മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിനായകന്മാർ അനവധിയുണ്ട്. ഒരുപക്ഷെ നായകനെക്കാൾ തിളങ്ങുന്ന പ്രതിനായകന്മാർ. സ്ഥിരം വില്ലൻ വേഷങ്ങൾ ചെയുന്നവരും നായകവേഷങ്ങൾ ചെയുന്ന സൂപ്പര്താരങ്ങളും എല്ലാം ഇത്തരത്തിൽ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എത്രകാലം കഴിഞ്ഞാലും നമ്മുടെ മനസ്സിൽ തിളങ്ങി നിൽക്കുന്ന ചില പ്രതിനായക കഥാപാത്രങ്ങളിലേക്കു ഒരു എത്തിനോട്ടമാണ് ഈ പരമ്പര. Santhosh Iriveri Parootty (ചന്തു) എഴുതുന്നു.
മലയാള സിനിമയിലെ പ്രതിനായകര്‍ (ഭാഗം 11)
ഭാസ്കരപട്ടേലര്‍ (മമ്മൂട്ടി)
ചിത്രം- വിധേയന്‍ (1994)
സക്കറിയയുടെ “ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും” എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത മലയാളചലച്ചിത്രമായ വിധേയനിലൂടെ 1993-ലെ കേരള സര്‍ക്കാരിന്റെ മികച്ച നടനും 1994-ല്‍ മികച്ച നടനുള്ള ദേശീയപുരസ്കാരത്തിനും മമ്മൂട്ടി അര്‍ഹനാവുകയായിരുന്നു. പെര്‍ഫോമന്‍സിന്റെ ആഴംകൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച കഥാപാത്രമാണ് ഭാസ്കരപട്ടേലര്‍ എന്ന ക്രൂരനായ ജന്മി. നോക്കിലും വാക്കിലുമെല്ലാം പ്രേക്ഷകരില്‍ ഭയം നിറച്ച ആ കഥാപാത്രം ഇന്നും മലയാള സിനിമയിലെ എണ്ണം പറഞ്ഞ കഥാപാത്രങ്ങളില്‍ ഒന്നു തന്നെയാണ്.
നാട്ടിലെ പ്രമാണിയായ പട്ടേലരെ ജനങ്ങള്‍ക്ക് ഭയമാണ്. മണ്ണും പെണ്ണും മദ്യസേവയുമായി അയാള്‍ നാടടക്കി വാഴുകയാണ്. അതിനിടയില്‍ ‘തൊമ്മി’ (എം ആർ ഗോപകുമാർ) എന്ന കുടിയേറ്റ കര്‍ഷകനെ എന്തും അനുസരിപ്പിക്കുന്ന അടിമയാക്കി തന്‍റെ എല്ലാ ക്രൂര വിനോദങ്ങള്‍ക്കും കൂടെ കൂട്ടുന്നു. അയാളാണ് ഈ ചിത്രത്തിലെ “വിധേയൻ”. ഒരു തരം “സ്റ്റോക്ക് ഹോം സിൻഡ്രോം” ബാധിച്ചയാളെപ്പോലെയാണ് അയാൾ പെരുമാറുന്നത്.
തൊമ്മി ഏറ്റവും സന്തോഷം അനുഭവിക്കുന്ന സന്ദര്‍ഭം ഏതെന്നത് ശ്രദ്ധേയമാണ്. അവന്റെ യജമാനനായ പട്ടേലര്‍ അവനെ തൊമ്മി എന്നു വിളിക്കുമ്പോളാണത്. ‘എജമാനന്‍ എന്റെ പേരു വിളിച്ചു’വെന്നു ചൊല്ലി അവന്‍ ചിരിച്ചു തിമിര്‍ക്കുന്നുണ്ട്. താന്‍ വിധേയനാണെന്നു പോലും തിരിച്ചറിയാന്‍ കഴിയാത്ത ഒരു മാനസികാവസ്ഥയിലേക്ക് മാറുകയാണ് അയാൾ. ദരിദ്രജീവിതം നയിക്കുന്ന അയാള്‍ അധികാരത്തിനു കീഴ്‌പ്പെട്ടു ജീവിക്കുന്ന ഒരു കേവല അടിമയാണ്.
