ഹഗ്ഗിയ സോഫിയ വിഷയത്തിൽ കേരളത്തിലെ മുസ്ലീം നേതാക്കളുടെ നിലപാട്, ദേശീയ പ്രശ്നങ്ങളിൽ അവർക്കു ലഭിക്കാനിടയുള്ള ധാർമ്മിക പിന്തുണ നഷ്ടപ്പെടുത്താൻ കാരണമാകും

41

Santa Vj

ഹഗിയാ സോഫിയയും (സാന്റ സോഫിയ) ബാബരി മസ്ജിദും

നൂറ്റാണ്ടുകളുടെ ബോധ ധാരയിൽ വിള്ളലുകൾ തീർക്കുന്നു.വിചിത്രമായ മന:ശാസ്ത്രധാരകളായി പ്രതിപ്രവർത്തിക്കുന്നു. ഹഗിയാ സോഫിയ എന്ന ക്രിസ്റ്റ്യൻ ദേവാലയത്തെസാന്റ സോഫിയ, അയ സോഫിയ, സെന്റ് സോഫിയ എന്നീ പേരുകളിൽ ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് മറച്ചു പിടിക്കാനാവുന്നതല്ല.ആരാധനാലയങ്ങൾ പിടിച്ചെടുത്തു സ്വന്തം മതവിഭാഗങ്ങളുടേതാക്കി തീർക്കുന്നതിൽ ഒരു മതവും പിന്നിലായിരുന്നില്ല. പക്ഷേ അതൊക്കെ രാജ ഭരണക്കാലത്ത് നിലനിന്നിരുന്നതായിരുന്നു.ജനാധിപത്യം നിലവിൽ വന്നപ്പോൾ ഇത്തരം നടപടികൾ സദാ ചോദ്യം ചെയ്യപ്പെട്ടു.തുർക്കിയിലെ ഇസ്താംബുളിൽ സ്ഥിതിചെയ്യുന്ന പ്രാചീന ക്രിസ്റ്റ്യൻ ആരാധനാലയമായിരുന്ന ഹഗിയ സോഫിയയോട് കാലം നീതി പുലർത്തിയില്ല.എ.ഡി. 532 നും 537നുമിടയ്ക്ക് ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ഇന്നു നിലനിൽക്കുന്ന രീതിയിലുള്ള ക്രൈസ്തവ ദേവാലയം നിർമ്മിച്ചത്.ബൈസാന്തിയൻ വാസ്തു ശിൽപ ശൈലിയിലാണ് നിർമ്മാണം. ശാസ്ത്രജ്ഞനായിരുന്ന ഇസിഡോർ മിലെറ്റസും, ഗണിതജ്ഞനായിരുന്ന അന്തിമിയസുമാണ്‌ ശില്പികളായി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രീസിൽ നിന്നും ഈജിപ്റ്റിൽ നിന്നും സിറിയയിൽ നിന്നും ഇറക്കുമതി ചെയ്ത വിവിധ വർണങ്ങളിലുള്ള മാർബിൾ പാളികളുപയോഗിച്ചായിരുന്നു നിർമ്മാണം. ആയിരം വർഷത്തോളം ഇത് ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയായിരുന്നു. ബൈസാന്റിയൻ ഭരണാധികാരികളുടെ കിരീടധാരണം ഈ പള്ളിയിൽ വച്ചായിരുന്നു നടന്നിരുന്നത്. 1931-ൽ പുറത്തിറങ്ങിയ ലോകാത്ഭുതങ്ങളുടെ പട്ടികയിലും ഈ കെട്ടിടം ഇടം പിടിച്ചിരുന്നു. ഇന്ന് ലോകത്തെങ്ങും ഇതൊരു മോസ്‌ക്‌ ആക്കിയ തിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്.

1453-ൽ മുഹമ്മദ് ദ് കോൺക്വറർ (Muhammed the Conqueror) എന്നറിയപ്പെടുന്ന ഓട്ടമൻ(ഉസ്മാനിയ ഖിലാഫത്ത് ) സുൽത്താൻ മെഹ്മെത് രണ്ടാമൻ, കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയതോടെ, ഹഗിയ സോഫിയ അദ്ദേഹത്തിന്റെ കീഴിലായി. മക്കക്കു നേരെ തിരിഞ്ഞിരിക്കുന്ന ഒരു മിഹ്രാബും (ചുമരിലെ ദ്വാരം), ഒരു പ്രാർത്ഥനാമണ്ഡപവും ചേർത്ത് അദ്ദേഹം ഈ പള്ളിയെ ഒരു മസ്ജിദ് ആക്കി മാറ്റി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ മുസ്തഫ ഇസാത് എഫെൻഡി എന്ന ശിൽപി അല്ലാഹു, മുഹമ്മദ്, അബൂബക്കർ, ഉമർ, ഉസ്മാൻ, അലി എന്നീ പേരുകൾ‌, മരം കൊണ്ടുള്ള വൻ തളികകളിൽ അറബി അക്ഷരങ്ങളിൽ രേഖപ്പെടുത്തി, മദ്ധ്യഭാഗത്തെ മകുടത്തിനു ചുറ്റുമായി ഉറപ്പിക്കുകയും, യേശുക്രിസ്തുവിൻ്റേയും കന്യാമറിയത്തിൻ്റെയും മറ്റു ചിത്രങ്ങളിൽ ചായമടിച്ചു മറയ്ക്കുകയും, ചിത്രപ്പണികൾ നശിപ്പിക്കുകയും ചെയ്തു.

