വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റിനെ പുച്ഛിക്കുന്ന ബുദ്ധിജീവികളോടും സർക്കാർ ശമ്പള- പെൻഷൻ വാങ്ങുന്നവരോടും
സമൂഹത്തിൻ്റെ നിലനിൽപിനും മുന്നോട്ട് പോക്കിനും വേണ്ടി ഏതെങ്കിലും തരത്തിൽ സേവനം ചെയ്യുന്നവരാണ് എല്ലാവരും.(ഏതെങ്കിലും Exceptions എടുത്തുകാട്ടി അല്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കരുത്, നാണക്കേടാണ്) അധ്വാനിക്കുന്ന എല്ലാവർക്കും ഒരു നിശ്ചിത പ്രായം (അധ്വാനിക്കാൻ കഴിയുന്ന കാലഘട്ടം) കഴിഞ്ഞാൽ മാന്യമായി ജീവിക്കാനാവശ്യമായ നിശ്ചിത പെൻഷൻ ലഭ്യമാക്കണമെന്നത് ഏറ്റവും അനിവാര്യമായ, നീതിപൂർവകമായ ആശയമാണ്, രാഷ്ട്രീയ മുദ്രാവാക്യമാണ്. ഇതു വരെ ഒരു രാഷ്ട്രീയ-സാമൂഹ്യ പ്രസ്ഥാനങ്ങളും മുന്നോട്ട് വെക്കാത്ത, ഏറ്റെടുക്കാത്ത ഒന്നാണിത്. ഈ സാഹചര്യത്തിലാണ് വൺ ഇന്ത്യ വൺ പെൻഷൻ എന്ന പേരിൽ ഒരു പ്രസ്ഥാനം ഉണ്ടാവുന്നതും അത് നല്ലൊരു ശതമാനം ജനങ്ങൾ ഏറ്റെടുക്കാൻ തുടങ്ങുന്നതും. അതിൻ്റെ വളർച്ച കണ്ട് അമ്പരന്ന ചിലർ അതിനെതിരെ നിരന്തരം അധിക്ഷേപം ചൊരിഞ്ഞു കൊണ്ടിരിക്കുന്നത് കണ്ടു വരുന്നു. അതിൽ വലിയൊരു ശതമാനവും സർക്കാർ ഉദ്യോഗസ്ഥരും പെൻഷൻകാരും നല്ല സാമ്പത്തിക സുരക്ഷ അനുഭവിക്കുന്നവരുമാണ് എന്ന് കാണാം. അതിൽ തന്നെ പലരും സ്വന്തം fb വാളിൽ സാമൂഹ്യനീതിക്കും, സമത്വത്തിനും ദാരിദ്ര്യ നിർമ്മാർജനത്തിനും വേണ്ടി വിരലുന്തുന്നവരുമാണ്.
ഒരു പ്രധാന കാര്യം ചൂണ്ടിക്കാട്ടാൻ ആഗ്രഹിക്കുന്നു. വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻ്റ് മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളിൽ പല ന്യൂനതകളും ഉണ്ടാകാം. അതിൻ്റെ നേതൃത്വത്തിലുള്ളവർ തികഞ്ഞ അരാഷ്ട്രീയ ബോധമുള്ളവരായിരിക്കാം. ചില ജാതി-മത സംഘടനക്കാരും AAP പോലുള്ള കക്ഷിരാഷ്ട്രീയക്കാരും അതിലുണ്ടാവാം. എന്നു കരുതി ഇവിടെ ആദ്യം പറഞ്ഞ കാര്യം മൊത്തം റദ്ദാക്കേണ്ട ഒന്നാണോ, അതോ സാമൂഹ്യ- രാഷ്ട്രീയ നീതി ബോധമുള്ളവർ, അതിൻ്റെ ന്യൂനതകൾ തീർത്ത് ഏറ്റെടുക്കേണ്ട ഒന്നാണോ..? ഇനി വിയോജിപ്പുകൾ കൊണ്ട് ആ മൂവ്മെൻ്റിൽ അംഗമാകുന്നില്ലെങ്കിൽ കൂടി, അതുപോലെ, എന്നാൽ ആശയങ്ങളിൽ ന്യൂനതകളില്ലാത്ത മറ്റൊരു മൂവ്മെൻറ് ഉണ്ടാക്കാൻ, അതിൽ അണിചേരാൻ തയ്യാറാവുമോ?
ഇനി ഈ ആശയത്തോട് തന്നെ യോജിക്കുന്നില്ലെങ്കിൽ, എല്ലാ മനുഷ്യർക്കും അന്തസ്സോടെ ജീവിക്കാൻ ആവശ്യമായ ഒരു സാഹചര്യം ഉണ്ടാവാൻ മറ്റൊരു ആശയം/രാഷ്ട്രീയ മുദ്രാവാക്യം മുന്നോട്ട് വെക്കാൻ തയ്യാറുണ്ടോ?ഇതിനൊന്നും പറ്റില്ലെങ്കിൽ മിണ്ടാതിരിക്കുക. പാര പണിയാതിരിക്കുക. നിങ്ങളുടെ ഉള്ളിൻ്റെ ഉള്ളിൽ ഒരു കപട സമത്വ- നീതി വാദിയാണുള്ളതെന്ന് സ്വയം തിരിച്ചറിഞ്ഞാൽ നല്ലത്.
