രാജ്യം നേതാജിയോട് ചെയ്തതെന്ത് ? നെറികെട്ട നന്ദികേട്

32

എഴുതിയത് Sanku T Das

ഒരേയൊരു നേതാജി

ഇന്ന് നേതാജിയുടെ ജന്മദിനം. രാജ്യം അത് പരാക്രംദിവസ് ആയ് ഇന്നുമുതൽ ആഘോഷിക്കുന്നു.റയിൽവേ ഹൗറ- കൽക്ക മെയിലിനെ നേതാജി എക്സ്പ്രസ്സ് എന്നു പുനർനാമകരണം ചെയ്യുന്നു. എന്തുകൊണ്ട് നേതാജിയെ നാം വീണ്ടും വീണ്ടും പഠിക്കേണ്ടതുണ്ട്?
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ക്ലെമന്റ് അറ്റ്ലി ആയിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി.1951ൽ പ്രധാനമന്ത്രി പദം ഒഴിഞ്ഞ അദ്ദേഹം പിന്നീട് 1955 വരെ ബ്രിട്ടനിലെ പ്രതിപക്ഷ നേതാവായിരുന്നു.അതിന് ശേഷം സജീവ രാഷ്ട്രീയം ഉപേക്ഷിച്ച അറ്റ്‌ലി 1956ൽ ഒരിക്കൽ കൂടി ഇന്ത്യ സന്ദർശിക്കുകയുണ്ടായി.സന്ദർശനത്തിന്റെ ഭാഗമായി ബംഗാളിൽ എത്തിയ അദ്ദേഹത്തിന് കൽക്കട്ട ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസും അക്കാലത്തെ ബംഗാൾ ആക്ടിങ് ഗവർണ്ണറും ആയിരുന്ന പി.ബി. ചക്രബർത്തിയുടെ ഔദ്യോഗിക വസതിയിലാണ് താമസ സൗകര്യം ഏർപ്പാടാക്കിയിരുന്നത്.അന്ന് രാജ് ഭവനിൽ അറ്റ്ലിയുമായി താൻ നടത്തിയ ദീർഘ സംഭാഷണത്തെ പറ്റി ജസ്റ്റിസ് ചക്രബർത്തി പിന്നീട് ചരിത്ര പണ്ഡിതനായ ആർ.സി. മജൂംദാറിന്റെ ‘ഹിസ്റ്ററി ഓഫ് ബംഗാൾ’ എന്ന ഗ്രന്ഥത്തിന്റെ പ്രസാധകർക്ക് എഴുതിയൊരു കത്തിൽ വിവരിച്ചിട്ടുണ്ട്.ഗാന്ധി വിരുദ്ധതയുടെ പേരിൽ വലിയ വിവാദമായി മാറിയിരുന്നു ആ കത്ത്.

ഇന്ത്യയിൽ നിന്ന് പിന്മാറാനുള്ള ബ്രിട്ടീഷ് തീരുമാനത്തിന് പിന്നിലുള്ള ഗാന്ധിയുടെ സ്വാധീനം എത്രത്തോളമുണ്ടായിരുന്നു എന്ന ചക്രബർത്തിയുടെ ചോദ്യത്തിന് “മിനിമൽ” (minimal) എന്നായിരുന്നത്രേ പരിഹാസ ചിരിയോടെ അറ്റ്ലി മറുപടി പറഞ്ഞത്.
ആ കത്ത് ചർച്ച ചെയ്യപ്പെട്ട് ആ ഒരൊറ്റ ഭാഗത്തിന്റെ പേരിൽ മാത്രമാണ്.എന്നാലാ കത്തിൽ എനിക്ക് കൗതുകകരമായി തോന്നിയത് ഇന്ത്യയിലെ ബ്രിട്ടീഷ് രാജ് അവസാനിപ്പിക്കാൻ പ്രേരിപ്പിച്ച യഥാർത്ഥ കാരണങ്ങളെ പറ്റി അറ്റ്ലി വിശദീകരിച്ച ഭാഗമാണ്.
രണ്ടാം ലോക മഹായുദ്ധം ഏൽപ്പിച്ച കനത്ത സൈനികവും സാമ്പത്തികവുമായ ക്ഷീണത്തിന്റെ ഫലമായി ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള കോളനികൾ നില നിർത്തുക എന്നത് ബ്രിട്ടനെ സംബന്ധിച്ച് അസാധ്യമായി തീർന്നത്..ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ദയനീയ പരാജയവും കോൺഗ്രസ്സിന്റെ നിഷ്ക്രിയത്വവും നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട സ്വാതന്ത്ര മുന്നേറ്റത്തിന് ഐ.എൻ.ഏ ട്രയലുകളും റിൻ കലാപവും പുതുജീവൻ നൽകിയത്..

