Connect with us

house

പല കഷണങ്ങളായി വാങ്ങിക്കൊണ്ടുപോകുന്ന വീടുകൾ

റോഡരികില്‍ ഇരുഭാഗത്തും കാറുകള്‍ നിരന്നുകിടക്കുന്നു. പുല്‍ത്തകിടിക്കു നടുവില്‍ പ്രത്യേക ആകൃതിയുള്ള വീടുകള്‍. ഫ്‌ളോറല്‍ പാര്‍ക്ക് എന്ന റസിഡന്‍ഷ്യല്‍ ഏരിയയിലൂടെ കടന്നുപോകുമ്പോള്‍

 78 total views,  1 views today

Published

on

പല കഷണങ്ങളായി വാങ്ങിക്കൊണ്ടുപോകുന്ന വീടുകൾ
(അമേരിക്കൻ സഞ്ചാരം )

സന്തോഷ് ജോർജ് കുളങ്ങര (Safari TV)

റോഡരികില്‍ ഇരുഭാഗത്തും കാറുകള്‍ നിരന്നുകിടക്കുന്നു. പുല്‍ത്തകിടിക്കു നടുവില്‍ പ്രത്യേക ആകൃതിയുള്ള വീടുകള്‍. ഫ്‌ളോറല്‍ പാര്‍ക്ക് എന്ന റസിഡന്‍ഷ്യല്‍ ഏരിയയിലൂടെ കടന്നുപോകുമ്പോള്‍ എന്നെ ആകര്‍ഷിച്ചത് അവിടുത്തെ ആസൂത്രണത്തികവും ഗ്രാമ്യഭംഗിയുമാണ്.
ഇവിടെ റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതാണ് കൂടുതല്‍ സുരക്ഷിതം. വീടുകളിലേക്കും ഗാരേജിലേക്കുമുള്ള വഴി തടസ്സപ്പെടുത്താതെ റോഡരികില്‍ ആര്‍ക്കും എവിടെവേണമെങ്കിലും കാറുകള്‍ നിര്‍ത്തിയിടാം. മഞ്ഞുകാലത്തേ ഇവിടെയുള്ള താമസക്കാര്‍ വാഹനം ഗാരേജില്‍ കയറ്റിയിടൂ. മറ്റു സമയങ്ങളിലെല്ലാം റോഡരികില്‍ നിരനിരയായിക്കിടക്കുന്ന കാറുകള്‍ ഇവിടത്തെ സ്ഥിരം കാഴ്ചയായിരിക്കും.

