മോഹനൻ വൈദ്യരുടെ മരണം നൽകുന്ന ‘പാഠം’ ഈ മരണ സമയത്തു പൊക്കിപിടിക്കേണ്ടതുണ്ടോ ?

0
255

Sanoop Narendran

Q: മോഹനൻ വൈദ്യർ മരിച്ചത് കണ്ടല്ലോ അല്ലേ.. ഇത് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്കൊക്കെ ഒരു പാഠമാണ്.

A: മരിച്ചത് കണ്ടു. തീർച്ചയായും അതിൽ നിന്ന് ചില കാര്യങ്ങൾ മനസ്സിലാക്കാനുമുണ്ട്.( ഒരു കാര്യം പ്രത്യേകം ഓർമ്മിപ്പിക്കുന്നു: അദ്ദേഹത്തിൻ്റെ ആരോഗ്യത്തെ സംബന്ധിച്ച ആശയങ്ങൾ അല്ല ഞങ്ങളെപ്പോലുള്ളവർ പിന്തുടരുന്നത്.)മാത്രമല്ല, Modern Medicine ഡോക്ടേഴ്സ് ഉൾപ്പടെ എത്രയോ ഡോക്ടർമാർ 60- 62 വയസ്സിനുള്ളിൽ മരണമടയുന്നുണ്ട്. ഇന്ത്യൻ MM ഡോക്ടർമാരുടെ ശരാശരി ആയുസ്സ് ഇതാണ്. മാത്രമല്ല നൂറു കണക്കിന് പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുമുണ്ട്. അതും എല്ലാവർക്കും പാഠമാകേണ്ടതാണ്.

Coronavirus: Mohanan Vaidyar under observation in Viyyur jail - KERALA -  GENERAL | Kerala Kaumudi Onlineമോഹനൻ വൈദ്യരുടെ ചികിത്സ, 99% ഉപദേശങ്ങൾ എന്നിവ അപകടകരമാണെന്ന് പണ്ടേ പറഞ്ഞു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ. മരണകാരണം മറ്റ് അനാരോഗ്യത്തോടൊപ്പം കോവിഡ് ആകാൻ, (ചിലപ്പോൾ ആക്കാനും – എന്തായാലും പനി ഉണ്ടായിരുന്നല്ലോ) സാധ്യതയുമുണ്ട്. ഒരു തരത്തിലുള്ള മരുന്നും ചികിത്സയും പ്രതിരോധം നൽകില്ലെന്ന് സാധാരണക്കാർ മനസ്സിലാക്കിയാൽ നല്ലത്. ( അദ്ദേഹം പ്രധാന ചികിത്സകനായ പരബ്രഹ്മ ഫൗണ്ടേഷൻ എന്തോ വലിയ കോവിഡ്/പനി പ്രതിരോധ മരുന്ന് കണ്ടു പിടിച്ചതായൊക്കെ ചിലർ Message അയച്ചിരുന്നു)

Q: ആദരാഞ്ജലികൾ അർപ്പിച്ചത് കണ്ടിരുന്നു. നിങ്ങൾക്ക് അദ്ദേഹത്തെ അത്രയും പരിചയമുണ്ടായിരുന്നോ? അദ്ദേഹത്തെക്കുറിച്ച് അത്രയും മതിപ്പായിരുന്നോ??

A: പണ്ട് കാലത്ത് ചെറിയ വ്യക്തിപരമായ പരിചയം ഉണ്ടായിരുന്നു. ഭക്ഷണത്തിലെ മായങ്ങൾ എന്ന വിഷയത്തിൽ മുമ്പ് ഒരു പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. പിന്നീട് ക്ലാസിൽ തന്നെ മായം കലർന്നതും തെറ്റായ ചികിത്സകൾ പ്രചരിപ്പിക്കുന്നതും ചെയ്യുന്നതും കണ്ടതിനാൽ വിയോജിപ്പ് അറിയിച്ച് മാറി നിന്നു. പിന്നെ കാര്യമായ ബന്ധമില്ല. 2 വർഷം മുമ്പ് ഒരു വേദിയിൽ ഓപ്പൺ ഫോറത്തിൽ ചില വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. പരസ്പര ബന്ധമില്ലാതെ സംസാരിച്ച് ഒഴിഞ്ഞ് മാറുകയാണ് ചെയ്തത്. 2 മാസം മുമ്പ് എൻ്റെ ഒരു 1 hour ഓൺലൈൻ ക്ലാസിൽ Join ചെയ്തത് കണ്ടിരുന്നു. അതിനു ശേഷം ഫോൺ ചെയ്ത്, നിങ്ങളുടെ ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞു. ഞാൻ പ്രോത്സാഹിപ്പിച്ചില്ല.
ഒരു പരിചയത്തിൻ്റെ സാമാന്യമായ തോന്നലിൽ, ആദരാഞ്ജലികൾ അർപ്പിച്ചു. എന്നും മതിപ്പും ആദരവും ഉള്ളവർക്ക് മാത്രമല്ലല്ലോ ആദരാഞ്ജലികൾ അർപ്പിക്കാറുള്ളത്.. മാത്രമല്ല ഒരാൾ മരിച്ചത് ആഘോഷമാക്കാനുള്ള മാനസിക വൈകൃതം എനിക്കില്ല.