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ രൂപീകൃതമായ ഇന്ത്യൻ നാഷണൽ ആർമിയുടെ പ്രവർത്തനങ്ങളുടെ ഫലമായി സൈനികർക്കും നാവികർക്കും ബ്രിട്ടീഷ് രാജ്ഞിയോടുള്ള കൂറും വിശ്വസ്തതയും ഇല്ലാതായി കഴിഞ്ഞിരുന്നത്..
സുഭാഷ് ചന്ദ്ര ബോസ്!!ഇന്ത്യയിലെ ബ്രിട്ടീഷ് രാജ് അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവിൽ ഒപ്പു വെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി പോലും പത്ത് വർഷങ്ങൾക്കപ്പുറം ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ധിയെ കുറിച്ചു പറയുമ്പോൾ മറക്കാതെ മനസ്സിൽ സൂക്ഷിച്ചിരുന്ന പേര് അദ്ദേഹത്തിന്റേതായിരുന്നു.ചക്രബർത്തിയുടെ കത്തിലെ യഥാർത്ഥത്തിൽ ചർച്ചയാവേണ്ട ഭാഗവും അതായിരുന്നു.
ഐ.എൻ.ഏ രൂപീകരിക്കും മുമ്പ് തന്നെ രാജ്യത്തെ ഏറ്റവും ജനപിന്തുണയും സ്വീകാര്യതയും ഉള്ള നേതാവായി സുഭാഷ് ചന്ദ്ര ബോസ് ഉയർന്നു കഴിഞ്ഞിരുന്നു എന്നതാണ് വാസ്തവം.

കോൺഗ്രസ്സിന്റെ ദേശീയ അധ്യക്ഷനായി 1939ൽ നേതാജി തിരഞ്ഞെടുക്കപ്പെട്ടത് ഗാന്ധിജിയുടെ സ്ഥാനാർഥിയായിരുന്ന പട്ടാഭി സീതാരാമയ്യയെ വോട്ടെടുപ്പിലൂടെ പരാജയപ്പെടുത്തിയാണ്.അതേ പറ്റി ഗാന്ധി പറഞ്ഞത്, “ഈ പരാജയം പട്ടാഭിയുടേതിനേക്കാളധികം എന്റേതാണ്” (more mine, than his) എന്നായിരുന്നു.എന്നാൽ ഗാന്ധി നെഹ്‌റു പക്ഷത്തിന്റെ നിസ്സഹകരണം കാരണം പാർട്ടി വർക്കിങ് കമ്മിറ്റി രൂപീകരിക്കാൻ പോലും സാധിക്കാതെ വന്ന നേതാജി കാലാവധി പൂർത്തിയാക്കാൻ നിൽക്കാതെ സ്ഥാനം ഒഴിയുകയായിരുന്നു.
രണ്ടാം ലോക മഹായുദ്ധം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തെ ഉപയോഗപ്പെടുത്തി ബ്രിട്ടനെതിരെ കൂടുതൽ ശക്തമായി ആഞ്ഞടിക്കണം എന്ന തന്റെ ആവശ്യത്തെ, നിലവിൽ ബ്രിട്ടനെ ദുർബലപ്പെടുത്തുന്നത് നാസി ജർമനിയെ സഹായിക്കലാവും എന്ന ന്യായത്തിൽ ഗാന്ധി നെഹ്‌റു പക്ഷം നിരാകരിച്ചപ്പോളാണ്, ബ്രിട്ടനെതിരായ പോരാട്ടത്തിന് പിന്തുണ തേടി അദ്ദേഹം ആദ്യം റഷ്യയിലും പിന്നീട് ജർമ്മനിയിലും ഒടുവിൽ ജപ്പാനിലും എത്തി ചേരുന്നത് തന്നെ.