കവലയിലെ കള്ളുഷാപ്പിനു മുന്നില്‍ വച്ച് പട്ടേലര്‍ അയാളെ ചവിട്ടിവീഴ്ത്തുകയും തുപ്പുകയും ഭര്‍ത്സിക്കുകയും ചെയ്യുന്നുണ്ട്. പിന്നെ, അയാളുടെ കിടപ്പാടത്തിലെത്തി ഭാര്യയെ കൈയ്യേറ്റം ചെയ്തു കീഴ്‌പ്പെടുത്തുന്നു.കയ്യിലുള്ള നാടന്‍ തോക്കിന്റെ തുമ്പത്ത് ആളുകളെ വിറപ്പിച്ചു ജീവിക്കുന്ന ഒരു അധമ ജന്മമാണ് ഭാസ്കര പട്ടേലര്‍. തൊമ്മിയുടെ ഭാര്യയെ മാത്രമല്ല, നാട്ടിലുള്ള സ്ത്രീജനങ്ങളെ അയാള്‍ ലൈംഗിക ഉപകരണങ്ങളാക്കിക്കൊണ്ടിരുന്നു. പ്രതികരണ ശേഷി നഷ്ടപ്പെട്ട അവിടത്തെ ആളുകള്‍ കാര്യസാധ്യത്തിന് വേണ്ടി മണ്ണും പെണ്ണും മദ്യവും ആവോളം നല്‍കി പട്ടേലരെ സേവിച്ചു. എപ്പോഴും തോക്ക് കൈയ്യിലേന്തുകയും അതിനെ പ്രദര്‍ശിപ്പിച്ചു കൊണ്ടു നടക്കുകയും തന്റെ ഇരകളെ ശാരീരികമായി ആക്രമിക്കുകയും ചെയ്യുന്ന പട്ടേലര്‍ക്ക് അനുചരവൃന്ദവുമുണ്ട്. കഥ നടക്കുമ്പോള്‍ പട്ടേലരുടെ വലംകൈ ആകുന്നത് എന്തിനും ഏതിനും അയാള്‍ക്ക് റാന്‍ മൂളുന്ന ഈ ശിങ്കിടികളാണ്.
ബ്രിട്ടീഷുകാരുടെ നികുതി പിരിവുകാരനായ, പ്രമാണിയായ വ്യക്തിയില്‍ നിന്നും ഭരണമാറ്റത്തിന് ശേഷം പട്ടേലര്‍ സ്വന്തം നിലനില്‍പ്പിനായി നടത്തുന്ന ശ്രമങ്ങളാണ് അയാളിലെ ക്രൂരതകളായി ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. സ്വാതന്ത്ര്യലബ്ധി അംഗീകരിക്കാൻ അയാളിലെ ഫ്യൂഡൽ മാടമ്പി സമ്മതിക്കുന്നില്ല. ഒറ്റക്കയ്യന്‍ കസേര എന്ന സങ്കല്‍പ്പത്തിൽ തന്നെ ജീവിക്കുകയാണ് അയാള്‍. തനിക്കു വിലങ്ങുതടിയാകുന്ന എന്തിനേയും തട്ടിമാറ്റി, താന്‍ ആഗ്രഹിക്കുന്ന ഏതൊന്നിനേയും കീഴ്‌പ്പെടുത്തുന്ന ഉന്മാദിയായ പട്ടേലരെ വിധേയന്റെ ആദ്യ ഭാഗങ്ങളില്‍ കാണാം.
