Connect with us

Travel

ഒരു ദുരന്തത്തിൻ്റെ സമയരേഖ

താളാത്മകമായി ചലിച്ചുകൊണ്ടിരുന്ന ഒരു യന്ത്രം പെട്ടെന്ന് നിശ്ചലമായ അവസ്ഥയായിരുന്നു 2001 സെപ്റ്റംബര്‍ 11ന് ന്യൂയോര്‍ക്കില്‍. വാഹനങ്ങള്‍ നിശ്ചലമായി

 61 total views

Published

on

ഒരു ദുരന്തത്തിൻ്റെ സമയരേഖ

സന്തോഷ് ജോർജ് കുളങ്ങര

താളാത്മകമായി ചലിച്ചുകൊണ്ടിരുന്ന ഒരു യന്ത്രം പെട്ടെന്ന് നിശ്ചലമായ അവസ്ഥയായിരുന്നു 2001 സെപ്റ്റംബര്‍ 11ന് ന്യൂയോര്‍ക്കില്‍. വാഹനങ്ങള്‍ നിശ്ചലമായി. കൂടുതല്‍ ഭീകരമായ എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നെന്ന ആശങ്ക ആളുകളില്‍ പ്രകടമായി. രക്ഷാപ്രവര്‍ത്തകരുടെയും പൊലീസിന്റെയും വാഹനങ്ങള്‍ മാത്രം കാതടപ്പിക്കുന്ന ശബ്ദമുണ്ടാക്കിക്കൊണ്ട് തലങ്ങും വിലങ്ങും പാഞ്ഞു. വലുതും പ്രധാനപ്പെട്ടതുമായ കെട്ടിടങ്ങളില്‍നിന്നെല്ലാം പൊലീസ് ആളുകളെ ഒഴിപ്പിച്ചു.

File:SGKweng.jpg - Wikipediaസ്‌കൂളുകളും ഓഫീസുകളും പ്രവര്‍ത്തനം നിര്‍ത്തി. ദുരന്തത്തില്‍ എത്രപേര്‍ മരിച്ചെന്നും ആരെല്ലാം മരിച്ചെന്നുമറിയാത്ത അവസ്ഥ. വീടുവിട്ടിറങ്ങിയ ഉറ്റവര്‍ക്കുവേണ്ടി ബന്ധുക്കള്‍ ഉത്കണ്ഠയോടെ കാത്തിരുന്നു. പൊലീസ് സ്‌റ്റേഷനുകളിലേക്കും നഗരഭരണ കാര്യാലയത്തിലേക്കുമെല്ലാം ടെലഫോണ്‍ കോളുകള്‍ പ്രവഹിക്കുകയായിരുന്നു. ‘ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ’ തുടങ്ങിയ ഇംഗ്ലീഷ് സിനിമകളില്‍ ന്യൂയോര്‍ക്കിനു മേലെ നടക്കുന്ന ആക്രമണം ചിത്രീകരിച്ചിരുന്നതുകണ്ട് ഒരു കാലത്ത് അമേരിക്കക്കാര്‍ ചിരിച്ചിരുന്നു. ശാന്തസമുദ്രത്തിന്റെയും അറ്റ്‌ലാന്റിക് സമുദ്രത്തിന്റെയും പരിരക്ഷയില്‍ അമേരിക്ക എന്നും സുരക്ഷിതമായിരിക്കുമെന്നാണ് അവര്‍ വിശ്വസിച്ചി രുന്നത്. ആ വിശ്വാസത്തിനേറ്റ തകര്‍ച്ചയുടെ അനുരണനങ്ങള്‍ ഇന്നും അമേരിക്കയിലുണ്ട്. അതിനാലാണ് വിദേശത്തുനിന്നെത്തുന്ന ഏതൊരാളെയും അമേരിക്കക്കാര്‍ ഇന്ന് സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നത്. ഗ്രൗണ്ട് സീറോയുടെ വേലിക്കെട്ട് ഇന്നൊരു പ്രദര്‍ശന കേന്ദ്രം കൂടിയാണ്. ദുരന്തദിനത്തിന്റെ ഓര്‍മ്മകളുണര്‍ത്തുന്ന ധാരാളം ചിത്രങ്ങള്‍ അതില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. എത്ര ആഘാതമേറ്റാലും പെട്ടെന്ന് ഉണര്‍ന്നെണീക്കുകയും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് അമേരിക്കക്കാര്‍ എന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍. കുര്യാച്ചനും ഞാനും കുറേനേരം ആ ചിത്രങ്ങള്‍ കണ്ടുനടന്നു. ചിത്രങ്ങളില്‍ ഒന്നിതാണ്. ഒരാള്‍ ചെറിയൊരു ബോര്‍ഡുമായി തന്റെ വീടിനുമുന്നില്‍ നില്‍ക്കുന്നു. ബോര്‍ഡിലെ ലിഖിതം ഇതാണ്- ഒരാള്‍ക്ക് താമസിക്കാനുള്ള സ്ഥലം ഒഴിവുണ്ട്. ദുരന്തമുണ്ടായപ്പോള്‍ ധാരാളംപേര്‍ തെരുവില്‍ കുടുങ്ങിപ്പോയിരുന്നു. ബസുകളും സബ്‌വേ ട്രെയിനുകളുമെല്ലാം ഓട്ടം നിര്‍ത്തിയതിനാല്‍ ആയിരക്കണക്കിനാളുകളാണ് പെരുവഴിയിലായത്. ആ സമയം നഗരത്തില്‍ വീടുള്ളവര്‍ സേവനസന്നദ്ധരായി. തെരുവില്‍ കുടുങ്ങിപ്പോയവരില്‍ ഒരാളെയെങ്കിലും സുരക്ഷിതമായി താമസിപ്പിക്കാന്‍ കഴിവുള്ളവര്‍ ചെറിയ ബോര്‍ഡുകളുമായി വഴിയരികില്‍ കാത്തുനിന്നു. അത്തരമൊരാളുടെ ചിത്രമാണ് വേലിയില്‍ കണ്ടത്. മറ്റൊരു ചിത്രം: ഒരു യുവാവ്. അയാളുടെ കൈവശവുമുണ്ട് ഒരു പ്ലക്കാര്‍ഡ്.
‘ഒ പോസിറ്റീവ്’ എന്ന് അതിലെഴുതിയിരിക്കുന്നു.