Q: അപ്പോൾ അയാൾ പ്രചരിപ്പിച്ചിരുന്ന കാര്യങ്ങൾ കൊണ്ട് തെറ്റിദ്ധരിപ്പിക്കപ്പെട്ട്/അയാളുടെ ചികിത്സകൾ കൊണ്ട്, പലരുടെയും രോഗം ഗുരുതരമായതും ചിലരെങ്കിലും മരണപ്പെട്ടതും നിങ്ങൾക്ക് പ്രശ്നമല്ലേ? അത്തരത്തിലുള്ള ഒരാൾ മരണപ്പെടുന്നത് ചിലർക്ക് സന്തോഷകരമായി മാറുന്നത് തെറ്റുപറയാനാകുമോ??

A: അത്രയൊന്നും നീചനല്ലാത്ത ( ക്രൂരമായ മനസ്സുള്ള psychopath കൾ, Sadist കൾ ഒഴികെ) സാധാരണക്കാരായ ആര് മരണപ്പെടുമ്പോഴും സന്തോഷം തോന്നുന്നതും അത് ആഘോഷമാക്കുന്നതും ആരോഗ്യമുള്ള ഒരു മനസ്സിൻ്റെ ലക്ഷണമാണെന്ന് കരുതുന്നില്ല. മാത്രമല്ല, എല്ലാ സിസ്റ്റങ്ങളിലെയും രജിസ്റ്റേർഡ് പ്രാക്ടീഷനേഴ്സ് ആയിട്ടുള്ള ഡോക്ടർമാർ എത്രയോ തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യകരമായ ജീവിത രീതിയെക്കുറിച്ച്, ശരിയായ ഭക്ഷണ രീതിയെക്കുറിച്ച്, നമ്മുടെ അനാരോഗ്യപരിസ്ഥിതി ഉണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ച് മിണ്ടുന്നവർ, അവരവരുടെ ചികിത്സാ പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തുന്നവർ എത്ര പേരുണ്ട് എന്ന് അന്വേഷിക്കൂ.. വിപണിയിലെ ജങ്ക് ഫുഡുകളിലെ അപകടങ്ങളെക്കുറിച്ച് (കലോറി എന്നല്ലാതെ) പറയുന്ന എത്ര ഡോക്ടർമാരുണ്ട്? ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടും അതുകൊണ്ടെല്ലാം രോഗം ഉണ്ടായിട്ടും, മരുന്ന് ചികിത്സ മാത്രം ചെയ്യപ്പെട്ടും ആളുകൾ മരണപ്പെടുന്നുമുണ്ട്. അവരുടെയെല്ലാം മരണത്തിൽ മേൽ പറഞ്ഞ ആഘോഷ കമ്മിറ്റി വിഭാഗം ഇത്രയും സന്തോഷിക്കുന്നത് കാണാറില്ല. കാരണം അതൊന്നും അത്ര വ്യക്തമായി കാണാനോ, അപകടം മനസ്സിലാക്കാനോ ഉള്ള ശാസ്ത്ര- സാമൂഹ്യ ബോധം അവർക്കില്ല.

ഉദാ: വർഷങ്ങളോളം വിവിധ പ്രമേഹരോഗ വിദഗ്ദ്ധരെ (Modern Medicine) കണ്ട് ചികിത്സിച്ചിട്ടും പ്രമേഹരോഗത്തിന് ഏത് രീതിയിലുള്ള ഭക്ഷണം കഴിക്കണമെന്ന് പോലും അറിയാത്ത ലക്ഷക്കണക്കിന് ആളുകളെ നിങ്ങൾക്ക് സമൂഹത്തിൽ കാണാം. അവരെല്ലാം ആധുനിക ചികിത്സകരാൽ തെറ്റിദ്ധരിക്കപ്പെട്ടവരാണ്, തെറ്റായി ചികിത്സിക്കപ്പെട്ടവരും / പെട്ടുകൊണ്ടിരിക്കുന്നവരും ആണ്. പലരും അകാലമരണത്തിലെത്തുകയും ചെയ്യുന്നു. ഈ ചികിത്സ നടത്തുന്ന ഡോക്ടർമാർ അശാസ്ത്രീയത പിന്തുടരുന്നവരല്ലേ? അവർ വ്യാജ ചികിത്സ ചെയ്യുന്നവരല്ലേ? എന്തേ അത് ചർച്ച ചെയ്യപ്പെടുന്നില്ല, എന്തേ അവിടെ വിമർശനങ്ങളില്ല, എന്തേ ആ ഡോക്ടർമാർ പ്രതിക്കൂട്ടിൽ ആവുന്നില്ല?

