“ഇരട്ട” നഷ്ടവും ഒരു ഓക്കെ പടവും
Santhosh Iriveri Parootty
ഇപ്പോൾ ഇരിക്കുന്ന സീറ്റിന്റെയും സെക്ഷന്റെയും പ്രത്യേകത കാരണം ടെൻഷൻ കുറെ കൂടിയിട്ടുണ്ട്. മരുന്നിന്റെ ഡോസും ഇരട്ടിയാക്കേണ്ടി വന്നു. ലീവ് എടുത്താലും മനഃസമാധാനം കെടുത്തി ചിലപ്പോൾ ഫോൺ വരും. ജോലി ചെയ്യുന്ന ദിവസങ്ങളിൽ 100% ആത്മാർഥതയോടെ അതിൽ മുഴുകുന്നയാൾ ആണ് ഞാൻ. അത് പോലെ ചില ബ്രേക്കുകൾ സ്വയം റിഫ്രഷ് ചെയ്യാൻ ആവശ്യവുമാണ്. ആ ഒരു റിഫ്രഷ്മെന്റ് ആണ് കഴിഞ്ഞ ഏതാനും മാസങ്ങളായി മുടങ്ങിയത്.

എന്താണ് റീ-എനർജൈസ് ചെയ്യുക എന്ന് ചോദിച്ചാൽ ചിലപ്പോൾ അത് ഒരു യാത്രയാവാം. പലപ്പോഴും മാനന്തവാടിയിലേക്കോ കോഴിക്കോടേക്കോ യാത്ര ചെയ്തിട്ടുണ്ട്, ഒരു ദിവസത്തെ ലീവ് എടുത്ത്. മിക്കവാറും കെ എസ് ആർ ടി സി ബസ്സിലാവും യാത്ര. അത് എന്തു കൊണ്ടെന്നു ചോദിച്ചാൽ ആനവണ്ടി യാത്ര എക്കാലത്തും ഒരു ഹരമായിരുന്നു എന്നേ പറയാൻ പറ്റൂ. Something personal, something special. കല്യാണത്തിനു ശേഷം യാത്ര ചെയ്യുമ്പോൾ പലപ്പോഴും വൈഫിന് കെ എസ് ആർ ടി സി അത്ര താല്പര്യമില്ല. അത് കൊണ്ട് ഒഴിവാക്കിയിട്ടുണ്ട്. ചിലപ്പോഴൊക്കെ ദീർഘദൂര സർവീസുകളിൽ യാത്ര ചെയ്തിട്ടുമുണ്ട്.
അത് പോലെ വീട്ടിൽ വായിക്കാൻ ബാക്കി കിടക്കുന്ന കുറെ മാഗസിൻസ്, പത്രങ്ങൾ ഒക്കെയുണ്ട്. അത് വായിച്ചും ഉഷാറാവും. ഇപ്പോഴത്തെ ടൈം ടേബിൾ എന്തെന്ന് വെച്ചാൽ രാവിലെ 6.45 ഓടെ വീട്ടിൽ നിന്നിറങ്ങും. (ചില ദിവസങ്ങളിൽ 5.50 നും). ഓഫീസിൽ നിന്നും മടങ്ങി വീട്ടിലെത്തുമ്പോൾ സമയം ഏതാണ്ട് 6.45 – 7.00 ആവും. സർക്കാർ പഞ്ചിങ് ഏർപ്പെടുത്തിയത് കാരണം ഇപ്പോൾ ഓഫീസ് സമയം 5.15 വരെ ആണല്ലോ. വീട്ടിൽ എത്തിയാൽ മുടങ്ങാതെ കാണുന്ന പരിപാടി 7.30 ന്റെ ഫ്ലവർസ് ടോപ്പ് സിംഗർ ആണ്. കൊച്ചു കുഞ്ഞുങ്ങളുടെ പാട്ട് വളരെ ഇഷ്ടമാണ്. രാത്രി മിക്കവാറും ഭക്ഷണം കഴിക്കാറില്ല. അത് കഴിഞ്ഞ് “ഫ്ലവർസ് ഒരു കോടി” എന്ന പരിപാടി ചിലപ്പോൾ കാണും. അതിൽ പങ്കെടുക്കാൻ എത്തുന്നത് സീരിയൽ താരങ്ങളോ, പഴയകാല സിനിമാ താരങ്ങളോ അല്ലെങ്കിൽ സിനിമയിൽ നിന്നും ഏതാണ്ട് ഔട്ട് ആയി നിൽക്കുന്നവരോ മറ്റോ ആണെങ്കിൽ കാണാറില്ല. പഴയ താരങ്ങൾ എന്നത് കൊണ്ട് ഉദ്ദേശിച്ചത് മധു സാറിനെയോ ഷീലാമ്മയെപ്പോലെയോ ഉള്ള ലെജൻഡ്സിനെയല്ല, കേട്ടോ. പിന്നെ ഉറങ്ങും. രാവിലെ 5.15 ആവുമ്പോൾ എഴുന്നേൽക്കണം. അത് കൊണ്ട് ദിവസേന പത്രം പോലും വായിക്കാൻ പറ്റാറില്ല. അതെല്ലാം കൂട്ടി വെച്ച് ഇത് പോലെ ലീവ് ഉള്ള ദിവസങ്ങളിൽ ആണ് വായിക്കുക. അത് പോലെ സിനിമ കാണൽ, അത് പിന്നെ നിങ്ങൾക്കെല്ലാർക്കും അറിയാല്ലോ.
ഇത്രയും പറയാൻ കാരണം കഴിഞ്ഞയാഴ്ചകളിൽ ഇറങ്ങിയ ചിത്രങ്ങളിൽ രോമാഞ്ചം, വെടിക്കെട്ട്, ഇരട്ട എന്നീ ചിത്രങ്ങൾ കൊള്ളാമെന്നു അഭിപ്രായം കണ്ടു. ഇതെല്ലാം കൂടി കാണാൻ സമയമില്ല. മൊത്തത്തിൽ പല അഭിപ്രായങ്ങളും റിവ്യൂകളും നോക്കിയപ്പോൾ ഇവയിൽ “ഇരട്ട” ഒരു പടി മുന്നിൽ നിൽക്കുന്നുവെന്നാണ് എനിക്ക് തോന്നിയത്. അങ്ങനെ ആ ചിത്രം കാണാൻ വിചാരിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയപ്പോൾ ആണ് മനസ്സിലായത് കണ്ണൂരിൽ ആ ചിത്രം തിയേറ്റർ വിട്ടു. തലശ്ശേരി നോക്കിയപ്പോൾ ലിബർട്ടി കോംപ്ലക്സിൽ രാവിലെ 11.30 ന് ഒരു ഷോ ഉണ്ട്. അങ്ങനെ ഒരു ടിക്കറ്റ് ഓൺലൈൻ ബുക്ക് ചെയ്തു. വ്യക്തിപരവും കുടുംബപരവുമായ മറ്റ് ചില ആവശ്യങ്ങളും കൂടി ഉണ്ടായിരുന്നതിനാൽ വെള്ളിയാഴ്ച ലീവ് ആക്കി.
അങ്ങനെ ഇന്നലെ കണ്ണൂരിൽ നിന്നും തലശ്ശേരിയിലേക്ക് ലോക്കൽ ബസ്സിൽ പോയപ്പോൾ ആണ് മനസ്സിലായത് മൊത്തം നിർമാണ പ്രവൃത്തികൾ ആണ്. ലോക്കൽ ബസ്സിന് പോകുന്നത് മറ്റൊരു മാനസിക സുഖം. പഴയ ബസ് സ്റ്റാൻഡിലേക്ക് പോകുന്നില്ല. അവിടെയൊക്കെ പണി നടക്കുന്നുണ്ടെന്ന് തോന്നുന്നു. തിരിച്ചു വരുമ്പോൾ വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ സ്റ്റേഡിയം പുത്തൻ ചന്തത്തിൽ കണ്ടു. ഏതാനും മാസം മുമ്പ് ജോലി ചെയ്ത സബ് കളക്ടർ ഓഫീസിനു തൊട്ടടുത്താണല്ലോ അത്. സബ് കളക്ടർ ഓഫീസും മുഖം മിനുക്കിയിരിക്കുന്നു.