May be an image of outdoors and treeറോഡിന്റെ ഇരുവശങ്ങളും അവസാനിക്കുന്നിടത്ത് മുക്കാല്‍ അടി ഉയരമുള്ള ഒരു കോണ്‍ക്രീറ്റ് തിട്ടയുണ്ടാവും. അതിനു മുകളില്‍ ഒരു മീറ്റര്‍ വീതിയില്‍ നല്ല പുല്‍ത്തകിടി. പുല്‍ത്തകിടിയില്‍ ഒരേ അകലത്തില്‍ നട്ടുവളര്‍ത്തുന്ന ഒരേ ഉയരമുള്ള മരങ്ങള്‍. നഗരസഭാ ജീവനക്കാര്‍ മരങ്ങള്‍ കൃത്യമായി പ്രൂണ്‍ ചെയ്ത് നിര്‍ത്തിയിരിക്കുകയാണ്. വേനല്‍ക്കാലത്ത് ഈ മരങ്ങളെല്ലാം പൂത്തുലഞ്ഞ് പുല്‍ത്തകിടിയിലേക്ക് പൂക്കള്‍ ഉതിര്‍ത്തിട്ടുകൊണ്ട് നില്‍ക്കും. മഞ്ഞുകാലത്താവട്ടെ അവ ഇലപൊഴിച്ച് അസ്ഥിപഞ്ജരങ്ങളെപ്പോലെയാകുന്നു. പുല്‍ത്തകിടിക്കപ്പുറം ഒന്നര മീറ്റര്‍ വീതിയില്‍ സൈഡ് വാക്ക് അഥവാ നടപ്പാതയാണ്. ഈ പാതയും പുല്‍ത്തകിടിയുമൊക്കെ വൃത്തിയായി സംരക്ഷിക്കേണ്ട ചുമതല അതിനു പിന്നിലുള്ള വീട്ടിലെ താമസക്കാര്‍ക്കാണ്. മഞ്ഞുകാലത്ത് അതില്‍ വീണുകിടക്കുന്ന ഐസൊക്കെ അവര്‍ നീക്കം ചെയ്യണം. സൈഡ് വാക്ക് കഴിഞ്ഞാല്‍ വീടിന്റെ തറവരെയും സുന്ദരമായ പുല്‍ത്തകിടിയാണ്. നന്നായി വെട്ടിയൊതുക്കിയ ലോണ്‍. അതങ്ങനെ സംരക്ഷിക്കേണ്ടത് വീട്ടുടമയുടെ ബാധ്യതയാണ്. പുല്‍ത്തകിടി ഒരുക്കുന്ന ജോലി വീട്ടുകാര്‍ക്ക് സ്വയം ചെയ്യാം. അല്ലെങ്കില്‍ തൊഴിലാളികള്‍ക്ക് കരാര്‍ നല്‍കാം. മാസത്തിലൊന്ന് വീടിനു മുന്നിലെ ലോണ്‍ വെട്ടിയൊതുക്കി ഭംഗിയാക്കിവെക്കുന്നതിന് ഏകദേശം നൂറ് ഡോളറാണ് മെക്‌സിക്കന്‍ തൊഴിലാളികളുടെ കൂലി. എല്ലാ വീടുകളുടെയും ഏതെങ്കിലുമൊരുവശത്ത് ഒരു ഗാരേജുണ്ടാവും. അവിടേക്ക് പത്തടി വീതിയില്‍ ഒരു വഴിയും. ഈ വഴിയുടെ മുന്നിലും മറ്റുള്ളവര്‍ കാറുകള്‍ പാര്‍ക്കുചെയ്യാന്‍ പാടില്ല. ഗാരേജ് വീടുകളുടെ പിന്‍ഭാഗത്തോ വശങ്ങളിലോ ആയിരിക്കും. വീടിനു പിന്നില്‍ ചെറിയ മുറ്റം സാധാരണയാണ്. മലയാളികളാണെങ്കില്‍ ആ മുറ്റത്ത് ചീരയോ പാവലോ നടും. മറ്റുള്ളവര്‍ അത് കളിസ്ഥലമായോ വസ്ത്രമുണക്കുന്നതിനുള്ള ഭാഗമായോ ഉപയോഗപ്പെടുത്തും. വീടിന്റെ പിന്‍ഭാഗത്തുകൂടിയാണ് ടെലഫോണ്‍, ടി.വി. കേബിളുകളൊക്കെ വരിക. തലങ്ങുംവിലങ്ങും വയറുകള്‍ വലിച്ചുകെട്ടി വീടിന്റെ മുന്‍ഭാഗം വൃത്തികേടാക്കില്ലെന്ന് സാരം. വെറൈസണ്‍ കമ്പനിയാണ് കുര്യാച്ചന്റെ വീട്ടിലെല്ലാം കേബിള്‍ കണക്ഷന്‍ നല്കിയിരിക്കുന്നത്. ടി.വി, ടെലഫോണ്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങളൊക്കെ ഒറ്റ കേബിള്‍വഴിയാണ് അവര്‍ എത്തിക്കുന്നത്. വീടുകള്‍ക്കു മുന്നിലുള്ള സൈഡ് വാക്കിനടിയിലൂടെ വലിയ പൈപ്പുകള്‍ കടന്നുപോകുന്നുണ്ട്. എല്ലാ വീടുകളുടെയും ടോയ്‌ലറ്റില്‍നിന്നുള്ള പൈപ്പുകള്‍ അതിലാണ് ചെന്നുചേരുക. ഓരോ വീടിനും ഒരു സെപ്റ്റിക് ടാങ്ക് എന്ന സങ്കല്പം ഇവിടെയില്ല.