Inside 9/11 - National Geographic Channel - Internationalദുരന്തദിനത്തില്‍ പരിക്കേറ്റവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായി തെരുവിലിറങ്ങിയ ആയിരക്കണക്കിനാളുകളില്‍ ഒരുവനാണ് ചിത്രത്തിലുള്ളത്. ഇങ്ങനെ എത്രയെത്ര കാഴ്ചകള്‍! അഗ്‌നിശമന പ്രവര്‍ത്തകരും പൊലീസുകാരും മെഡിക്കല്‍ സ്റ്റാഫും സാധാരണ പൗരന്‍മാരുമൊക്കെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വീരോചിതമായാണ് പെരുമാറിയത്. രക്തം ദാനം ചെയ്യാനായി ആളുകള്‍ മണിക്കൂറുകളോളം ക്യൂ നിന്നു. ഇതൊക്കെ ഒരുപക്ഷേ അമേരിക്കക്കാരനില്‍ മാത്രം കാണുന്ന ഗുണമാണ്. സെപ്റ്റംബര്‍ 11 ലെ ആക്രമണത്തിനുവേണ്ടി നാലു വിമാനങ്ങളാണ് ഭീകരര്‍ തട്ടിയെടുത്തത്. അതില്‍ രണ്ടെണ്ണം വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങളെ തകര്‍ത്തു. ഒന്ന് പെന്റഗണിന്റെ ഒരു ഭാഗത്തെയും. വൈറ്റ്ഹൗസിനെ ലക്ഷ്യമാക്കി പറന്ന വിമാനത്തിന് ലക്ഷ്യം കാണാനായില്ല. അത് പിറ്റ്‌സ്ബര്‍ഗില്‍ തകര്‍ന്നുവീണു. എങ്ങനെയായിരുന്നു ആ തകര്‍ച്ച? വിമാനം ഹൈജാക്ക് ചെയ്തവര്‍ വൈറ്റ് ഹൗസ് ലക്ഷ്യമാക്കി അത് പറത്തുമ്പോള്‍ യാത്രക്കാരും ഭീകരരും തമ്മില്‍ പിടിവലിയുണ്ടായി. ഇതിനിടയില്‍ വിമാനം നിയന്ത്രണംവിട്ട് പിറ്റ്‌സ്ബര്‍ഗില്‍ വീണ് ചാരമാവുകയും ചെയ്തു. ഈ സംഭവത്തിനു പിന്നിലും അമേരിക്കക്കാരന്റെ ദേശസ്‌നേഹത്തിന്റെ പ്രതിഫലനമുണ്ട്. പിറ്റ്‌സ്ബര്‍ഗില്‍ നിലംപതിക്കുന്നതിനുമുമ്പ് ഒരു യാത്രക്കാരന്‍ വിമാനത്തിലെ ടോയ്‌ലറ്റില്‍നിന്ന് മൊബൈല്‍ ഫോണിലൂടെ തന്റെ ഭാര്യയെ വിളിച്ച് പറഞ്ഞത്രേ. ‘ഞങ്ങള്‍ ഏതായാലും മരിക്കും. അതുകൊണ്ട് ഞങ്ങളാലാവുന്നത് ചെയ്യു കയാണ്.’ ദുരന്തത്തിന്റെ ആദ്യഞെട്ടലില്‍നിന്ന് വിമുക്തരായപ്പോള്‍ ന്യൂയോര്‍ക്കിന്റെ ആബാലവൃദ്ധം തെരുവിലേക്കിറങ്ങി. സെന്റ് പാട്രിക്‌സ് കത്തീഡ്രലിലും യൂണിയന്‍ സ്‌ക്വയറിലുമെല്ലാം ഒത്തുകൂടി അവര്‍ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിച്ചു. മുമ്പെങ്ങും നേരിട്ടിട്ടില്ലാത്ത ഒരടിയന്തരാവസ്ഥയില്‍ അവരുടെ ദേശീയബോധം ഉജ്ജ്വലമായി ഉണര്‍ന്നു.