എന്നിട്ടും ഗാന്ധിയോട് വലിയ സ്നേഹവും ആദരവും മനസ്സിൽ സൂക്ഷിച്ചിരുന്നു അദ്ദേഹം.1944ൽ സിംഗപ്പൂരിൽ നിന്നുള്ള ആസാദ് ഹിന്ദ് റേഡിയോ അഡ്രസ്സിൽ അദ്ദേഹം ഗാന്ധിയെ അഭിസംബോധന ചെയ്തു പറഞ്ഞത്, “രാഷ്ട്രത്തിന്റെ പിതാവേ.. ഭാരതത്തിന്റെ മോചനത്തിനായുള്ള അവസാന പോരാട്ടത്തിന് ഞങ്ങൾ ഒരുങ്ങി കഴിഞ്ഞു. ഞങ്ങളെ അനുഗ്രഹിച്ചാലും” എന്നാണ്.
രാഷ്ട്രത്തിന്റെ പിതാവ്!!ഗാന്ധിയെ ആദ്യമായി അങ്ങനെ വിശേഷിപ്പിക്കുന്നത് സുബാഷ് ചന്ദ്ര ബോസാണ്.എന്നാൽ ഗാന്ധി ബോസിന് പകരം കൊടുത്ത വിശേഷണം എന്താണ്??

അണുബോംബ് ആക്രമണത്തെ തുടർന്ന് ലോക യുദ്ധത്തിൽ ജപ്പാൻ അടിയറവ് പറയുകയും, ഐ.എൻ.ഏ സൈനികർ കീഴടങ്ങി അറസ്റ്റ് വരിക്കുകയും, പിടി കൊടുക്കാൻ ഒരുക്കമല്ലാതിരുന്ന നേതാജി ജപ്പാനിൽ നിന്ന് കടക്കാൻ ശ്രമിക്കവേ വിമാനം തകർന്നു വീണ് മരണപ്പെട്ടതായി റിപ്പോർട് ചെയ്യപ്പെടുകയും ചെയ്തപ്പോൾ രാജ്കുമാരി അമൃത് കൗറിന് എഴുതിയ കത്തിൽ ഗാന്ധി പറഞ്ഞത്, “സുഭാഷ് ബോസ് മരിച്ചിരിക്കുന്നു. അയാളൊരു രാജ്യസ്നേഹിയായിരുന്നു എന്നതിൽ സംശയമില്ല, വഴി തെറ്റി പോയെങ്കിലും..” (undoubtedly a patriot, though misguided) എന്നാണ്.
വഴി തെറ്റിയ രാജ്യസ്‌നേഹി!!

അതെ, സുഭാഷ് ബോസിന് വഴിയേക്കാൾ പ്രധാനം ലക്ഷ്യം തന്നെയായിരുന്നു.ഇന്ത്യയെ സ്വതന്ത്രമാക്കുക എന്ന തന്റെ ലക്ഷ്യത്തിനായി ഏതു മാർഗ്ഗം സ്വീകരിക്കാനും അദ്ദേഹം ഒരുക്കമായിരുന്നു.രാജ്യസ്നേഹം ഇത്തിരി കുറഞ്ഞു പോയാലും വഴി സുന്ദരമായിരുന്നാൽ മതി എന്നദ്ദേഹം ചിന്തിച്ചില്ല.അതിനാലദ്ദേഹത്തിന് ബ്രിട്ടീഷുകാരന്റെ സുഹൃത്തും വിശ്വസ്തനുമായി തന്നെ സ്വതന്ത്ര സമരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.ജയിൽ എന്ന ഓമനപ്പേരിട്ട കൊട്ടാര മുറികളിലിരുന്ന് സായിപ്പ്‌ സൽക്കരിച്ച ചായ കുടിച്ചും സിഗരറ്റ് വലിച്ചും “ഇന്ത്യയെ കണ്ടെത്താൻ”സാധിച്ചില്ല.ആയാസമൊട്ടുമില്ലാതെ പ്രധാനമന്ത്രി പദവിയിലേക്ക് നടന്നു കയറാനായില്ല.സ്വന്തം പേരിലൊരു ഭാരത രത്നം എഴുതിയെടുക്കാനും ആയില്ല.ബോസിന്റെ വഴികൾ, മരണം പതിയിരിക്കുന്നവയായിരുന്നു.മഹായുദ്ധത്തിനിടെ ബർമയിൽ നിന്ന് ജപ്പാൻ പിന്മാറിയതോടെ പോരിൽ ഒറ്റപ്പെട്ടു പോയ ഐ.എൻ.ഏ സൈനികർക്ക് ബാംഗ്കോക്കിലെ സുരക്ഷിത സ്ഥാനത്തേക്കുള്ള നീണ്ട ദൂരം കരമാർഗ്ഗം കാൽ നടയായി യാത്ര ചെയ്യേണ്ടി വന്നിരുന്നു.

