Santhosh Iriveri Parootty
മലയാള സിനിമ – 2022
(തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ)
(ഭാഗം – 4)
“ഭൂതകാലം”
ഈ സീരിസിന്റെ ആദ്യഭാഗമായി “പുഴു” എന്ന ചിത്രത്തേക്കുറിച്ച് 02.01.2023 നും ഭാഗം 2 ആയി “ഇലവീഴാപ്പൂഞ്ചിറ” എന്ന ചിത്രത്തെ കുറിച്ച് 08.01.2023 നും 15. 01 .2023 നു ‘ഡിയർ ഫ്രണ്ടി’നെ കുറിച്ചും എഴുതുകയുണ്ടായി. വായിക്കാത്തവർ വായിക്കുമല്ലോ.. (വായിക്കാം > പുഴു, വായിക്കാം > ഇലവീഴാപൂഞ്ചിറ , വായിക്കാം > ഡിയർ ഫ്രണ്ട് )
ആദ്യഷോട്ടിൽ തന്നെ തന്റെ കയ്യിൽ അത്യാവശ്യം മരുന്ന് ഉണ്ടെന്ന് പ്രേക്ഷകരെ മനസ്സിലാക്കിക്കുന്നുണ്ട് രാഹുൽ സദാശിവൻ “ഭൂതകാല” ത്തിലൂടെ. ഡയറക്ടറുടെ ക്രാഫ്റ്റിലെ ബ്രില്ല്യൻസ് അതിലൂടെ തന്നെ നമുക്ക് അനുഭവവേദ്യമാകും. ഒരു മികച്ച സൈക്കോളജിക്കൽ ത്രില്ലർ എന്നതിനുമപ്പുറം മറ്റ് പലതുമാണ് “ഭൂതകാലം”. കാരണം അവസാനത്തെ 15 മിനുട്ട് ആണ് ചിത്രത്തിന്റെ ജീവൻ. രേവതി, ഷെയിൻ നിഗം, സൈജു കുറുപ്പ്, ജെയിംസ് ഏലിയ, ആതിര പട്ടേൽ, വത്സല മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ. ക്യാമറ ചിത്രത്തിന്റെ ആത്മാവ് തന്നെയാണ്.
“ഭൂതകാലം” എന്നതിനെ രണ്ടർഥത്തിൽ നിർവചിക്കാം. ഒന്ന് കഴിഞ്ഞ കാലം (past). രണ്ടാമത് ഭൂതങ്ങളുടെ (ghost) കാലം. ഇതിൽ ഏതിൽ ചിത്രം പെടുന്നു, അല്ലെങ്കിൽ രണ്ടിലും പെടുന്നുണ്ടോ എന്നൊക്കെ നിങ്ങൾ ചിത്രം കണ്ട് തീരുമാനിക്കുക. ഏതായാലും വർത്തമാന കാലത്ത് നിന്നാണ് ഭൂതകാലത്തേക്ക് യാത്ര ചെയ്യുന്നത്. പോസ്റ്ററിൽ ‘ഭൂതകാലം’ എന്ന് എഴുതിയിരിക്കുന്നതിലെ വ്യത്യസ്തത ശ്രദ്ധിക്കുക.
നിഗൂഢമായ മനസ്സുകളുടെ വിചിത്ര സഞ്ചാര വഴികളാണ് ‘ഭൂതകാലം’. ആശ (രേവതി), മകൻ വിനു (ഷെയിൻ നിഗം) എന്നീ കഥാപാത്രങ്ങളുടെ വർത്തമാന കാലം ചിത്രത്തിൽ കാണുമ്പോൾ അവരുടെ കഴിഞ്ഞകാല ജീവിതം സംഭാഷണങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നു.