പലകാര്യങ്ങളിലും അമേരിക്കയെ മാറ്റിചിന്തിപ്പിച്ച സംഭവമാണ് വേള്‍ഡ് ട്രേഡ് സെന്ററിലും പെന്റഗണിലും നടന്ന ആക്രമണം. സുരക്ഷാരംഗത്തെ പിഴവുകളാണ് അമേരിക്കയെ പിടിച്ചുലച്ച ആക്രമണത്തിന് ഏറ്റവും സഹായകമായത്. 2001 സെപ്റ്റംബര്‍ 11 വരെയും ഈ രാജ്യത്തെ വിമാനത്താവളങ്ങളിലൊന്നും കര്‍ശനമായ പരിശോധനകളുണ്ടായിരുന്നില്ല. ഡ്യൂട്ടി ഓഫീസര്‍മാര്‍ക്ക് കുഴപ്പമില്ലെന്നു തോന്നിയാല്‍ ഒരു യാത്രക്കാരന് കത്തിയുമായി വിമാനത്തില്‍ കയറാന്‍ തടസമില്ലായിരുന്നു. ബാഗേജ് പരിശോധന പലയിടത്തും പേരിനുമാത്രമായിരുന്നു നടന്നിരുന്നത്.

World Trade Center - Development, 9/11 Attacks & Rebuilding - HISTORYഎന്നാല്‍ ഇപ്പോള്‍ ആ സംവിധാനമൊക്കെ ആകെ മാറി. അതിന്റെ ഫലം അമേരിക്കന്‍ വിസയ്ക്കായി ചെന്നൈയിലെ കോണ്‍സുലേറ്റില്‍ ചെന്നപ്പോള്‍ മുതല്‍ ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍വരെ ഞാനും അനുഭവിച്ചുകഴിഞ്ഞു. ലോകത്ത് ഏറ്റവും ശക്തവും സജ്ജവുമായ ഇന്റലിജന്‍സ് സംവിധാനമുള്ളത് അമേരിക്കയ്ക്കാണ്. ഓരോ വര്‍ഷവും ഈ രാജ്യം അതിന്റെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കുവേണ്ടി ഇരുപത്തഞ്ച് ബില്യണ്‍ ഡോളറാണ് ചെലവിടുന്നത്. എന്നിട്ടും അവരൊന്നും തീവ്രവാദികളുടെ നീക്കമറിഞ്ഞില്ല. ഒരു ഹോളിവുഡ് ആക്ഷന്‍ ത്രില്ലറിനെ അനുസ്മരിപ്പിക്കുന്നതാണ് 2001 സെപ്റ്റംബര്‍ 11-ല്‍ അമേരിക്കയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണം. അതിനുവേണ്ടി അവര്‍ മാസങ്ങള്‍ നീണ്ട ആസൂത്രണ പരിപാടികള്‍ നടത്തി. ലക്ഷക്കണക്കിന് ഡോളര്‍ സമാഹരിച്ചു. ആത്മഹത്യാ സ്‌ക്വാഡിലേക്ക് ഊര്‍ജ്ജസ്വലരായ യുവാക്കളെ റിക്രൂട്ട് ചെയ്തു. ഒടുവില്‍ ലക്ഷ്യം കാണുകയും ചെയ്തു.
അമേരിക്കയുടെ ദുര്‍ദ്ദിനത്തിന്റെ സമയരേഖ ഒരേസമയം ഉദ്വേഗജനകവും അത്ഭുതകരവുമാണ്. ദുരന്തം നടന്നകാലത്ത് അതു സംബന്ധിച്ച വാര്‍ത്തകളും ചിത്രങ്ങളുമൊക്കെ പത്രങ്ങളില്‍ ധാരാളമായി വന്നിരുന്നു. എന്നാല്‍ ആക്രമണവുമായി ബന്ധപ്പെട്ട സമഗ്രമായ സമയരേഖ അധികമാരും അറിഞ്ഞിരിക്കാനിടയില്ല. തീവ്രവാദികള്‍ ദീര്‍ഘനാളത്തെ തയാറെടുപ്പുകള്‍ക്കുശേഷം നടപ്പാക്കിയ പദ്ധതിയായിരുന്നു അത്. അമേരിക്കയെ മാത്രമല്ല, ലോകത്തെ ഒന്നാകെ ഞെട്ടിച്ച സംഭവം അരങ്ങേറിയത് താഴെപ്പറയുംവിധമായിരുന്നു.

