Santhi Rajasekhar
അഞ്ജലി മേനോൻ സിനിമകളിലെ സ്ഥിരം എലൈറ്റ് ക്ലാസ് പാറ്റേൺ പ്രശ്നങ്ങൾ, സന്തോഷം , ആഘോഷം, ഭാഷ ഇവയൊക്കെ തന്നെ പ്രതീക്ഷിച്ചിരുന്നെങ്കിലും ‘വണ്ടർ വുമൺ ‘എന്തിനോ വേണ്ടി തിളച്ച ഒരു ‘ബോധവൽക്കരണ സാമ്പാർ’ ആയിപോയതിൽ നിരാശയുണ്ട്. കണ്ടു മടുത്ത പ്രശ്നങ്ങളുമായി അഞ്ചാറു ഗർഭിണികൾ ഒത്തു ചേരുമ്പോൾ പുട്ടിനു പീര പോലെ സ്ത്രീസമത്വവാദങ്ങൾ ഉണ്ടെങ്കിലും അതിനു യാതൊരു ചേർച്ചയുമില്ലാത്ത സംഭാഷങ്ങൾ ആണ് കഥാപാത്രങ്ങളിൽ നിന്ന് ഉണ്ടാകുന്നത്.
ഉദാഹരണത്തിന്, ഞാനെന്റെ കുട്ടിയെ ബോർഡിങിൽ ഒന്നും ആക്കില്ല എന്നു വാചാലയാകുന്ന നിത്യമേനോന്റെ നോറ എന്ന കഥാപാത്രം. അതിനു വേണ്ടി എന്നോണം ചെയ്തിരുന്ന തൊഴിൽ പോലും അവർ ശ്രദ്ധിക്കുന്നില്ല. സിനിമയിൽ. ഉദ്യോഗസ്ഥകളായതോ അല്ലാത്തതോ ആയ സ്ത്രീകൾ കുട്ടികളെ ക്രഷിലും ബോർഡിങ്ങിലും ഒക്കെ ആക്കുന്നത് അവർക്ക് കുട്ടികളിൽ ഉത്തരവാദിത്തം ഒന്നും ഇല്ലാത്തത് കൊണ്ട് ആണോ എന്ന് ആർക്കായാലും തോന്നും.!!
അതേപോലെ പങ്കാളിയുടെ അമിത സ്നേഹം കരുതൽ ഒക്കെ ഈർഷ്യപ്പെടുത്തുന്ന സ്ത്രീ ആയുള്ള സയനോരയുടെ കഥാപാത്രം,ഒറ്റ നിമിഷം കൊണ്ട് സ്ത്രീപക്ഷ വാദിയായി മാറിയ അമ്മായിയമ്മ, ഏറ്റവും നല്ല ഗുണങ്ങൾ മാത്രം ഉള്ള അല്ലെങ്കിൽ പെട്ടെന്ന് നല്ലവരായി മാറിയ ഭർത്താക്കന്മാർ തുടങ്ങി സ്വയം ആരെന്നോ എന്തെന്നോ തിരിച്ചറിയാൻ വയ്യാത്ത അവസ്ഥയിലുള്ളത് പോലെ ഓരോ കഥാപാത്രങ്ങളും. പാർവതി തിരുവോത്തിന് അവരുടെ അവസാനമിറങ്ങിയ സിനിമകളിൽ കണ്ട അതേ രൂപവും ഭാവവും, അങ്ങനെ ടൈപ്പ് ചെയ്യപ്പെട്ടത് പോലെ.
ചുരുക്കത്തിൽ പ്രത്യേകിച്ചൊരു കഥാഗതി ഒന്നും ഇല്ലാതെ കുറെ നിമിഷങ്ങൾ കോർത്തിണക്കി, അധികം വലിച്ചു നീട്ടി ക്ഷമ കളയാതെ അവസാനിപ്പിച്ചൊരു സിനിമ, അത്രയേ ഉള്ളു ‘wonder women’. ബാംഗ്ലൂർ ഡേയ്സ് അല്ലാതെ നല്ലൊരു making അഞ്ജലി മേനോനിൽ നിന്നു കണ്ടിട്ടില്ലാത്തത് കൊണ്ടു തന്നെ കൂടുതൽ ഒന്നും പ്രതീക്ഷിച്ചിരുന്നുമില്ല..!!
ഗർഭിണികൾക്ക് ഒത്തുചേരാനും അവരുടെ സംശയങ്ങൾക്കും പേടികൾക്കും ഒപ്പം നിൽക്കാനും പ്രസവം എന്ന ഏറ്റവും കഠിനമേറിയ ഒരു ശരീരിരിക പ്രയത്നത്തിനു ശേഷം ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങളിൽ അറിവ് നൽകാനും പരിഹാരം കാണാനും ഒക്കെ കുടുംബം എന്നതിൽ കവിഞ്ഞൊരു സംവിധാനം ഉണ്ടാകുന്നത് നല്ലത് തന്നെ ആണ്.അതൊരു സിനിമ ആകുമ്പോൾ മിനിമം ഒരു കഥയെങ്കിലും പറയാൻ ഉണ്ടായിരുന്നെങ്കിൽ .