അണ്ണാ സുഖങ്ങളൊക്കെത്തന്നെയല്ലേ എന്ന കലർപ്പില്ലാത്ത ആ തിരുവനന്തോരം ചോദ്യം

62

ശാന്തിവിള ദിനേശ് എഴുതുന്നു 

അവസാനമായി അനിലിനെ വീട്ടിൽ പോയി കണ്ടു.എന്റെ മനസിൽ സ്ഥാനം പിടിച്ചിരുന്ന മുഖത്തിൽ നിന്നും ഒരുപാട് മാറി അനിൽ.പ്രോട്ടോക്കോൾ ലംഘനമാകാതിരിക്കാൻ ആകണം വളരെ കുറച്ചുപേർ അവിടവിടെയായി മാസ്ക് ധാരികളായി നിൽക്കുന്നു.ഏഷ്യാനെറ്റ് ക്യാമറാമെൻ ഷാജി അനിലിന്റെ രണ്ട് ജ്യേഷ്ഠന്മാരെ പരിചയപ്പെടുത്തി.മോൻ അവിടെ എവിടെയോ കാണണം. തിരക്കിയില്ല.മോളും ഭാര്യയും അങ്ങ് ട്രംബിന്റെ നാട്ടിലല്ലേ.അവരുടെ മനസ്സിൽ അനിലിന്റെ തുടിക്കുന്ന മുഖം അങ്ങിനെ നിൽക്കട്ടെ .ചെറുപ്രായത്തിലേ ചെയിൻ സ്മോക്കറായിരുന്നു അനിൽ.ഒരു വർഷം മുൻപ് ബൈപാസ് ചെയ്തവനാണ്.പിന്നാലെ കരളിനെ ക്യാൻസർ കീഴടക്കിയതാണ് മരണത്തിലേക്ക് അടുപ്പിച്ചത്.ജീവിതത്തിലെ നിരനിരയായുള്ള ട്രാജഡികളെപ്പറ്റിയും, സിനിമാ നിർമ്മാതാവ് സന്തോഷ് ദാമോദരൻ എന്ന സുഹൃത്ത് നൽകിയ സ്നേഹവും ഒക്കെ പറഞ്ഞറിഞ്ഞു.എല്ലാം വിഫലമായി!

Anil Murali - Actor - Entertainmentഇപ്പോ ശാന്തി കവാടത്തിൽ അനിൽ ഇലക്ട്രിക് ചൂളയിൽ വെന്ത് വെണ്ണീറായിക്കാണണം.മക്കൾ എപ്പോഴും അമ്മയുടെ കണ്ണടയും വരെയെങ്കിലും ജീവിച്ചിരിക്കണം എന്ന പക്ഷക്കാരനാണ് ഞാൻ. മുലപ്പാൽ തന്നു വളർത്തിയ അമ്മയുടെ മുന്നിൽ ചേതനയറ്റ് കിടക്കുന്നതു് കാണുന്ന അമ്മയുടെ ഹൃദയം പറഞ്ഞറിയിക്കാനാകാത്ത വിധം നീറും .എന്തുകൊണ്ടോ പല മക്കളും അതു ചിന്തിക്കയേയില്ല.അമ്മയുടെ കൈ കൊണ്ട് ചോറുരുള വാങ്ങി കഴിച്ചിട്ട് അമ്മയെ കുളിക്കാൻ നിർബ്ബന്ധിച്ച് പറഞ്ഞു വിട്ടിട്ട് കിടക്കറയിൽ കയറി തൂങ്ങിയ 54 കാരനെ അമ്മ തന്നെ കണ്ടതിന്റെ വേദനയിൽ അകാലത്തിൽ അമ്മ വിട പറഞ്ഞതു കണ്ട ഹതഭാഗ്യനാണു ഞാൻ .അതുകൊണ്ടു പറയുകയാ.നൊന്തുപെറ്റ അമ്മമാർ വിട പറയും വരെയെങ്കിലും മക്കൾ ജീവിച്ചിരിക്കണം.അനിലിനോട് യാത്ര പറഞ്ഞ് പിരിഞ്ഞ് മടങ്ങുമ്പോൾ തൊട്ടടുത്ത വീട്ടിലേക്ക് ഒരു നിമിഷം വണ്ടി നിർത്തി നോക്കി .