Q: അപ്പോൾ മോഹനൻ വൈദ്യരെപ്പോലുള്ളവർ സമൂഹത്തിൽ വേണമെന്നാണോ നിങ്ങളുടെ വാദം?

A: അല്ല. എന്നാൽ മോഹനൻ വൈദ്യർമാർ ഉണ്ടാക്കപ്പെടുന്നത്, ശാസ്ത്രീയമായ ആരോഗ്യപരിപാലന- ചികിത്സാ മാർഗ്ഗങ്ങൾ പിന്തുടരേണ്ട രജിസ്റ്റേർഡ് ചികിത്സകർ അവരുടെ പണി മര്യാദക്ക് ചെയ്യാത്തത് കൊണ്ടാണ്. ഭക്ഷണത്തിലെ മായങ്ങളും വിഷങ്ങളും എന്ന പൊതുജനാരോഗ്യത്തെ കാർന്ന് തിന്നുന്ന വിഷയത്തിലെ ചില പരിപാടികൾ ആണ് മോഹനൻ വൈദ്യർക്ക് സമൂഹത്തിൽ സ്ഥാനം ഉണ്ടാക്കിക്കൊടുത്തതിൽ ആദ്യഘട്ടം. പിന്നെ ലളിതമായ ജീവിത രീതി – ഭക്ഷണ രീതി മാറ്റങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ ആളുകൾക്ക് അവരുടെ രോഗാവസ്ഥകളിൽ കിട്ടുന്ന ആശ്വാസങ്ങളും.. എത്രയോ വർഷങ്ങൾ ഡോക്ടർമാരുടെ അടുത്ത് പോയി ചികിത്സിച്ച് മടുത്ത ആളുകൾ ഇങ്ങനെയുള്ള ഇടങ്ങളിൽ എത്തി ചെറിയ ജീവിത -ഭക്ഷണ ചര്യകൾ പിന്തുടരുമ്പോൾ ( ഇത് ഡോക്ടർമാർ ഒരിക്കലും പറഞ്ഞു കൊടുക്കാറില്ല. ഉദാ: പ്രമേഹരോഗികൾ Refined carbഒഴിവാക്കി, തവിടുളള ധാന്യങ്ങൾ മിതമായി ഉപയോഗിക്കുമ്പോൾ വരുന്ന വലിയ മാറ്റം ഒന്ന് അന്വേഷിച്ചും അനുഭവിച്ചും അറിയുക ) രോഗ ദുരിതങ്ങളിൽ വരുന്ന മാറ്റങ്ങൾ ആളുകളെ സംബന്ധിച്ച് പല തീരുമാനങ്ങളും എടുക്കാൻ ഇടയാക്കും. എന്നാൽ, പിന്നീട് ഇതിനൊപ്പം മോഹന വൈദ്യൻമാർ കൊടുത്തു വരുന്ന തെറ്റായ Lifestyle – diet നിർദ്ദേശങ്ങളും, അശാസ്ത്രീയ മരുന്നുകളും ചികിത്സകളും, Modern Medicine ഉപയോഗത്തെക്കുറിച്ച് പ്രചരിപ്പിക്കുന്ന തെറ്റായ കാര്യങ്ങളും ചിലരെയെങ്കിലും അപകടത്തിലാക്കു മെന്നതും യാഥാർത്ഥ്യമാണ്. ആളുകൾക്ക് ലളിതമായ പരിഹാരമാർഗ്ഗങ്ങളിൽ, പച്ച – ആയുർവേദ മരുന്നു ചികിത്സകളിൽ ഒക്കെയുള്ള ചില പാരമ്പര്യവിശ്വാസങ്ങളും ഇതിന് ആക്കം കൂട്ടുമെങ്കിലും, അടിസ്ഥാനപരമായി ശാസ്ത്രീയമായ ആരോഗ്യ സംരക്ഷണ- ചികിത്സാ നടപടികൾ Modern Medicine doctors & ആധുനിക ചികിത്സാ വ്യവസ്ഥ ചെയ്യാത്തത് തന്നെയാണ് മോഹന വൈദ്യൻമാരുടെ , മറ്റനേകം ബദൽ ചികിത്സകരുടെ അടുത്തേക്ക് ആളുകളെ എത്തിക്കുന്നത്.

Q: അപ്പോൾ എന്താണ് ഉദ്ദേശിക്കുന്നത്?