യു.എസ് ഗ്രാമങ്ങളിലെ വീടുകളൊക്കെ താരതമ്യേന ചെറുതാണെന്നു തോന്നും. എന്നാല്‍ ഇവയുടെയെല്ലാം ഉള്‍ഭാഗത്ത് സൗകര്യങ്ങളെല്ലാമുണ്ടായിരിക്കും. മിക്ക വീടുകള്‍ക്കും മൂന്നു നിലയുണ്ട്. ഭൂനിരപ്പില്‍ ഒരു നില. അതിനു താഴെയും മുകളിലും ഓരോ നിലവീതം. ചെലവുകുറഞ്ഞ നിര്‍മ്മാണരീതിയാണ് ഇവിടെയുള്ളവര്‍ അവലംബിക്കുന്നത്. വീടിന്റെ വളരെ ചെറിയൊരു ഭാഗത്തുമാത്രമേ ചുടുകട്ടയോ കല്ലോ ഉപയോഗിക്കുന്നുള്ളൂ. ബാക്കി ഭാഗമെല്ലാം മരംകൊണ്ടുള്ളതാണ്. തറയും മുറികളുടെ ഇടഭിത്തിയുമൊക്കെ പ്ലൈവുഡ് കൊണ്ടാണ് നിര്‍മ്മിക്കുന്നത്. ഭംഗിയായി ഇന്റീരിയര്‍ ഡെക്കറേഷന്‍ നടത്തുന്നതിനാല്‍ വീടിന്റെ ഓരോ ഭാഗവും മനോഹരമാണുതാനും. ഭിത്തികളില്‍ വലിയ നാലുചിത്രങ്ങള്‍ കൂടി തൂക്കുന്നതോടെ ഗാംഭീര്യം കൂടുകയായി. പുറംഭിത്തികളില്‍ പതിക്കാന്‍ പ്രത്യേകതരം അലുമിനിയം ഷീറ്റുകള്‍ ലഭിക്കും. അത് ഭംഗിയായി സ്‌ക്രൂ ചെയ്ത് ഉറപ്പിക്കുന്നതോടെ വീടിന്റെ മോടി ഒന്നുകൂടി കൂടുന്നു. മരങ്ങള്‍ക്കിടയിലൂടെ പുല്‍ത്തകിടിക്കു നടുവില്‍ നില്‍ക്കുന്ന വീടുകള്‍ക്ക് കാല്‍പ്പനികമെന്നു തോന്നുന്ന ഒരു ചന്തമുണ്ട്. കനംകുറഞ്ഞ വസ്തുക്കള്‍കൊണ്ടാണ് വീടുനിര്‍മ്മാണം. അതുകൊണ്ടാണ് ‘കത്രീന’യും ‘റീത്ത’യുമൊക്കെ ഒന്നു വീശിയടിക്കുമ്പോള്‍ അമേരിക്കന്‍ വീടുകള്‍ കടലാസുപെട്ടികള്‍ പോലെപറന്നുപോകുന്നത് നാം കാണുന്നത്.

