കാശ്മീരി പണ്ഡിറ്റുകള്‍ക്ക് ഏറ്റവും കൂടുതല്‍ ജനിതക സാമ്യം കാശ്മീരി മുസ്ലീങ്ങളുമായിട്ടാണെന്ന്

63

നമ്മൾ എങ്ങെനെ നമ്മളായി അതുകൂടി അറിഞ്ഞാലൊ, ✍️സനോജ് കണ്ണൂർ എഴുതിയത്

🔴മനുഷ്യ പരിണാമം

സസ്തനികളില്‍ മരങ്ങളില്‍ ജീവിക്കാന്‍ വേണ്ട അനുവര്‍ത്തന ങ്ങള്‍ ലഭിച്ച പ്രൈമേറ്റ് വിഭാഗത്തിലാണ് മനുഷ്യന്‍ ഉള്‍പ്പെടുന്നത്. ജീവിച്ചിരിപ്പുള്ളവയില്‍ വെച്ച് മനുഷ്യനുമായി ഏറ്റവും ബന്ധപ്പെട്ടവ ആള്‍കുരങ്ങുകളാണ് (ഗിബ്ബണ്‍, സയാമാങ്ങ്, ഒറാങ്ങ്ഉട്ടാന്‍ ചിമ്പാന്‍സി, ഗൊറില്ല). ഗിബ്ബണും സയാമാങ്ങും ഹൈലോബാറ്റിഡെ എന്ന കുടുംബത്തിലും ഒറാങ്ങും ചിമ്പാന്‍സിയും ഗൊറില്ലയും പോംഗിഡെ എന്ന കുടുംബത്തിലും മനുഷ്യന്‍ മാത്രം ഹൊമിനിഡെ എന്ന കുടുംബത്തിലുമാണ് പെടുന്നത്. ഇതില്‍ മനുഷ്യനെക്കൂടാതെ ആസ്ത്രലോപിത്തെക്കസ്, ഹോമോ ഹബിലിസ്, ഹോമോ ഇറക്ട്സ്, എന്നീ ജീവികളും പെടും. ഹോമോ സാപിയന്‍സ് എന്ന ആധുനിക മനുഷ്യനാഴികെ ബാക്കിയെല്ലാം നാമാവേശമായി.

Image may contain: 8 people, textരണ്ട് കോടി മുതല്‍ 1.4 കോടി കൊല്ലം മുമ്പുവരെ ജീവിച്ചിരുന്ന ഡ്രയോപിത്തക്കസ് എന്നൊരു വാനരനാണ് ആള്‍കുരങ്ങുകളുടെയും മനുഷ്യകുടുംബത്തിന്‍റെയും പൊതു പൂര്‍വ്വികനായി കരുതപ്പെടുന്നത്. ഇരുകാലി നടത്തവും ലഘൂകരിച്ച പല്ലുകളുമാണ് മാനവകുടുംബത്തിന്‍റെ ലക്ഷണങ്ങള്‍. 1932 ല്‍ ഇന്ത്യയിലെ ശിവാലിക് മലകളില്‍ നിന്ന് രാമപിത്തക്കസ് എന്ന ഫോസില്‍ ലഭിച്ചു. ഒന്നരകോടി മുതല്‍ ഒരു കോടി വര്‍ഷങ്ങള്‍ വരെയുള്ള കാലത്താണ് ഇവ ജീവിച്ചി രുന്നത്. ഇത് ആധുനിക മനുഷ്യന്‍റെ പൂര്‍വ്വികനാണെന്ന് പലരും അവകാശപ്പെട്ടിരുന്നു. പിന്നീട് കെനിയ, തുര്‍ക്കി, ഹംഗറി എന്നിവിട ങ്ങളില്‍ നിന്ന് ലഭിചച്ചിട്ടുള്ള തലയോടിന്‍റെ ലക്ഷണങ്ങളില്‍ നിന്നും അത് ഡ്രയോപിത്തക്കസില്‍ നിന്നും അധികം പുരോഗമിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്.