NB 1: വ്യക്തിപരമായി ഞാൻ OlOP യുടെ ആശയങ്ങളോട് രാഷ്ട്രീയത്തോട് പൂർണ്ണയോജിപ്പുള്ള ആളല്ല. അതിൽ സജീവമായി പ്രവർത്തിക്കുന്ന ആളുമല്ല. പെൻഷൻ ആവശ്യം അത് ഉന്നയിക്കുന്നതു പോലെ ഈ സമൂഹത്തിൽ നടപ്പിലാവുമെന്ന് കരുതുന്നുമില്ല. പക്ഷേ, അധ്വാനിക്കുന്ന എല്ലവർക്കും സാമൂഹ്യ- സാമ്പത്തിക സുരക്ഷ ലഭ്യമാക്കണമെന്ന അനിവാര്യതയോട് ഐക്യപ്പെടുന്നു. അത് പൊതുജനം തിരിച്ചറിഞ്ഞ്, പൊതുപണത്തിൻ്റെ വിതരണം കൂടുതൽ നീതിയുക്തമാക്കാൻ ഒരു രാഷ്ട്രീയ സമ്മർദ്ദം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. ആ രീതിയിൽ ചില വിയോജിപ്പുകളോടെ തന്നെ ആ മൂവ്മെൻറിനെ പിന്തുണയ്ക്കുന്നു.
NB 2: സർക്കാർ ഉദ്യോഗസ്ഥർ മറ്റുള്ളവരേക്കാൾ എന്തോ വലിയ ബുദ്ധിയും കഴിവും ഉള്ളവരാണെന്ന വാദം പരിഹാസ്യമാണ്. ഒരു PSC പരീക്ഷ എഴുതി ലിസ്റ്റിൽ കയറിയിട്ട്, പെൻഷൻ വാദം ഉന്നയിക്കൂ എന്ന വെല്ലുവിളി പലയിടത്തും കണ്ടു. നല്ല തമാശയാണ്.( ഇതെഴുതുന്ന ആൾ തന്നെ ഒരുപാട് മത്സരപരീക്ഷകൾ വിജയിച്ച ഒരാളാണ്. സംശയമുള്ളവർക്ക് ഔദ്യോഗിക രേഖ കാണിച്ചു തരാം. സാമ്പത്തിക സുരക്ഷ നൽകുന്ന ജോലിയിൽ ഉണ്ടായിരുന്ന ഒരാളുമാണ്.ഇപ്പോൾ വേണേലും ഏതു വെല്ലുവിളിയും ഏറ്റെടുക്കാൻ തയ്യാറുമാണ്. ഒരു സിലബസ് പ്രകാരമുള്ള പുസ്തകങ്ങൾ വായിച്ച് പരീക്ഷയെഴുതി മുന്നിലെത്താൻ ഒരു പ്രയാസവുമില്ല. വേണേൽ ഒരു Challenge വെക്കാം. ആരെങ്കിലും തയ്യാറെങ്കിൽ പറഞ്ഞോളൂ.ഇതിലൊന്നും വലിയ കാര്യമില്ല എന്ന് നന്നായി അറിയാം)
NB 3: ഓരോരുത്തരുടെ സാമൂഹ്യ-ജീവിത സാഹചര്യങ്ങൾ കൊണ്ടാണ് പഠനവും മത്സരപരീക്ഷയെഴുത്തും ഒന്നും ഒരു നിശ്ചിത പ്രായത്തിൽ ചെയ്യാൻ കഴിയാത്തതും വൈറ്റ്കോളർ ജോലി നേടാൻ കഴിയാത്തതും. എത്രയോ ബുദ്ധിയും കഴിവും ആവശ്യമുള്ള തൊഴിലുകൾ തന്നെയാണ് ഓരോരുത്തരും ചെയ്യുന്നത്. ഒരു ചെറിയ ട്രെയിനിങ്ങും സാമൂഹ്യ സാഹചര്യവും ലഭ്യമായാൽ ആർക്കും പഠിച്ച് പരീക്ഷയെഴുതി പാസാകാൻ കഴിയും, അതീവ വൈദഗ്ദ്ധ്യമുള്ള ചില മേഖലകൾ ഒഴിച്ച് ഏത് തൊഴിലും ചെയ്യാനും കഴിയും.ഇനി സർക്കാർ ജോലികൾ ചെയ്യാൻ ആളുകൾ ഉള്ളത് കൊണ്ട് മാത്രമൊന്നുമല്ല, സമൂഹത്തിൻ്റെ നിലനിൽപ്. തൊഴിലാളികൾ അവരുടെ തൊഴിലുകളിലൂടെ നൽകുന്ന സേവനത്തിലൂടെയാണ് സമൂഹത്തിൽ ഭക്ഷ്യ സുരക്ഷ ഉൾപ്പടെയുള്ള ഏറ്റവും അടിസ്ഥാന കാര്യങ്ങൾ നടന്നു പോകുന്നത്.യാഥാർത്ഥ്യബോധത്തോടെ, എല്ലാ മനുഷ്യർക്കും സാമൂഹ്യ സുരക്ഷ ലഭിക്കുന്ന ഒരു സമൂഹത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു.
സനൂപ് നരേന്ദ്രൻ
9496856762