അന്ന് കണ്ട ഗ്രൗണ്ട് സീറോ…

സന്തോഷ് ജോർജ് കുളങ്ങര സഫാരിയിൽ എഴുതിയത്

പലവഴികളുടെ സംഗമസ്ഥാനമാണ് സിറ്റിഹാള്‍ പാര്‍ക്ക്. ഏതുവഴിപോയാല്‍ ഗ്രൗണ്ട് സീറോയിലെത്തും? ഞാന്‍ കുര്യാച്ചനെ നോക്കി.കുര്യാച്ചന്‍ എന്നെയും. വഴിയറിയാമോ എന്ന ചോദ്യം ആ നോട്ടത്തിലുണ്ട്. ഞാന്‍ ചുറ്റുപാടുമുള്ള കെട്ടിടങ്ങളെ ഒന്നു വീക്ഷിച്ചു. സിറ്റിപാര്‍ക്കിന്റെ ഒരറ്റത്ത് ഒരു കെട്ടിടത്തിന്റെ പച്ചനിറമാര്‍ന്ന മേല്‍ക്കൂര കാണാം. ചിത്രങ്ങളില്‍ക്കണ്ട് പരിചയമുള്ള മേല്‍ക്കൂരയാണ്. ന്യൂയോര്‍ക്കിലേക്ക് പുറപ്പെടുംമുമ്പുതന്നെ ഡബ്ല്യൂ.ടി.സിയുടെ തകര്‍ച്ചയുമായി ബന്ധപ്പെട്ട പഴയ പത്രങ്ങളും പുസ്തകങ്ങളുമൊക്കെ ഒരിക്കല്‍ക്കൂടി മറിച്ചുനോക്കിയിരുന്നു. അതില്‍ പലതിലും ഈ മേല്‍ക്കൂരയുണ്ട്. സെന്റ് പോള്‍സ് ചാപ്പല്‍. വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങള്‍ തകര്‍ന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ ദിവസങ്ങളോളം തമ്പടിച്ചത് ആ ചാപ്പലിലായി രുന്നു. അതിനു പിന്നിലാണ് ദുരന്തസ്ഥലം.
‘അവിടെയാണ് ഗ്രൗണ്ട് സീേറാ’. ഞാന്‍ കൈചൂണ്ടി പറഞ്ഞു. കുര്യാച്ചന്‍ അവിശ്വസനീയതയോടെ അവിടേക്ക് നോക്കി. ‘എന്നാല്‍ നടക്കാം’.

World Trade Center Ground Zero Memorial Stock Photo - Download Image Now -  iStockകുര്യാച്ചന്‍ പറഞ്ഞു. തെരുവ് മുറിച്ചുകടന്ന് ഞങ്ങള്‍ ചാപ്പലിനരികിലേക്ക് നടന്നു. ഈ പാത പലതവണ ദൃശ്യമാധ്യമങ്ങളില്‍ കണ്ടിട്ടുണ്ട്. പ്രാണഭയത്തോടെ കൂട്ടമായി ഓടുന്ന ആളുകള്‍. അവര്‍ക്കു പിന്നാലെ അണമുറിഞ്ഞ ജലപ്രവാഹംപോലെ പാഞ്ഞടുക്കുന്ന കോണ്‍ക്രീറ്റ് പൊടിയും ജിപ്‌സവും. ഒരിക്കലും മറക്കാനാവാത്ത ഒരു ദൃശ്യമാണത്.

