ന്യൂ യോർക്കിലെ സൈറ്റ് സീയിങ് ബസുകാരുടെ കൗശലങ്ങൾ
സന്തോഷ് ജോർജ് കുളങ്ങര
ചിന്തകളില്‍ മുഴുകിയിരിക്കേ ഭക്ഷണവുമായി കുര്യാച്ചന്‍ എത്തി. നേരം മൂന്നുമണിയാകുന്നു. ഇന്ന് പ്രസിദ്ധമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടികൂടി കാണണമെന്നുണ്ട്. അവിടേക്കു പോകുന്ന അവസാനത്തെ ഫെറി നാലുമണിക്കാണ്. അതിനാല്‍ പെട്ടെന്നുതന്നെ ഭക്ഷണംകഴിച്ച് പുറത്തിറങ്ങി. സെന്റ് പോള്‍സ് ചാപ്പലിനരികിലേക്ക് നടക്കുമ്പോള്‍ ഗ്രൗണ്ട് സീറോയുടെ ശൂന്യതയിലേക്ക് ഞാന്‍ ഒരിക്കല്‍ക്കൂടി നോക്കി. ഇവിടെ ഒരു വന്‍ദുരന്തത്തിന്റെ സ്മരണകള്‍ അപ്പൂപ്പന്‍താടിപോലെ കാറ്റില്‍ ചിതറി നടപ്പുണ്ട്. ഇവിടെ അമേരിക്കയുടെ ഗര്‍വ് ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണതിന്റെ മുഴക്കം പ്രതിധ്വനിക്കുന്നുണ്ട്.
ഇവിടെ ഒട്ടേറെ കുടുംബങ്ങളുടെ കണ്ണുനീര്‍ ഒഴുകിപ്പടര്‍ന്നിട്ടുണ്ട്.ഇത് ഗ്രൗണ്ട് സീറോ. വീഴ്ചകളില്‍നിന്നും അസാമാന്യ കരുത്തോടെ ഉയര്‍ത്തെണീറ്റ ചരിത്രമാണ് അമേരിക്കയുടേത്. ഇവിടെ സംഭവിക്കാന്‍പോകുന്നതും അതാണ്. രണ്ട് കൂറ്റന്‍ഗോപുരങ്ങള്‍ തകര്‍ന്നുവീണിടത്ത് ഇനി കൂടുതല്‍ ശക്തമായൊരു ഗോപുരമുയരാന്‍ പോകുന്നു. 108 നിലകളുള്ള ടവർ. 69 നിലകളിലായി 2.6 മില്യണ്‍ ചതുരശ്ര അടിയില്‍ ഓഫീസ് ഫ്‌ളോറുകള്‍. 100 ഉം 101 ഉം നിലകളില്‍ റസ്‌റ്റോറന്റുകള്‍. 102-ാം നിലയില്‍ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ഒബ്‌സര്‍വേഷന്‍ ഡെക്ക്. 9 നിലകളില്‍ സാങ്കേതിക സംവിധാനങ്ങള്‍. ഓരോ നിലയെയും ബന്ധപ്പെടുത്തുന്നവിധം നിരവധി ലിഫ്ടുകള്‍. അങ്ങനെ പോകുന്നു പുതിയ ഫ്രീഡം ടവറിന്റെ പ്രത്യേകതകള്‍.
