കൊറോണ – പക്ഷിപ്പനിക്കാലത്തെ ചില വിമർശന ചിന്തകൾ

94

-സനൂപ് നരേന്ദ്രൻ

കൊറോണ – പക്ഷിപ്പനിക്കാലത്തെ ചില വിമർശന ചിന്തകൾ

ഓരോ രോഗത്തിനും നിദാനം Multifactorial (ബഹുവിധ കാരണങ്ങൾ ) ആണെന്നും Agent – Host – Environment ഘടകങ്ങൾ ആണ് രോഗത്തെ നിർണ്ണയിക്കുന്നതെന്നും ശാസ്ത്രീയമായ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പക്ഷേ ആധുനിക ചികിത്സാ സംവിധാനം രോഗത്തെ കേവലം Agent ൽ ആരോപിക്കുകയും ( രോഗാണുക്കൾ), രോഗപ്രതിരോധത്തെയും ചികിത്സയെയും കേവലം രോഗാണു വേട്ടയിലും രോഗാണു വാഹകരെന്ന് കണ്ടു പിടിക്കപ്പെടുന്ന ജീവികളുടെ വംശത്തെ ഉന്മൂലനം ചെയ്യാനുള്ള പ്രവർത്തനങ്ങളിലും പരിമിതപ്പെടുത്തുകയും ചെയ്യുന്നു.
ഓരോ വ്യക്തിയുടെയും ശരീരത്തിന്റെ ആരോഗ്യ സ്ഥിതിയും അതിനെ നിർണയിക്കുന്ന ഭക്ഷണ- ജീവിത ശൈലികളും പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമതയും ( Host Factors) ആരോഗ്യ ജീവിതത്തിന് അനിവാര്യമായ പാരിസ്ഥിതിക – സാമൂഹ്യ സാഹചര്യങ്ങളും ( Environment Factor) തീർത്തും അവഗണിക്കപ്പെടുകയാണ്.
ജീവിത ശൈലിയിൽ, ഭക്ഷണ രീതിയിൽ, പരിസ്ഥിതിയിൽ വരുന്ന അപാകതകളിലൂടെ, സ്വാഭാവിക പ്രതിരോധ സംവിധാനങ്ങൾ മുഴുവൻ വികലമായി, ഏത് രോഗാണുവിനും അവരുടെ സാമ്രാജ്യം ഒരുക്കാൻ പറ്റിയ വിളനിലമായി മനുഷ്യ ശരീരങ്ങൾ മാറിക്കൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാൻ നാം എന്ന് തയ്യാറാകും?
ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും മനുഷ്യനെ ആക്രമിക്കാൻ തയ്യാറായി നിൽക്കുന്ന ഭീകര സൂക്ഷ്മജീവികൾ ആണെന്ന രീതിയിൽ, host &environmental factors പരിഗണിക്കാതെ, കേവലം Agent കൾക്കെതിരെ മാത്രമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഹോമോസാപിയൻസ് എന്ന ജീവിവർഗ്ഗം പരിണാമപരമായി നേടിയെടുത്ത അതിജീവനത്തിനുള്ള അനുകൂലനങ്ങളെയും സ്വാഭാവിക – ആർജ്ജിത പ്രതിരോധ സംവിധാനങ്ങളെയും നിർജ്ജീവമാക്കി ഈ വംശത്തെ തന്നെ ഉന്മൂലനം ചെയ്യാൻ പര്യാപ്തമായ ഒന്നായി മാറുമോ എന്ന ആശങ്കയുണ്ട്.
ജീവശാസ്ത്രപരമായി മനുഷ്യൻ അനുകൂലനം നേടിയിട്ടില്ലാത്ത നിരവധി വിഷവസ്തുക്കളെ കുറിച്ച് ( വായുവിലും വെളളത്തിലും ഭക്ഷണത്തിലും ഇന്ന് യഥേഷ്ടം കണ്ടു വരുന്നവ) ഈ അണുക്കളുടെ അത്ര ഭീതി നിലവിലെ ചികിത്സാ വ്യവസ്ഥയ്ക്ക് കാണുന്നില്ല എന്നത് ഭീകരമായ, ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുതയാണ്.( ജനങ്ങളുടെ ആരോഗ്യം തകർക്കുന്ന വായു- ജല മലിനീകരണത്തിന് എതിരെ നടക്കുന്ന/ നടന്ന ജനകീയ സമരങ്ങളിൽ എവിടെയെങ്കിലും ഈ ചികിത്സാ വ്യവസ്ഥയോ, ഡോക്ടർമാരോ പിന്തുണ തന്നിട്ടുണ്ടോ എന്ന് നോക്കുക)
കോടിക്കണക്കിന് വ്യത്യസ്തമായ വൈറസ്സുകളും ബാക്ടീരിയകളും മറ്റ് സൂക്ഷ്മജീവികളും ഈ ഭൂമിയിലുണ്ട്. അവയിൽ നാമമാത്രമായ എണ്ണങ്ങളെ മാത്രമേ നാം തിരിച്ചറിഞ്ഞിട്ടുള്ളൂ. വൈറസ്സുകളിൽ പലതും ചുരുങ്ങിയ സമയത്തിനുള്ളിൽ രൂപഭാവങ്ങൾ മാറുന്നവയുമാണ്. ആഗോള താപനം ഇതിന് ആക്കം കൂട്ടിയേക്കാം. വൈറസ്സുകളുടെ അത്രയ്ക്ക് ഇല്ല എങ്കിലും ബാക്ടീരിയകളും അങ്ങനെ തന്നെ. അശാസ്ത്രീയമായ ജീവിത ശൈലി – ഭക്ഷണ രീതികൾ പിന്തുടരുന്ന ഒരു ജനസമൂഹത്തിൽ ( ജീവിക്കുന്ന ആവാസവ്യവസ്ഥ തന്നെ വികലമായിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ – ആഗോള താപനം ഉൾപ്പടെ) പൊതു ആരോഗ്യ നിലയും സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളും തകരാറിലാകുമ്പോൾ, വൈറസുകൾ പരിണമിക്കുമ്പോൾ, പുതിയ പുതിയ രോഗങ്ങൾ പ്രത്യക്ഷപ്പെടും. സൂക്ഷ്മപരിശോധനയിൽ പുതിയ സൂക്ഷ്മജീവികളെ കണ്ടെത്തും. തീർച്ചയായും അവ Agent കൾ ആണ്. പക്ഷേ, അവയ്ക്ക് അനുകൂലമായ Host factors ഉം അനുയോജ്യമായ പരിസ്ഥിതികളും ഈ രോഗങ്ങളെ അപകടകാരികളാക്കും. അവിടെ മരുന്നോ ചികിത്സയോ പ്രത്യേകം പ്രത്യേകം സൂക്ഷ്മജീവികൾക്കെതിരായ മരുന്നുകളോ, വാഹകരായ ജീവികളുടെ ഉൻമൂലനമോ പരിഹാരമാവില്ല. രോഗഭയവും ഫലപ്രദമല്ലാത്ത ചികിത്സകളും ( ബദൽ വൈദ്യങ്ങൾ ഉൾപ്പടെ) കൂടുതൽ അപകടം ഉണ്ടാക്കുകയും ചെയ്യും. രോഗപ്പകർച്ച തടയുന്ന നടപടികൾ അനിവാര്യമാണ് എങ്കിലും അത് മാത്രം പോര. അത് താത്കാലിക പരിഹാരം മാത്രമാണ്.
ഹേ മനുഷ്യരേ….. നിങ്ങളുടെ ശരീരത്തിലെ ജൈവ ഉപാപചയ പ്രക്രിയകൾ താളം തെറ്റിയിരിക്കുന്നു എന്ന് തിരിച്ചറിയുക. ശരീരത്തിന്റെ ആന്തരിക സമസ്ഥിതി നിലനിർത്താനുള്ള പാരിസ്ഥിതിക – സാമൂഹ്യ സാഹചര്യങ്ങളും ജീവിത ശൈലിയും നിങ്ങൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. (മുതലാളിത്തത്തിന്റെ സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക-രാഷ്ട്രീയ വ്യവസ്ഥ നിങ്ങൾക്കൊരുക്കിയ കെണിയിൽ നിങ്ങൾ വീണു കഴിഞ്ഞത് നിങ്ങൾ തിരിച്ചറിഞ്ഞാൽ നല്ലത്). നിങ്ങളുടെ ശരീരത്തിന്റെ അതിജീവനക്ഷമത തകർന്നു കൊണ്ടിരിക്കുന്നു. ഈ ഒരു സ്ഥിതിയിൽ, അടിയന്തിര ഘട്ടങ്ങളിൽ ചിലപ്പോൾ സഹായകമായേക്കാവുന്ന മെഡിക്കൽ സാങ്കേതിക ഇടപെടൽ പോലും നിസ്സഹായരാകും. ഒരു പക്ഷേ, ദൂഷ്യഫലങ്ങൾക്ക് നിമിത്തവുമാകാം. അതിനാൽ അടിസ്ഥാനപരമായ ജീവ ശാസ്ത്ര തത്വങ്ങൾക്കനുസരിച്ച് ആരോഗ്യ ജീവിതത്തിലേക്ക് നടക്കാൻ തയ്യാറാവുക.
ആധുനിക ചികിത്സാ വ്യവസ്ഥിതിയോട് ഒറ്റ ചോദ്യം മാത്രം…
നമ്മുടെ വികസനത്തിന്റെ പരിണിത ഫലമായ പാരിസ്ഥിതിക നാശവും, അശാസ്ത്രീയമായ ആധുനിക ജീവിത ശൈലിയും (വ്യായാമരാഹിത്യം, ഉറക്കമൊഴിക്കൽ, മാനസിക സന്തുലനമില്ലായ്മ, വിശ്രമമില്ലാത്ത പരക്കം പാച്ചിലുകൾ) തെറ്റായ ഭക്ഷണ രീതികളും ( ജങ്ക് ഫുഡുകളുടെ ഉപയോഗം, അമിതഭക്ഷണം, പോഷണ വൈകല്യം തരുന്ന ഭക്ഷണക്രമം , വിശക്കാതെയുള്ള ഭക്ഷണം കഴിക്കൽ etc) ഇന്നത്തെ സമൂഹത്തിലെ മനുഷ്യരുടെ ശരീരത്തിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആരോഗ്യത്തകർച്ചകളെ കുറിച്ച്, പ്രതിരോധ സംവിധാനങ്ങളിലെ വൈകല്യങ്ങളെ കുറിച്ച് ഒരു പഠനം നടത്താൻ തയ്യാറാകുമോ…???
പ്രശ്നങ്ങളും പരിഹാരങ്ങളും ഇവിടെ അനാവരണം ചെയ്യപ്പെടും.
GDP കൂടാൻ രോഗമാണ് വേണ്ടത്, ആരോഗ്യമല്ല. ആരോഗ്യമുള്ള സമൂഹത്തിൽ നിന്ന്, മെഡിക്കൽ മേഖലയിലെ GDP യിലേക്കുള്ള സംഭാവന തുച്ഛമായിരിക്കും. അതു കൊണ്ട് തന്നെ, ഇങ്ങനെ ഒരു പഠനമോ, അതിനെ അടിസ്ഥാനമാക്കിയ ജനകീയ ആരോഗ്യ പ്രവർത്തനങ്ങളോ ആരോഗ്യ വിദ്യാഭ്യാസമോ നിലവിലെ സാമൂഹ്യ- സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാൽ മറ്റൊരു സമൂഹ നിർമ്മിതിക്ക് വേണ്ടി നിലകൊള്ളുന്നവർ നടന്നു തുടങ്ങേണ്ടത് ഈ വഴിയിലാണ് എന്ന് ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു.
ആരോഗ്യം നില നിർത്തുന്ന ഒരു ജീവിത ശൈലി ജനകീയ സംസ്കാരമായി ആവിഷ്കരിക്കേണ്ടതുണ്ട്.
NB : നിങ്ങൾ ആധുനിക വൈദ്യശാസ്ത്രത്തിന് എതിരാണോ? ബദൽ വൈദ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?
ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ സിദ്ധാന്തങ്ങളെ, പഠനങ്ങളെ, ശാസ്ത്രീയമായ സമീപനങ്ങളെ പൂർണ്ണമായും പിന്താങ്ങുന്നു. എന്നാൽ മൂലധനവും അധികാരവുമായി ചേരുമ്പോൾ ആധുനിക സമൂഹത്തിലെ അതിൻ്റെ പ്രയോഗരീതികൾ ഭൂരിഭാഗവും തീർത്തും അശാസ്ത്രീയമാണെന്ന, കച്ചവട താത്പര്യം കൊണ്ടാണെന്ന ഉറച്ച ബോധ്യത്തിൽ അതിനോടുള്ള വിമർശനങ്ങൾ/വിയോജിപ്പുകൾ തുടരുന്നു.
ബദൽ വൈദ്യങ്ങളുടെ അശാസ്ത്രീയ “സിദ്ധാന്തങ്ങളെയും ” അവകാശവാദങ്ങളെയും സമൂഹത്തിലെ പ്രയോഗത്തെയും തീർത്തും തള്ളിക്കളയുന്നു. അവയിലുള്ള ജനങ്ങളുടെ ആകർഷണത്തിന് പ്രധാന കാരണം ആധുനിക ചികിത്സാ വ്യവസ്ഥ മേൽപറഞ്ഞ കാര്യങ്ങളിൽ മൗനം പാലിക്കുന്നതാണ് എന്നും കരുതുന്നു. ബദൽ -മോഹന-പ്രകൃതി – പച്ച – ഗോ വൈദ്യക്കാരെ ജാഗ്രതയോടെ മാറ്റി നിർത്തുക. ശാസ്ത്രീയമായ ജീവിത ശൈലിയും ഭക്ഷണ രീതികളും പഠിക്കാൻ ജനങ്ങൾ തയ്യാറാവുക. (അപൂർവം ചില ആദിവാസി & വ്രണ ചികിത്സാ വൈദ്യൻമാരുടെ പ്രായോഗിക ചികിത്സാ വിജയങ്ങൾ പഠന വിധേയമാക്കേണ്ടതുണ്ടെന്നും കരുതുന്നു.)

വാൽക്കഷ്ണം: ജീവിത ശൈലിയും ചുറ്റുപാടുകളും ആരോഗ്യത്തിന് ഹാനികരമാകുമ്പോൾ, ജനങ്ങൾ രോഗം ഉദ്പാദിപ്പിക്കുന്ന ജീവിതരീതി തുടരുമ്പോൾ, ആരോഗ്യത്തിന്റെ അസ്തിത്വപരമായ അടിത്തറകൾ നശിപ്പിക്കപ്പെടുമ്പോൾ , വൈദ്യശാസ്ത്രം ആരോഗ്യം നൽകാൻ കെൽപ്പുള്ളതായിരിക്കില്ല –
ഇവാൻ ഇല്ലിച്ച്