2001 സെപ്റ്റംബര്‍ 11 പുലര്‍ച്ചെ 6:02. വിമാനറാഞ്ചികളിലെ പ്രധാനിയായ മുഹമ്മദ് അത്ത മറ്റൊരു തീവ്രവാദി അബ്ദുള്‍ അസീസ് അല്‍-ഒമാറിയുമൊത്ത് പോര്‍ട്ട്‌ലാന്റിലെ ഇന്റര്‍നാഷണല്‍ ജെറ്റ്‌പോര്‍ട്ടില്‍നിന്നും ബോസ്റ്റണിലെ ലോഗന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി പുറപ്പെടുന്നു.
6:45 അത്തയും ഒമാറിയും ബോസ്റ്റണ്‍ ലോഗണ്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നു.
6:52 മാര്‍വാന്‍ അല്‍-ഷെഹി എന്ന മറ്റൊരു തീവ്രവാദി ഈ സമയം ലോഗന്‍ എയര്‍പോര്‍ട്ടിലെ മറ്റൊരു ടെര്‍മിനലില്‍ കാത്തുനില്‍പ്പുണ്ട്. അയാള്‍ അത്തയെ ഫോണില്‍ വിളിക്കുന്നു. ആക്രമണപദ്ധതിക്ക് പിഴവുകളൊന്നുമില്ലെന്ന് ഉറപ്പാക്കുന്നു. (മാര്‍വാന്‍ അല്‍-ഷെഹിയുടെ നേതൃത്വത്തിലാണ് ആക്രമണത്തിനായി 175-ാം നമ്പര്‍ ഫ്‌ളൈറ്റ് റാഞ്ചിയത്.)
7:35 അത്തയും അല്‍-ഒമാറിയും അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 11-ല്‍ കയറുന്നു.
7.35 അത്തയെയും അല്‍-ഒമാറിയെയും സഹായിക്കാന്‍ ഒരുങ്ങിവന്ന മറ്റ് മൂന്ന് തീവ്രവാദികള്‍കൂടി ഫ്‌ളൈറ്റ് 11-ല്‍ കയറി.
7: 59 അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 11 (ഒരു ബോയിംഗ് 767 വിമാനമാണത്.) നിശ്ചിത സമയത്തേക്കാള്‍ 14 മിനിറ്റ് വൈകി ലോസ് ഏഞ്ചലസ് ലക്ഷ്യമാക്കി പുറപ്പെടുന്നു. അഞ്ച് തീവ്രവാദികള്‍ അതിലുണ്ട്.
8:13 ഫ്‌ളൈറ്റ് 11-ല്‍ നിന്നും ബോസ്റ്റണിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററിലേക്ക് ചട്ടപ്പടിയുള്ള സന്ദേശമെത്തുന്നു.
8:14 ഫ്‌ളൈറ്റ് 11-മായുള്ള വാര്‍ത്താവിനിമയ ബന്ധം നഷ്ടമാകുന്നു. 35,000 അടിയിലേക്ക് ഉയരാനുള്ള എയര്‍ട്രാഫിക് കണ്‍ട്രോള്‍ സെന്ററിന്റെ നിര്‍ദ്ദേശം ഫ്‌ളൈറ്റ് 11 സ്വീകരിക്കുന്നില്ല.
8:15 ബോസ്റ്റണിലെ ലോഗന്‍ എയര്‍പോര്‍ട്ടില്‍ നിന്നും യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 175 ലോസ് ഏഞ്ചലസ് ലക്ഷ്യമാക്കി പുറപ്പെടുന്നു. ടാങ്കില്‍ നിറയെ ഇന്ധനം നിറച്ച ഒരു ബോയിംഗ് 767 വിമാനമാണത്. 56 യാത്രക്കാരും ഒന്‍പത് വിമാനജോലിക്കാരും വിമാനത്തിലുണ്ട്. യാത്രക്കാരില്‍ അഞ്ചുപേര്‍ വിമാനം റാഞ്ചാന്‍ തയാറായി എത്തിയ തീവ്രവാദികളാണ്.
8:19 ഫ്‌ളൈറ്റ് 11 ലെ ബെറ്റി ഓങ് എന്ന ഫ്‌ളൈറ്റ് അറ്റന്റന്റ് എയര്‍ഫോണിലൂടെ അമേരിക്കന്‍ എയര്‍ലൈന്‍സ് അധികൃതരുമായി ബന്ധപ്പെടുന്നു. വിഹ്വലമായ ശബ്ദത്തില്‍ അവര്‍ പറയുന്നു: ‘കോക്പിറ്റുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. ബിസിനസ് ക്ലാസില്‍ ഏതാനുംപേര്‍ക്ക് കുത്തേറ്റിരിക്കുന്നു. ടിയര്‍ ഗ്യാസുപോലുള്ള എന്തോ ഒന്ന് വിമാനത്തില്‍ പരക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ശരിയായി ശ്വാസമെടുക്കാനാവുന്നില്ല. ഞങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെട്ടതായി ഞാന്‍ കരുതുന്നു.’
8:20 ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ ബോസ്റ്റണ്‍ സെന്റര്‍ ഫ്‌ളൈറ്റ് 11 ഹൈജാക്ക് ചെയ്യപ്പെട്ടതായി തീരുമാനത്തിലെത്തുന്നു.
8:20 അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 77 വാഷിംഗ്ടണിലെ ഡാളസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ലോസ് ഏഞ്ചലസ് ലക്ഷ്യമാക്കി പുറപ്പെടുന്നു. ആ ബോയിംഗ് 757 വിമാനത്തില്‍ 58 യാത്രക്കാരും ആറ് ജോലിക്കാരുമുണ്ട്. യാത്രക്കാരില്‍ അഞ്ചുപേര്‍ തീവ്രവാദികളാണ്.
8:21 ഫ്‌ളൈറ്റ് 11-ന്റെ ട്രാന്‍സ്‌പോണ്ടര്‍ സിഗ്‌നല്‍ ഓഫാകുന്നു. എങ്കിലും വിമാനം എയര്‍ട്രാഫിക് കണ്‍ട്രോള്‍ സെന്ററിലെ റഡാറില്‍ ഇടയ്ക്കിടെ ദൃശ്യമാകുന്നുണ്ട്.
8:24 ഫ്‌ളൈറ്റ് 11 ന്യൂയോര്‍ക്ക് സിറ്റിയെ ലക്ഷ്യമാക്കി തിരിയുന്നു. അതില്‍നിന്നുള്ള ചില സംഭാഷണങ്ങള്‍ എയര്‍ട്രാഫിക് കണ്‍ട്രോള്‍ സെന്ററില്‍ ലഭിക്കുന്നു. അതിങ്ങനെയാണ്: ‘ഏതാനും വിമാനങ്ങളുടെ നിയന്ത്രണം ഞങ്ങളുടെ പക്കലാണ്. അനങ്ങാതിരുന്നാല്‍ നിങ്ങള്‍ക്ക് നല്ലത്. നമ്മള്‍ വിമാനത്താവളത്തിലേക്ക് തിരികെ പോവുകയാണ്.’ വിമാനം പറത്തുന്നതിനിടയിലോ മറ്റോ മുഹമ്മദ് അത്ത യാത്രക്കാരോട് പറഞ്ഞ ഈ വാക്കുകള്‍, അയാള്‍ ഏതോ ബട്ടന്‍ തെറ്റായി അമര്‍ത്തിയതിനെത്തുടര്‍ന്നാണ് റേഡിയോവഴി കണ്‍ട്രോള്‍ സെന്ററില്‍ ലഭിച്ചത്. ഏതാനും സെക്കന്റുകള്‍ക്കുശേഷം അത്തയുടെ ശബ്ദം വീണ്ടും മുഴങ്ങി. ‘ആരും അനങ്ങരുത്. ഒരു കുഴപ്പവുമില്ല. ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള നീക്കം നടത്തിയാല്‍ അതുചെയ്യുന്നയാളും ഈ വിമാനവും അപകടത്തിലാവും. എല്ലാവരും അനങ്ങാതിരിക്കുക.’ സെന്ററിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ വിമാനത്തിലെ ഭീഷണി ശ്വാസമടക്കി കേട്ടിരുന്നു.
8:25 ബോസ്റ്റണ്‍ സെന്ററിലെ ഫ്‌ളൈറ്റ് കണ്‍ട്രോളര്‍മാര്‍ ഫ്‌ളൈറ്റ് 11 നെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റ് കണ്‍ട്രോള്‍ സെന്ററുകളിലേക്ക് കൈമാറുന്നു.