അന്ന്, ജപ്പാൻ സൈനിക ഉദ്യോഗസ്ഥർ തനിക്ക് ഒരുക്കി തന്ന വാഹന സൗകര്യം വേണ്ടെന്ന് വെച്ച്, Epic Retreat to Safety എന്ന് വിളിക്കപ്പെടുന്ന ആ നീണ്ട മാർച്ചിൽ നേതാജി തന്റെ സൈനികർക്കൊപ്പം നടന്നു.ബോംബുകൾ വർഷിച്ചു കൊണ്ട് വട്ടം ചുറ്റി പറക്കുന്ന അലൈഡ് ശക്തികളുടെ വിമാനങ്ങൾ..ആങ് സാന്റെ നേതൃത്വത്തിൽ പ്രതിരോധ യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന ബർമീസ് പോരാളികൾ..ജപ്പാനീസ് ട്രൂപ്പുകളെ തിരഞ്ഞു പിടിച്ച് പീഡിപ്പിച്ചു കൊന്നിരുന്ന ചൈനീസ് ഗറില്ലകൾ.ഓരോ അടിയിലും അപകടം പതിയിരുന്ന ആ യാത്രയിൽ, പ്രതികൂല ഘടകങ്ങൾ അല്ലാതെയൊന്നും ചുറ്റുമില്ലാതിരുന്നിട്ടും, അവയ്‌ക്കെല്ലാമിടയിലൂടെ തന്റെ സൈനികരെയും നയിച്ചു കൊണ്ട് അദ്ദേഹം നടന്നു.നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വഴികൾ അങ്ങനെയായിരുന്നു.അദ്ദേഹത്തിന്റെ ലക്ഷ്യത്തിന്റെ മഹത്വവും, അതിനോടുള്ള അപാരമായ പ്രതിബദ്ധതയും, ആ വഴികളെ നിശ്ചയമായും സാധൂകരിക്കുകയും ചെയ്തിരുന്നു.അതിനാലാണ് കീഴടങ്ങിയ ഐ.എൻ.ഏ സൈനികരെ 1945ൽ ഇന്ത്യയിലേക്ക് മടക്കി കൊണ്ടു വന്ന് റെഡ് ഫോർട്ടിൽ വെച്ച് പരസ്യ വിചാരണ നടത്തി വധശിക്ഷ വിധിച്ചപ്പോൾ, അതിനെതിരെ പ്രതിഷേധവുമായി ഇന്ത്യൻ ജനത മുഴുവൻ ഒന്നിച്ച് തെരുവിലിറങ്ങിയത്.
ഏതാണ്ട് പൂർണ്ണമായും കെട്ടടങ്ങിയിരുന്ന ദേശീയ സമരത്തിന്റെ ആവേശമത്രയും മടക്കി കൊണ്ട് വന്നത് ഐ.എൻ.ഏ ട്രയലുകൾക്കെതിരായ ജന രോഷമാണ്.

മഹായുദ്ധത്തിന് ശേഷം കൂട്ടത്തോടെ ഡീകമ്മീഷൻ ചെയ്യപ്പെട്ടിരുന്നതിന്റെ പേരിൽ അസ്വസ്ഥരായിരുന്ന നാവികരെ പോലും ബ്രിട്ടനെതിരായ പരസ്യ യുദ്ധത്തിന് പ്രേരിപ്പിച്ചത് ഈ സംഭവമാണ്.
അങ്ങനെയാണ് എക്കാലത്തും ബ്രിട്ടന്റെ ഏറ്റവും വലിയ ശക്തിയായിരുന്ന നാവിക സേന ബ്രിട്ടനെതിരെ തന്നെ തിരിയുന്നത്.എഴുപതോളം പടക്കപ്പലുകളിലായി ഇരുപതിനായിരത്തോളം നാവികരാണ് 1946ൽ ഐ.എൻ.ഏ സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കലാപം തുടങ്ങിയത്.കപ്പലുകളിലെ യൂണിയൻ ജാക്ക് വലിച്ചു താഴ്ത്തി അവർ പകരമവിടെ ത്രിവർണ്ണ പതാകയുയർത്തി.റോയൽ ഇന്ത്യൻ നേവി എന്ന പേര് മാറ്റി പകരം ഇന്ത്യൻ നാഷണൽ നേവി എന്ന പേര് സ്വയം സ്വീകരിച്ചു.അധികം വൈകാതെ വായു സേനയും ‘റിൻ മ്യൂട്ടിണി’ എന്ന് ബ്രിട്ടീഷുകാരും ‘നേവൽ ആപ്പ്റൈസിങ്ങ്’ എന്ന് നമ്മളും വിളിക്കുന്ന നാവിക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു മറൈൻ ഡ്രൈവിലും അന്ധേരിയിലും കലാപം തുടങ്ങി.

