Santa Vj
‘ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടാർത്ത നാദം പോലെ പായുന്നു ജീവിതം.”
ഇനിയെന്താണ് നമ്മൾ ചെയ്യേണ്ടത്. ???
നാനാഭാഗങ്ങളിൽ നിന്നും മനുഷ്യർ പറഞ്ഞത് സ്ത്രീധനം നിരോധിക്കണമെന്നാണ്. പക്ഷേ, യഥാർത്ഥ വില്ലൻ സ്ത്രീധനം മാത്രമാണോ എന്നതു എൻ്റെ മനസ്സിലെ ചോദ്യമാണ്.ഒരു ക്രിസ്റ്റ്യൻ കുടുബാംഗമായ എനിക്ക് ചിലതു പറയാനുണ്ട്.
പെൺകുട്ടികൾക്ക് സാമാന്യം നല്ല വിദ്യാഭ്യാസം കൊടുക്കുന്ന ഒരു കമ്മ്യൂണിറ്റിയാണ് ക്രിസ്ത്യാനികൾ. വിവാഹ സമയത്ത് സ്വർണ്ണവും പണവും കൊടുക്കാറുണ്ട്.കട്ടിലും അലമാരയും ഓട്പാത്രങ്ങളും കൊടുക്കാറുണ്ട്. പ്രസവ ചിലവുകളും കുഞ്ഞിന് സ്വർണ്ണവും കൊടുക്കാറുണ്ട്.
എന്തെല്ലാം കൊടുത്താലും കുടുംബസ്വത്തിൽ തുല്ല്യ ഭാഗം കൊടുക്കുന്നില്ല. കാരണം അത് സ്ത്രീധന സംഖ്യക്കു സമമായിരിക്കില്ല. അതിനേക്കാൾ നാലിരട്ടി കൂടുതലായിരിക്കും. മാത്രമല്ല എത്ര വലിയ ബംഗ്ലാവായാലും പെൺമക്കളെ ജൻമഗൃഹത്തിൽ വന്ന് നിൽക്കാൻ അവിടെയുള്ളവർ സമ്മതിക്കില്ല.. അവിടെ ജനിച്ചു വളർന്ന അവളുടെ വിവാഹത്തോടെ അവൾക്കവിടെ അവകാശമില്ലാതാവുന്നു.
വിചിത്രമായി തോന്നുന്നില്ലേ?
മേരി റോയി കേസുകൊണ്ട് ക്രിസ്റ്റ്യൻ സ്ത്രീകൾക്ക് കാര്യമായ ഗുണം കിട്ടിയതായി എനിക്കു തോന്നിയിട്ടില്ല. കാരണം സ്വത്ത് എഴുതിവയ്ക്കാതെ പിതാവ് മരണപ്പെടുന്ന സാഹചര്യത്തിൽ മാത്രമാണ് സഹോദരങ്ങൾക്ക് തുല്യാവകാശം ലഭിക്കുന്നത്. സാധാരണ അപ്പൻമാർ പെൺമക്കളെ പേടിച്ച് മരിക്കും മുന്നേ സ്വത്തൊക്കെ ആൺമക്കൾക്ക് എഴുതി കൊടുക്കുന്ന പതിവാണുള്ളത്.
എൻ്റെ അമ്മയുടെ ജൻമഗൃഹത്തിൽ ഇരുപതേക്കറോളം സ്ഥലമുണ്ടായിരുന്നു. ആറ് പെണ്ണും ഒരാണുമായിരുന്നു. വളരെ തുച്ഛമായതു കൊടുത്താണ് എല്ലാവരുടേയും വിവാഹം നടത്തിയത്.കുടുംബസ്വത്തിൽ നിന്ന് ഒരു സെൻ്റ് സ്ഥലമോ, ചില്ലിക്കാശോ എൻ്റെ അമ്മയ്ക്കോ സഹോദരിമാർക്കോ ലഭിച്ചിട്ടില്ല. വ്യവഹാരങ്ങൾ നടത്തിയാലും ഫലമില്ലായിരുന്നു. കാരണം അമ്മമ്മ ജീവിച്ചിരിക്കുമ്പോൾ തന്നെ മുഴുവൻ സ്വത്തും മകന് എഴുതി കൊടുത്തിരുന്നു. ഇവിടെയാണ് മേരി റോയി കേസിൻ്റെ പോരായ്മ കിടക്കുന്നത്.
