മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിനായകന്മാർ അനവധിയുണ്ട്. ഒരുപക്ഷെ നായകനെക്കാൾ തിളങ്ങുന്ന പ്രതിനായകന്മാർ. സ്ഥിരം വില്ലൻ വേഷങ്ങൾ ചെയുന്നവരും നായകവേഷങ്ങൾ ചെയുന്ന സൂപ്പര്താരങ്ങളും എല്ലാം ഇത്തരത്തിൽ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എത്രകാലം കഴിഞ്ഞാലും നമ്മുടെ മനസ്സിൽ തിളങ്ങി നിൽക്കുന്ന ചില പ്രതിനായക കഥാപാത്രങ്ങളിലേക്കു ഒരു എത്തിനോട്ടമാണ് ഈ പരമ്പര. Santhosh Iriveri Parootty (ചന്തു) എഴുതുന്നു.
മലയാള സിനിമയിലെ പ്രതിനായകര്‍- 2
ആന്റണി മോസസ് (പൃഥ്വിരാജ് സുകുമാരന്‍)
ചിത്രം : മുംബൈ പോലീസ് (2013)
ബോബി-സഞ്ജയ് ടീം തിരക്കഥയെഴുതി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് 2013 മേയ് 3നു പ്രദര്‍ശനത്തിനെത്തിയ ഒരു ഗംഭീര ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരുന്നു മുംബൈ പോലീസ്. പൃഥ്വിരാജ്, ജയസൂര്യ, റഹ്മാന്‍, അപര്‍ണ നായര്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു സൂപ്പര്‍താരം മുഖ്യധാരാസിനിമയില്‍ സ്വവര്‍ഗപ്രണയിയായ നായകകഥാപാത്രത്തെ അവതരിപ്പിച്ചു എന്ന ബഹുമതി ഈ ചിത്രത്തിനുണ്ട്. ഐ പി എസ് റാങ്കിലുള്ള മൂന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ആത്മാര്‍ഥസൗഹൃദവും ഇവരിലൊരാളുടെ അപ്രതീക്ഷിത കൊലപാതകവും അതിന്റെ അന്വേഷണവും ആണ് പ്രമേയം. 2013-ലെ മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ ചിത്രമാണ് മുംബൈ പോലീസ്.
മലയാള സിനിമയിലെ ഏറ്റവും ശക്തവും വ്യത്യസ്തവുമായ ഒരു പോലീസ് കഥാപാത്രം ആയിരുന്നു മുംബൈ പോലീസ് എന്ന സിനിമയിലെ ആന്റണി മോസസ് അഥവാ റാസ്കല്‍ മോസസ്. പോലീസ് കഥാപാത്രങ്ങളുടെ വെപ്പു മാതൃകകളെ പൊളിച്ചടുക്കിയ സിനിമ. മലയാള സിനിമയുടെ നായക സങ്കൽപം തന്നെ ആന്റണി മോസസ് എന്ന കഥാപാത്രത്തിലൂടെ പൃഥ്വിരാജ് തിരുത്തിക്കുറിക്കുകയായിരുന്നു. അതിക്രൂരനായ ഒരു പോലീസ് ഓഫീസറാണ് റാസ്‌ക്കല്‍ മോസസ് എന്ന പേരില്‍ അറിയപ്പെടുന്ന ആന്റണി മോസസ്. കുറ്റവാളികളോടും സ്ത്രീകളോടും കണ്ണില്‍ച്ചോരയില്ലാതെ പെരുമാറുന്ന ഇയാള്‍ ജോലിയില്‍ സമര്‍ഥനുമാണ്. ഒരു സ്വവര്‍ഗാനുരാഗി കൂടിയായ ആന്റണി മോസസ് തന്റെ ഗേ ഐഡന്റിറ്റി എല്ലാവരുടെയും മുന്നില്‍ പരിപൂര്‍ണമായി ഒളിപ്പിച്ചുവെച്ച് ജീവിക്കുന്ന ഒരു വ്യക്തി കൂടി ആയിരുന്നു. ഇത്തരം ഒളിപ്പിച്ചു വെക്കല്‍ മന:സംഘര്‍ഷങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നതു കൊണ്ട് സ്വന്തം “ബലഹീനത”യെ മറ്റുള്ളവരില്‍ നിന്നും മറച്ചു വെക്കുവാന്‍ അയാള്‍ റാസ്കല്‍ മോസസ് ആയി മാറുന്നു.