സുരക്ഷയുടെ കാര്യത്തില്‍ പുതു ഗോപുരത്തിന് പ്രത്യേകതകള്‍ ഏറെയുണ്ട്. ഓരോ നിലയിലും ഗോവണികള്‍ക്ക് മൂന്നടി ഘനമുള്ള മേല്‍ക്കവചം. ലിഫ്ടുകളും എസ്‌കലേറ്ററുകളുമെല്ലാം പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെ. അപകടഘട്ടങ്ങളില്‍ അഗ്‌നി ശമന പ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാന്‍ മാത്രംവേണ്ടി പ്രത്യേക ഗോവണികളും ക്രമീകരണങ്ങളും. ഗ്രൗണ്ട് സീറോ കടന്ന്, ചാപ്പല്‍ പിന്നിട്ട് ഞാനും കുര്യാച്ചനും സിറ്റിഹാള്‍ പാര്‍ക്കില്‍ എത്തി ബസ് കാത്തുനില്‍പ്പായി. ഒട്ടുമിക്ക കണ്ടുപിടിത്തങ്ങളിലും ഒന്നാമന്‍മാര്‍ അമേരിക്കക്കാരാണ്. തട്ടിപ്പ്, തന്ത്രങ്ങള്‍ എന്നിവയും കണ്ടുപിടിത്തങ്ങളുടെ കൂട്ടത്തിലുണ്ട്. പൂര്‍ണമായും തട്ടിപ്പെന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും സഞ്ചാരികളെ പിഴിയാനുള്ള ചില വിദ്യകള്‍ ഇവിടെയുണ്ട്. അതിലൊന്നാണ് സൈറ്റ് സീയിംഗിനുള്ള ബസുകളുടെ കാര്യം. നിങ്ങള്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ ഒരു സഞ്ചാരിയായി എത്തിയിരിക്കുകയാണ്. രാവിലെതന്നെ നഗരത്തിലേക്കിറങ്ങിയിരിക്കുന്നു. വിശേഷപ്പെട്ട സ്ഥലങ്ങളൊക്കെ കാണണം. അപ്പോഴാണ് സൈറ്റ് സീയിംഗിനുള്ള ചുവപ്പും നീലയും ബസുകളുടെ വിവരമറിയുന്നത്. നിശ്ചിത തുകയ്ക്കുള്ള ഒരു ടിക്കറ്റെടുത്താല്‍ മതി. ഏതു റൂട്ടിലും യാത്ര ചെയ്യാം. ഏതു സ്‌റ്റോപ്പിലും ഇറങ്ങാം. അവിടെ കാഴ്ചകള്‍ കണ്ട് ചുറ്റിനടന്നശേഷം ഇതേകമ്പനിയുടെ മറ്റൊരു ബസ് എത്തുമ്പോള്‍ അതില്‍ കയറി യാത്ര തുടരാം. രാവിലെ ഏതു തെരുവിലും അഞ്ചുമിനിറ്റ് ഇടവിട്ട് ഇത്തരം വാഹനങ്ങള്‍ തലങ്ങും വിലങ്ങും നീങ്ങുന്നതു കാണാം. ആഹ്ലാദത്തിന് മറ്റെന്തുവേണം. ടിക്കറ്റെടുത്ത് നിങ്ങള്‍ അത്തരമൊരു ബസില്‍ കയറുന്നു. ഉച്ചവരെ പ്രശ്‌നങ്ങളൊന്നുമില്ല. ഏതു സ്‌റ്റോപ്പിലും ഇറങ്ങാം. അഞ്ചോ പത്തോ മിനിട്ട് കഴിയുമ്പോഴേക്കും അടുത്ത ബസ് എത്തും.
എന്നാല്‍ ഉച്ചകഴിയുന്നതോടെ വിധംമാറുകയായി. ഓരോ സ്‌റ്റോപ്പിലും ബസുകാത്ത് അരമണിക്കൂറും ചിലപ്പോള്‍ ഒരു മണിക്കൂറും നില്‍ക്കേണ്ടിവരും. ഇതാണ് ബസുകമ്പനിക്കാരുടെ തന്ത്രം. രാവിലെ പരമാവധി ടിക്കറ്റ് വിറ്റഴിക്കുന്നതിനായി കുറേ ബസുകള്‍ നിരത്തിലിറക്കുന്നു. ഉച്ചകഴിയുന്നതോടെ അവയില്‍ പലതും പിന്‍വലിക്കുന്നു. ഒരു റൂട്ടില്‍ പോകുന്ന ബസില്‍ നാലോ അഞ്ചോ യാത്രക്കാരേ യുള്ളൂവെന്നുകരുതുക. ബസ് ഡ്രൈവര്‍ യന്ത്രത്തകരാറാണെന്നും മറ്റുംപറഞ്ഞ് അവരെ ഏതെങ്കിലുമൊരു സ്‌റ്റോപ്പില്‍ ഇറക്കിവിടും. പിന്നീട് അടുത്ത ബസ് വരുന്നതുവരെ കാത്തുനില്‍ക്കുകയല്ലാതെ മറ്റു പോംവഴികളൊന്നുമില്ലല്ലോ.