ഏതാനും ആഴ്ചകള്‍ പ്രേതനഗരമായിത്തീര്‍ന്ന ഒരിടം. എങ്ങും കുന്നുകൂടിക്കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങളും അന്തരീക്ഷത്തില്‍ ശവഗന്ധവും മാത്രം. പിന്നെ രക്ഷാവാഹനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദവും. സെപ്റ്റംബര്‍ 11 ന്റെ ഭീകരാക്രമണ ദൃശ്യങ്ങള്‍ ശ്രദ്ധാപൂര്‍വം വീക്ഷിച്ച ഏതൊരാള്‍ക്കും ആ ദുരന്തസ്ഥലത്തേക്ക് നടന്നെത്തുമ്പോള്‍ ഉള്ളില്‍ വല്ലാത്തൊരു വിങ്ങല്‍ അനുഭവപ്പെടും. ആ ഒരനുഭവമാണ് എനിക്കുമുണ്ടാവുന്നത്. ചാപ്പലിന്റെ പിന്‍ഭാഗത്ത് വലിയൊരു ശൂന്യത. അവിടെയായിരുന്നു വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങള്‍. ചാപ്പലിനടുത്തുനിന്നും വലത്തോട്ടുതിരിഞ്ഞ് ഗ്രൗണ്ട് സീറോ ലക്ഷ്യമാക്കി നടക്കുമ്പോള്‍ ഒരു കെട്ടിടത്തിനു ചുവട്ടില്‍ ഒരു ഡെമ്മി ക്യാമറ സ്ഥാപിച്ചിരിക്കുന്നതു കാണാം; ഇരട്ടഗോപുരങ്ങളുടെ തകര്‍ച്ച ലോകമെങ്ങും തല്‍സമയം കാണിച്ച ടെലിവിഷന്‍ ക്യാമറകള്‍ക്കുള്ള ഉപകാരസ്മരണപോലെ. ഗ്രൗണ്ട് സീറോയുടെ ചുറ്റും കനത്ത ഇരുമ്പുവേലി സ്ഥാപിച്ചിരിക്കുന്നു. അതില്‍ അങ്ങിങ്ങ് മുന്നറിയിപ്പു ബോര്‍ഡുകളും കണ്ടു. വേലിയിലോ പരിസരത്തോ പോസ്റ്ററുകള്‍ പതിക്കുന്നതുമുതല്‍ അതിന്റെ പരിസരത്തുനിന്ന് പ്രസംഗിക്കുന്ന തുവരെ വിലക്കിക്കൊണ്ടുള്ള ബോര്‍ഡുകള്‍. നൂറ്റിപ്പത്ത് നിലകളോടെ നിലകൊണ്ട രണ്ടു ഗോപുരങ്ങള്‍. നിമിഷങ്ങള്‍കൊണ്ട് നിലംപരിശായ ആ കെട്ടിടങ്ങള്‍ അമേരിക്കയുടെ സര്‍വമേഖലകളിലുമുണ്ടാക്കിയ കൊടുങ്കാറ്റ് എത്ര ശക്തമായിരുന്നു. ഗ്രൗണ്ട് സീറോയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ എന്റെ ചിന്തകള്‍ 2001 സെപ്റ്റംബര്‍ 11-ന്റെ അറിവുകളിലേക്ക് പിന്‍നടക്കുകയായിരുന്നു.

World Trade Center and Pentagon attacked on Sept. 11, 2001 - Los Angeles  Times2001 സെപ്റ്റംബര്‍ 11. പതിവുപോലെ കുളിരുള്ള ന്യൂയോര്‍ക്കിന്റെ പ്രഭാതം. അമേരിക്കക്കാര്‍ അവരുടെ ജീവിതത്തില്‍ അതുവരെ കേട്ടിരുന്നതിനേക്കാള്‍ ഭീകരമായ ഒരു ദുരന്തമാണ് ആ പ്രഭാതത്തില്‍ അവരെ തേടിയെത്തിയത്. ആഗോളശക്തിയായും സാമ്രാജ്യത്വ പ്രതീകമായുമൊക്കെ പരിഗണിച്ചുപോന്ന അമേരിക്ക Ÿ ഭീതിയാല്‍ ഞെട്ടി വിറച്ച ഒരു ദിവസം. അമേരിക്കന്‍ ചരിത്രത്തെ ഇപ്പോള്‍ കൃത്യമായും രണ്ടായി വിഭജിക്കാം. ഒന്ന്: 2001 സെപ്റ്റംബര്‍ 11നു മുന്‍പുള്ള അമേരിക്ക. രണ്ട്: അജയ്യതാമനോഭാവത്തിന് കനത്ത പ്രഹരമേറ്റ് തങ്ങളും ആക്രമണങ്ങള്‍ക്ക് അതീതരല്ലെന്ന ഭീതിയില്‍ കഴിയുന്ന അമേരിക്ക. ആ അമേരിക്ക പിറന്നത് 2001 സെപ്റ്റംബര്‍ 11 നുതന്നെയാണ്.