കേരള – കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ ഒന്നിലാണ് കഥ നടക്കുന്നതായി കാണിക്കുന്നത്. പട്ടേലരുടെ അധികാരപ്രമത്തത സ്വന്തം ആളുകളിലേക്കു തന്നെ തിരിയുന്നു. തൊട്ടടുത്തു നില്‍ക്കുന്നവനെ പോലും സംശയത്തോടെയല്ലാതെ കാണാൻ കഴിയാത്ത ഒറു പാരനോയിക്ക് പേഴ്സണാലിറ്റിയായി അയാൾ മാറുന്നുണ്ട്. തനിക്കു സഹായിയായി നില്‍ക്കുന്ന തൊമ്മിക്ക് വെടിയേല്‍ക്കുമ്പോള്‍ അവനെ കൊന്നു കളഞ്ഞേക്കാമെന്നു കരുതാന്‍ മാത്രം ക്രൂരനാണയാള്‍. ഭാര്യ സരോജയുടെ ഉപദേശങ്ങള്‍ കേള്‍ക്കുന്നത് അയാൾക്ക് ഇഷ്ടമല്ല. അവർ അയാളെ സംബന്ധിച്ചിടത്തോളം ഒരു ശല്യമായി മാറുന്നു. ഭാര്യ സരോജയെ കൊല്ലുന്നതിനായി തൊമ്മിയുമായി ചേര്‍ന്ന് പട്ടേലർ ശ്രമിക്കുന്നു. എന്നാൽ ആ ഉദ്യമത്തിൽ പരാജയപ്പെടുന്നു. തുടർന്ന് , അയാള്‍ അവളെ കഴുത്തു ഞെരിച്ചു കൊല്ലുന്നു. തൊമ്മിയുടെ സഹായത്തോടെ ശവം കെട്ടിത്തൂക്കുന്നു.
.സ്ത്രീകളെ വഴിനടക്കാന്‍ സമ്മതിക്കാത്ത,മണ്ണും പൊന്നും സ്വയം അനുഭവി ക്കുന്ന പട്ടേലരെ വധിക്കാന്‍ നാട്ടിലെ ചില ആളുകള്‍ കൂടി തീരുമാനിക്കുന്നു.തൊമ്മിയുടെ പകയും അയാളുടെ യജമാനനായ പട്ടേലരുടെ തകര്‍ച്ചയും കൂടി ചിത്രീകരിക്കുന്നുണ്ട് അടൂർ. പട്ടേലരുടെ പുറം തിരുമ്മി കൊടുക്കുന്ന തൊമ്മിയുടെ ഉള്ളില്‍ പക എരിയുന്നതും തിരുമ്മല്‍ മര്‍ദ്ദനത്തിന്റെ നിലയിലേക്കു മാറുന്നതും കാണാം. യൂസഫും കുട്ടപ്പറായിയും പട്ടേലരെ വെടിവച്ചു കൊല്ലാനുള്ള പദ്ധതിയുമായി വരുമ്പോള്‍ തൊമ്മിയും അവരോടൊപ്പം ചേരുകയാണ്.
ആയുധധാരികളായ ആളുകളുടെ വെടിയേറ്റ് ഭാസ്കരപ്പട്ടേലര്‍ കൊല്ലപ്പെടുന്നു. യജമാനന്റെ മരണം കാണുന്ന തൊമ്മി പട്ടേലരുടെ കൈയിലുണ്ടായിരുന്ന തോക്ക് ദൂരേക്ക് വലിച്ചെറിയുന്നു. അയാള്‍ തിരിച്ച് ഓമനയുടെ അടുത്തേക്ക് ഓടുന്നു. പട്ടേലര്‍ മരിച്ചു എന്ന് വിളിച്ചു പറഞ്ഞു കൊണ്ടാണ് അയാള്‍ ഓടുന്നത്. ആ സ്വരവും ഓരോ കാല്‍വെപ്പുകളും ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. അടിമത്തത്തിൽ നിന്ന് വിമോചിതനായവന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം.
കന്നട കലര്‍ന്ന മലയാളം, ഒരു വേട്ടക്കാരന്റെ ശരീരഭാഷ, അധികാര ചിഹ്നമായ തോക്ക് തുടങ്ങി എല്ലാറ്റിലും ഭാസ്‌ക്കര പട്ടേലര്‍ തിരഞ്ഞത് ഇരയെ ആയിരുന്നു. പട്ടേലരെ ഒന്നുകൂടി ഉയരങ്ങളിലെത്തിക്കുന്നത് ഗോപകുമാര്‍ അവതരിപ്പിച്ച തൊമ്മി എന്ന കഥാപാത്രമാണ്. ധാര്‍ഷ്ട്യക്കാരനായ ഒരു പ്രമാണിയില്‍ നിന്നും തൊമ്മിയോടൊപ്പം ഒരു ഇലയില്‍ ഭക്ഷണം കഴിച്ച്, “എടാ” എന്ന വിളി മറന്ന്, വിധിക്ക് വിധേയനായി പട്ടേലര്‍ അധ:പതിക്കുന്ന ഒരു കാഴ്ചയുണ്ട് “വിധേയനി”ൽ. അപ്പോഴാണ് അയാൾ ശരിക്കും “വിധേയൻ” ആവുന്നത്. മമ്മൂട്ടി എന്ന മഹാനടൻ അസാമാന്യമായ അഭിനയത്തിന്റെ പടവുകള്‍ താണ്ടുന്ന കാഴ്ച ഈ സീനുകളിൽ കാണാം.
