹനത്തെ അവിടെ നിന്നും 6 കിലോമീറ്റർ അകലയുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി.പക്ഷെ ഇനി descent എഞ്ചിനിൽ 20 സെക്കന്റ് ഇന്ധന്മേ ഉള്ളു …അദ്ദേഹം ധൈര്യം സംഭരിച്ചു അവിടെതന്നെ സാവധാനം നിലത്തിറക്കാൻ ആരംഭിച്ചു …..213 മീറ്റർ …121 മീറ്റർ …22 മീറ്റർ …9 മീറ്റർ…. അതാ ഈഗിളിന്റെ അടിയിലുള്ള സെൻസർ നിലത്തു ടച്ച് ചെയ്തതായി ഇൻഡിക്കേഷൻ തരുന്നു ..”The Eagle has landed.” അദ്ദേഹം ഉച്ചത്തിൽ വിളിച്ചു കൂവി !! …(4.18 pm )
ഏകദേശം 4 മണിക്കൂർ വാഹനത്തിൽ ചെലവഴിച്ചശേഷം നീൽ ആംസ്റ്റ്രൊങ്ങ് ഡോർ തുറന്നു പതിയെ പുറത്തിറങ്ങി ,എന്നിട്ട് അവിടെ തുടർന്ന് നടക്കുന്ന കാഴ്ചകൾ ലോകത്തെ കാണിക്കുവാനായി ടെലിവിഷൻ ക്യാമറകൾ ഫിറ്റ് ചെയ്തു.തുടർന്ന് വാഹനത്തിലെ ഗോവണിയിലൂടെ പുറത്തു ചന്ദ്രന്റെ ഉപരിതലത്തിൽ തന്റെ ചരിത്രത്തിന്റെ പ്രസിദ്ധമായ കാൽപെരുമാറ്റം നടത്തി.തുടർന്ന് 5 മിനിട്ട് കഴിഞ്ഞു എഡ്വിൻ ആൾഡ്രിനും പുറത്തിറങ്ങി.അതുകഴിഞ്ഞ് രണ്ടു പേരും അവിടെ ചില പരീക്ഷണങ്ങൾ നടത്തി,21.5 കിലോയോളം ചന്ദ്രനിലെ പാറകഷണങ്ങൾ ശേഖരിച്ചു,.ഏകദേശം രണ്ടര മണിക്കൂർ പുറത്തു ചെലവഴിച്ചു കാണും.എന്നിട്ട് അവർ ഈഗിളിലേക്ക് മടങ്ങവേ അവസ്വനീയമായ ഒരു സംഭവം അവിടെ നടന്നു.വേറൊന്നു മല്ല.സോവിയറ്റു യുണിയന്റെ ലുണ 15 എന്ന വാഹനം അവർക്ക് മുകളിൽ!!.ഈ വാഹനം അവർ ചന്ദ്രനിലേക്ക് തിരിക്കുന്നതിനു രണ്ടു ദിവസം മുൻപ് റഷ്യക്കാർ വിട്ടതായിരുന്നു,അമേരിക്കക്കാർ ചന്ദ്രനിലെ പാറക്കഷണങ്ങൾ ശേഖരിക്കുന്നതിനു മുൻപ് തന്നെ അവ ശേഖരിച്ചു മടങ്ങാൻ !! പക്ഷെ അതിനു അവിടെ എത്താൻ കഴിയാതെ തകർന്നു വീഴുകയാണ് ഉണ്ടായത് .നീൽ ആംസ്റ്റ്രൊങ്ങും ,എഡ്വിൻ ആൽഡ്രനും തുടർന്ന് Ascent rocket കത്തിച്ചു മുകളിൽ മൈക്കൽ കോളിൻസ് പറത്തികൊണ്ടിരുന്ന കമാൻഡ് മോഡ്യുളിൽ എത്തുകയും,ഭൂമിയിൽ1969 ജൂലൈ 24 ന് ഉച്ചക്ക് ഒരു മണിയോടെ കാലുകുത്തുകയും ചെയ്തു.അങ്ങനെ ചരിത്ര പ്രസിദ്ധമായ ആദ്യത്തെ ചന്ദ്രായനം അവസാനിച്ചു.
മനുഷ്യൻ ചന്ദ്രനിൽ പോയ ചിത്ര വിശേഷങ്ങൾ > https://www.flickr.com/photos/projectapolloarchive/albums/page1
മുകളിൽ വിവരിച്ച കാര്യങ്ങളിൽനിന്നും ഒന്ന് വ്യക്തമായി കാണും .എത്ര മാത്രം അപകടം എറിയതാണ് ചന്ദ്രനിലേക്കുള്ള യാത്ര എന്ന് .എന്നാൽ നീൽ ആംസ്റ്റ്രൊങ്ങും എഡ്വിൻ ആൾഡ്രിനും ചെയ്ത പ്രയാസമുള്ള ഈ കാര്യങ്ങൾ എല്ലാംതന്നെ അവിടെ ആളെ ഇറക്കാതെ ചെയ്താൽ എങ്ങനെയിരിക്കും ?1970 സെപ്റ്റംബർ 24 നു സോവിയറ്റ് യുനിയന്റെ ലുണ-16 ചന്ദ്രനിൽ ഇറങ്ങി അവിടെ നിന്നും 100 ഗ്രാം പാറക്കഷണം കൊണ്ടുവന്നു,തുടർന്ന് ലുണ -20 ,ലുണ -24 എന്നിവയും..അങ്ങനെ ചന്ദ്രനിൽ നിന്നും മൊത്തം 300g ഓളം പാറകഷണങ്ങൾ റഷ്യ കൊണ്ടു വന്നിട്ടുണ്ട് .അപ്പോൾ ആരാണ് മിടുക്കർ ?
http://chinnakada.blogspot.co.uk
REF
http://history.nasa.gov/alsj/a11/A11_MissionReport.pdf
http://history.nasa.gov/SP-4029/Apollo_18-20_Ascent_Data.htm
http://history.nasa.gov/AAchronologies/1969.pdf
https://www.hq.nasa.gov/…/Apollo11_Press-Kit_restored.pdf
https://en.wikipedia.org/wiki/Luna_15