വേൾഡ് ട്രേഡ് സെന്ററിൽ സംഭവിച്ചത്

8:34 ഫ്‌ളൈറ്റ് 11 ല്‍ നിന്നുള്ള മറ്റൊരു സംഭാഷണശകലം കണ്‍ട്രോള്‍ സെന്ററിലെ റേഡിയോയില്‍ കേള്‍ക്കുന്നു. ”ആരും അനങ്ങരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമ്മള്‍ വിമാനത്താവളത്തിലേക്ക് മടങ്ങുകയാണ്. മണ്ടത്തരം പ്രവര്‍ത്തിക്കാതിരിക്കുന്നതായിരിക്കും നിങ്ങള്‍ക്ക് നല്ലത്.” ബോസ്റ്റണ്‍ കണ്‍ട്രോള്‍ സെന്റര്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍വഴി കേപ്പ് കോഡിലുള്ള ഓട്ടിസ് എയര്‍ നാഷണല്‍ ഗാര്‍ഡ് ബേസിലേക്ക് ഫ്‌ളൈറ്റ് 11 അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് അറിയിക്കുന്നു.
8:37 ഫ്‌ളൈറ്റ് 11 തങ്ങളില്‍നിന്നും 16 കിലോമീറ്റര്‍ തെക്കായി കാണപ്പെടുന്നുണ്ടെ ന്നുള്ള സന്ദേശം ഫ്‌ളൈറ്റ് 175 ല്‍ നിന്നും കണ്‍ട്രോള്‍ സെന്ററില്‍ ലഭിക്കുന്നു.

Advertisement

8:42 യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 93 ന്യൂ ആര്‍ക്ക് എയര്‍പോര്‍ട്ടില്‍നിന്നും സാന്‍ഫ്രാന്‍സിസ്‌കോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി പുറപ്പെടുന്നു. 37 യാത്രക്കാരും ഏഴ് വിമാനജോലിക്കാരും അതിലുണ്ട്. റണ്‍വേയിലെ തിരക്കുകാരണം 40 മിനിറ്റ് വൈകിയാണ് ആ ബോയിംഗ് 757 വിമാനം യാത്രതിരിക്കുന്നത്. നാല് തീവ്രവാദികള്‍ ആ വിമാനത്തിലും കടന്നുകൂടിയിട്ടുണ്ട്.
8.42 നും 8:46 നുമിടയില്‍ ഫ്‌ളൈറ്റ് 175 ഉം തട്ടിയെടുക്കപ്പെടുന്നു.

8.44 ഫ്‌ളൈറ്റ് 11 ലെ അറ്റന്റന്റ് ആമി സ്വീനി ടെലഫോണിലൂടെ ബോസ്റ്റണിലുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് സര്‍വീസ് ഓഫീസുമായി ബന്ധപ്പെടുന്നു. ‘എന്തോ സംഭവിച്ചിരിക്കുന്നു. ഞങ്ങള്‍ അതിവേഗം താഴ്ന്നുപറക്കുകയാണ്.’ ഒരു മിനിറ്റിനുശേഷം, ഫ്‌ളൈറ്റ് സര്‍വീസ് ഓഫീസില്‍നിന്നും ആമി സ്വീനിയോട് ജനല്‍വഴി പുറത്ത് എന്താണ് കാണുന്നതെന്നു പറയാന്‍ ആവശ്യപ്പെടുന്നു. അവള്‍ പറയുന്നു: ‘ഞാന്‍ ജലം കാണുന്നു. ഞാന്‍ വലിയ കെട്ടിടങ്ങള്‍ കാണുന്നു. ഞാന്‍ കെട്ടിടങ്ങള്‍ കാണുന്നു…’ ഒന്നു നിര്‍ത്തി അവള്‍ തുടര്‍ന്നു: ‘ഞങ്ങള്‍ താഴ്ന്നു പറക്കുകയാണ്. ഞങ്ങള്‍ വളരെ, വളരെ താഴ്ന്നുപറക്കുകയാണ്. ഞങ്ങളിപ്പോള്‍ വളരെ താഴെയെത്തിയിരിക്കുന്നു.’ സെക്കന്റുകള്‍ കഴിഞ്ഞപ്പോള്‍ ആ യുവതിയുടെ പതിഞ്ഞ ശബ്ദം കേട്ടു: ‘ഓ, എന്റെ ദൈവമേ’ ഈ വിളി അവസാനിച്ചതോടൊപ്പം ഭീകരമായൊരു പൊട്ടിത്തെറിയുടെ ശബ്ദം മുഴങ്ങുന്നു. പ്രകമ്പനം കൊള്ളിച്ച ഒരു ശബ്ദം.