കാമുകനുമൊത്തുള്ള ആന്റണിയുടെ സ്വകാര്യനിമിഷങ്ങള്‍ നേരിട്ട് കാണാനിടയായ ഉറ്റസുഹൃത്തും സഹപ്രവര്‍ത്തകനുമായ ACP ആര്യന്‍ ജോണ്‍ ജേക്കബ് (ജയസൂര്യ) അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോവുന്നു. ആദ്യമുണ്ടായ ഷോക്കില്‍ അമ്പരന്നു പോവുന്ന സാധുവായ ആര്യന്‍ ഈ വിവരം മേലധികാരികളോട് റിപ്പോര്‍ട്ട് ചെയ്യും എന്ന് പറയുന്നു. ആന്റണിയുടെ കാമുകനുമായി ആര്യന്‍ നേരിയ തോതിൽ വഴക്കിടുന്നു. സത്യത്തില്‍ ആദ്യത്തെ ഷോക്കില്‍ പറഞ്ഞു എന്നല്ലാതെ ആന്റണിയെ ഉപദ്രവിക്കാന്‍ ആര്യന് ഉദ്ദേശമുണ്ടായിരുന്നില്ല. കാരണം ആന്റണിയെ അയാൾ ജീവന് തുല്യം സ്നേഹിച്ചിരുന്നു. എന്നാല്‍ ഉറ്റസുഹൃത്ത് തനിക്കെതിരെ തിരിയുമെന്ന് കണക്കുകൂട്ടുന്ന ആന്റണി മോസസ് ആര്യനെ കൊല്ലാന്‍ തീരുമാനിക്കുന്നു. ആര്യന് മികച്ച ഓഫീസർക്കുള്ള അവാർഡ് സമ്മാനിക്കുന്ന ദിവസം കൊലപാതകത്തിനായി അയാൾ തിരഞ്ഞെടുക്കുന്നു. അവാര്‍ഡ്ദാന ചടങ്ങിന്റെ ദിവസം ആര്യന്‍ പ്രസംഗം തുടങ്ങിയ ഉടന്‍ തന്നെ വിദൂരത്ത് സ്ഥാപിച്ച ഒരു ടൈമര്‍ ഗണ്‍ ഉപയോഗിച്ച് ആരുമറിയാതെ ആന്റണി അവനെ കൊല്ലുന്നു.
കൊലക്കേസ് അന്വേഷിക്കാന്‍ ആന്റണി തന്നെ നിയോഗിക്കപ്പെടുന്നു. കേസന്വേഷണം തെറ്റായ ദിശയിലേക്ക് വഴിതിരിച്ചു വിടാന്‍ അയാള്‍ അവിടെയും ശ്രമിക്കുന്നു. കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ കൊലചെയ്തത് താനാണെന്ന് മറ്റൊരു സുഹൃത്തും സുപ്പീരിയര്‍ ഓഫീസറുമായ ഫര്‍ഹാനോട് (റഹ്മാന്‍) കുറ്റസമ്മതം നടത്തിയ ഉടനെ ആന്റണി വാഹനാപകടത്തില്‍ പെടുന്നു. ആന്റണിയുടെ ഓര്‍മകള്‍ നഷ്ടമാവുന്നു. അങ്ങനെ ഓര്‍മ നഷ്ടപ്പെട്ട ആന്റണിയെക്കൊണ്ടു തന്നെ ആ കുറ്റകൃത്യം എന്തിന് എങ്ങനെ ചെയ്തു എന്ന് പറയിപ്പിച്ചതിലൂടെയാണ് മുംബൈ പോലീസ് മലയാള സിനിമയിലെത്തന്നെ എണ്ണം പറഞ്ഞ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളില്‍ ഒന്നാവുന്നത്.
വാഹനാപകടത്തിനു മുമ്പുള്ള ആന്റണി മോസസിനെ നമുക്ക് ആന്റണി മോസസ് A എന്ന് വിളിക്കാം. വാഹനാപകടത്തെത്തുടർന്നു ഓർമകൾ നഷ്ടമായ ആന്റണി മോസസിനെ ആന്റണി മോസസ് B എന്നും. പ്രതിയായ തന്നെ സംരക്ഷിക്കാന്‍ അന്വേഷണഘട്ടത്തില്‍ തെളിവുകള്‍ നശിപ്പിക്കാനാണ് ആന്റണി മോസസ് A ശ്രമിക്കുന്നത്. എന്നാൽ പ്രതി താനാണെന്ന് അറിയാത്ത ആന്റണി മോസസ് B താന്‍ തന്നെ നശിപ്പിക്കുവാന്‍ ശ്രമിച്ച തെളിവുകളെ കണ്ടെത്തുന്നതും അത് വഴി താനാണ് പ്രതി എന്ന് തിരിച്ചറിയുന്നതുമാണ് ചിത്രത്തിന്റെ സവിശേഷത. മറവിയുടെ കാണാക്കയങ്ങളില്‍ ആന്റണി മോസസ് B തിരഞ്ഞത് സ്വന്തം ഐഡന്റിറ്റിയെയും തന്റെ പ്രിയ സുഹൃത്തും സഹ പ്രവര്‍ത്തകനുമായ ACP ആര്യന്‍ ജോണ്‍ ജേക്കബിന്റെ വധത്തിനു ഉത്തരവാദികളായവരെയുമാണ്. അങ്ങനെ സിനിമാചരിത്രത്തില്‍ തന്നെ സവിശേഷമായ സ്ഥാനം അടയാളപ്പെടുത്തിയ ഒരു കഥാപാത്രമായി മാറുന്നു ആന്റണി മോസസ്.