മാനസികമായ പ്രശ്നങ്ങൾ വിനുവും ആശയും നേരിടുന്നുണ്ട്. കിടപ്പിലായിരുന്ന മുത്തശ്ശിയുടെ (വത്സല മേനോൻ) മരണത്തോടെ കാര്യങ്ങൾ സങ്കീർണമാകുന്നു. ക്ലിനിക്കൽ ഡിപ്രഷന് ചികിത്സയിലാണ് അധ്യാപികയായ ആശ. ഒരർഥത്തിൽ മകനും ഇത്തരം പ്രശ്നങ്ങൾ ഒരു ഘട്ടത്തിൽ നേരിടുന്നുണ്ട്. ആശയുടെ മരിച്ചുപോയ അമ്മയ്ക്കും സമാന പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അവർ ഡോക്ടറോട് പറയുന്നത്. ഇങ്ങനെ മൂന്ന് തലമുറകളിലേക്ക് പടർന്നു കിടക്കുന്ന ക്ലിനിക്കൽ ഡിപ്രഷന്റെ വിവിധ തലങ്ങൾ സമർഥമായി കൈകാര്യം ചെയ്ത മലയാള ചിത്രങ്ങൾ കുറവാണെന്നു തോന്നുന്നു. മകന്റെ കാര്യത്തിൽ പൊസ്സസീവും ഓവർ പ്രൊട്ടക്റ്റീവും ആണ് ആശ. ഡി ഫാം കഴിഞ്ഞിട്ടും വിനുവിനെ ദൂരെയെങ്ങും ജോലിക്ക് പോകാൻ അമ്മ അനുവദിക്കുന്നില്ല. മദ്യവും, പുകവലിയും പതിവാക്കിയ വിനുവിൻ്റെ ഭൂതകാലത്തെക്കുറിച്ചും പ്രേക്ഷകർക്ക് സംശയങ്ങൾ ഉണ്ടാവും. വിനുവിന്റെ ചെറുപ്പകാലത്ത് തന്നെ അച്ഛൻ മരിച്ചു പോവുന്നുണ്ട്. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ തന്റെ കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കിയേനെ എന്ന് ഒരവസരത്തിൽ അയാൾ അമ്മയോട് പറയുന്നുണ്ട്. മാനസികമായി അമ്മയോട് അകലത്തിലാണയാൾ.
ഏറ്റവും ദുരൂഹത ജനിപ്പിക്കുന്നത് ഇവർ താമസിക്കുന്ന വാടക വീടാണ്. ആ വീടിൻ്റെ ചരിത്രം അതിശയോക്തി കലർത്തി അവതരിപ്പിക്കപ്പെടുന്നുണ്ട്. അതീന്ദ്രിയ ശക്തികളിൽ വിശ്വസിക്കുന്നവരെയും ശാസ്ത്ര കുതുകികളെയും തൃപ്തിപ്പെടുത്തി മുന്നോട്ടു പോകുന്ന ചിത്രം അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നത് ക്ലൈമാക്സിലാണ്. ആ 15 മിനുട്ടിലാണ് ചിത്രത്തിന്റെ ഴോണർ വെളിവാകുന്നത്. ഏതായാലും ആ വിഭാഗത്തിൽ മലയാളത്തിൽ ഇതുവരെ പുറത്തു വന്നിരിക്കുന്ന പടങ്ങളിൽ നിന്ന് ഒരു വെൽക്കം റിലീഫ് ആകുന്നുണ്ട് ഈ ചിത്രം. ഒരു പാട് ക്ളീഷേകളെയാണ് അതു വഴി പടിക്ക് പുറത്താക്കിയിരിക്കുന്നത്. പ്രേക്ഷകർക്ക് ഏറെക്കുറെ പരിചിതമായ കഥ വ്യത്യസ്തമായ രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നു എന്നതിലാണ് “ഭൂതകാലം” വേറിട്ടു നിന്നത്. വിഷയാവതരണത്തിലെ പുതുമ എടുത്തു പറയേണ്ടതാണ്. ആശ, വിനു എന്നീ പ്രധാന കഥാപാത്രങ്ങളെ രേവതിയും ഷെയിൻ നിഗവും ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്.
രേവതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കഴിഞ്ഞ വർഷം നേടിക്കൊടുത്തു ഈ ചിത്രം. ചിത്രത്തിന്റെ അവസാന ഭാഗത്ത് “നമ്മുടെ വിഷമങ്ങൾ മനസ്സിലാക്കാൻ ആരെങ്കിലും വേണ്ടേ” എന്ന് വിനു അമ്മയോട് ഹൃദയം തകർന്ന് പറയുന്ന രംഗവും തുടർന്ന് വരുന്ന സീനുകളും അർഥവ്യാപ്തിയുള്ളവയാണ്. കഥാപാത്ര നിർമിതിയിൽ കാണിച്ച സൂക്ഷ്മത ക്രാഫ്റ്റിൽ തെളിഞ്ഞു കാണാം. മാത്രമല്ല, ചിത്രം കണ്ടു കഴിഞ്ഞ ശേഷം പ്രേക്ഷകന് അവരവരുടേതായ നിഗമനങ്ങളിൽ എത്താനുള്ള സ്പേസും നൽകുന്നുണ്ട്.