ഒന്നോ രണ്ടോ ആഴ്ചകൊണ്ട് അമേരിക്കയില്‍ ഒരു വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും. അതില്‍ വൈദഗ്ധ്യമുള്ള വിവിധകമ്പനികള്‍ ഇവിടെയുണ്ട്. ‘ഹോം ഡിപ്പോ’ എന്ന കമ്പനി ഇപ്പോള്‍ ലോകപ്രശസ്തമാണ്. അറ്റ്‌ലാന്റയ്ക്കടുത്തുള്ള വിനിംഗ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോം ഡിപ്പോയ്ക്ക് അമേരിക്കന്‍ നഗരങ്ങളില്‍ രണ്ടായിരത്തിലേറെ ഷോറൂമുകളുണ്ട്. അവിടെ ചെന്നാല്‍ ഒരു വീട് പല കഷണങ്ങളാക്കി നമുക്ക് വാങ്ങിക്കൊണ്ടുപോകാം. ടോയ്‌ലറ്റ്, കിച്ചണ്‍, ലിവിങ് റൂം എന്നിങ്ങനെ ഒരു വീടിനുവേണ്ട എല്ലാ ഭാഗങ്ങളും ഹോം ഡിപ്പോയിലുണ്ടാവും. അത് പല വലിപ്പത്തിലും വിലയിലുമുള്ളതുണ്ട്. ഈ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ സേവനവും ഹോം ഡിപ്പോ നല്‍കുന്നു. പലതരം വീടുകളുടെ പ്ലാന്‍ ഷോറൂമില്‍ നിന്ന് ലഭിക്കുന്നതിനാല്‍ ബജറ്റിനനുസരിച്ചുള്ള വീട് വാങ്ങിക്കൊണ്ടുപോകാന്‍ ഉപഭോക്താവിന് സൗകര്യം ലഭിക്കുന്നു. മൂന്നരലക്ഷം ജീവനക്കാരാണ് ഹോം ഡിപ്പോയ്ക്കുള്ളത്. വീടിന്റെ ഓരോ ഭാഗവും നിര്‍മ്മിക്കുന്നവര്‍ മുതല്‍ അവയെല്ലാം കൂട്ടിയിണക്കി വീട് പൂര്‍ണരൂപത്തിലാക്കുന്നവര്‍വരെ ഇതിലുള്‍പ്പെടുന്നു. ഇത്തരം റെഡിമെയ്ഡ് വീട് സംസ്‌കാരം യൂറോപ്പിലും ഓസ്‌ട്രേലിയയിലുമൊക്കെ ഇപ്പോള്‍ സാധാരണമായിക്കഴിഞ്ഞു. ഹോം ഡിപ്പോതന്നെ കാനഡയിലും മെക്‌സിക്കോയിലും ധാരാളം ഷോറൂമുകള്‍ തുറന്നിട്ടുണ്ട്. ചൈനയിലും ഹോം ഡിപ്പോ വീടുകള്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. അമേരിക്കയിലെ റെഡിമെയ്ഡ് വീടുകളെല്ലാം വളരെ ശാസ്ത്രീയമാണെന്നാണ് കുര്യാച്ചന്‍ പറയുന്നത്. കോണ്‍ക്രീറ്റിന്റെയും ഇരുമ്പുഗ്രില്ലുകളുടെയുമൊന്നും ബലം ഇവിടുത്തെ താമസക്കാര്‍ക്ക് ആവശ്യമില്ല. ജീവിതകാലം മുഴുവന്‍ ജോലിചെയ്ത് സമ്പാദിക്കുന്ന പണം ഒരു വീടുപണിയാന്‍ ചെലവഴിക്കേണ്ടതാണെന്ന ചിന്തയും ഇവിടത്തുകാര്‍ക്കില്ല. പക്ഷേ, വേെറാരു കാര്യമുണ്ട്. അമേരിക്കയില്‍ ഇത്തരം ചെറുവീടുകളില്‍ കഴിയുന്ന മലയാളികള്‍ നാട്ടിലെത്തുമ്പോള്‍ ആദ്യം ചെയ്യുന്നത് ആഡംബരത്വമാര്‍ന്ന കൂറ്റനൊരു വീട് നിര്‍മ്മിക്കുകയാണ്. ‘അത് അമേരിക്കക്കാരന്റെ വീടാണ്’ എന്ന് നാലാള്‍ പറയണമെന്ന ഒരാഗ്രഹം അവരെ മഥിക്കുന്നുണ്ട്. അമേരിക്കക്കാരുടെ എത്രയെത്ര വീടുകളാണ് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ആളൊഴിഞ്ഞുകിടക്കുന്നത്! ‘മലയാളിക്ക് നാട്ടിലെത്തുമ്പോള്‍ മാത്രമല്ല വലിയ വീടിനെക്കുറിച്ചുള്ള ചിന്തയുണരുന്നത്. ഇവിടെയും കാശ് ഒത്തുവന്നാല്‍ അവനത് പ്രയോഗിക്കും’- കുര്യാച്ചന്‍ പറഞ്ഞു.