ഇതിന് മനുഷ്യപരിണാമത്തില്‍ യാതൊരു സസ്ഥാനവുമില്ലെന്നും ഒറാങ് ഉട്ടാന്‍റെ പൂര്‍വ്വികനാണെന്നും ആണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയില്‍ നിന്നും ലഭിച്ച മറ്റൊരു ഫോസില്‍ ശിവപിത്തക്കസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ഇത് രാമപിത്തക്കസ് തന്നെയാണെന്ന് കൂടുതല്‍ പഠനങ്ങള്‍ നടത്തിയ പ്പോള്‍ തെളിഞ്ഞു. ഏറ്റവും പുരാതനമായ ഹൊമിനിഡ് 50 ലക്ഷം വര്‍ഷം മുതല്‍ 10 ലക്ഷം കൊല്ലം മുമ്പുവരെ ജീവിച്ച ആസ്ത്രലോ പിത്തെക്കസ്സുകളാണ്. ഇവയാണ് ശരിയായ അര്‍ധമനുഷ്യന്‍. ഇവ പല സ്പീഷിസുകള്‍ ഉണ്ടായിരുന്നു. അവയിലൊന്ന് ഏകദേശം 20 ലക്ഷം കൊല്ലം മുമ്പ് കല്ലുകള്‍ കൊണ്ടുള്ള ആയുധ നിര്‍മ്മാണം തുടങ്ങി ആദ്യത്തെ ഹോമോ (ഹോമോ ഹബിലിസ്) ആയിത്തീര്‍ന്നു. ഈ മാറ്റമുണ്ടായത് ആസ്ത്രലോപിത്തെക്കസുകള്‍ ജീവിച്ചിരുന്ന പൂര്‍വ്വാഫ്രിക്കയില്‍ വച്ചു തന്നെയാണ്.

ആയുധോപയോഗത്തെ ആധാരമാക്കിയുള്ള ജീവിതം തുടങ്ങിയപ്പോള്‍ ആയുധങ്ങളുടെ ഉപയോഗത്തിനും നിര്‍മ്മാണത്തിനും വശ്യത കൂടിയ വ്യക്തികള്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ സ്ഥാനം കിട്ടിയിട്ടുണ്ടാവും. മസ്തിഷ്കത്തിന് കൂടുതല്‍ വികാസം പ്രാപിച്ചവരില്‍ ആയിരിക്കുമല്ലോ ഈ കഴിവുകള്‍ സാധാരണയില്‍ കവിഞ്ഞ് ഉണ്ടായിരിക്കുക. അങ്ങനെ ആദ്യ മനുഷ്യരുടെ ഇടയില്‍ മസ്തിഷ്ക വികാസത്തിന് അനുകൂലമായ പ്രകൃതി നിര്‍ധാരണം നടന്നിട്ടുണ്ടാ വും. അതുകൊണ്ട് തന്നെ അവയുടെ മസ്തിഷ്ക വലുപ്പം കാലക്ര മേണ വര്‍ധിച്ചു വന്നു. പിന്നീട് 15 ലക്ഷം വര്‍ഷം മുമ്പ് മസ്തിഷ്ക വലിപ്പം വര്‍ധിച്ച ഹബിലിസുകള്‍ പുതിയൊരു സ്പീഷിസായി. ഇവയാണ് ഹോമോ ഇറക്ട്സ്. ഇവ പത്തുലക്ഷം വര്‍ഷത്തിലധികം ജീവിച്ചിരുന്നു. അതിനിടയില്‍ ഇവ ആഫ്രിക്കയില്‍ നിന്നും യൂറോപ്പിലേക്കും ഏഷ്യയിലേക്കും വ്യാപിച്ചു.

1891 ല്‍ ഹോളണ്ടുകാരനായ യൂജിന്‍ ഡുബോയ്ക്ക് ജാവയില്‍ നിന്നും ലഭിച്ച പിത്തേക്കാന്‍ത്രോസും (ജാവാമനുഷ്യന്‍-4 ലക്ഷം വര്‍ഷം പഴക്കം) ചൈനയില്‍ പിക്കിംഗിനടുത്ത ചൗക്കുട്ടിന്‍ എന്ന സ്ഥലത്ത് നിന്നും ലഭിച്ച 5 ലക്ഷം പഴക്കമുണ്ടായിരുന്ന സൈനാന്‍ത്രോപ്സും (ചീന മനുഷ്യന്‍) ജര്‍മനി, ഹംഗറി, അള്‍ജീരിയ എന്നിവിടങ്ങളില്‍ നിന്നു കിട്ടിയ ആദിമമനുഷ്യന്‍റെ ഫോസിലുകളുമെല്ലാം ഹോമോ ഇറക്ട്സ് സ്പീഷിസില്‍ പെടുമെന്നാണ് ഇപ്പോള്‍ നിശ്ച യിച്ചിട്ടുള്ളത്.

1869 ലൂയിസ് ലാര്‍ത്തെ എന്ന ഗവേഷകന്‍റെ നേതൃത്വത്തില്‍ നടന്ന പര്യവേഷണത്തിലൂടെ ഫ്രാന്‍സിലെ ക്രോമാഗ്നോണ്‍ പാറയില്‍ നിന്നു കണ്ടെത്തിയ ഫോസിലുകളാണ് മനുഷ്യന്‍റെ അടുത്ത മുന്‍ഗാമികളില്‍ ഒന്നായ ക്രോമാഗ്നോണ്‍ മനുഷ്യന്‍. 2003 ല്‍ നടത്തിയ മോളിക്കുലര്‍ ബയോളജി പഠനങ്ങളനുസരിച്ച് ക്രോമാഗ്നോമുകളില്‍ ആധുനിക മനുഷ്യരുമായി വളരെ ജനിതക സാമ്യമുള്ളതായി കാണാം. ഏകദേശം 10,000 മുതല്‍ 45,000 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ക്രോമാഗ്നോണുകള്‍ കുടിലുകള്‍, ആയുധങ്ങള്‍ എന്നിവ ഉപയോഗിച്ചിരുന്നതായും കാണാം. മനുഷ്യനെപ്പോലെ തന്നെ തികഞ്ഞ സാമൂഹ്യജീവിയായിരുന്നു ക്രോമാഗ്നോണ്‍.

ഏകദേശം 1,30,000 – 30,000 വര്‍ഷം മുമ്പുവരെ യൂറോപ്പില്‍ ജീവിച്ചിരുന്ന നിയാണ്ടര്‍താല്‍ മനുഷ്യന്‍ ആണ് ഇന്നത്തെ മനുഷ്യ വര്‍ഗവുമായി വളരെ സാമ്യമുള്ള മറ്റൊരു ശാഖ. ക്രോമാഗ്നോണുകളുടെ തുപോലെ, വലിയ തലയോട്ടികളുടെ ഉടമകളായിരുന്നു നിയാണ്ടര്‍ത്താലുകളും ഉയരം ആധുനിക മനുഷ്യനേക്കാള്‍ കുറവായിരുന്നു. ആധുനിക മനുഷ്യന്‍ യൂറോപ്പിലേക്ക് കുടിയേറിയ ശേഷവും ഏകദേശം 15,000 വര്‍ഷത്തോളം എങ്കിലും നിയാണ്ടര്‍ത്താല്‍ മനുഷ്യ ന്‍ യൂറോപ്പിലുണ്ടായിരുന്നതായി കരുതപ്പെടുന്നു. ക്രൊമാഗ്നോണു കള്‍ നിയാണ്ടര്‍താലുകളുമായി പലപ്പോഴും ഏറ്റുമുട്ടിയിരുന്നതായി സൂചിപ്പിക്കപ്പെടുന്നു. നിയാണ്ടര്‍ത്താലുകളുടെ വംശനാശത്തിന് കാരണം ക്രൊമാഗ്നോണുകളാവാമെന്ന നിഗമനത്തിലാണ് ശാസ്ത്ര ലോകം എത്തിനില്‍ക്കുന്നത്. നിയാണ്ടര്‍ത്താലുകള്‍ ഒരിക്കലും നമ്മുടെ മുന്‍ഗാമികള്‍ ആയിരുന്നില്ലെന്ന് അടുത്തകാലത്തു നടന്ന ഡി.എന്‍.എ പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു. അവര്‍ ഒരു പക്ഷേ നമ്മുടെ അകന്ന കസിന്‍സ് ആയിരുന്നിരിക്കാം. 2 ലക്ഷം വര്‍ഷക്കാലം യൂറോപ്പ് അടക്കി വാണ ശേഷം, ഏതാണ്ട് 30,000 വര്‍ഷങ്ങളള്‍ക്ക് മുമ്പ് നിയാണ്ടര്‍താലുകള്‍ ഭൂമിയോട് വിടപഞ്ഞു.