കറാച്ചിയിൽ നാവികരെ വെടിവെക്കാൻ മേലുദ്യോഗസ്ഥർ ഉത്തരവിട്ടപ്പോൾ കരസേനയുടെ ഗൂർഖാ റെജിമെൻറ് അതിന് വിസമ്മതിച്ചു.കലാപം പിന്നീട് അടിച്ചമർത്തപ്പെട്ടെങ്കിലും, സൈനിക ബലത്തിൽ വിശ്വാസമർപ്പിച്ച് ഇനിയും ഇന്ത്യയിൽ തുടരാൻ ആവില്ല എന്ന് അതോടെ ബ്രിട്ടീഷുകാർക്ക് ഉറപ്പായി കഴിഞ്ഞിരുന്നു.ഇന്ത്യയുടെ സ്വാതന്ത്രത്തിലേക്ക് തന്നെ നയിച്ചത് നമ്മുടെ ചരിത്ര പുസ്തകങ്ങൾ വല്ലാതെ ചെറുതാക്കി കളഞ്ഞ ആ നാവിക വിപ്ലവമാണ്.ഇന്ത്യയിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിന് പിന്നിലെ ഏറ്റവും വലിയ ഘടകം സൈന്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് എന്ന് ക്ലെമന്റ് അറ്റ്ലി പറഞ്ഞത് വായിച്ചപ്പോൾ സത്യത്തിൽ ഓർമ്മ വന്നത് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ തന്നെ വാചകമാണ്.

“ഒരു വ്യക്തി ഒരാശയത്തിനായി മരിച്ചെന്ന് വരാം. എന്നാലയാൾക്ക് ശേഷം ആ ആശയം ആയിരം വ്യക്തികളായി പുനർജനിക്കും.”ഒന്നോർത്തു നോക്കൂ..കീഴടങ്ങുക അല്ലെങ്കിൽ മരിക്കുക (Submit or Perish) എന്ന സന്ദേശം മാത്രം ആവർത്തിച്ചു കൊണ്ട് റോന്തു ചുറ്റുന്ന പോർവിമാനങ്ങൾക്കും വെടിയുതിർക്കാൻ ഒരുങ്ങി നിന്ന പടക്കപ്പലുകൾക്കും മുന്നിലും കീഴടങ്ങാൻ കൂട്ടാക്കാതെ സുഭാഷ് ചന്ദ്ര ബോസിന്റെ ചിത്രങ്ങളും “നേതാജി സിന്ദാബാദ്” എന്ന മുദ്രാവാക്യങ്ങളുമായി ഇന്ത്യൻ നാവികർ പോരിന് ഒരുങ്ങിയപ്പോൾ,ഔദ്യോഗിക രേഖകളിലെല്ലാം തന്നെ സുഭാഷ് ചന്ദ്ര ബോസ് മരിച്ചു കഴിഞ്ഞിരുന്നതാണ്.എന്നാൽ അദ്ദേഹത്തിന്റെ ആശയം ഇന്ത്യൻ മഹാസമുദ്രത്തിലന്ന് ആയിരം പോരാളികളായി പുനർ ജനിക്കുകയായിരുന്നു.ആ ആശയമാണ് ഈ രാജ്യത്തെ സ്വാതന്ത്രത്തിലേക്ക് നയിച്ചത്.സുഭാഷ് ചന്ദ്ര ബോസ് തന്നെയാണത് ചെയ്തത്.ജീവിച്ചും മരിച്ചും മറഞ്ഞിരുന്നും തെളിഞ്ഞു നിന്നും ഈ നാടിന് വേണ്ടി പൊരുതിയ ആ മനുഷ്യന്റെ 120ആം ജന്മദിനമാണ് ആരവങ്ങളൊന്നുമില്ലാതെ ഇന്നലെ കഴിഞ്ഞു പോയത്.നമ്മളിൽ പലരും അതറിഞ്ഞത് പോലുമില്ല എന്നതിലുണ്ട് ഈ രാജ്യം അദ്ദേഹത്തോട് തിരിച്ചു ചെയ്തതെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം.