കോവിഡിനെ പ്രതിരോധിക്കാൻ ആരോഗ്യത്തിൻ്റെ 8 തൂണുകൾ

85

സനൂപ് നരേന്ദ്രൻ എഴുതിയത്

കോവിഡിനെ പ്രതിരോധിക്കാൻ ആരോഗ്യത്തിൻ്റെ 8 നിർണ്ണായക ഘടകങ്ങൾ ശ്രദ്ധിക്കുക( ആരോഗ്യത്തിൻ്റെ 8 തൂണുകൾ) കോവിഡ് മാത്രമല്ല മറ്റു അണുബാധാ രോഗങ്ങൾ, ജീവിതശൈലീ രോഗങ്ങൾ എല്ലാത്തിനെയും പ്രതിരോധിക്കാൻ ഇതാണ് വഴി.
ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താം. ആരോഗ്യമാണ് രോഗ പ്രതിരോധം.

1 ഏറ്റവും ശുദ്ധമായ വായു ശ്വസിക്കാൻ ശ്രദ്ധിക്കുക. അതിന് വീടും പരിസരവും ജോലി ചെയ്യുന്ന ഇടവും ഏറ്റവും ആരോഗ്യകരമായി പരിപാലിക്കുക. വായുവിലൂടെ ശരീരത്തിലേക്കെത്തുന്ന ദോഷകരമായ ഏത് വിഷവസ്തുവും ശ്വാസകോശത്തിനുള്ളിലെ ശ്ലേഷ്മ സ്തരത്തെയും അവിടത്തെ രോഗ പ്രതിരോധ സംവിധാനങ്ങളെയും കേടുവരുത്തും. ഫലത്തിൽ ഏത് രോഗാണുവിനും വളരെ എളുപ്പം നിങ്ങളെ കീഴ്പ്പെടുത്താൻ കഴിയും. മാത്രമല്ല, ശ്വസന വ്യവസ്ഥയുടെ കാര്യക്ഷമത കുറഞ്ഞാൽ, ശരീരത്തിലെ മറ്റ് 10 അവയവ വ്യവസ്ഥകളുടെയും (രോഗ പ്രതിരോധ വ്യവസ്ഥ ഉൾപ്പടെ) ആരോഗ്യം ശോഷിക്കും. വായു മലിനീകരണമുള്ള സ്ഥലങ്ങളിൽ ജീവിക്കുന്ന മനുഷ്യരിൽ ശ്വാസകോശ രോഗങ്ങളും, അണുബാധാ രോഗങ്ങളും വളരെ കൂടുതലാണെന്ന് നിരവധി പഠനങ്ങളുണ്ട്. കോവിഡ് ബാധിച്ച് സങ്കീർണ്ണമാകുന്നതിൽ വായു മലിനീകരണത്തിന് വളരെ നിർണ്ണായകമായ പങ്കുണ്ടെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.
വീട്ടിൽ കത്തിച്ച് വെക്കുന്ന ചന്ദനത്തിരി, കൊതുകുതിരി, സമ്പ്രാണി, കുന്തിരിക്കം തുടങ്ങിയ സാധനങ്ങളും പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ പുറത്ത് വരുന്ന വിഷവസ്തുക്കളും, ബോഡി സ്പ്രേ, ഡിയോഡ്രൻ്റ്സ്, എയർ ഫ്രഷ് നേഴ്സ്, പൗഡറുകൾ തുടങ്ങിയവയും നിങ്ങളിൽ മേൽപറഞ്ഞ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന സാധനങ്ങളാണ്. കരിയിലകളും ജൈവാവശിഷ്ടങ്ങളും കത്തിക്കുമ്പോഴുണ്ടാകുന്ന കാർബൺ മോണോക്സൈഡ്‌ ഉൾപ്പടെയുള്ള മലിനീകാരികളും ശ്വസന വ്യവസ്ഥയ്ക്കും ശരീരത്തിനും കേടുപാടുകൾ ഉണ്ടാക്കാം..

2 ശുദ്ധമായ വെള്ളം ആവശ്യത്തിന് അളവിൽ, ആവശ്യമായ സമയത്ത് തന്നെ കുടിക്കാൻ ശ്രദ്ധിക്കുക. ഒരു കാരണവശാലും ശരീരത്തിൽ
നിർജലീകരണത്തിൻ്റെ ഏറ്റവും സൂക്ഷ്മമായ അവസ്ഥപോലും വരരുത്. എത്രത്തോളം സമയം വെള്ളത്തിൻ്റെ കുറവ് ശരീരത്തിൽ നിലനിൽക്കുന്നുവോ, അത്രയും സമയം ശരീരത്തിലെ ജൈവരാസ പ്രവർത്തനങ്ങൾ മന്ദീഭവിച്ച അവസ്ഥയിലായിരിക്കും. അത് ഓരോ അവയവത്തിൻ്റെയും പ്രവർത്തനക്ഷമത കുറയ്ക്കും. ഇതൊക്കെ സഞ്ചീകരിച്ചാണ് (നിരന്തരം ശരീരത്തിൽ സംഭവിക്കുന്ന നിർജലീകരണം) പിന്നീട് മൊത്തം ശരീരത്തെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളായി മാറുന്നത്.
ആവശ്യത്തിൽ കൂടുതൽ വെള്ളം കുടിക്കരുത്. അതും ആരോഗ്യത്തിന് നല്ലതല്ല. ഹൈഡ്രോ തെറാപ്പി എന്നൊക്കെ പറഞ്ഞ് ആവശ്യത്തിൽ കൂടുതൽ വെള്ളം കുടിപ്പിക്കുന്ന രീതി കണ്ടു വരുന്നുണ്ട്. മാത്രമല്ല, രോഗപ്രതിരോധശേഷി കൂട്ടാൻ എന്നൊക്കെ പറഞ്ഞ് പലതരം സാധനങ്ങൾ വെള്ളത്തിലിട്ട് തിളപ്പിച്ച് കഷായമാക്കി കുടിക്കുന്ന പരിപാടി ആരോഗ്യത്തിന് അങ്ങേയറ്റം ദോഷമാണ് എന്ന് കൂടി അറിയുക.
ദാഹത്തിന് അനുസരിച്ച് ശുദ്ധമായ വെള്ളം തന്നെ കുടിക്കുക.

3 ശുദ്ധവും പോഷകസന്തുലിതവുമായ ആഹാരം വിശപ്പിന് അനുസരിച്ച് കഴിക്കുക. വിശപ്പില്ലെങ്കിൽ വിശക്കുന്നത് വരെ ആഹാരം കഴിക്കരുത്. ശരീരത്തിന് ആവശ്യമായ അളവിലുള്ള കലോറി കണക്കാക്കി , ആവശ്യമായ അളവിലുള്ള പ്രോട്ടീൻ ,ഫാറ്റ് എന്നിവ ഉറപ്പ് വരുത്തി, ജീവകങ്ങളും ധാതുലവണങ്ങളും ആൻ്റി ഓക്സിഡൻ്റുകളും നാരുകളും ഉൾപ്പെടുത്തിയുള്ള ഫുഡ് പ്ലേറ്റ് ഫോളോ ചെയ്യുക. പാത്രത്തിൻ്റെ 25% ഫ്രൂട്ട് സാലഡും, 35% പച്ചക്കറികളും ( Raw & Cooked), 25% ധാന്യാഹാരവും, 15% പ്രോട്ടീൻ ഫുഡുകളും ഉൾപ്പെടുത്തി ഒരു സന്തുലിത ആഹാരരീതി പരിശീലിക്കുക.(ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ, പഠിക്കാൻ തയ്യാറാകുക). സന്തുലിതമായ ഭക്ഷണ രീതി നിങ്ങളുടെ ആരോഗ്യത്തെ, രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തി നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഒരു നേരത്തെ ആഹാരം Raw Food (Fruits + veg+ Nuts) ആക്കുന്നത് വളരെ പ്രയോജനം ചെയ്യും. ദിവസത്തിൽ 3 നേരത്തിൽ കൂടുതൽ ആഹാരം കഴിക്കരുത്. എല്ലാ ജങ്ക് ഫുഡുകളും നിർബന്ധമായും ഒഴിവാക്കുക. ഒരു ഒറ്റമൂലിക്കും വൈദ്യത്തിനും നിങ്ങളുടെ ആരോഗ്യമോ രോഗ പ്രതിരോധശേഷിയോ വർദ്ധിപ്പിക്കാനാവില്ല. പൊണ്ണത്തടി / അമിത ശരീരഭാരം ഉള്ളവർ എത്രയും വേഗം ആരോഗ്യകരമായ ശരീരഭാരത്തിലേക്കെത്തിക്കുക. അമിത ശരീരഭാരം ഒരു റിസ്ക് ഫാക്ടർ ആണ്.

4 എല്ലാ ദിവസവും രാവിലെയും വൈകീട്ടും വെയിൽ കൊളളുക. രാവിലെ 10 നും ഉച്ചയ്ക്ക് 3 മണിക്കും ഇടയിലെ വെയിൽ ഒരു 10 മിനിറ്റും കൊള്ളുക. നമ്മുടെ ശരീരത്തിലെ ജൈവഘടികാര വ്യവസ്ഥ ശരിയായി പ്രവർത്തിക്കാനും ശരീരത്തിൽ ആവശ്യമായ വിറ്റാമിൻ ഡി സംശ്ലേഷണം ചെയ്യപ്പെടാനും വെയിൽ കൊള്ളുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ശരീരത്തിലെ കാത്സ്യം മെറ്റബോളിസം, രോഗപ്രതിരോധ വ്യവസ്ഥയുടെ കാര്യക്ഷമമായ പ്രവർത്തനം ഇതിലെല്ലാം വിറ്റാമിൻ ഡി വളരെ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. കോവിഡ് സങ്കീർണ്ണതകൾ സംഭവിക്കുന്നവരിൽ ബഹുഭൂരിപക്ഷത്തിനും ശരീരത്തിൽ വിറ്റാമിൻ ഡി അഭാവം ഉണ്ട് എന്ന പഠനം വളരെ ഗൗരവത്തോടെ കാണേണ്ടതാണ്. എത്രയോ വർഷങ്ങൾക്ക് മുമ്പ് തന്നെ ശ്വാസകോശ അണുബാധാ രോഗങ്ങളും വിറ്റാമിൻ ഡി അഭാവവും തമ്മിലുള്ള ബന്ധം പഠിക്കപ്പെട്ടിട്ടുണ്ട്.

5 എല്ലാ ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. ഏറ്റവും ചുരുങ്ങിയത് നടക്കുകയെങ്കിലും ചെയ്തു തുടങ്ങുക. ശരീരത്തിലെ ജൈവചയാപചയ പ്രവർത്തനങ്ങളുടെ കാര്യക്ഷമത നമ്മുടെ ശരീരത്തിൻ്റെ ഫിസിക്കൽ ആക്ടിവിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടി, അവയവ വ്യവസ്ഥകളുടെ പ്രവർത്തനക്ഷമത നശിച്ച് ജീവിതശൈലീ രോഗങ്ങൾ പിടിപെടുന്ന അത്യന്തം അപകടകരമായ ഒരു സ്ഥിതിവിശേഷത്തിലാണ് കേരള സമൂഹം. ജീവിത ശൈലീ രോഗങ്ങൾ ഉള്ളവരിലാണ് കോവിഡ് സങ്കീർണ്ണതകൾ ഉണ്ടാകുന്നത്. ജീവിത ശൈലീ രോഗങ്ങൾ ബാധിച്ചവർ, അവരുടെ ജീവിതരീതിയും ഭക്ഷണ രീതിയും ജീവിക്കുന്ന പരിസ്ഥിതിയും ആരോഗ്യകരമാക്കി, രോഗങ്ങളെ നിയന്ത്രിച്ച് നിർത്തുക. മരുന്നുകൾ കൊണ്ട് മാത്രം ഈ രോഗങ്ങളെ മാനേജ് ചെയ്യാൻ ശ്രമിക്കുന്നത് അനാരോഗ്യകരമാണ്.

6 പകൽ സമയത്ത് ആവശ്യത്തിന് ശാരീരിക- മാനസിക വിശ്രമം ഉറപ്പ് വരുത്തുക. ക്ഷീണത്തിന് അനുസരിച്ച് വിശ്രമിക്കുക. ക്ഷീണം വരുമ്പോൾ ഭക്ഷണം കഴിക്കുകയോ ചായ കുടിക്കുകയോ അല്ല വേണ്ടത്. വിശ്രമിക്കലാണ്. ഒരു അവയവത്തിൻ്റെയും ദുരുപയോഗം ചെയ്യരുത്. ശാരീരിക പ്രവൃത്തികൾക്കനുസരിച്ച് ശാരീരിക വിശ്രമം, മാനസിക പ്രവൃത്തികൾക്കനുസരിച്ച് മാനസിക വിശ്രമം, ശരീരത്തിലെ ആന്തരികാവയവങ്ങൾക്ക് ശരീര ധർമ്മശാസ്ത്രപരമായ വിശ്രമം എന്നിവ നൽകണം. വിശപ്പിന് അനുസരിച്ച് മാത്രം ആഹാരം കഴിക്കൽ, ദോഷകരമായ ഒന്നും ശരീരത്തിലേക്ക് കടത്തിവിടാതിരിക്കൽ, അമിത പോഷണം നടത്താതിരിക്കൽ ഇതെല്ലാം ആന്തരികാവയവങ്ങളുടെ ദുരുപയോഗം തടയും.

7 ആരോഗ്യകരമായ ഉറക്കം 7-8 മണിക്കൂർ ഉറപ്പ് വരുത്തുക.(രാത്രി 10 മുതൽ രാവിലെ 6 വരെയാണ് ഏറ്റവും നല്ല സമയം)
ഒരു കാരണവശാലും പതിവായി ഉറക്കമൊഴിയരുത്. ഉറക്കമൊഴിയൽ അവയവ വ്യവസ്ഥകളെ ക്ഷീണിപ്പിക്കും. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. രോഗ പ്രതിരോധശേഷി വികലമാകും.

8 മാനസിക സമ്മർദ്ദങ്ങളില്ലാതെ സന്തോഷകരമായി ജീവിക്കാൻ കഴിയുന്ന ഒരു Mindset, ജീവിത സാഹചര്യം, ജീവിത ദർശനം, ജീവിതരീതി ഉണ്ടാക്കിയെടുക്കുക. ഇത് സമൂഹത്തിൻ്റെ കൂടി ഉത്തരവാദിത്വമാണ്. അടിസ്ഥാന സാമൂഹ്യ-സാമ്പത്തിക സുരക്ഷ ഉണ്ടാകുക എന്നത് മാനസികാരോഗ്യത്തിൻ്റെ അടിത്തറയാണ്.വ്യക്തിപരമായി അനുകൂല സാഹചര്യം ലഭ്യമായവർക്ക് Stress Management എന്നത് നേടിയെടുക്കേണ്ട ഒരു SKill ആണ്. അതിന് നിരവധി ഘടകങ്ങളുണ്ട്. ശരിയായ സാമൂഹ്യ ജീവിത സാഹചര്യങ്ങൾ, ബന്ധങ്ങൾ, മനസ്സിനെ സമ്പുഷ്ടമാക്കുന്ന ജീവിതാനുഭവങ്ങൾ എന്നിവയെല്ലാം ഇതിന് വേണം. ജീവിതത്തെ, ജീവിത പ്രശ്നങ്ങളെ അറിഞ്ഞ് ഭയം ,ആശങ്കകൾ മാറ്റാൻ ശ്രമിക്കുക. നീണ്ടു നിൽക്കുന്ന പരിഹരിക്കാൻ കഴിയാത്ത മാനസിക ബുദ്ധിമുട്ടുകളാണ് ശ്രദ്ധിക്കേണ്ടത്..(എളുപ്പമല്ല, പലർക്കും മറ്റുള്ളവരുടെ സഹായം വേണ്ടിവരും. എന്നാലും ശ്രമിച്ചാൽ വലിയ മാറ്റമുണ്ടാകും )അവരവർക്ക് സന്തോഷം കണ്ടെത്താൻ കഴിയുന്ന മേഖലകളിൽ വളരെ ക്രിയാത്മകമായി സമയം ചെലവഴിക്കാൻ കഴിയുന്നത് വളരെ നല്ലതാണ്. യഥാർത്ഥ്യബോധത്തോടെ കോവിഡിനെ കുറിച്ച് അറിഞ്ഞാൽ, ഭയമില്ലാതെ അതിനെ നേരിടാം..

രോഗലക്ഷണങ്ങൾ ഉള്ളവർ ധാരാളം ജലാംശമുളള fruits മാത്രം വിശപ്പിന് അനുസരിച്ച് കഴിച്ച്, നന്നായി വിശ്രമിക്കുക. ഒരു ഒറ്റമൂലിയും രോഗം മാറ്റില്ല. ആരോഗ്യമോ രോഗ പ്രതിരോധമോ തരില്ല.ഏറ്റവും അത്യാവശ്യമെങ്കിൽ മാത്രം മെഡിക്കൽ സഹായം തേടുക. അനാവശ്യമായി ഒരു മരുന്നും കഴിക്കരുത്.ജീവിത ശൈലീ രോഗങ്ങളുടെ സങ്കീർണ്ണതകൾ അനുഭവിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കുക. സാമൂഹിക ഉത്തരവാദിത്വം എന്ന നിലയിൽ മേൽ പറഞ്ഞ 8 കാര്യങ്ങൾക്കൊപ്പം, എല്ലാവർക്കും വേണ്ടി ഓരോരുത്തരും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുക. (പ്രായമായവരെ, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ പരിഗണിക്കേണ്ടതുണ്ട് എന്നതിനാൽ രോഗപ്പകർച്ച തടയാൻ നിലവിൽ കഴിയുന്നതെല്ലാം ചെയ്യുക.)

NB 1: മിനിമം ശാരീരിക ചലനങ്ങളില്ലാത്ത, വെയിൽ ഏൽക്കാത്ത, കൃത്യമായി ക്രമമായി ഉറങ്ങാത്ത, ജങ്ക് ഫുഡുകൾ അമിതമായി കഴിക്കുന്ന, മിനിമം പോഷക സന്തുലിത ആഹാരക്രമം പാലിക്കാത്ത, ഉയർന്ന വായു- ജല – മണ്ണ് മലിനീകരണത്തിന് വിധേയമാകുന്ന, ജീവിതത്തിൽ അനാവശ്യ കാര്യങ്ങൾക്ക് പിറകേ ഓടി ,താങ്ങാൻ കഴിയാത്ത മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാക്കി അനുഭവിക്കുന്ന ആളുകളെ ഒരു സംവിധാനത്തിനും രക്ഷിക്കാൻ കഴിയില്ല എന്ന് സദാ സമയം ഓർക്കുക.ജീവിതത്തെ സമഗ്രമായി പുതുക്കിപ്പണിയുക.

[NB 2: ആളുകളെ ആരോഗ്യത്തോടെ ജീവിക്കാൻ പഠിപ്പിക്കുക എന്ന പദ്ധതിയുടെ ഭാഗമായി പരിശീലിപ്പിക്കുന്ന 8 ആരോഗ്യ തത്വങ്ങളാണ് മേലെ ഏറ്റവും ചുരുക്കി പറഞ്ഞത്. ഇതിൽ ഓരോന്നും വളരെ കൂടുതൽ പഠിക്കാനും അറിയാനും പരിശീലിക്കാനും ഉള്ളവയാണ്. കൂടുതൽ അറിയാനോ വിമർശിക്കാനോ താത്പര്യമുള്ളവർക്ക് വ്യക്തിപരമായി ബന്ധപ്പെടാം ]

  • സനൂപ് നരേന്ദ്രൻ
    6238589033