മറ്റേതു വികാരങ്ങളെയും പോലെ മനുഷ്യാവസ്ഥകളിൽ നിന്നും നമ്മുടെ ജീവിതത്തിലെ അനുഭവങ്ങളിൽ നിന്നും ജീവിതസന്ദർഭങ്ങളിൽ നിന്നും തികച്ചും ഓർഗാനിക് ആയി ഉടലെടുക്കുന്നതാണ് ഭയം എന്ന വികാരവും.ജോലി കിട്ടി മകൻ ദൂരെ പോയാൽ താൻ ഒറ്റയ്ക്കാവില്ലേയെന്നും തനിക്ക് വേറെയാരാണുള്ളതെന്നും ആശ ആകുലപ്പെടുന്നു. അവരുടെ മാനസികപ്രശ്നങ്ങൾ അവർ ജോലി ചെയ്യുന്ന നഴ്സറിയിലെ കുട്ടികളോടുള്ള പെരുമാറ്റത്തിൽ പോലും പ്രശ്നങ്ങളുണ്ടാക്കുന്നു. മറ്റൊരു വശത്ത് ബാറിൽ ചെന്ന് രണ്ട് പെഗ് മദ്യം വാങ്ങി, ആളുകളിൽ നിന്ന് മാറി നിന്ന് അത് കഴിക്കുന്ന വിനുവിൻ്റെ രീതികളും വിശകലനവിധേയമാക്കാവുന്നതാണ്. ഇങ്ങനെ ഉരുണ്ടു കൂടുന്ന ആധിയിലും ഭയത്തിലും വിഷാദത്തിലും ഊളിയിട്ടു പോകുകയാണ് ഇവരുടെ മനസ്സുകൾ.
ആ വീട്ടിൽ നിന്ന് രക്ഷപ്പെടുകയെന്നത് നിലനിൽക്കുന്ന ബന്ധങ്ങളുടെയും സാഹചര്യങ്ങളുടെയും കെട്ടുപാടുകളിൽ നിന്നും എന്നതിനുമപ്പുറം ആ വീട്ടിനകത്തുനിന്നു തന്നെയുള്ള രക്ഷപെടലാണെന്ന വിനുവിൻ്റെയും ആശയുടെയും തിരിച്ചറിവാണ് ചിത്രത്തിന്റെ പരിണാമഗുപ്തി എന്ന് പറയാം. സാധാരണ ഹൊറർ ചിത്രങ്ങൾ പോലെ പ്രേതസങ്കല്പത്തെ കേവലമൊരു പ്രതികാര കഥയ്ക്കുമപ്പുറം ‘ഭയം’ എന്ന വികാരത്തെ മനശാസ്ത്രപരമായി അവതരിപ്പിക്കാനുള്ള ഒരു സാധ്യതയായി ഉപയോഗപ്പെടുത്തി എന്നിടത്താണ് “ഭൂതകാലം” ഒരു ബ്രില്ല്യന്റ് സിനിമാറ്റിക് attempt ആവുന്നത്. സാധാരണ ഹൊറർ സിനിമകൾ പോലെ കുറെ സീനുകൾ കാട്ടി ഭയം ഉണ്ടാക്കുന്നതിന് പകരം കഥാപാത്രങ്ങളുടെ മുഖത്ത് പ്രകടമാവുന്ന ഭയം എന്ന വികാരം കാണുന്ന പ്രേക്ഷകരുടെ ഉള്ളിലേക്കും പകരുകയാണ്. നേരത്തെ സൂചിപ്പിച്ച പോലെ അകത്താണോ പുറത്താണോ ഭയമെന്ന ചിന്തയുടെ സൈക്കോളജിക്കൽ അനലിസിസ് നടത്താൻ ശ്രമിക്കുന്ന ചിത്രം കൂടിയാണിത്. ക്ലോസ്ട്രോ ഫോബിയ തോന്നിപ്പിക്കുന്ന റൂമുകൾക്കുള്ളിൽ നിന്ന് കൊണ്ടുള്ള ഷെഹ്നാദ് ജലാലിന്റെ ക്യാമറ വർക്ക് ഗംഭീരമാണ്.
നിശ്ചയമായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് “ഭൂതകാലം”. സോണി ലൈവിൽ ഒ ടി ടി ആയാണ് പ്രദർശനത്തിന് എത്തിയത്.
(അടുത്താഴ്ച,- ഭാഗം 5- “ജോ & ജോ”)