അത്ര എളുപ്പത്തില്‍ ഒരു സാധാരണ പ്രേക്ഷകന് പിടി തരുന്ന കഥാപാത്രമല്ല ആന്റണി മോസസ്. ആന്റണി മോസസ് A, ആന്റണി മോസസ് B എന്നീ കഥാപാത്രങ്ങളുടെ പ്രവൃത്തികളെ സൂക്ഷ്മമായി വിലയിരുത്തുന്നതിലൂടെ മാത്രമേ അത് സാധ്യമാകൂ. തന്റെ വിവാഹത്തെകുറിച്ച് സംസാരിക്കുന്നവരെ കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന് സൂചിപ്പിക്കുന്നതില്‍ നിന്ന് കൊലയാളിയായ ആന്റണി മോസസിന്റെ മനോനിലയിലേക്ക് എത്താന്‍ അധികം ദൂരമില്ല.
പ്രായപൂര്‍ത്തിയായ ഒരു വ്യക്തി തന്റെ സ്വവര്‍ഗലൈംഗികത ഒളിച്ചുവച്ചുകൊണ്ട് ജീവിക്കുന്നത് മന:സംഘര്‍ഷങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കും ഒക്കെ നയിച്ചേക്കാം എന്നും സിനിമ സൂചിപ്പിക്കുന്നുണ്ട്. താന്‍ ഇത്രകാലം രഹസ്യമായി കൊണ്ടു നടന്ന കാര്യം ഉറ്റസുഹൃത്ത് പരസ്യമാക്കും എന്ന് ചിന്തിക്കുന്ന ആന്റണി മോസസിന് സുഹൃത്തിനെ നിഷ്ഠൂരമായി കൊല ചെയ്യുന്നതിന് ഒരു മടിയുമുണ്ടാകുന്നില്ല. കാരണം അയാളെ സംബന്ധിച്ചിടത്തോളം ഹിംസ എന്നത് ജീവിതത്തിന്റെ ഭാഗം തന്നെയാണ്. സർവീസ് ഭൂതകാലത്തിൽ നിരവധി പേരുടെ ചോര കയ്യില്‍ പുരണ്ട ഒരു പോലീസ് ഉദ്യോഗസ്ഥനാണയാള്‍.
പല പല കാലങ്ങളിലേക്ക് നിരവധി ഫ്‌ളാഷ്ബാക്കുകളിലൂടെ സഞ്ചരിച്ച് നടത്തുന്ന കഥപറയല്‍, ഫ്‌ളാഷ്ബാക്കിനുള്ളിലെ ഫ്‌ളാഷ്ബാക്ക് എന്നിവയൊക്കെ ഈ സിനിമയെ ഒരു സാധാരണ പ്രേക്ഷകന് സങ്കീര്‍ണമാക്കുന്നുണ്ട്. പൃഥ്വിരാജ് വരുന്ന സീനുകളില്‍ അത് ആന്റണി-Aയാണോ അതോ ആന്റണി-Bയാണോ എന്ന് പ്രേക്ഷകര്‍ കൃത്യമായി തിരിച്ചറിഞ്ഞില്ലെങ്കില്‍ ആകെ കുഴപ്പത്തിലാകും. അങ്ങനെ വന്നാല്‍ സിനിമ പൂര്‍ണമായി മനസ്സിലാക്കാനും ആകില്ല. നായകന്റെ ഏത് അവതാരമാണ് ( A or B ) സീനില്‍ എന്ന് മനസ്സിലാക്കാനുള്ള തിരിച്ചറിയല്‍ ചിഹ്നമായി ആന്റണി മോസസ് Bയുടെ മൂക്കിലും കവിളിലും അപകടത്തിലൂടെ ഉണ്ടായ മുറിവിന്റെ കല അവശേഷിപ്പിച്ചിട്ടുണ്ട്.