A: മേൽ പറഞ്ഞതെല്ലാം തന്നെ.. ചിലരെങ്കിലും നിരന്തരം ചില വിഷയങ്ങൾ വിളിച്ച് പറയുന്നത് തന്നെയാണ്, ആധുനിക ചികിത്സാ വ്യവസ്ഥയെ സ്വന്തം ന്യൂനതകൾ പരിഹരിക്കാൻ നിർബന്ധിതമാക്കുന്നത്. അവരത് സ്വയം ചെയ്യുമെന്ന് പ്രതീക്ഷയില്ല. മോഹന വൈദ്യൻമാരുടെ അന്ധവിശ്വാസ പ്രചരണങ്ങളോട് ശക്തമായി വിയോജിക്കുമ്പോഴും, ചില വിഷയങ്ങൾ സമൂഹത്തിൽ ചർച്ചയാവാൻ ഇത്തരം ചിലരെങ്കിലും വേണ്ടിവരുന്നു എന്നതാണ് സമൂഹത്തിൻ്റെ ഗതികേട്..

ഒറ്റക്കാര്യമേ പറയാനുള്ളൂ: ആധുനിക ശാസ്ത്രീയ ആരോഗ്യ ഗവേഷണ പഠനങ്ങൾ Modern Medicine ചികിത്സാ പ്രോട്ടോക്കോളിലും, പൊതുജനാരോഗ്യമേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങളിലും ശരിയായി സമന്വയിപ്പിക്കാത്തിടത്തോളം കാലം, AYUSH ഡോക്ടർമാരെ അശാസ്ത്രീയ രോഗചികിത്സ ചെയ്യുന്നതിന് പകരം ആരോഗ്യത്തിൻ്റെ ശരിയായ Lifestyle – Diet – Environmental Factors ജനങ്ങളെ പഠിപ്പിച്ച് പ്രതിരോധം പടുത്തുയർത്തുന്നതിൽ ഭാഗമാക്കാതിരിക്കുന്നിടത്തോളം കാലം, ശരികളും തെറ്റുകളും കലർത്തി പറയുന്നവർക്ക് സമൂഹത്തിൽ ഇടമുണ്ടാകും.

മരുന്ന് – ശസ്ത്രക്രിയാ ഇടപെടലുകൾ അനിവാര്യമായ ഒരു അടിയന്തിര ഘട്ടത്തിൽ മാത്രമേ, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചികിത്സകൾ ചെയ്യാവൂ.. ഭൂരിഭാഗം രോഗങ്ങളും തനിയെ മാറുന്നതും Lifestyle – diet – environmental factors ശരിയാക്കി വിശ്രമിക്കുന്നതിലൂടെ ശമിപ്പിക്കാവുന്നതോ നിയന്ത്രിക്കാവുന്നതോ ആണ്. അത്യാവശ്യം വേണ്ടവരിൽ ,അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം മരുന്നുപയോഗം പരിമിതപ്പെടുത്തണം. അവിടെ അശാസ്ത്രീയ മരുന്നുകളും ചികിത്സകളും ഒഴിവാക്കപ്പെടുകയും വേണം.
Modern Medicine ഡോക്ടർമാർ ആധുനിക ശാസ്ത്രീയ ചികിത്സയാണ് ചെയ്യുന്നതെന്ന് വെറുതേ പറഞ്ഞോണ്ടിരിക്കും. പക്ഷേ, മൂലധനലാഭ യുക്തിയുടെ അധികാര – ലാഭ താത്പര്യത്താൽ എല്ലാ അശാസ്ത്രീയതകളും അതിൽ തുടരും. അതിൻ്റെ പരിണിത ഫലമായി,ഒപ്പം അശാസ്ത്രീയ ബദൽ വൈദ്യങ്ങളും തുടരും..

ഇത് തിരിച്ചറിയാൻ നമ്മുടെ മുന്നിലുള്ള കമ്പോള താത്പര്യ “ശാസ്ത്ര ” ത്തെയും ബദൽ വൈദ്യ ” അവകാശ ശാസ്ത്രത്തെയും” ശാസ്ത്രീയമായും യുക്തിഭദ്രമായും പരിശോധിച്ച്, ശരികൾ മനസ്സിലാക്കി ഉപയോഗിക്കാനുള്ള ശേഷി വ്യക്തികൾ ആർജിച്ചെടുക്കലേ നിവൃത്തിയുള്ളൂ..

NB : ചോദ്യങ്ങൾ എന്നോടും പലയിടങ്ങളിലായി പലരോടും പലരാൽ ചോദിക്കപ്പെട്ടതാണ്. ഉത്തരങ്ങൾ എൻ്റേത് മാത്രമാണ്.. ഇതിലധികം എഴുതാനുള്ള ഭാഷാ ശേഷിയോ സമയമോ എൻ്റെ കയ്യിലില്ല.

  • സനൂപ് നരേന്ദ്രൻ
    6238589033
    20/06/2021