ഇങ്ങനെയുമൊരു “അപ്പൻ”
Santhosh Iriveri Parootty
മാതാവും പിതാവും ഗുരുവും ദൈവമാണെന്നാണ് നമ്മുടെ ‘ഭാരതീയ’ (???) സങ്കൽപം. കാല്പനികമായ ഒരു ഉത്തുംഗ പീഠത്തിലാണ് അച്ഛൻ എന്ന നമ്മുടെ സങ്കൽപം. സാഹിത്യത്തിലും നാടകത്തിലും സിനിമയിലും എല്ലാം “സൂര്യനായ് തഴുകിയുണർത്തിടും” അച്ഛനെക്കുറിച്ച് എത്രയോ പാടിപ്പുകഴ്ത്തിയിട്ടുണ്ട്. സ്നേഹവും കരുതലും കാരുണ്യവും സുരക്ഷയുമൊക്കെയെന്ന അച്ഛൻ സങ്കല്പത്തെ തച്ചുടക്കുന്നതാണ് മജു സംവിധാനം ചെയ്ത് സോണി ലൈവിൽ ഒ ടി ടി റിലീസ് ആയി പ്രദർശനത്തിനെത്തിയിരിക്കുന്ന “അപ്പൻ” എന്ന ചിത്രം.
സുഖകരവും സന്തോഷകരവുമായ ഒരു സുന്ദരസ്വപ്നത്തിൽ മുഴുകിയിരിക്കുന്ന കുട്ടിയമ്മ (പോളി വിൽസൺ) യിലൂടെയാണ് സിനിമ തുടങ്ങുന്നത്. ഉറക്കമുണർന്ന അവർ മരുമകൾ റോസിയോട് (അനന്യ) താൻ കണ്ട സ്വപ്നത്തെക്കുറിച്ച് വിശദീകരിക്കുന്നു. കുട്ടിയമ്മയുടെ ഭർത്താവും ഇപ്പോൾ അരയ്ക്ക് താഴെ തളർന്നു കിടക്കുന്നവനുമായ ഇട്ടിയുടെ (അലൻസിയർ) മരണമായിരുന്നു അവർ കണ്ട ആ സുന്ദര സ്വപ്നം. ഇത് കേട്ട് റോസി സന്തോഷത്തോടെ ചോദിക്കുന്നുണ്ട്, “നേരാണോ അമ്മച്ചീ, അപ്പൻ ചത്തോ? ” എന്ന്. സത്യത്തിൽ അവരും ആ വീട്ടിലുള്ള മറ്റുള്ളവരും മാത്രമല്ല, ഒരു നാട് ഒന്നാകെ ആഗ്രഹിക്കുകയായിരുന്നു ഇട്ടി എന്ന നരാധമന്റെ മരണം.
മക്കളിൽ ഉണങ്ങാത്ത, തീരാത്ത മുറിവുകൾ അവശേഷിപ്പിക്കുകയാണ് ഈ ചിത്രത്തിലെ അപ്പൻ. ഇതിലെ ഓരോ കഥാപാത്രങ്ങളും നേരിടുന്ന പ്രതിസന്ധി ഈ അപ്പൻ തന്നെയാണ്. ഒരു ഘട്ടത്തിൽ ഇട്ടിയുടെ മകൻ ഞുഞ്ഞ് (സണ്ണി വെയിൻ ) അയാളോട് പറയുന്നുണ്ട്, “അപ്പൻ ഒരു മൃഗമാണ്. എന്റെ മകൻ ഒന്നുവീണു പോയി എന്നറിഞ്ഞാൽ പോലും എനിക്ക് ആധിയാണ്” എന്ന്. സത്യത്തിൽ അത് പോലും പൂർണമായും ശരിയല്ല. മിക്ക മൃഗങ്ങൾക്കും ഒരു കാലയളവു വരെയെങ്കിലും അവയുടെ കുഞ്ഞുങ്ങളോട് സ്നേഹമുണ്ടാവും. ഇവിടെ ഇട്ടി എന്നയാൾ അക്കാര്യത്തിൽ മൃഗങ്ങളെക്കാളും അധഃപതിച്ചവനാണ്. വീട്ടിൽ തന്നെ ഏറ്റവും വലിയ ശത്രുവിരിക്കുമ്പോൾ നിസ്സഹായമായിപ്പോകുന്ന ഒരു കുടുംബത്തെ ഇവിടെ കാണാം. തങ്ങളുടെ നിലനിൽപ്പിനും ജീവനും ജീവിതത്തിനും തന്നെ ഭീഷണിയാകുന്ന തരത്തിൽ തങ്ങളുടെ അപ്പൻ ശത്രുവായാൽ അയാളെ ആ കുടുംബം എന്താണ് ചെയ്യേണ്ടത്? സങ്കീർണമായ ഈ വിഷയമാണ് “അപ്പൻ” എന്ന ചിത്രത്തിലെ കഥാതന്തു .
