മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിനായകന്മാർ അനവധിയുണ്ട്. ഒരുപക്ഷെ നായകനെക്കാൾ തിളങ്ങുന്ന പ്രതിനായകന്മാർ. സ്ഥിരം വില്ലൻ വേഷങ്ങൾ ചെയുന്നവരും നായകവേഷങ്ങൾ ചെയുന്ന സൂപ്പര്താരങ്ങളും എല്ലാം ഇത്തരത്തിൽ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എത്രകാലം കഴിഞ്ഞാലും നമ്മുടെ മനസ്സിൽ തിളങ്ങി നിൽക്കുന്ന ചില പ്രതിനായക കഥാപാത്രങ്ങളിലേക്കു ഒരു എത്തിനോട്ടമാണ് ഈ പരമ്പര. Santhosh Iriveri Parootty (ചന്തു) എഴുതുന്നു

മലയാള സിനിമയിലെ പ്രതിനായകര്‍ (ഭാഗം 13)
സി ഐ നടേശന്‍ (കലാഭവന്‍ മണി)
ചിത്രം – ഛോട്ടാ മുംബൈ (2007)

അന്‍വര്‍ റഷീദ് സം‌വിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രമായിരുന്നു ഛോട്ടാ മുംബൈ. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഈ ചിത്രം നിര്‍മ്മിച്ചത് മണിയന്‍പിള്ള രാജുവായിരുന്നു. ബെന്നി പി. നായരമ്പലത്തിന്റേതായിരുന്നു തിരക്കഥ. സായി കുമാര്‍, സിദ്ധിഖ്, കലാഭവന്‍ മണി, ഇന്ദ്രജിത്ത്, ബിജുക്കുട്ടന്‍, ജഗതി ശ്രീകുമാര്‍, ഭാവന, രാജന്‍ പി ദേവന്‍, വിനായകന്‍, മല്ലിക സുകുമാരന്‍ തുടങ്ങി ഒരു നീണ്ട താരനിര ചിത്രത്തില്‍ അണിനിരന്നു. 2007 എപ്രിലില്‍ പ്രദര്‍ശനത്തിനെത്തിയ ഈ ചിത്രം സാമ്പത്തിക വിജയം നേടുകയുണ്ടായി.

ഒരിടവേളക്കു ശേഷം മലയാളത്തില്‍ വന്ന ഒരു ഫണ്‍ റൈഡ് ആയ ഛോട്ടാ മുംബൈ പ്രേക്ഷകര്‍ ശരിക്കും ആസ്വദിച്ചു. കുറച്ചു കാലത്തിനു ശേഷം മോഹന്‍ലാല്‍ കോമഡി വേഷം ചെയ്ത പടം കൂടിയായിരുന്നു ഇത്. കലാഭവൻ മണിയുടെ ആദ്യകാല ചിത്രങ്ങളായ അക്ഷരം, സല്ലാപം എന്നിവയിൽ നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഒരു വില്ലന്‍ എന്ന നിലയില്‍ മണിയെ വിലയിരുത്തുമ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തുന്നത് ജി എസ് വിജയന്‍ സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ സാഫല്യം എന്ന ചിത്രത്തിലെ ലൈന്‍മാന്‍ നാരായണന്‍കുട്ടി എന്ന കഥാപാത്രമാണ്. “പാരുഷ്യത്തിന്റെ മണികിലുക്കം” എന്ന പേരില്‍ മണിയുടെ പ്രകടനത്തെക്കുറിച്ച് ചിത്രഭൂമിയില്‍ അന്ന് ഫീച്ചര്‍ വന്നതോര്‍ക്കുന്നു. നായകനായ സുരേഷ് ഗോപിയെ നിഷ്പ്രഭനാക്കിയ പെര്‍ഫോര്‍മന്‍സ് ആയിരുന്നു അത്. തറവാട് കാരണവരായ തിലകൻ അവതരിപ്പിച്ച കഥപാത്രത്തിന്റെ മരണശേഷം അന്ന് രാത്രി സ്വത്തവകാശത്തിനായി കള്ളുകുടിച്ചു വീട്ടിലെത്തി ബഹളം വെക്കുന്ന നാരായണൻ കുട്ടിയെ ആ ചിത്രം കണ്ടവർ മറക്കാൻ ഇടയില്ല.