ആൺ മക്കളില്ലാത്ത വീടുകളിലെ പെൺകുട്ടികളുടെ ജീവിതം താരതമ്യേന മെച്ചപ്പെട്ടതാകുവാൻ ഒരു കാരണമിതാണ്. അവിടെ തുല്യത നിലനിൽക്കും.മതവും, രാഷ്ട്രീയവും, കുടുംബമെന്ന സ്ഥാപനവും അടിമുടി സ്ത്രീവിരുദ്ധമായിരിക്കുന്നതിൻ്റെ ഉപ ഉൽപ്പന്നങ്ങളാണ് നാമിന്ന് കാണുന്ന കൂട്ട ആത്മഹത്യകളും കൊലപാതകങ്ങളും.പിതൃസ്വത്ത് ഘടനയിലാണ് കുടുംബം നിലനിൽക്കുന്നത്. ഭൂസ്വത്ത് എപ്പോഴും പുരുഷൻ്റെ കൈകളിൽ മാത്രം വന്നു ചേരുന്ന സമ്പ്രദായമാണുള്ളത്. ഇത് സ്ത്രീയെ രണ്ടാം തരക്കാരിയാക്കുന്നു. അരക്ഷിതയാക്കുന്നു.
വിവാഹത്തോടെ രക്ഷിതാക്കൾ പെൺകുട്ടികളെ തങ്ങളുടെ എല്ലാ ഭാവി ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിവാക്കുന്നു. അതിനാൽ തന്നെ തിരിച്ചു വരുന്ന മകളെ അവിടെ നിന്ന് പോയ മകളായി കണക്കാക്കുന്നില്ല.
വയസ്സുകാലത്ത് തങ്ങൾക്ക് സുഖമായി ജീവിക്കണമെന്ന സ്വാർത്ഥ താൽപര്യമാണ് സ്വത്തു മുഴുവനും ആൺമക്കൾക്ക് കൊടുക്കാൻ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നത്. പെൺമക്കളെ വീട്ടിൽ താമസിപ്പിക്കാനനുവദിക്കാത്തതിൻ്റെ പിന്നിലുള്ള കാരണം ആൺമക്കളെ സന്തോഷിപ്പിക്കുക എന്നതു മാത്രമാണ്.
ഭർതൃഗൃഹത്തിലെത്തിയ സ്ത്രീ സ്വഭവനത്തിലെ സ്ഥാവരജംഗമ സ്വത്തുക്കളിൽ നിന്നും എന്നന്നേക്കുമായി നിഷ്കാസിതയാവുന്നു. പോക്കടമില്ലാത്തവളാകുന്നു. സ്വന്തമായി സ്വത്തില്ലാത്തവളാകുന്നു. മകളുടെ നടത്തിപ്പിനായിട്ടാണ് രക്ഷിതാക്കൾ സ്ത്രീധനമെന്ന പേരിൽ പണം വരന് കൊടുക്കുന്നത്. അത് അവന് ഇഷ്ടം പോലെ ഉപയോഗിക്കാം. വിൽക്കാം. അവൻ്റെ സഹോദരിമാരെ കെട്ടിച്ചയക്കാം. അതൊക്കെ പെട്ടന്ന് തീർന്നു പോകും.
അങ്ങനെ പെൺകുട്ടികൾ നടുക്കടലിലായിപ്പോകുന്നതാണ് അവരെ അനാഥത്വചിന്തയിലേക്കും വിഷാദ രോഗാവസ്ഥയിലേക്കും ഒടുവിൽ ആത്മഹത്യയിലേക്കും തള്ളിയിടുന്നത്.പോരാത്തതിന് അമ്മയുടെയും, അപ്പൻ്റെയും, ആങ്ങളമാരുടേയും ദുരഭിമാനം രക്ഷിച്ച് അവരെ സുഖമായി നിലർത്തേണ്ടതിനാവശ്യമായ ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് പെൺകുട്ടികൾ വേറെ നേരിടേണ്ടി വരും.അതു ബോണസാണ്. ഉമ്മവച്ചു കൊണ്ടാണ് കഴുത്തറുക്കുക.