മനുഷ്യന്‍ (ഹോമോ സാപിയന്‍സ്) ഈ ഭൂമിയയില്‍ ജന്‍മ മെടുത്തിട്ട് ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനുമിടയില്‍ വര്‍ഷങ്ങളാ യി എന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു. ആഫ്രിക്കയില്‍ ജന്‍മമെടു ത്ത ആധുനിക മനുഷ്യരില്‍ വലിയൊരു വിഭാഗം ഏകദേശം 60,000 വര്‍ഷം മുമ്പ് ആഫ്രിക്ക വിട്ട്, ഒരു വിഭാഗഗം യൂറോപ്പിലേക്കും മറ്റൊരു വിഭാഗം ഏഷ്യ (അലാസ്ക വഴി) വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നീ സ്ഥലങ്ങളിലേക്കും കുടിയേറുകയുണ്ടായി. മൂന്നാമതൊരു വിഭാഗം ഇന്ത്യയുടെ തെക്കേ അറ്റം വഴി, ആസ്ത്രേലിയയിലേക്കും കടന്നു എന്നാണ് കരുതപ്പെടുന്നത്. മൈറ്റോകോണ്ട്രിയല്‍ ഡി.എന്‍.എ. ഉപയോഗിച്ചുള്ള പഠനത്തിലൂടെയാണ്. ഇത്തരമൊരു നിഗമനത്തില്‍ എത്തി നില്‍ക്കുന്നത്. ആഫ്രിക്കയില്‍ ഉത്ഭവവിച്ച ആദ്യമനുഷ്യന്‍റെ മറ്റു സ്ഥലങ്ങളിലേക്കുള്ള കുടിയേറ്റം, അതുവരെയു ണ്ടായിരുന്ന പ്രാചീന മനുഷ്യവര്‍ഗങ്ങളുടെ തിരോധാനത്തിനു കാരണമായി എന്നും കരുതപ്പെടുന്നു.