പിന്നീട് രാക്ഷസരാജാവിലെ ‘കൊണശേഖരന്‍’ എന്ന് അയാള്‍ തന്നെ വിളിക്കുന്ന അഴിമതിക്കാരനും കൊലപാതകിയുമായ വിക്കന്‍ മന്ത്രി ഗുണശേഖരനായുള്ള ഹൈവോള്‍ട്ടേജ് ഷോ. ക്ളൈമാക്സില്‍ പല രംഗങ്ങളിലും നായകനായ മമ്മൂട്ടിക്കു തന്നെ വെല്ലുവിളി ഉയര്‍ത്തിയ പ്രകടനം. തമിഴിൽ ‘ജമിനി’ എന്ന ചിത്രത്തിലെ വില്ലൻ ശ്രദ്ധിക്കപ്പെട്ടതോടെ മറ്റ് ഭാഷാ ചിത്രങ്ങളിലും അദ്ദേഹത്തിന് തിരക്കേറി. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥകളില്‍ കലാഭവന്‍ മണി മുമ്പ് കോമഡി വേഷങ്ങള്‍ ചെയ്തിരുന്നു. ഇടക്കാലത്ത് വില്ലന്‍ വേഷങ്ങളില്‍ നിന്നും മാറി നിന്ന മണി ഛോട്ടാ മുംബൈയുടെ കഥ കേട്ട ശേഷം ചെയ്യാന്‍ തയ്യാറാകുകയായിരുന്നു എന്ന് ബെന്നി പി നായരമ്പലം പിന്നീട് പറഞ്ഞിട്ടുണ്ട്. അത് തീര്‍ച്ചയായും സിനിമക്കും അദ്ദേഹത്തിനും ഗുണകരമായി എന്നു പറയാം. കലാഭവന്‍ മണിയുടെ പ്രതിനായക വേഷങ്ങളില്‍ അതിഭാവുകത്വമില്ലാത്തതും തികച്ചും മിതത്വമാര്‍ന്നതും എന്നാല്‍ അതീവ തീക്ഷ്ണവും ആയ പ്രകടനം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ ചിത്രത്തിലെ സി ഐ നടേശന്‍. വളരെ subtle ആയി ചെയ്താൽ മതിയെന്ന സംവിധായകൻ അൻവർ റഷീദിന്റെ നിർദേശം താൻ പൂർണമായി ഉൾക്കൊള്ളുകയായിരുന്നു എന്ന് പിന്നീട് ഒരു ടി വി അഭിമുഖത്തിൽ മണി പറയുന്നത് കാണുകയുണ്ടായി.

കൊച്ചിയിലെ ഒരു കുപ്രസിദ്ധ തെരുവാണ് ഛോട്ടാ മുംബൈ. വാസ്കോഡ ഗാമ (മോഹന്‍ലാല്‍) എന്ന ‘തല’യുടെ സ്ഥലമാണിത്. വാസ്കോയ്ക്ക് കൂട്ടായി ചന്ദ്രപ്പന്‍ (സിദ്ദിഖ്), ടോമിച്ചന്‍ (ഇന്ദ്രജിത്ത്), സുശീലന്‍ (ബിജുക്കുട്ടന്‍), സൈനു (മണിക്കുട്ടന്‍) എന്നിവരുണ്ട്. അല്ലറ ചില്ലറ ക്വൊട്ടേഷന്‍ പരിപാടികളും തട്ടിപ്പുകളുമൊക്കെയായി ദിവസച്ചെലവു കണ്ടെത്തുന്നവരാണിവര്‍. കൊച്ചിയില്‍ പുതുതായി ചാര്‍ജ്ജെടുക്കുന്ന സി. ഐ. മോഹന്‍ ദാസ് (വിജയരാഘവന്‍), പട്ടാപ്പകല്‍ തെരുവില്‍ കുത്തേറ്റ് മരിക്കുന്നു. കൊലയ്ക്കു പിന്നിലുള്ളത് പോലീസുകാരിലെ ക്രിമിനലും ഇപ്പോള്‍ സസ്പെന്‍ഷനിലുള്ളയാളുമായ സി. ഐ. നടേശനും (കലാഭവന്‍ മണി) അയാളുടെ അനിയനും (വിനായകന്‍) ആണ്. കൊലയ്ക്ക് വാസ്കോയും അച്ഛനും (സായ്കുമാര്‍) ദൃക്‌സാക്ഷികളാവുന്നു. അതോടെ യുദ്ധം വാസ്കോയും നടേശനും തമ്മിലാവുന്നു, അതാണ് ചുരുക്കത്തില്‍ ഛോട്ടാ മുംബൈയുടെ കഥ.

നടേശന്‍ എന്ന അഴിമതിക്കാരനും സമൂഹത്തിന്റെ ഇരുണ്ടഭാഗങ്ങളില്‍ നിന്നും വളര്‍ന്നു വന്നയാളുമായ ഗൂണ്ടാപോലീസിനെ മണി മനോഹരമാക്കി. സംസാരത്തിലും ബോഡിലാഗ്വേജിലും ഒരു തരം ആഢ്യത്തം പുലര്‍ത്തിയ ക്രിമിനല്‍ സി ഐ ആയി മണി തകര്‍ത്തഭിനയിക്കുകയായിരുന്നു.കൊച്ചിയിലെ ഗുണ്ടകളുടെ തലവനും കാക്കിക്കുള്ളിലെ കാലമാടനും – അതായിരുന്നു CI നടേശന്‍ എന്ന ഗുണ്ടാപ്പോലീസ്. അത്‌ കലാഭവന്‍ മണി എന്ന അതുല്യ കലാകാരന്‍ അവതരിപ്പിച്ചപ്പോള്‍ നായക കഥാപാത്രം പോലും ഒന്ന് മങ്ങിപ്പോകുന്നുണ്ട്. മണിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി CI നടേശന്‍ മാറിയപ്പോള്‍ മലയാള സിനിമക്ക് മികച്ച ഒരു വില്ലന്‍ കഥാപാത്രത്തെയും ലഭിച്ചു.