1941 ഡിസംബര്‍ 7ന് ജപ്പാന്‍ പേള്‍ ഹാര്‍ബറില്‍ നടത്തിയ ആക്രമണമായിരുന്നു അമേരിക്കയുടെ ഓര്‍മ്മയില്‍ തങ്ങള്‍ നേരിട്ട ഏറ്റവും വലിയ ആക്രമണം. 2,390 പേരാണ് പേള്‍ഹാര്‍ബറില്‍ കൊല്ലപ്പെട്ടത്. ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബുകളിട്ട് മൂന്നുലക്ഷത്തി അറുപതിനായിരത്തില്‍പ്പരം പേരെ കൊന്നൊടുക്കി അന്ന് അമേരിക്ക ജപ്പാനോട് പ്രതികാരം ചെയ്തു. അതോടെ ജപ്പാന്‍ കീഴടങ്ങിയതും രണ്ടാംലോകമഹായുദ്ധത്തിന് തിരശ്ശീലവീണതുമെല്ലാം ചരിത്രം. പേള്‍ഹാര്‍ബര്‍ ബോംബിംഗിനു നല്‍കിയ തിരിച്ചടിയോടെ അമേരിക്ക ലോകത്ത് തങ്ങളുടെ അജയ്യത ഒന്നുകൂടി ഉറപ്പിക്കുകയായിരുന്നു. ഇനി ആരുംതന്നെ തങ്ങളെ തൊടാന്‍ ധൈര്യപ്പെടില്ല എന്നൊരു ധാര്‍ഷ്ട്യം അവര്‍ വച്ചുപുലര്‍ത്തി. എന്നാല്‍ ആ സ്വകാര്യ അഹങ്കാരം പൊടിഞ്ഞമരുന്നതാണ് 2001 സെപ്റ്റംബര്‍ 11ന് കണ്ടത്. ന്യൂയോര്‍ക്കിന്റെ മാത്രമല്ല, അമേരിക്കയുടെതന്നെ അഭിമാനസ്തംഭങ്ങളായിരുന്നു വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങള്‍. നൂറ്റിപ്പത്ത് നിലകളും ഒരു ചെറുനഗരത്തിലെ മുഴുവന്‍ ജനത്തെയും ഉള്‍ക്കൊള്ളാവുന്നത്ര സ്ഥലസൗക ര്യവുമായി മാന്‍ഹാട്ടനിലെ അംബരചുംബികളുടെയെല്ലാം നേതാക്കളെപ്പോലെ അവയങ്ങനെ നിന്നു. എന്നാല്‍ അത്യന്തം ഭയാനകവും അമ്പരപ്പിക്കുന്നതുമായ ഒരാക്രമണത്തില്‍ രണ്ട് ഗോപുരങ്ങളും ചീട്ടുകൊട്ടാരംപോലെ തകര്‍ന്നടിഞ്ഞു. ഭീകരര്‍ തട്ടിയെടുത്ത വിമാനങ്ങള്‍ ഗോപുരങ്ങളുടെ 94 നും 98 നുമിടയിലുള്ള നിലകളിലേക്ക് ഇടിച്ചുകയറി. ആദ്യം നിന്നു കത്തിയ ഗോപുരങ്ങള്‍ ഒരു മണിക്കൂറിനകം പൂര്‍ണമായും താഴേക്കമര്‍ന്നു. മൂവായിരത്തിലേറെ ആളുകള്‍ കെട്ടിടത്തിന്റെ സ്റ്റീല്‍ ഗര്‍ഡറുകള്‍ക്കും കോണ്‍ക്രീറ്റിനുമിടയില്‍പ്പെട്ട് ഞെരിഞ്ഞമര്‍ന്ന് മരിച്ചു. ഇതില്‍ കുറേപ്പേരെ അഗ്‌നി വിഴുങ്ങുകയും ചെയ്തു.
മഹാദുരന്തത്തിന്റെ ഓര്‍മ്മകള്‍ ഇനിയും വിട്ടകന്നിട്ടില്ലാത്ത ഗ്രൗണ്ട് സീറോയുടെ വേലിക്കെട്ടിനരികെ ഞാനും കുര്യാച്ചനും നിന്നു. ഒരു ഭാഗത്ത് ദുഃഖത്തിന്റെ മേലാപ്പുപോലെ കറുത്ത നെറ്റുകൊണ്ട് മറച്ച ഒരു കെട്ടിടമുണ്ട്. അന്‍പതു നിലകളെങ്കിലുമുണ്ട് അതിന്. ഇരട്ടഗോപുരങ്ങള്‍ താഴേക്കമര്‍ന്നപ്പോഴുണ്ടായ ആഘാതത്തില്‍ ഗുരുതരമായി കേടുപാടുകള്‍ സംഭവിച്ച അതിന് അധികൃതര്‍ ദയാവധം വിധിച്ചിരിക്കുന്നു. ഓരോ നിലകളായി പൊളിച്ചിറക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. വേള്‍ഡ് ട്രേഡ് സെന്ററിനു മുന്നിലെ ഒരു സ്ട്രീറ്റ് അടച്ച് വേലികെട്ടിയിരിക്കുകയാണ്.