8:46 ഫ്‌ളൈറ്റ് 11 വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങളില്‍ വടക്കുഭാഗത്തുള്ളതിന്റെ 94-98 നിലകള്‍ക്കിടയിലേക്ക് ഇടിച്ചുകയറുന്നു. 110 നിലകളുള്ള ഗോപുരത്തിന്റെ മുകള്‍നില മുതല്‍ അടിത്തട്ടുവരെ ഒന്നുലയുന്നു. വിമാനത്തിലെ ഇന്ധനം ഭീകരമായ തീപിടിത്തത്തിന് കാരണമായി. വിമാനം ഇടിച്ചുകയറിയതിന്റെ മുകള്‍നിലയിലുള്ള നിലകളിലെ ആളുകള്‍ കോണിപ്പടികളിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. പക്ഷേ, ആര്‍ക്കും അതിന് കഴിയുന്നില്ല.

8:46 മസാച്ചുസെറ്റ്‌സിലെ ഓട്ടിസ് എയര്‍ഫോഴ്‌സ് ബേസില്‍ രണ്ട് എഫ്- 15 യുദ്ധവിമാനങ്ങള്‍ ഫ്‌ളൈറ്റ് 11-ന്റെ ഗതിയെ തടസപ്പെടുത്താന്‍ ഒരുങ്ങുന്നു. എന്നാല്‍ ഫ്‌ളൈറ്റ് 11ലെ ട്രാന്‍സ്‌പോണ്ടര്‍ ഓഫായതിനാല്‍ വിമാനം എവിടെയാണെന്ന് കണ്ടെത്താനാവുന്നില്ല. നോര്‍ത്ത് അമേരിക്കന്‍ എയ്‌റോ സ്‌പേസ് ഡിഫന്‍സ് കമാന്‍ഡിലെ ഉദ്യോഗസ്ഥര്‍ ഫ്‌ളൈറ്റ് 11 നെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയോടെ റഡാര്‍ സ്‌ക്രീനില്‍ കണ്ണുംനട്ടിരിപ്പാണ്.
8:46 നും 10:29 നുമിടയില്‍ വടക്കേ ഗോപുരത്തിന്റെ മുകള്‍നിലയില്‍ കുടുങ്ങിപ്പോയവരില്‍ നൂറിലേറെപ്പേര്‍ (ഈ സംഖ്യ 250 വരെയാകാമെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍) രക്ഷയ്ക്കായി താഴേക്ക് ചാടുന്നു. അവരെല്ലാം താഴെ കോണ്‍ക്രീറ്റ് തറയില്‍ വീണ് ദാരുണമായി മരിച്ചു. അഗ്‌നിശമനസേനയിലെ ഡാനിയല്‍ സുര്‍ എന്നയാള്‍ കെട്ടിടത്തിനു ചുവട്ടില്‍ നില്‍ക്കുകയായിരുന്നു. മുകളില്‍നിന്നു ചാടിയ ഒരാള്‍ ഇദ്ദേഹത്തിനുമേലാണ് വന്നുവീണത്. ഡാനിയലും മരിച്ചു. കെട്ടിടത്തില്‍നിന്ന് കട്ടിയുള്ള പുക ഉയര്‍ന്നുകൊണ്ടിരുന്നതിനാല്‍ ഹെലികോപ്ടര്‍ കെട്ടിടത്തിനു മുകളിലിറക്കി ആളുകളെ രക്ഷിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു.

8.48 വേള്‍ഡ് ട്രേഡ് സെന്റര്‍ ദുരന്തത്തെക്കുറിച്ചുള്ള ആദ്യ ടെലിവിഷന്‍ റിപ്പോര്‍ട്ടു പുറത്തുവരുന്നു. ഡബ്ല്യൂ.എന്‍.വൈ.ഡബ്ല്യൂ എന്ന ചാനലാണ് ഇത് പുറത്തുവിടുന്നത്. വടക്കേ ഗോപുരത്തില്‍ വിമാനമിടിച്ച് രണ്ടുമിനിറ്റ് കഴിയുന്നതിനകം വാര്‍ത്ത ടെലിവിഷനിലൂടെയെത്തി. ഡബ്ല്യൂ.എന്‍.വൈ.ഡബ്ല്യൂവിന് വളരെ യാദൃച്ഛികമായാണ് വാര്‍ത്ത ലഭിക്കുന്നത്. ന്യൂയോര്‍ക്കിന്റെ മേയറല്‍ പ്രൈമറി ഇലക്ഷനുമായി ബന്ധപ്പെട്ട് ഇവരുടെ ക്യാമറ ടീം അതിരാവിലെതന്നെ നഗരത്തിലേക്കിറങ്ങിയിരുന്നു. ചാനലിന്റെ റിപ്പോര്‍ട്ടര്‍ ഡിക് ഒളിവര്‍ വാര്‍ത്താ അവതാരകന്‍ ജിം റിയാനോട് പറയുന്ന വാക്കുകള്‍ മാത്രമാണ് ടി.വിയിലൂടെ എത്തിയത്. അതിങ്ങനെയാണ്: ‘ജിം, ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് ഒരു വിമാനം വേള്‍ഡ് ട്രേഡ് സെന്ററിന്റെ തെക്കന്‍ ഗോപുരത്തില്‍ ഇടിച്ചുകയറി.’ (വടക്കേ ഗോപുരം എന്നതിനുപകരം തെക്കേ ഗോപുരമെന്ന് തെറ്റായാണ് റിപ്പോര്‍ട്ടര്‍ പറയുന്നത്.)