ബസുകാരുടെ ഈ തന്ത്രത്തെക്കുറിച്ച് വിവരിക്കാന്‍ കാരണമുണ്ട്. ഗ്രൗണ്ട് സീറോയുടെ അരികില്‍നിന്നും വന്ന എനിക്കും കുര്യാച്ചനും സിറ്റിഹാള്‍ പാര്‍ക്കില്‍ കുറേനേരം ബസുകാത്ത് നില്‍ക്കേണ്ടിവന്നു. ബസ് വന്നപ്പോഴാകട്ടെ അതില്‍ നിറയെ ജനം. പല സ്‌റ്റോപ്പുകളില്‍ കുറേനേരമായി കാത്തുനിന്നിരുന്നവരെല്ലാം ഈ ബസില്‍ കയറിപ്പറ്റിയിരിക്കുകയാണ്.
മറ്റു നിര്‍വാഹമൊന്നുമില്ല. ഞങ്ങള്‍ ബസില്‍ തൂങ്ങിപ്പിടിച്ചുകയറി. മാന്‍ഹാട്ടന്റെ ബിസിനസ് ഡിസ്ട്രക്ടിന്റെ തെക്കേയറ്റത്താണ് ബാറ്ററി പാര്‍ക്ക്. ഇരുപത്തൊന്നേക്കര്‍ വിസ്താരമുള്ള ഒരു നഗരോദ്യാനമാണത്. അതിനടുത്താണ് ഫെറി. അവിടെനിന്ന് ബോട്ടില്‍ കയറിവേണം ലിബര്‍ട്ടി പ്രതിമയുടെ അരികിലെത്താന്‍. കൊമ്പന്‍മീശയും കുടവയറുമുള്ള, ചുവന്നുതുടുത്ത ഒരു തടിയന്‍ സായ്പാണ് ബസ് ഡ്രൈവര്‍. രസികനായ ഒരു മനുഷ്യന്‍. സായ്പുമാരില്‍ തടിയന്‍മാര്‍ സഹൃദയരാണെന്നാണ് എന്റെ പക്ഷം. പലയിടത്തുവച്ചും പരിചയപ്പെട്ടിട്ടുള്ള തടിയന്‍സായ്പുമാരൊക്കെ സൗമനസ്യത്തോടെ സംസാരിക്കുന്നവരും ഉദാരമായി ചിരിക്കുന്നവരുമാണ്. പക്ഷേ മെലിഞ്ഞ് പൊക്കംകൂടിയ സായ്പുമാര്‍ വളരെ ഗൗരവക്കാരാണ്. ഒരു സഞ്ചാരിയെന്ന നിലയില്‍ പലയിടത്തുവച്ചും എനിക്ക് തടിയന്‍ സായ്പുമാരുടെ സഹായം ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ഈ ബസിലെ ഡ്രൈവറും. പിന്നിടുന്ന ഓരോ വഴിയുടെയും പ്രത്യേകതകള്‍ അദ്ദേഹം എനിക്ക് പറഞ്ഞുതന്നു കൊണ്ടിരിക്കുന്നു. ഒറ്റക്കൈയില്‍ തൂങ്ങിനിന്ന് പാതയോരത്തെ കാഴ്ചകള്‍ പകര്‍ത്തിയെടുക്കാന്‍ കഷ്ടപ്പെടുകയായിരുന്നു ഞാന്‍. പക്ഷേ, സരസനായ ആ ഡ്രൈവറുടെ സംസാരം ഹൃദ്യമായിരുന്നു.സീറ്റില്‍ നിറഞ്ഞിരിക്കുകയാണ് ഡ്രൈവര്‍. സ്റ്റിയറിംഗ് വീലില്‍ ചെറിയൊരു മൊട്ട് ഘടിപ്പിച്ചിട്ടുണ്ട്. അതില്‍പ്പിടിച്ചു തിരിച്ചാണ് വാഹനത്തിന്റെ ഗതി നിയന്ത്രിക്കുന്നത്. ഒറ്റക്കൈകൊണ്ടാണ് ഈ പ്രയോഗം. വൈറ്റ് ഹാള്‍ സ്ട്രീറ്റിലാണ് ഞങ്ങള്‍ ബസിറങ്ങിയത്. ബാറ്ററി പാര്‍ക്കിനോടും ഫെറിയോടും ഏറ്റവുമടുത്ത സ്‌റ്റോപ്പാണത്. ഇറങ്ങുമ്പോള്‍ ഫെറി ബില്‍ഡിംഗിലേക്കുള്ള വഴി പറഞ്ഞുതരാന്‍പോലും നല്ലവനായ തടിയന്‍ ഡ്രൈവര്‍ ശ്രദ്ധിച്ചു. ക്ലാസിക് ശൈലിയിലുള്ള കെട്ടിടങ്ങള്‍ നിറഞ്ഞ ഒരു തെരുവാണ് വൈറ്റ് ഹാള്‍ സ്ട്രീറ്റ്.