എനിക്കത് പുതിയ അറിവായിരുന്നു. സായ്പിനെ വെല്ലുന്നവിധം ഒരു മലയാളി യുണ്ടാക്കിയ വീട് കാണിച്ചുതരാമെന്നുപറഞ്ഞ് കുര്യാച്ചന്‍ കാര്‍ വേറൊരു വഴിയിലൂടെ വിടാന്‍ എല്‍സമ്മയ്ക്ക് നിര്‍ദ്ദേശം നല്‍കി.സംഗതി സത്യം. മതില്‍ക്കെട്ടിനകത്ത് വലിയൊരു കോണ്‍ക്രീറ്റ് വീട്. ഇരുപതു സെന്റ് സ്ഥലത്ത് നിറഞ്ഞുനില്‍ക്കുകയാണത്. പന്ത്രണ്ടുലക്ഷം ഡോളറിനുമേലെ യാണ് അതിന്റെ നിര്‍മ്മാണച്ചെലവെന്നാണ് കുര്യാച്ചന്‍ വിശദീകരിച്ചത്. എട്ട് ബെഡ് റൂമുകളുള്ള വീട്ടില്‍ താമസിച്ചിരുന്നത് നാലുപേരാണ്. അച്ഛനും അമ്മയും രണ്ടുമക്കളും. മക്കള്‍ രണ്ടുപേരും ഇണകളോടൊത്ത് പുതിയ വാസസ്ഥലം തേടിയപ്പോള്‍, വീട്ടില്‍ അവരുടെ മാതാപിതാക്കള്‍ മാത്രമായി. കൊട്ടാരസദൃശമായ വീട്ടില്‍ അന്തേവാസികളായി രണ്ടുപേര്‍ മാത്രം! വലിയ വീടുകള്‍ നിര്‍മ്മിക്കുന്ന ഈയൊരു ജ്വരം ഇപ്പോള്‍ അമേരിക്കയിലെ ഇന്ത്യക്കാരിലാകമാനം പടര്‍ന്നുപിടിച്ചുതുടങ്ങിയിട്ടുണ്ട്. അല്പംപണം നീക്കിയിരിപ്പുണ്ടെങ്കില്‍ അമേരിക്കയിലും ഒരു കോണ്‍ക്രീറ്റ് വീട് നിര്‍മ്മിച്ചേക്കാമെന്നൊരു ചിന്ത.