മലയാളത്തിലെ എക്കാലത്തേയും മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളില്‍ ഒന്നു തന്നെയാണ് മുംബൈ പോലീസ്. അതുപോലെ മലയാള സിനിമയിലെ ഏറ്റവും ശക്തനും വ്യത്യസ്തനുമായ പ്രതിനായകനുമാണ് ആന്റണി മോസസ്.
പട്ടാളക്കാരും പൊലീസുമായുള്ള ഒരു ഗംഭീര സംഘർഷ രംഗം ചിത്രത്തിലുണ്ട്. നേവൽ ബേസിലെ പട്ടാളക്കാരുമായുള്ള സംഘർഷത്തിൽ പട്ടാളക്കാർ പോലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് ഭയന്ന് പൊലീസുകാർ സ്റ്റേഷന്റെ ഗേറ്റ് പൂട്ടിയിടുന്നു. തങ്ങൾക്ക് ഒറ്റയ്ക്ക് മിലിട്ടറിക്കാരെ നേരിടാൻ കഴിയില്ലെന്ന് പോലീസ് കരുതുന്നു. അങ്ങനെ പോർട്ടിലെ ചുമട്ടുതൊഴിലാളികളെ പോലീസിനെ സഹായിക്കാനായി കൂലിക്ക് സ്റ്റേഷനിൽ അണിനിരത്തുന്നു. സംഘർഷം നേരിടാനായി ആന്റണി മോസസിനെ വിളിച്ചു വരുത്തുന്നു.
ഒരു മരണ മാസ് രംഗമാണ് ആന്റണിയുടെ കടന്നു വരവ്. ജീപ്പിൽ നിന്നു പുറത്തിറങ്ങുന്ന അയാൾ പുറത്തേക്ക് നോക്കി ഗർജിക്കുന്നു, “ഗേറ്റ് തുറന്നുതന്നെ കിടക്കണം”. ചുമട്ടു തൊഴിലാളികൾ സഹായിക്കാനായി നിൽക്കുന്നത് കണ്ട ആന്റണി മോസസ് അവരോട് സ്ഥലം കാലിയാക്കാൻ ആവശ്യപ്പെടുന്നു. തുടർന്ന് തന്റെ വിശ്വരൂപവുമായി റാസ്‌ക്കൽ മോസസ് തകര്‍ത്താടുമ്പോള്‍ പൊലീസുകാരോടുള്ള പൃഥ്വിരാജിന്റെ ഈ ഡയലോഗ് ചിത്രം കണ്ടവര്‍ക്ക് മറക്കാനാകില്ല.
“തിരിച്ചു തല്ലാന്‍ കൂലിക്കു ആളെ വെക്കുന്നോടാ റാസ്‌ക്കല്‍…ഇതു ഊരി ആണ്‍പിള്ളേര്‍ക്ക് കൊടുത്തിട്ടു വേറെ പണിക്കു പോടാ”?
ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥകളിൽ ഏറ്റവും ഇഷ്ടപ്പെട്ടവയിൽ ഒന്നാണ് “മുംബൈ പോലീസ്”. ചില സിനിമകൾ കാലാതിവർത്തികളാണ്. മലയാള സിനിമ ഉള്ളിടത്തോളം കാലം മുംബൈ പോലീസും റാസ്‌കൽ മോസസും വ്യത്യസ്തതയോടെ പുതുമയോടെ നിലനിൽക്കുക തന്നെ ചെയ്യും.
എൻ ബി :- ഒരു പാട് പേർ വീണ്ടും പ്രതിനായക കഥാപാത്രങ്ങളെ നിർദേശിച്ചിരുന്നു. ചിലതൊക്കെ നമുക്കേവർക്കും സുപരിചിതരായ വില്ലന്മാർ തന്നെയാണ്. അവരിൽ ചിലരെ വരും ലക്കങ്ങളിൽ ഉൾപ്പെടുത്താം. എങ്കിലും പുതുമയുള്ള നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു. സാധാരണ വാർപ്പു മാതൃകകളിൽ നിന്നും വ്യത്യസ്തമായി പുതുമ സമ്മാനിച്ച പ്രതിനായകർ. അതാണ് ഞാൻ കൂടുതലായി തിരയുന്നത്. കൂടുതൽ സജഷൻസ് പ്രതീക്ഷിക്കുന്നു. സഹകരിക്കുമല്ലോ…
അപ്പോൾ അടുത്ത ദിവസം പുതിയ കഥാപാത്രവുമായി കാണുന്നത് വരെ ബൈ..