മധ്യകാലത്തെ യൂേറാപ്യന്‍ നിര്‍മ്മിതികളോട് സാദൃശ്യമുള്ള കെട്ടിടങ്ങളാണ് എല്ലാം. പത്തും ഇരുപതും നിലകളുള്ള കെട്ടിടങ്ങള്‍. ഉരുക്കും കോണ്‍ക്രീറ്റുമെല്ലാമുപയോഗിച്ച് അംബരചുംബികള്‍ പടുത്തുയര്‍ത്തിത്തുടങ്ങുംമുമ്പ് നിര്‍മ്മിച്ചതാണ് വൈറ്റ് ഹാള്‍ സ്ട്രീറ്റിലെ കെട്ടിടങ്ങളിലേറെയും. എന്നാല്‍ ബാറ്ററി പാര്‍ക്കിന്റെ ചുറ്റിലും ആധുനികരീതിയിലുള്ള കൂറ്റന്‍ കെട്ടിടങ്ങള്‍ കാണാം.ഒരുകാലത്ത് മാന്‍ഹാട്ടന്‍ ദ്വീപിലെ തന്ത്രപ്രധാനമായ സൈനികകേന്ദ്രമെന്ന നിലയില്‍ പ്രസിദ്ധമായിരുന്നു ബാറ്ററി പാര്‍ക്ക്. ഇരുപത്തൊന്നേക്കര്‍ വിസ്തൃതിയുള്ള ഒരു ഉദ്യാനമായി ഇത് വികസിപ്പിക്കുന്നതിനു മുമ്പുതന്നെ അവിടെയൊരു മൈതാനവും നടുവില്‍ വൃത്താകാരത്തിലുള്ള ഒരു കോട്ടയുമുണ്ടായിരുന്നു. കോട്ട ഇപ്പോഴും ഇവിടെയുണ്ട്. ആദ്യകാലത്ത് ഡച്ചുകാരും പിന്നീട് ബ്രിട്ടീഷുകാരും മാന്‍ഹാട്ടന്‍ ദ്വീപിനെ സംരക്ഷിക്കാന്‍ സൈനിക കേന്ദ്രം സ്ഥാപിച്ചത് ഇവിടെയാണ്. അന്നൊക്കെ പ്രധാന ആയുധപ്പുര അഥവാ ബാറ്ററി ചെങ്കല്ലുകൊണ്ടുപണിത ചെറിയ കോട്ടയായിരുന്നു. 19-ാം നൂറ്റാണ്ടില്‍ കടലില്‍ മണ്ണിട്ടുനികത്തിയാണ് കോട്ടയുടെ മുന്നില്‍ ഒരു മൈതാനമുണ്ടാക്കിയത്. മാന്‍ഹാട്ടന്‍ വളര്‍ന്നപ്പോള്‍ നഗരജനതയ്ക്ക് സായന്തനം ചെലവിടാന്‍ ഒരു ഉദ്യാനം ആവശ്യമായി വന്നു. അപ്പോള്‍ ഭരണാധികാരികള്‍ ആയുധപ്പുരയുടെ ചുറ്റുമുള്ള മൈതാനത്തില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു. ഇപ്പോള്‍ ചെറുതും വലുതുമായ ഒട്ടേറെ മരങ്ങളും പുല്‍ത്തകിടിയും അതിനിടയിലൂടെ നടപ്പാതകളുമെല്ലാം ബാറ്ററി പാര്‍ക്കിലുണ്ട്.