വീടുകളുടെ വിശേഷങ്ങള്‍ പറഞ്ഞും കണ്ടുമിരിക്കെ കാര്‍ വിശാലമായ അവന്യൂവിലേക്ക് കയറി. ജമൈക്ക അവന്യൂ ലക്ഷ്യമാക്കി എല്‍സമ്മ നല്ല വേഗതയില്‍ കാറോടിക്കുകയായിരുന്നു. ഇടയ്ക്ക് റോഡരികിലെ വലിയ കെട്ടിട സമുച്ചയത്തിലേക്ക് ചൂണ്ടി അവര്‍ പറഞ്ഞു.
‘ശരിക്കും കണ്ടോ. ന്യൂയോര്‍ക്കിലെ ഊളമ്പാറയാണത്.’
ന്യൂയോര്‍ക്കിലെ ഊളമ്പാറ. ആ പ്രയോഗം എനിക്ക് നന്നേ ബോധിച്ചു. വേലിക്കെട്ടിനകത്ത് വളരെ വിശാലമായ ഒരു പ്രദേശത്ത് ഒരേതരത്തിലുള്ള കുറേ കെട്ടിടങ്ങള്‍. ഉദ്യാനസമാനമാണ് ആ പരിസരം. ഒരേ വലിപ്പത്തില്‍ വളര്‍ന്ന, ഇലപൊഴിഞ്ഞ മരങ്ങള്‍, പുല്‍ത്തകിടി… ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലെ ഏറ്റവും പ്രസിദ്ധമായ മനോരോഗാശുപത്രിയാണിത്. ക്രീഡ്മൂര്‍ ഹോസ്പിറ്റല്‍. മാനസികരോഗികളുടെയും മയക്കുമരുന്നിന് അടിമപ്പെട്ടവരുടെയുമെല്ലാം ഒരു പുനരധിവാസകേന്ദ്രം. ധാരാളം മലയാളി നേഴ്‌സുമാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. മാനസികരോഗം ബാധിച്ച മലയാളികള്‍ അവിടെ ചികിത്‌സയിലുമുണ്ടത്രേ. ‘കാമ്പസിന്റെ സൗന്ദര്യം കണ്ടാല്‍ കുറച്ചുകാലം അവിടെ താമസിക്കാന്‍ തോന്നും’ -ഞാന്‍ പറഞ്ഞു. ‘നമ്മള്‍ ഊളമ്പാറയെക്കുറിച്ച് പറയുന്നതുപോലെ ഇവിടത്തുകാര്‍ക്ക് ക്രീഡ്മൂറിനെപ്പറ്റി ഒരു പ്രയോഗമുണ്ട്.
ഓഫീസിലും മറ്റും ചില ആളുകളെപ്പറ്റി, അയാളെ ക്രീഡ്മൂറില്‍ കൊണ്ടുപോകാന്‍ സമയമായി എന്ന് സഹപ്രവര്‍ത്തകര്‍ പറയാറുണ്ട്.’ -എല്‍സമ്മ വിശദീകരിച്ചു. ആശുപത്രി കോമ്പൗണ്ടിലൊന്നും ഒരാളെപ്പോലും കാണാനില്ല. ക്രീഡ്മൂര്‍ പിന്നിട്ട് കാര്‍ ജമൈക്ക അവന്യൂവിലെത്തി. പതിവുപോലെ ഗ്രോസറി ഷോപ്പിനുമുന്നില്‍ എല്‍സമ്മ കാര്‍ നിര്‍ത്തി.’ട്രെയിന്‍ ടിക്കറ്റ് വാങ്ങേണ്ടേ?’

Advertisement

‘വണ്ടിവിട്’- കുര്യാച്ചന്‍ പറഞ്ഞു: ‘ടിക്കറ്റൊക്കെ എന്റെ കൈവശമുണ്ട്’. കോട്ടിന്റെ പോക്കറ്റില്‍നിന്നും കുറേ ടിക്കറ്റുകളെടുത്ത് കുര്യാച്ചന്‍ എണ്ണിത്തുടങ്ങി.വീട്ടില്‍ പെട്ടിയില്‍ നിക്ഷേപിച്ചിരുന്ന പഴയ ടിക്കറ്റുകളൊക്കെ തപ്പിയെടുത്ത് പോക്കറ്റിലിട്ടിരിക്കുകയാണ് കക്ഷി.
ജമൈക്ക അവന്യുവിലെ സബ്‌വേ സ്‌റ്റേഷനു മുന്നില്‍ ഞങ്ങളെ ഇറക്കി കാറുമായി എല്‍സമ്മ പോയി.

 79 total views,  2 views today

Advertisement
cinema23 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment1 day ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Advertisement