മലയാളത്തിന്റെ പ്രിയങ്കരനായ പി.പത്മരാജന്റെ വീടാണ്.അച്ഛൻ മരിച്ചതറിയാതെ കോളേജ് ഡേയ്ക്ക് വയലാറിന്റെ ആത്മാവിൽ ഒരു ചിത ആലപിച്ചു നിന്ന മാധവിക്കുട്ടിയെ എം.ജി.രാധാകൃഷ്ണൻ കൂട്ടിക്കൊണ്ടുവരുമ്പോൾ മുറ്റത്ത് മതിൽ ചാരി ഞാനന്ന്നി ന്നതോർത്തു.പത്മരാജൻ സറും അമ്മയെ നോവിച്ചാണ് കടന്നുപോയത്.അടുത്തിടെ ഞാൻ നമ്മുടെ ശ്രീനിച്ചേട്ടനോട് (ബഹുമുഖപ്രതിഭ ശ്രീനിവാസൻ തന്നെ) ചോദിച്ചു.ഇപ്പോ സിഗററ്റു വലിയും കുടിയും ഉണ്ടോ? ഇല്ല കുറേ നാളായി നിർത്തി .ഇതു ചോദിക്കാൻ കാരണം പുകവലിക്കാത്ത ഞാൻ രണ്ടു ജന്മത്തേയ്ക്കുള്ള നിക്കോട്ടിൻ വലിച്ചു കയറ്റിയത് ശ്രീനിച്ചേട്ടനിൽ നിന്നാ.സ്വയംവര പന്തൽ തിരക്കഥ എഴുതുന്ന സമയം.തൃശൂരിലെ കാസിനോ ഹോട്ടലിലെ സ്യൂട്ട് റൂമിലായാലും കരുനാഗപ്പള്ളിയാലെ അഷ്ടമുടി റിസോർട്ടിലായാലും കയറിച്ചെന്നാൽ കുന്തിരിക്കം പുകച്ചമുറിയിൽ ചെയ്യുന്ന പോലാണ് ആ ഏ സി മുറികൾ .ശ്രീനിച്ചേട്ടൻ ചെയിൻ സ്‌മോക്കറായിരുന്നു!എന്തായാലും ശ്വാസകോശം താങ്ങാവുന്നതിനപ്പുറം ആയപ്പോൾ സ്വാഭാവികമായും പിണങ്ങുമല്ലോ .ഇപ്പോൾ പുകവലി നിർത്തി !ഈ വലി എന്തേലും ഗുണം ചെയ്തിരുന്നോ?ചെയ്തിരുന്നു .നമ്മൾ പലപ്പോഴും ചിന്തകളിൽ വഴിമുട്ടി നിൽക്കുമ്പോൾ ഒരു വലി ഒരു വഴികാട്ടിത്തന്നിരുന്നു.അത് തോന്നലല്ലേ?ആയിരിക്കാം.അപ്പോ ഇനി എന്തു ചെയ്യും വഴി മുട്ടുമ്പോൾ ?വഴിമുട്ടട്ടെ.നോക്കാം മറുവഴി എന്നു പറഞ്ഞ് സ്വതസിദ്ധമായ പൊട്ടിച്ചിരിയോടെയാണ് സംസാരം ശ്രീനിച്ചേട്ടൻ നിർത്തിയതും.നല്ല പുകവലിക്കാരനായിരുന്നു എം ടി . ശ്വാസകോശം പണങ്ങി, നിർത്തി…….!

555 രണ്ടും മുന്നും പായ്ക്കറ്റ് വലിച്ചിരുന്ന ആളായിരുന്നു ജേസി സർ .ഒരു സ്ട്രോക്ക് വേണ്ടി വന്നു നിർത്താൻ .എന്റെ പ്രിയപ്പെട്ടവരേ.ഒരു മുപ്പതു മുപ്പത്തഞ്ചു വയസുവരെ എന്തും ആയിക്കോ.അവിടം കൊണ്ടു നിർത്തണം ഇതെല്ലാം .അതിനൊരു പ്രേരണയാകട്ടെ അനിൽ മുരളിയുടെ 52 വയസിലെ ഈ വേർപിരിയൽ .പ്രിയ സ്നേഹിതാ വിട.അണ്ണാ സുഖങ്ങളൊക്കെത്തന്നെയല്ലേ എന്ന ആ കലർപ്പില്ലാത്ത തിരുവനന്തോരം ചോദ്യം അവസാനമായി നിന്റെ ചേതനയറ്റ മുഖം കണ്ടപ്പോഴും ഞാൻ ഓർക്കുന്നു അനിൽ.!