ഞായറാഴ്ചയാണ്. അതിനാല്‍ ഗ്രൗണ്ട് സീറോയില്‍ ഇന്ന് തൊഴിലാളികളെ കാണില്ല. മറ്റു ദിവസങ്ങളിലെല്ലാം ഇവിടെ തകൃതിയായി പണി നടക്കുന്നതാണ്. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണമല്ല, പഴയവയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍! ഗ്യാസ് കട്ടറുകളും ജാക്ക് ഹാമറുമൊക്കെ ഗ്രൗണ്ട് സീറോയില്‍ വിശ്രമിക്കുന്നു. വിമാനമിടിച്ച് തകര്‍ന്നത് രണ്ട് പ്രധാന കെട്ടിടങ്ങളായിരുന്നെങ്കിലും അതിന്റെ വീഴ്ചയുണ്ടാക്കിയ പ്രകമ്പനത്തില്‍ മറ്റ് നിരവധി കെട്ടിടങ്ങളും നിലംപൊത്തിയിരുന്നു. വേള്‍ഡ് ട്രേഡ് സെന്ററിന്റെ മറ്റ് അഞ്ചുകെട്ടിടങ്ങളും പ്രസിദ്ധമായ മാറിയട്ട് ഹോട്ടലും രണ്ട് സബ്‌വേ സ്‌റ്റേഷനുകളും സെന്റ് നിക്കോളാസ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയുമെല്ലാം അതില്‍ ഉള്‍പ്പെടും. നാല് യാത്രാവിമാനങ്ങള്‍ തട്ടിയെടുക്കുകയും അവ ആയുധമാക്കി വേള്‍ഡ് ട്രേഡ് സെന്ററിനെയും പെന്റഗണെയും ആക്രമിക്കുകയുമാണ് തീവ്രവാദികള്‍ ചെയ്തത്. രണ്ട് ബോയിംഗ് 767 വിമാനങ്ങളും രണ്ട് ബോയിങ്ങ് 757 വിമാനങ്ങളും ഇതിനായി ഭീകരര്‍ തട്ടിയെടുത്തു. വിമാനങ്ങളുടെയെല്ലാം ടാങ്കില്‍ നിറയെ ഇന്ധന മുണ്ടായിരുന്നു. വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങളിലേക്ക് ഇടിച്ചുകയറിയ വിമാനങ്ങള്‍ പൊട്ടിത്തെറിച്ചപ്പോള്‍, സാധാരണ ഇന്ധനത്തേക്കാള്‍ നാലിരട്ടി ജ്വലനശേഷിയുള്ള ഏവിയേഷന്‍ ഫ്യൂവല്‍ കൊടുംനാശത്തിന് കാരണമായി. കൊടുങ്കാറ്റിനെപ്പോലും പ്രതിരോധിക്കുന്ന രീതിയില്‍ രണ്ട് അടുക്കുകളായിട്ടായിരുന്നു ട്രേഡ് സെന്ററിന്റെ കെട്ടിടഭീമന്‍മാരെ നിര്‍മ്മിച്ചിരുന്നത്.

