ഇറ്റലിയിലും സ്പെയിനിലും മരണം കൂടാൻ കാരണം 80 വയസ്സ് കഴിഞ്ഞ അനാരോഗ്യമുള്ളവരുടെ എണ്ണം കൂടുതലാണ്, ഇന്ത്യയിൽ ആരാണ് സൂക്ഷിക്കേണ്ടത് ?

58
Sanoop Narendran
ഇറ്റലിയിലും സ്പെയിനിലും മരണം കൂടാൻ കാരണം അവിടെ 80 വയസ്സ് കഴിഞ്ഞ, വാർദ്ധക്യസഹജമായ ആരോഗ്യ നാശം സംഭവിച്ച ധാരാളം ആളുകൾ ഉണ്ട് എന്നതിനാലും അവർക്ക് വളരെ എളുപ്പത്തിൽ ഇത് ബാധിച്ച്, സങ്കീർണ്ണമാകുന്നു എന്നതിനാലും ആണ്.
ഇന്ത്യൻ സാഹചര്യത്തിൽ, ചെറിയ കുട്ടികളും, പ്രായമായവരും, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, പൊണ്ണത്തടി ,മറ്റ് സ്ഥായീ രോഗങ്ങൾ &ക്ഷയാത്മക രോഗങ്ങൾ എന്നിവയുള്ളവരും പുകവലി, മദ്യപാനം, ജങ്ക് ഫുഡ്, തെറ്റായ ജീവിത രീതികൾ എന്നിവകൊണ്ട് ആരോഗ്യം നശിപ്പിച്ചവരും ഒക്കെ കൂടുതൽ കരുതലോടെ ഇരിക്കുക. പോഷണ വൈകല്യം ഉള്ളവരിലും പ്രശ്നം ഉണ്ടാകും.(പൊണ്ണത്തടിയും പോഷണ വൈകല്യമാണെന്ന് ഓർക്കുക)
ആവശ്യത്തിന് പ്രോട്ടീൻ, ജീവകങ്ങൾ, ധാതുലവണങ്ങൾ എന്നിവ നിത്യജീവിതത്തിൽ ലഭ്യമല്ലാത്ത ദരിദ്ര ജനവിഭാഗങ്ങൾ സാംക്രമിക രോഗങ്ങൾക്ക് കൂടുതൽ വിധേയമാകും. പൊണ്ണത്തടിയുള്ളവരും ഇത്ര തന്നെ പ്രശ്നത്തിലാകും. പോഷണം (Nutrition) സന്തുലിതമാക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്.
എല്ലാവർക്കും ആരോഗ്യത്തോടെ ജീവിക്കാനുള്ള പാരിസ്ഥിതിക – സാമൂഹ്യ ജീവിത സാഹചര്യങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നത് ഭാവിയിലേക്ക് ചെയ്യേണ്ട പ്രധാന കാര്യമാണ്. ആരോഗ്യത്തിൻ്റെ സാമൂഹിക- പാരിസ്ഥിതിക തലങ്ങൾ ശ്രദ്ധിക്കുന്നതോടൊപ്പം, വ്യക്തിപരമായി ആരോഗ്യ ശീലങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നതും പ്രധാനമാണ്. പരിസ്ഥിതിയുടെ ആരോഗ്യവും സമൂഹത്തിൻ്റെ ആരോഗ്യവും എൻ്റെ ആരോഗ്യത്തെ ബാധിക്കും എന്ന് മനസ്സിലാക്കി വേണ്ടത് ചെയ്യാൻ തയ്യാറാകുക. സ്വന്തം ആരോഗ്യത്തോടൊപ്പം ചുറ്റുമുള്ള മനുഷ്യരുടെ ആരോഗ്യവും, ചുറ്റുപാടിൻ്റെ ആരോഗ്യവും സംരക്ഷിക്കാൻ ഓരോരുത്തർക്കും ബാധ്യതയുണ്ട് എന്നതാണ് കൊറോണ നൽകുന്ന പാഠം.