ആണിന്റെ കിറുക്ക്‌ സർഗ്ഗശേഷി, പെണ്ണിന്റെ സർഗ്ഗശേഷി കിറുക്ക് !

780

Santhi Jaya എഴുതുന്നു 

ആണിന്‍റെ കിറുക്കുകളെ ‘ജീനിയസ്’ എന്ന് ആഘോഷിക്കുന്ന ലോകം സര്‍ഗ്ഗശേഷിയുള്ള സ്ത്രീ സ്വന്തം ജീവിതം പറഞ്ഞാലും അത് ‘നട്ടപ്രാന്ത്’ എന്ന് വിധിയെഴുതും! എല്ലാ സ്ത്രീ എഴുത്തുകാര്‍ക്കും ഇങ്ങനെയൊരു പ്രതിസന്ധി നേരിടേണ്ടി വരാറില്ല. ‘പെണ്ണെഴുത്ത്’ എന്ന് ചിലരെ അരുമയോടെ താലോലിച്ച് നിര്‍ത്താറുണ്ട് സാഹിത്യലോകം.
അതിന്‍റെ അതിരുകടന്നാല്‍ പണി പാളും!

Santhi Jaya
Santhi Jaya

കെ.സരസ്വതിയമ്മ, മാധവിക്കുട്ടി, അജിത് കൗര്‍, തസ്ലിമ നസ്രിന്‍ എന്നീ പ്രതിഭാശാലികളൊക്കെ പലപ്പോഴായി ഭ്രാന്തിയെന്ന് വിളിക്കപ്പെട്ടു. എങ്കില്‍ പിന്നെ അവര്‍ എഴുതിയതിനെയൊക്കെ റദ്ദ് ചെയ്യാന്‍ പ്രയാസമില്ലല്ലോ.

ഈ അടുത്തകാലത്ത് മലയാളവായനക്കാരെ പൊള്ളിച്ച തുറന്നുപറച്ചില്‍ നടത്തിയ രണ്ട് എഴുത്തുകാരാണ് അഷിതയും എച്മുക്കുട്ടിയും. ഇരുവരുടേയും ഓര്‍മ്മകള്‍ പുസ്തകമായി.

ഇരുവരും കഥാകാരികളുമാണ്. സാഹിത്യ രംഗത്ത് ഏറെ പ്രശസ്തയാണ് അഷിത. ഒരു വായനക്കാരിയെന്ന നിലയില്‍ എനിക്ക് കൂടുതല്‍ ഇഷ്ടം തോന്നിയത് Echmu Kuttyയുടെ ഭാഷാശെെലിയോടാണ്. അവരുടെ റിബല്‍ നേയ്ചറും ആകര്‍ഷണീയമായി തോന്നി. അഷിത എന്ന എഴുത്തുകാരി കാഴ്ചയിലും എഴുത്തിലും വളരെ കുലീനത സൂക്ഷിച്ചിരുന്നു. അതുകൊണ്ടാവാം എച്മുക്കുട്ടിയെ അപേക്ഷിച്ച് കേരളീയ സമൂഹത്തില്‍ അവര്‍ ഏറെ സ്വീകാര്യയായതും. എന്നാല്‍ ഒടുവില്‍ വന്ന തുറന്നുപറച്ചില്‍ എല്ലാ മുന്‍വിധികളേയും പാടേ തകര്‍ത്തു കളഞ്ഞു!

സ്ത്രീ സാധാരണക്കാരിയാകട്ടെ എഴുത്തുകാരിയാകട്ടെ അവളുടെ ഭാഗത്തുനിന്നുള്ള തുറന്ന വെെകാരികത സമൂഹം ഇഷ്ടപ്പെടുന്നില്ല. ഒന്നുകില്‍ അതിനുനേരേ മൗനം പാലിക്കും അല്ലെങ്കില്‍ ‘ഭ്രാന്ത്’ എന്ന് മുദ്രകുത്തി തള്ളിക്കളയും. (മാധവിക്കുട്ടിയുടെ എന്‍റെ കഥയെ ആക്ഷേപിച്ച് ചെറുതാക്കാന്‍വേണ്ടിയാണ് പമ്മന്‍ ഭ്രാന്ത് എന്ന നോവല്‍ അക്കാലത്ത് എഴുതിയതെന്ന് വായിച്ചിട്ടുണ്ട്).