കനമുള്ള ഉരുക്കുതൂണുകളും ഗര്‍ഡറുകളും ആ ബലത്തെ എന്നും ഉറപ്പിച്ചുനിര്‍ത്തി. എന്നാല്‍ വിമാന ഇന്ധനത്തിന്റെ ജ്വലനശക്തിയില്‍ ഉരുക്കുതൂണുകള്‍ ഉരുകി. അതോടെ വിമാനം ഇടിച്ചതിന്റെ മുകളിലുള്ള പത്തിലേറെ നിലകള്‍ നേരെ താഴേക്കമര്‍ന്നു. ആ ഭാരത്തള്ളലില്‍ താഴെയുള്ള നിലകളും പൊടിഞ്ഞമര്‍ന്നു. അതിനുള്ളില്‍ കുരുങ്ങിപ്പോയ മനുഷ്യര്‍ ഒടിഞ്ഞുനുറുങ്ങിയും ചതഞ്ഞരഞ്ഞും അതി ദാരുണമാംവിധമാണ് മരണത്തിന് കീഴടങ്ങിയത്. കെട്ടിടങ്ങള്‍ക്ക് തീപിടിച്ചപ്പോള്‍ മുകള്‍നിലയിലുണ്ടായിരുന്നവര്‍ രക്ഷയ്ക്കായി പരക്കംപാഞ്ഞു. പുകയും ചൂടും പെട്ടെന്നുണ്ടായ വിഭ്രാന്തിയുമൊക്കെ അവരെ ഭീതിദമായൊരു മാനസികാവസ്ഥയിലാക്കിയിരിക്കാം. രക്ഷയ്ക്കായി പലരും കെട്ടിടത്തിനു മുകളില്‍ നിന്നും താഴേക്ക് ചാടി. 90 ഉം 100 ഉം നിലകളുടെ മുകളില്‍ നിന്നുള്ള ചാട്ടം. അവരെല്ലാം താഴെ കോണ്‍ക്രീറ്റ്തറയില്‍ വന്നുവീണ് ചിതറി. ഇരട്ടഗോപുരങ്ങള്‍ക്ക് അല്പമകലെയുള്ള ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഏണസ്റ്റ് ആന്റ് കമ്പനിയിലെ എക്‌സിക്യൂട്ടീവ് കബീര്‍ രേഖി ഇത്തരമൊരു കാഴ്ച കണ്ടിരുന്നു. രേഖി സെപ്റ്റംബര്‍ 11 ദുരന്തം റിപ്പോര്‍ട്ടുചെയ്യാനെത്തിയ പത്രലേഖകനോട് ആ സംഭവം വിവരിച്ചത് ഇപ്രകാരമാണ്: ‘എത്രാമത്തെ നിലയില്‍നിന്നാണെന്നറിയില്ല. ആളുകള്‍ താഴേക്കെടുത്തു ചാടുന്നത് ഞാന്‍ കണ്ടു.