8:49 വേള്‍ഡ് ട്രേഡ് സെന്റര്‍ ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ ആദ്യമായി ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്നു. സി.എന്‍.എന്‍ ആണ് ഇത് സംപ്രേഷണം ചെയ്യുന്നത്. ദൃശ്യത്തോടൊപ്പം സി.എന്‍.എന്‍ അവതാരകന്‍ കരോള്‍ ലിന്‍ പറയുന്നു: ‘ഇപ്പോള്‍ കിട്ടിയത്, മനസുലയ്ക്കുന്ന ഒരു ദൃശ്യമാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അത് വേള്‍ഡ് ട്രേഡ് സെന്ററാണ്. ഇന്നുരാവിലെ ഒരു വിമാനം ഇടിച്ചുകയറിയാണ് അതിന് തീപിടിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. യഥാര്‍ത്ഥ സംഭവം എന്താണെന്നറിയാന്‍ സി.എന്‍.എന്‍ സംഭവസ്ഥലത്തുള്ളവരുമായി ബന്ധപ്പെട്ടുവരി കയാണ്.’
ഇതേസമയം ബി.ബി.സിയുടെ ന്യൂസ് വെബ്‌സൈറ്റും സജീവമായി. അതില്‍ തീപിടിച്ച വടക്കന്‍ ഗോപുരത്തിന്റെ ചിത്രവുമുണ്ട്. ഏതാനും മിനിറ്റുകള്‍ക്കകം, വിമാനമിടിച്ചാണ് ട്രേഡ് സെന്റര്‍ കെട്ടിടത്തിന് തീപിടിച്ചതെന്ന് ബി.ബി.സി വാര്‍ത്ത ‘അപ്‌ഡേറ്റ്’ ചെയ്യപ്പെടുന്നു.
8:50 ഫ്‌ളൈറ്റ് 77 ഉം റാഞ്ചികള്‍ തട്ടിയെടുക്കുന്നു.
8:51 ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനിലെ ഒരു ഫ്‌ളൈറ്റ് കണ്‍ട്രോളര്‍ ഫ്‌ളൈറ്റ് 77ലെ ട്രാന്‍സ്‌പോണ്ടര്‍ കോഡ് രണ്ടുതവണ മാറ്റിയതായി കണ്ടെത്തുന്നു. ഫ്‌ളൈറ്റുമായി ബന്ധപ്പെടാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
8:52 ഫ്‌ളൈറ്റ് 175 ലെ ഒരു അറ്റന്റഡ് സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് ഓഫീസിലേക്കു വിളിച്ച് വിമാനം തീവ്രവാദികള്‍ തട്ടിയെടുത്തതായി അറിയിക്കുന്നു. അയാള്‍ പറയുന്നു: ‘രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടു. ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റിന് കുത്തേറ്റു. റാഞ്ചികളാണ് ഇപ്പോള്‍ വിമാനം പറത്തുന്നത്.’
8:53 ഓട്ടിസ് എയര്‍ഫോഴ്‌സ് ബേസില്‍ നിന്നും എഫ്-15 വിമാനങ്ങള്‍ ഉയരുന്നു. ഫ്‌ളൈറ്റ് 11 ന്റെ ഗതി തടസപ്പെടുത്തുന്നതിനുള്ള തയാറെടുപ്പുകളുമായി അവയെ ലോംഗ് ഐലന്റില്‍ സൈന്യത്തിന്റെ നിയന്ത്രണമുള്ള എയര്‍ സ്‌പേസിലേക്കാണയയ്ക്കുന്നത്. പക്ഷേ, ഇതിനു മുന്‍പേതന്നെ ഫ്‌ളൈറ്റ് 11 ഡബ്ല്യു.ടി.സി ഗോപുരത്തില്‍ ഇടിച്ചുകയറിയ കാര്യം ഉദ്യോഗസ്ഥര്‍ അറിയുന്നില്ല.
8:54 ഫ്‌ളൈറ്റ് 77 അതിന്റെ അനുവദനീയമായ വ്യോമപാത വിട്ട് ഒഹിയോയുടെ തെക്കന്‍ ഭാഗത്തേക്ക് തിരിയുന്നു.
8:55 വേള്‍ഡ് ട്രേഡ് സെന്ററിന്റെ തെക്കന്‍ ഗോപുരത്തിലെ എല്ലാ നിലകളിലും ഘടിപ്പിച്ചിട്ടുള്ള ഉച്ചഭാഷിണികളിലൂടെ ഒരു അറിയിപ്പുവരുന്നു. തെക്കന്‍ കെട്ടിടം സുരക്ഷിതമാണെന്നും ഓഫീസ്‌വിട്ട് പുറത്തിറങ്ങിയവര്‍ തങ്ങളുടെ സീറ്റുകളിലേക്ക് വരണമെന്നുമാണ് അറിയിപ്പ്. ഓഫീസുകളില്‍നിന്നും ഇടനാഴികളിലും ബാല്‍ക്കണികളിലും ഇറങ്ങിനിന്ന പലരും അറിയിപ്പ് കേള്‍ക്കുന്നില്ല. മറ്റുചിലര്‍ അറിയിപ്പിനെ അവഗണിച്ച് ഏതുവിധേനയും പുറത്തുകടക്കാനുള്ള തത്രപ്പാടിലാണ്. മറ്റുള്ളവര്‍ കെട്ടിടത്തിലെ പൊതുസ്ഥലങ്ങളില്‍ തടിച്ചുകൂടിനിന്നു.