നാൽപ്പത് ഏക്കർ സ്ഥലമുള്ള എൻ്റെ വകയിലൊരു ബന്ധു സ്ത്രീ ഭർത്താവിൻ്റെ നിർബ്ബന്ധത്തിന് വഴങ്ങി സ്ഥലം വിൽക്കുകയും പണം ഭർത്താവിൻ്റെ അക്കൗണ്ടിൽ നികേഷപിക്കുകയും അയാൾ പിന്നീടവരെ നിരന്തരം ഉപദ്രവിക്കുകയും വീട്ടിൽ നിന്ന് ഇറക്കിവിടുകയും ചെയ്ത സംഭവമുണ്ട്.പെൺകുട്ടികളെ നിങ്ങൾ ചെയ്യേണ്ടതാണിനിപ്പറയുന്നത്.
സ്നേഹമെന്നത് മണ്ണാങ്കട്ടയാണ്. തനിക്കൊരിടമില്ലെന്ന സത്യസന്ധമായ തിരിച്ചറിവാണ് വിസ്മയ ജീവനൊടുക്കാൻ യഥാർത്ഥ കാരണമായത്.വീട്ടിൽ നിന്നും കഴിയാവുന്നത്ര വിദ്യാഭ്യാസം നേടണം. ജോലി നേടണം. വീട്ടിലെ സ്വത്തിൽ തുല്യമായ ഓഹരി നേടണം.അത് സ്വന്തം പേരിൽ തന്നെ സൂക്ഷിക്കണം. സ്ത്രീധനമായി പണവും സ്വർണ്ണവും വാങ്ങരുത്. ഭർതൃഗൃഹത്തിലായാലും, ജൻമഗൃഹത്തിലായാലും, സ്വയം നിർമ്മിക്കുകയോ വാങ്ങിക്കുകയോ ചെയ്ത വീട്ടിലായാലും സ്വയം പര്യാപ്തരായിരിക്കണം.
ജീവിക്കാൻ ഏതറ്റം വരെയും പോകണം. ആര് ഒഴിവാക്കിയാലും ജോലി ചെയ്ത് തല ഉയർത്തിപ്പിടിച്ച് ജീവിക്കണം.ഈ ഭൂമിയിലാരും സംരക്ഷിക്കാനില്ലങ്കിലും തനിക്കു താനും പുരയ്ക്കു തൂണുമെന്ന നിലയിൽ ജീവിതത്തെ നേരിടണം.. ഇതിനെല്ലാം വേണ്ടത് ആത്മവിശ്വാസമാണ്, വിദ്യാഭ്യാസവും തൊഴിലുമാണ്. സ്വന്തം അക്കൗണ്ടിൽ പണവും കിടക്കാനൊരിടവുമാണ്. സ്വയംപര്യാപ്തരാകൂ.
ആരും വരില്ല നിങ്ങളെ രക്ഷിക്കാൻ. തുല്യതയിൽ കുറഞ്ഞ ഒന്നിനും കീഴ്പ്പെടാതിരിക്കുക. സ്വാഭിമാനം സംരക്ഷിക്കുക. ഒരു കാരണത്താലും ആത്മഹത്യ ചെയ്യില്ലന്നുറയ്ക്കുക. നമ്മുടെ ശരീരത്തെ മുറിപ്പെടുത്താൻ ആരുശ്രമിച്ചാലും എതിർക്കുക. നിയമസഹായം തേടുക. നിങ്ങളുടെ സഹനത്തിലൂടെ ആരുടേയും ദുരഭിമാനം സംരക്ഷിക്കില്ലന്ന് പ്രതിജ്ഞയെടുക്കുക.കാലം നിങ്ങളുടെ കൂടെയാണ്. ജീവൻ അമൂല്യമാണ്. നിങ്ങൾ കോടാനുകോടിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ്.
ഇത്രയും കാര്യങ്ങൾ പെൺകുട്ടികൾ ആർജ്ജിച്ചെടുക്കേണ്ടവയാണ്. സ്വത്തിൽ തുല്യാവകാശമല്ലാതെ സ്വർണ്ണമോ പൈസ യോ കാറോ മറ്റൊന്നും തന്നെ വാങ്ങി വഞ്ചിതരാകാതിരിക്കുക. സ്വത്ത് സ്വന്തം പേരിൽ തന്നെ മരണം വരെ സൂക്ഷിക്കുക. അതിനോളം വില മറ്റൊന്നിനുമില്ല.വിവാഹവും വിവാഹാനന്തരവും എന്തും സംഭവിക്കട്ടെ!നിയമം നിയമത്തിൻ്റെ വഴിക്കു പോകട്ടെ! പഠിച്ച് ജോലി നേടി പുരുഷനോടൊപ്പം സ്വതന്ത്രരായി ജീവിക്കുക.