സരോജയുടെ കൊലപാതകമാണ് പട്ടേലരെ മാനസികമായി ദുര്‍ബലനാക്കുന്നത്. സംശയ ചിന്തകൾ അയാളെ വേട്ടയാടുന്നുണ്ട്. താനാണ് കൊല നടത്തിയതെന്ന് സരോജ അവസാന നിമിഷം മനസ്സിലാക്കിയോ എന്ന സംശയം അയാളെ പിന്തുടരുന്നു. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിരുന്നുവെങ്കിലും ഒരു പലായനം മാത്രമായിരുന്നു പിന്നീട് അയാളുടെ മുന്നിലുള്ള വഴി. ഒടുവില്‍ വാടകക്കൊലയാളികളുടെ തോക്കിനു മുന്നില്‍ അടിയറവു പറഞ്ഞ് തന്റെ അപ്രമാദിത്വത്തിന് പട്ടേലര്‍ക്ക് തിരശ്ശീലയിടേണ്ടി വരുകയാണ്. പാവപ്പെട്ട ജനങ്ങളെ വേട്ടയാടുന്നതില്‍ ഉന്മാദം കണ്ടെത്തിയ പട്ടേലര്‍ അയാളുടെ ബന്ധുക്കളുടെ തന്നെ തോക്കിലെ വെടിയുണ്ടയേറ്റു മരിക്കുമ്പോള്‍ ചരിത്രത്തിന്റെ സ്വാഭാവിക കാവ്യനീതി ആവര്‍ത്തിക്കുന്നു.
മമ്മൂട്ടി എന്ന മഹാനടന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി ഭാസ്കരപട്ടേലര്‍ ഇന്നും മുന്നില്‍ നില്‍ക്കുന്നു. മലയാള സിനിമയിലെത്തന്നെ മികച്ച ആന്റി ഹീറോ കഥാപാത്രങ്ങളിലൊന്നായി ഈ ക്യാരക്റ്റര്‍ എന്നും ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും.
“Power corrupts. Absolute power corrupts absolutely” എന്ന് പറഞ്ഞത് Lord Acton ആണ്. ഇവിടെ അധികാരം ദുഷിപ്പിച്ച ഒരു വ്യവസ്ഥിതിയുടെ ബാക്കിപത്രമായിരുന്നു ഭാസ്കരപട്ടേലർ. ഇന്നും പ്രസക്തമായ ചില ചിന്തകളാണ് അടൂർ ആ ചിത്രത്തിലൂടെ പങ്ക് വെച്ചത്. അധികാരം വ്യക്തികളിൽ കേന്ദ്രീകരിക്കുമ്പോൾ അവർ ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാര കേന്ദ്രങ്ങളായി മാറുന്നു. അവർക്കു ചുറ്റും സ്തുതിപാഠക വൃന്ദവും അനുചര വൃന്ദവും ഉടലെടുക്കുന്നു. ഇത്തരം ഏകാധിപതികളുടെ അന്ത്യം എങ്ങനെയാണ് എന്നതിന് ചരിത്രത്തിൽ ഒരു പാട് ഉദാഹരണങ്ങൾ ഉണ്ട്. ഭാസ്കരപട്ടേലർ എന്ന കഥാപാത്രവും അത്തരത്തിൽ ഒരു ദുരന്തകഥാപാത്രമാണ്. മമ്മൂട്ടി എന്ന നടന്റെ എണ്ണം പറഞ്ഞ പ്രതിനായക വേഷങ്ങളിലൊന്ന്. അടുത്തയാഴ്ച്ച ഒരു പുതിയ കഥാപാത്രവുമായി വരുന്നത് വരെ ബൈ