8:55 പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇപ്പോള്‍ ഫ്‌ളോറിഡയിലെ സരസോതയിലുള്ള എമ്മ ഇ. ബുക്കര്‍ എലിമെന്ററി സ്‌കൂളിലാണ്. തന്റെ ഭരണകൂടത്തിന്റെ വിദ്യാഭ്യാസ നയങ്ങളുടെ ഭാഗമായി ചട്ടപ്പടിയുള്ള ഒരു സന്ദര്‍ശനമാണിത്. ഈ സമയം കൂടെയുണ്ടായിരുന്ന ഉപദേഷ്ടാവ് കാള്‍ റോഫ്, ഇരട്ട എഞ്ചിനുള്ള ഒരു വിമാനം വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഒരു കെട്ടിടത്തില്‍ ഇടിച്ചുതകര്‍ന്നതായി ബുഷിനെ അറിയിച്ചു. ബുഷ് ഉടനെ വൈറ്റുഹൗസിലുള്ള ദേശീയസുരക്ഷാ ഉപദേഷ്ടാവ് കോണ്ടലിസ റൈസുമായി ഇക്കാര്യം സംസാരിച്ചു. ഇടിച്ചത് കൊമേഴ്‌സ്യല്‍ എയര്‍ക്രാഫ്റ്റാണെന്ന് റൈസ് ബുഷിനെ അറിയിച്ചു.
8:56 ഫ്‌ളൈറ്റ് 77 ന്റെ ട്രാന്‍സ്‌പോണ്ടര്‍ ഓഫായതിനാല്‍ അതിന് റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുന്നു. അതിനാല്‍ വിമാനം തെക്കന്‍ഭാഗം ലക്ഷ്യമാക്കി തിരിഞ്ഞത് മനസ്സിലാക്കാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് കഴിയുന്നില്ല. വാഷിംഗ്ടണ്‍ ഡി.സി ലക്ഷ്യമാക്കി പറക്കുന്ന ഈ വിമാനത്തെക്കുറിച്ച് അടുത്ത 36 മിനിറ്റുകളില്‍ യാതൊരു വിവരവും ലഭിക്കുന്നില്ല.
8:58 ഫ്‌ളൈറ്റ് 175 ന്യൂയോര്‍ക്ക് നഗരത്തെ ലക്ഷ്യമാക്കി പറക്കുന്നു.
9.00 കണക്ടിക്കട്ടില്‍ താമസിക്കുന്ന ലീ ഹാന്‍സണ്‍ എന്നയാള്‍ക്ക് ഫ്‌ളൈറ്റ് 175-ല്‍ സഞ്ചരിക്കുന്ന മകന്‍ പീറ്ററില്‍നിന്നും രണ്ടാമത്തെ സന്ദേശം ലഭിക്കുന്നു. ‘സ്ഥിതി മോശമാവുകയാണ്, ഡാഡ്. വിമാനത്തിലെ ഒരു സ്റ്റിയൂവാര്‍ഡിന് കുത്തേറ്റു. അവരുടെ (റാഞ്ചികളുടെ) കൈവശം കത്തിയും ടിയര്‍ ഗ്യാസുമൊക്കെയുണ്ട്. വിമാനം ചാഞ്ചാട്ടത്തോടെയാണ് നീങ്ങുന്നത്. യാത്രക്കാരൊക്കെ ഭയന്നിരിക്കുകയാണ്. പൈലറ്റല്ല ഇപ്പോള്‍ വിമാനം പറത്തുന്നതെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ വിമാനം ചിക്കാഗോയിലേക്ക് പറത്താന്‍ ശ്രമിക്കുകയാണെന്ന് തോന്നുന്നു. പക്ഷേ ഇതൊരു കെട്ടിടത്തിനു നേരെയാണ് നീങ്ങുന്നത്. വിഷമിക്കാതിരിക്കൂ, ഡാഡ്. അതു സംഭവിക്കുകയാണെങ്കില്‍ വളരെ പെട്ടെന്നായിരിക്കും. എന്റെ ദൈവമേ, എന്റെ ദൈവമേ…’ ഫോണ്‍ ഡിസ്‌കണക്ടാവുമ്പോള്‍ ലീ ഹാന്‍സണ്‍ അവസാനമായി കേട്ടത് ഒരു സ്ത്രീയുടെ നിലവിളിയാണ്.

സന്തോഷ് ജോർജ് കുളങ്ങരയുടെ പുസ്തകങ്ങൾ വാങ്ങാൻ സന്ദർശിക്കുക: https://www.safaritvchannel.com/buy…/buy-safari-tv-books

Advertisement

 62 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema1 day ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment1 day ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Advertisement