ഒരു മലയോര ഗ്രാമത്തിൽ അപ്പനും ഭാര്യയും മകനും മരുമകളും കൊച്ചുമകനും അടങ്ങിയ ഒരു ഇടത്തരം കുടുംബം. എല്ലാത്തരം കൊള്ളരുതായ്മകളുടേയും അക്രമങ്ങളുടെയും തിന്മകളുടെയും പ്രതീകമാണ് ഇട്ടി എന്ന അപ്പൻ. നാടിലാകെ ഒരു ടെറർ ആയി വിലസിയ അയാളുടെ ഭൂതകാലത്തെക്കുറിച്ച് ചിത്രത്തിൽ പലപ്പോഴായി കടന്നു വരുന്ന പരാമർശങ്ങളിൽ നിന്ന് നമുക്ക് ഒരു ധാരണ കിട്ടുന്നുണ്ട്. കട്ടിലിൽ കിടന്നും തന്റെ അതിക്രമങ്ങൾ നിർബാധം തുടരുകയാണയാൾ. മറ്റുള്ളവരെ ഉപദ്രവിക്കുന്നതിലും വട്ടം കറക്കുന്നതിലും ഒരു തരം സാഡിസ്റ്റിക്ക് പ്ലഷർ കണ്ടെത്തുന്ന ഒരു വ്യക്തിത്വം. ഇങ്ങനെ 100% തിന്മ മാത്രമുള്ള ഒരു വ്യക്തി ഉണ്ടാവുമോ എന്ന് ചിത്രം കണ്ടപ്പോൾ ചിന്തിച്ചു പോയി. നന്മയുടെ ഒരു കണിക പോലും ഒരു നിമിഷാർധത്തിനിടയിലെങ്കിലും അയാളിൽ കണ്ടെത്താനാവുന്നില്ല. ചിത്രത്തിലെ ഒരു കഥാപാത്രം പറയുന്നുണ്ട്, “തിന്നുക, കുടിക്കുക, രസിക്കുക.. അതിന് മാത്രമായിട്ടായൊരു ജന്മം.. അതാണ് നിന്റെ അപ്പൻ” എന്ന്. സത്യത്തിൽ ഇപ്പറഞ്ഞതിലും മോശമാണയാൾ.
ഇട്ടിച്ചനായി വേഷമിട്ട അലൻസിയറുടെ പ്രകടനം മലയാള സിനിമ കണ്ട ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നു തന്നെയാണ്. ആ പ്രകടനം കണ്ടിരിക്കാൻ വേണ്ടി മാത്രം ഈ ചിത്രം കാണാൻ ശുപാർശ ചെയ്യാവുന്നതുമാണ്. മകൻ ഞൂഞ്ഞുവായി സണ്ണി വെയിന്റെ ഗംഭീരപ്രകടനവും ചിത്രത്തിലുണ്ട്. അപ്പന്റെ പാപ ഭാരങ്ങൾ തോളിലേറ്റേണ്ടി വരുന്ന മനസ്സിൽ നന്മ മാത്രമുള്ള ഈ കഥാപാത്രം ചിത്രം കണ്ടു തീർന്നാലും ഒരു നോവായി മനസ്സിൽ ബാക്കിയാവും. ഒരർഥത്തിൽ ഈ ചിത്രത്തിൽ “അപ്പൻ” എന്നതിന്റെ രണ്ട് മാതൃകകളെ സംവിധായകൻ വരച്ചു കാട്ടുന്നുണ്ട്. കാരണം ഞുഞ്ഞും ഒരപ്പനാണ്, സ്നേഹനിധിയായ ഒരു അപ്പൻ. പോളി വിൽസന്റെ ഭാര്യ കഥാപാത്രം ശ്രദ്ധാപൂർവം ക്രാഫ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. നിലനിൽപ്പിന്റെ നിസ്സഹായത അനുഭവിക്കുന്ന കഥാപാത്രം. അപ്പനും മകനുമിടയിൽ പെട്ട് ചക്രശ്വാസം വലിക്കുന്ന അമ്മ. ഗ്രേസ് ആന്റണി, അനന്യ, വിജേഷ്, ലൈംഗിക തൊഴിലാളി ഷീലയായെത്തുന്ന രാധിക രാധാകൃഷ്ണൻ തുടങ്ങി എല്ലാവരും മികച്ച പ്രകടനങ്ങൾ തന്നെയാണ് കാഴ്ച വെക്കുന്നത്. ഗ്രേസ് ആന്റണി വരുന്ന പല സീനുകളിലും നനുത്ത ഹാസ്യം കടന്നു വരുന്നത് കാണാം. അനുഗ്രഹീത കലാകാരിയാണവർ.
ആവർത്തിച്ചു പഴകിയ ചില വെപ്പ് മാതൃകകൾ, ഇഴച്ചിൽ, ഒഴിവാക്കാമായിരുന്ന ചില കോമഡി രംഗങ്ങൾ, അപ്പൻ എന്ന ഭീകര സ്വത്വത്തെ സൃഷ്ടിച്ചു ഇയാളെ ഒടുവിൽ എങ്ങനെ കൈകാര്യം ചെയ്യണം എന്ന ആശയക്കുഴപ്പം എന്നിവയൊക്കെയാണ് ചില്ലറ പോരായ്മകൾ ആയി തോന്നിയത്. എന്നാൽ ഇവയൊന്നും ആസ്വാദനത്തെ കാര്യമായി ബാധിക്കുന്നവയല്ല. മികച്ച സിനിമ. നല്ല പ്രമേയം. ഗംഭീര ആഖ്യാനം. സാങ്കേതിക മികവ്. തീർച്ചയായും കണ്ടിരിക്കാം “”അപ്പൻ”.