തലശ്ശേരിയിൽ എത്തിയ പാടേ ചെയ്തത് ബസ് സ്റ്റാൻഡിലെ സ്ഥിരം കടയിൽ നിന്ന് ഒരു ചായയും ഉള്ളിവടയും കഴിക്കുകയാണ്. സബ് കളക്ടർ ഓഫീസിൽ ജോലി ചെയ്തിരുന്നപ്പോൾ രാവിലെ സ്ഥിരം ഭക്ഷണം കഴിച്ചിരുന്നതിന്റെ ഒരു നൊസ്റ്റു. ഒരു ദിവസം അവിടത്തെ ഒരു സപ്പ്ളയർ ഭക്ഷണം കൊണ്ടു വരാൻ വൈകിയപ്പോൾ ഞാൻ “പ്രതിഷേധിച്ചു” ഇറങ്ങിപ്പോയിരുന്നു. ഡോ. ശിവരാമകൃഷ്ണൻ സാറിന്റെ ഭാഷയിൽ പറഞ്ഞാൽ “Frustration Tolerance” കുറവായതിന്റെ ഫലം. എന്താ ചെയ്യാ? ഇങ്ങനെയും ഒരു ജന്മം, അല്ലേ? ഇന്നലെ ആ റെസ്റ്റോറന്റിൽ എത്തിയപ്പോൾ എല്ലാവരും പരിചയഭാവം കാണിച്ചെങ്കിലും അടുത്തു വന്നു ചിരിച്ചു കൊണ്ട് “എന്താ, ഇപ്പോ കാണുന്നില്ലല്ലോ” എന്ന് ചോദിച്ചത് അന്ന് ഞാൻ അങ്ങോട്ട് ചൂടായ ആ മനുഷ്യൻ ആയിരുന്നു. കണ്ണൂരേക്ക് ട്രാൻസ്ഫർ ആയെന്ന് ഞാൻ പറഞ്ഞു. വിഷമം തോന്നി. മനുഷ്യരെ പലപ്പോഴും മുൻവിധിയോടെ സമീപിക്കുന്ന എന്റെ രീതിയെക്കുറിച്ച്. അതൊക്കെ ഇത് കൊണ്ട് മാറുമെന്നല്ല, ഒരു മിനുട്ടെങ്കിലും ഒന്ന് ചിന്തിക്കാൻ..
“സർ, സാറിനു ഈ സിനിമ തന്നെ കാണണമെന്ന് നിർബന്ധമുണ്ടോ”?
ഞാൻ പറഞ്ഞു :- “എന്ത് പറ്റി?”
“അല്ല, ഈ സിനിമയ്ക്ക് സർ മാത്രമേ ഉള്ളൂ. വേറെ ഏതെങ്കിലും ചിത്രം കണ്ടാൽ മതിയെങ്കിൽ അങ്ങോട്ട് പോകാം. അല്ല, ഈ ചിത്രം തന്നെ കാണണം എന്ന് നിർബന്ധമുണ്ടെങ്കിൽ സാറിന് വേണ്ടി മാത്രം ഈ സിനിമ കളിക്കും”
“അല്ല, ഇന്നലെ ഞാൻ ബുക്ക് ചെയ്യുമ്പോൾ പത്തോളം സീറ്റ് ബുക്ക് ചെയ്തതായി കണ്ടിരുന്നു”
“അതങ്ങനെയല്ല സർ, അത്ര സീറ്റ് മാറ്റി വെക്കുന്നതാണ്. ഇന്നലെ പന്ത്രണ്ട് ആളോ മറ്റോ കാണാൻ ഉണ്ടായിരുന്നു. ഇന്നിപ്പോ സർ മാത്രമേ ഉള്ളൂ ”
“എന്തെങ്കിലും പ്രശ്നമുണ്ടോ? ഉണ്ടെങ്കിൽ ഞാൻ മാറാം”
“ഒരു പ്രശ്നവുമില്ല സർ. സാറിന് വേണമെങ്കിൽ പടം കളിക്കും. സാറിന് എന്തെങ്കിലും പ്രശ്നമുണ്ടോ ഒറ്റയ്ക്കായത് കൊണ്ട് എന്നറിയാനാണ് ”
“എനിക്ക് അത് കൊണ്ട് പ്രശ്നമൊന്നുമില്ല ”
“ഓക്കെ, സർ, അപ്പൊ പടം കളിക്കും..”