ക്രി.പി 562 മുതൽ 1204 വരെയും 1261 മുതൽ 1453 ഈസ്സ്റ്റെൺ ഓർതൊഡൊക്സ് സഭയുടെ പാത്രിയർക്കീസിന്റെ ആസ്ഥാനമായും, ക്രി.പി 1204 മുതൽ 1262 വരെ കത്തൊലിക്ക കത്രീഡലായും,1453 മുതൽ രാജകീയ മസ്ജിദായി നിലകൊണ്ട ഈ ബൈസാന്റിയൻ നിർമ്മിതി 1935-ൽ കമാൽ അത്താത്തുർക്കിന്റെ ഭരണകാലത്ത് മ്യൂസിയമാക്കി മാറ്റപ്പെട്ടു. തുർക്കി  പ്രസിഡന്റ് എർദോഗൻ ഉത്തരവുപ്രകാരം മ്യൂസിയം പദവി കോടതി റദ്ദാക്കിയതിനെത്തുടർന്ന് 2020 ജൂലൈ 24ന് സോഫിയയെ മുസ്‌ലിം ആരാധനാലയമായി പ്രഖ്യാപിച്ചു.ലോകമെങ്ങും അലയടിച്ച പ്രതിഷേധം തണുപ്പിക്കാൻ പ്രദേശവാസികൾക്കും വിദേശികൾക്കും മുസ്‌ലിങ്ങൾക്കും അമുസ്‌ലിങ്ങൾക്കും ഹഗിയ സോഫിയയിൽ പ്രവേശനം ഉണ്ടാകുമെന്ന് പ്രസിഡന്റ് എർദോഗൻ അറിയിച്ചിട്ടുണ്ട് . മതമൗലികവാദിയായ എർദോഗൻ മന്ത്രിസഭ കൂടിയാണ് മ്യൂസിയത്തിൽ ജുമ ആരംഭിച്ചത്.

അത് ആഘോഷപൂർവ്വം കൊണ്ടാടപ്പെട്ടത് ലോകം മുഴുവൻ വാർത്തയിൽ നിറഞ്ഞു . തിരഞ്ഞെടുപ്പിൽ മതമൗലികവാദികളുടെ വോട്ടിനാൽ ഭരണം നിലനിർത്തുക എന്ന രാഷ്ട്രീയ ഉദ്ദേശത്തിൻ്റെ രക്തസാക്ഷിയാണ്. മ്യൂസിയം..അവിടെ 82% മുസ്ലീങ്ങളും 2 % മാത്രം ക്രിസ്ത്യാനികളുമാണുള്ളത്.ഭൂരിപക്ഷം ന്യൂനപക്ഷത്തിന്നു മേൽ എന്തു ചെയ്തെന്നു കാണുക… ഇതാണ് ലോകത്തെവിടെയും സംഭവിച്ചുകൊണ്ടിരിക്കുന്നത്.2001 ൽ മുല്ല ഒമർ അഫ്ഘാനിസ്ഥാനിലെ താലിബാനിൽ ബാമിയാൻ കുന്നിലെ ആയിരം വർഷം പഴക്കമുള്ള ബുദ്ധ പ്രതിമകൾ തകർത്തപ്പോൾ ബിംബാരാധന ഇസ്ലാം വിരുദ്ധമെന്നാണ് ആരോപിച്ചപ്പോഴും ഇതു തന്നെയാണ് സംഭവിച്ചത്.തുർക്കിയിലേ കോടതി വിധിക്കും ഇന്ത്യയിലെ കോടതി വിധിക്കും സമാനതകളുണ്ട്.ഇന്ത്യയിലെ കോടതി അയോധ്യയിലെ തർക്കഭൂമി ക്ഷേത്രത്തിനവകാശപ്പെട്ടതാണ് വിധിച്ചപ്പോൾ, ഇന്ത്യയിലെ ജനാധിപത്യവാദികൾ അതിനെ എതിർക്കുന്നതു പോലെ തന്നെ ഹാഗിയാ സോഫിയ മ്യൂസിയത്തെ മുസ്ലീം പള്ളിയാക്കിയതിനെ എതിർക്കപ്പെടേണ്ടതല്ലേ ?ബാമിയാൻ കുന്നുകളിലെ ബുദ്ധ പ്രതിമകൾ തകർക്കപ്പെട്ടത് എതിർക്കപ്പെടേണ്ടതല്ലേ?പകരം, കേരളത്തിലുള്ള മുസ്ലീം സമുദായ നേതാക്കൾ അത്തരം നിലപാടുകളെ അഭിനന്ദിക്കുന്നത് കേരളത്തിലെ ക്രിസ്റ്റ്യൻ ,മുസ്ലീം ,മതേതര വിഭാഗങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കുവാനും,നിലവിലുള്ള ദേശീയ പ്രശ്നങ്ങളിൽ അവർക്കു ലഭിക്കാനിടയുള്ള ധാർമ്മിക പിന്തുണ നഷ്ടപ്പെടുത്താനും കാരണമാകും.ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തെറ്റും ശരിയും ആപേക്ഷികമാകുന്നതിൻ്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായി മാറിയിരിക്കുന്നു ഹഗിയാസോഫിയാ മ്യൂസിയം. ഈ നടപടി ബാബരി മസ്ജിദിൻ്റെ ധാർമ്മികത ലോകത്തിനു മുന്നിൽ ചോദ്യചിഹ്നമാക്കിയിരിക്കുകയാണ്. ചന്ദ്രികാ ദിനപത്രത്തിലെ ഈ വിഷയവുമായി ബന്ധപ്പെട്ടു വന്ന ഒരു വാർത്തയാണ് എഴുത്തിനുള്ള പ്രേരണ.