ആധുനിക മനുഷ്യന്‍റെ രണ്ടുലക്ഷം വര്‍ഷത്തെ നിലനില്‍പ്പില്‍ അധികകാലവും അലഞ്ഞ് തിരിഞ്ഞ് ഇര തേടുകയായിരുന്നു. കൃഷിയും സ്ഥിരതാമസവും തുടങ്ങിയിട്ട് 10,000 വര്‍ഷങ്ങളില്‍ കൂടുതല്‍ ആയിട്ടില്ല. പിന്നീട് നാഗരികതയും, അക്ഷരജ്ഞാനവും കൂടി ആര്‍ജ്ജിച്ചപ്പോള്‍ ചരിത്രകാലത്തിന്‍റെ ആരംഭമായി. പ്രാകൃതമായ വിശ്വാസങ്ങള്‍ മാറി സംഘടിത മതങ്ങള്‍ വന്നിട്ടും അധികകാലമായില്ല. മതങ്ങള്‍ സംഘര്‍ഷങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും കാരണമാവാന്‍ തുടങ്ങിയിട്ട് രണ്ടായിരത്തിലധികം കൊല്ലമായിട്ടില്ല. അതായത് നിലനില്‍പ്പിന്‍റെ 99/100 ഭാഗം കാലവും മനുഷ്യന് മതമില്ലായിരുന്നു. വിവിധ ജനവിഭാഗങ്ങള്‍ തമ്മില്‍ 99.9% ശതമാനം ജനിതക സാമ്യമു ണ്ടെന്ന് ഹ്യൂമന്‍ ജീനോം പഠനങ്ങള്‍ കാണിക്കുന്നു. നമ്മുടെ ഡി.എന്‍.എ യുടെ 2 ശതമാനം മാത്രമാണ് പ്രോട്ടീന്നുകള്‍ കോഡ് ചെയ്യുന്ന ജീനുകള്‍. അതേ സമയം മനുഷ്യര്‍ക്കിടയിലുള്ള വ്യതിയാ ന്നത്തിന്‍റെ കണക്കു കൂട്ടിലില്‍ മൊത്തം ജീനോമാണ് പരിഗണിച്ചിട്ടു ള്ളത്. അതായത് ഡി.എന്‍.എ തലത്തില്‍ കാണുന്ന വ്യതിയാനങ്ങളു ടെ (0.1 ശതമാനം) 98 ശതമാനവും ജീനുകള്‍ ഇല്ലാത്ത ഭാഗത്താണ്. ഈ വ്യത്യാസ ത്തിന്‍റെ കാര്യമെടുത്താല്‍ തന്നെ അതിന് മതപരവും ജാതീയവുമായ യാതൊരടിസ്ഥാനവുമില്ല. ഇന്ത്യന്‍ സമൂഹത്തില്‍ നടത്തിയ പഠനത്തില്‍ കാശ്മീരി പണ്ഡിറ്റുകള്‍ക്ക് ഏറ്റവും കൂടുതല്‍ ജനിതക സാമ്യം കാശ്മീരി മുസ്ലീങ്ങളുമായിട്ടാണെന്ന് കണ്ടെത്തി. മത ചിന്തയുടെയും പ്രാദേശികതയുടെയും അടിസ്ഥാനത്തില്‍ മനുഷ്യരെ വേര്‍തിരിച്ചു കാണുന്നത് തികച്ചും അശാസ്ത്രീയമാണെന്ന് ഫോസില്‍ ചരിത്രവും ജനിതക പഠനങ്ങളും നമ്മെ ബോധ്യപ്പെടുത്തുന്നു.

ജീവശാസ്ത്രപരമായി വര്‍ഗ്ഗം എന്ന ആശയവും സാംസ്കാരിക സങ്കല്‍പങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയുവാന്‍ കഴിയാത്തതിന്‍റെ ഫലമായി വന്‍ ദുരന്തങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. അഡോള്‍ഫ് ഹിറ്റ്ലറുടെ ആര്യന്‍ വംശത്തിന്‍റെ പരിശുദ്ധി സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇതിന് ഉദാഹരണമാണ്. അമേരിക്കയില്‍ അടിമകളായി ജീവിച്ചിരുന്ന നീഗ്രോകളെ മൃഗങ്ങളെപ്പോലെ കണക്കാക്കി മൃഗീയമായി പണിയെടുപ്പിച്ചിരുന്നു. ഒരു കാലത്ത് യൂറോപ്പില്‍ സഞ്ചരിക്കുന്ന എക്സിബിഷനുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന വിചിത്ര മൃഗങ്ങളുടെ കൂട്ടത്തില്‍, ആഫ്രിക്കയിലെ സ്ത്രീകളും ഉണ്ടായിരുന്നു .