“നിങ്ങള്‍ ഇപ്പൊ വായിച്ച വേദ പുസ്തകത്തിലെ ദുഷ്ടനും അധര്‍മിയും ശത്രുവും ഞാന്‍ തന്നെയാ. പേര് നടേശന്‍. സത്യവും ധര്‍മവും നോക്കുന്ന ഒരുപാട് ദൈവപുത്രന്മാര്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്കെതിരെ നില്‍ക്കാന്‍ ഒരു ചെകുത്താനെങ്കിലും വേണ്ടേ? സി ഐ മോഹന്‍ദാസ് എന്നോട് മേക്കിട്ട് കേറാന്‍ വന്നത് കൊണ്ടാ അവനെ കൊന്നത്. ഇനി അതിനെതിരെ താനും കൂടി സാക്ഷി പറയാന്‍ കോടതിയില്‍ പോകണ്ട. അങ്ങനെ എന്തേലും സംഭവിച്ചാല്‍ ആദ്യം ഞാന്‍ കൊല്ലുന്നതു തന്നെ ആയിരിക്കും. തന്റെ മരണം കണ്ട് മനസൊന്നു പിടച്ചു നില്‍ക്കുമ്പോ നിന്റെ മോനെയും ഞാന്‍ കൊല്ലും, ഇത് രണ്ട് കുപ്പി കള്ളിന്റെ പുറത്ത് കൊച്ചിയിലെ ലോക്കല്‍ ഗുണ്ടകള്‍ പറയുന്ന പോലല്ല. കൊല്ലുമെന്ന് പറഞ്ഞാല്‍ നടേശന്‍ കൊന്നിരിക്കും”

പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ഇത്തരം പഞ്ച് ഡയലോഗുകള്‍ ആ ക്യാരക്ടറിനെ പൊലിപ്പിച്ചു. ക്രുരമായി ശത്രുക്കളെ ഇല്ലാതാക്കുന്ന ഒരു ബോണ്‍ ക്രിമിനലാണ് സി ഐ നടേശന്‍. രണ്ടാമതൊന്ന് ആലോചിക്കാതെ ആളുകളെ കൊന്നുതള്ളുന്ന വില്ലന്‍. ഒരു പ്രത്യേക തരത്തിലുള്ള വോയ്‍സ് മോഡുലേഷന്‍ ആണ് മണി ഈ കഥാപാത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്. അവസാനം കൊച്ചിന്‍ കാര്‍ണിവല്‍ കാണിക്കുന്ന ക്ലൈമാക്സിലെ അപകടത്തില്‍പ്പെട്ടുള്ള ആ കഥാപാത്രത്തിന്റെ അന്ത്യം പോലും മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ വിനായകൻ അവതരിപ്പിക്കുന്ന അനുജനുമായുള്ള നടേശന്റെ ആത്മബന്ധവും സിനിമയിൽ നന്നായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.ഛോട്ടാ മുംബൈയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നെന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നു. തീര്‍ച്ചയായും ആ ഭാഗത്തിന്റെ എറ്റവും വലിയ നഷ്ടം സി ഐ നടേശന്റെ അഭാവം തന്നെയായിരിക്കും.

Leave a Reply
You May Also Like

കേരള സ്റ്റോറി നായിക ആദാ ശർമ ചർമരോഗത്തെ തുടർന്ന് ആയുർവേദ ചികിത്സ തേടാനൊരുങ്ങുന്നു

‘ദി കേരള സ്റ്റോറി’ എന്ന വിവാദ ചിത്രത്തിലെ നടി ആദാ ശർമ്മ ഈ ദിവസങ്ങളിൽ പ്രതിസന്ധികളിലൂടെയാണ്…

ഇതുവരെ കാണാത്ത വിനീത് ശ്രീനിവാസനെ കാണാൻ പ്രേക്ഷകരായ നമുക്ക് തിയറ്റർ വരെ പോകാം

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് റിവ്യൂ…. Muhammed Sageer PandarathiL ജോയ് മൂവി പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍…

“അയ്യോ സാമീ ..” എന്ന ശ്രീലങ്കൻ തമിൾ ആൽബം ഇന്ത്യയിലും തരംഗമാകുകയാണ്, കേട്ടുനോക്കൂ സൂപ്പറാ

“അയ്യോ സാമീ ..” എന്ന ശ്രീലങ്കൻ തമിൾ ആൽബം ഇന്ത്യയിലും തരംഗമാകുകയാണ്. വളരെമനോഹരമായ വരികളും വശ്യമായ…

സ്റ്റീവൻ സ്പിൽബർഗ് സംവിധാനം, ഹിന്ദി നടൻ അമരീഷ് പുരി നെഗറ്റീവ് റോളിൽ, കോമഡി ട്രാക്കിൽ മുന്നോട്ട് പോകുന്ന ആക്ഷൻ അഡ്വഞ്ചർ മൂവി

Indiana Jones & The Temple of Doom Year : 1984 Genre :…