സൂചിമൊട്ടിന്റെ വലിപ്പത്തില്‍ മനുഷ്യശരീരങ്ങള്‍ ആകാശത്തില്‍ പാറിക്കളിക്കുകയായിരുന്നു’. കെട്ടിടത്തില്‍നിന്നും ആളുകള്‍ വീണുചിതറിയ ആ മുറ്റത്തുകൂടിയും കുര്യാച്ചന്റെ കൂടെ ഞാന്‍ കുറച്ചുനേരം നടന്നു. മൃതശരീരങ്ങള്‍ ചീഞ്ഞ അസഹ്യമായ ഗന്ധമായിരുന്നു ദുരന്തശേഷം രണ്ട് ആഴ്ചയോളം ഈ പ്രദേശത്തെങ്ങും തങ്ങിനിന്നത്. ദുര്‍ഗന്ധം സഹിക്കവയ്യാതെ വാള്‍സ്ട്രീറ്റ് വിപണി അടച്ചത് മറ്റൊരു ചരിത്രസംഭവമായി. ലോകത്തെ ഏറ്റവും പ്രമുഖമായ ഓഹരി വിപണിയാണ് വാള്‍സ്ട്രീറ്റിലേത്. എന്തു പ്രശ്‌നമുണ്ടായാലും അമേരിക്കയിലെ ഓഹരിവിപണി നാലുദിവസം തുടര്‍ച്ചയായി അടച്ചിടില്ലെന്ന് ലോകവ്യാപകമായ ഒരു വിശ്വാസമുണ്ടായിരുന്നു പണ്ട്. ആ വിശ്വാസം തകരാനും വേള്‍ഡ് ട്രേഡ് സെന്ററിന്റെ നിലംപതിക്കല്‍ കാരണമായി.

You May Also Like

എന്ത് മനോഹരമാണ് ഈ ഗ്വാളിയർ

Rita Reetha Gwalior Gwalior Fort ” നീ അയാളുടെ കൂടെ എവിടെ പോകുന്നു? ”…

അവധിക്കാല യാത്ര – ഗോവ

ഞങ്ങള്‍ നാലു പേരും എട്ടോപത്തോ വയസ്സ് തോന്നിക്കുന്ന രണ്ടു കുട്ടികളും അവരുടെ അച്ഛ്‌നും അമ്മയും കൂടെ ബോട്ട് യാത്ര തുടങ്ങാനായിട്ട് കാത്തിരിക്കുകയാണ്.അവിടേക്കാണ് ഒരു ഭാര്യയും ഭര്ത്താവും കൂടി ഞങ്ങളുടെ ബോട്ടിലേക്ക് വന്നത്. വന്നയുടന്‍ ഭാര്യ ആ കുട്ടികളെ ചൂണ്ടിയിട്ട് പറഞ്ഞു , ‘ഈ കുട്ടികളുള്ള ബോട്ടില്‍ ഞാന്‍ യാത്ര ചെയ്യുന്നില്ല.നമ്മുക്ക് ഇറങ്ങാം’ ഭര്ത്താവ് ‘നീ, എന്തിന് ഇങ്ങനെ നാടകം കാണിക്കുന്നു ….അടങ്ങിയിരിക്കൂ അവിടെ’

ഇന്ത്യയുടെ മനോഹാരിത വരച്ചു കാണിക്കുന്ന ഒരു വീഡിയോ !

ഹിമാലയം മുതല്‍ ആന്‍ഡമാന്‍ ദ്വീപിലെ കടല്‍ തീരം വരെയുള്ള ഭാഗങ്ങളും ആഗ്രയും ഡല്‍ഹിയുമൊക്കെ കൂട്ടിയിണക്കി നിര്‍മ്മിച്ച ഈ വീഡിയോ തീര്‍ച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും …

ട്രാവല്‍ ബൂലോകം – ഡാര്‍ജിലിംഗ് (പശ്ചിമബംഗാള്‍)

ഇവയുടെ ചിത്രങ്ങള്‍ അച്ചടിച്ച ഫോട്ടോഗ്രാഫുകളും പോസ്റ്റ്കാര്‍ഡ് സുവനീറുകളും സഞ്ചാരികള്‍ക്ക് വാങ്ങാന്‍ ലഭിക്കും. ആല്‍പ്പൈന്‍ മരങ്ങള്‍ നിറഞ്ഞ താഴ് വരകളും സാല്‍,ഓക്ക് മരങ്ങള്‍ നിറഞ്ഞ വനമേഖലയിലൂടെയുമുള്ള യാത്രകള്‍ ആരുടെയും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നവ ആയിരിക്കും. കാലാവസ്ഥ മാറ്റത്തിനനുസരിച്ച് നിറം മാറാതെ ഹരിതപ്രഭ പുതച്ച് നില്‍ക്കുന്നവയാണ് ഇവിടത്തെ വനങ്ങളില്‍ ഭൂരിപക്ഷവും.