ഇങ്ങനെ പറഞ്ഞു അയാൾ പുറത്തേക്ക് പോയി. എനിക്ക് അതിശയം തോന്നി. ഒരാൾക്ക് വേണ്ടി പടം കളിക്കാൻ മാത്രം വലിയ മനസ്സുള്ള തിയേറ്ററുകാരോ? അങ്ങനെയെങ്കിൽ ഈ സംഭവത്തിന് കാര്യമായ പബ്ലിസിറ്റി കൊടുത്തേ പറ്റൂ . അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ രണ്ടു പേര് തിയേറ്ററിലേക്ക് കയറി വന്നു.
“സർ, വേറെ ഏതെങ്കിലും പടം കാണണം, റിക്വസ്റ്റ് ആണ്. ഒരാൾക്ക് വേണ്ടി പടം കളിക്കുക എന്നൊക്കെ പറഞ്ഞാൽ… സർ ഓൺലൈൻ എടുത്തത് കൊണ്ടാണ് ടിക്കറ്റ് മുറിക്കേണ്ടി വന്നത്. അത് കൊണ്ട് വേറെ ഏതെങ്കിലും പടം കൊണ്ട് അഡ്ജസ്റ്റ് ചെയ്യണം ”
ഞാൻ പറഞ്ഞു, “ആയിക്കോട്ടെ ”
“സർ, “മാളികപ്പുറം” കണ്ടോളൂ ”
“അത് ഞാൻ കണ്ടതാണ് ”
“അപ്പൊ, സ്ഫടികം, ക്രിസ്റ്റഫർ..”
“സ്ഫടികം ഒക്കെ മുമ്പ് കണ്ടതല്ലേ, ക്രിസ്റ്റഫർ മാത്രമേ കാണാതുള്ളൂ.”
“ഓക്കെ, സർ, എന്നാൽ ക്രിസ്റ്റഫർ കാണാം..”
അയാൾ എന്നെയും കൂട്ടി “ക്രിസ്റ്റഫർ” കളിക്കുന്ന തിയേറ്ററിൽ കൊണ്ടു പോയി. പുറത്തുള്ള ഒരാളോട് പറഞ്ഞു, “സാറിന് ഒരു സീറ്റ് വേണം. ഇരട്ടയ്ക്ക് ടിക്കറ്റ് എടുത്തതാണ്. ആളില്ല, പടം കാണാൻ”
അങ്ങനെ ഈയുള്ളവൻ യാതൊരു ഗതിയുമില്ലാതെ “ക്രിസ്റ്റഫർ” കാണാൻ തിയേറ്ററിൽ കയറി. അപ്പോഴേക്കും പടം തുടങ്ങിക്കഴിഞ്ഞിരുന്നു. ഇനിയിപ്പോ “ഇരട്ട” യ്ക്കായി ഒ ടി ടി യിൽ കാത്തിരിക്കാം.
ക്രിസ്റ്റഫർ
എന്നാണ് ഒരു ബി ഉണ്ണികൃഷ്ണൻ പടം അവസാനമായി തിയേറ്ററിൽ കണ്ടത്? “വില്ലൻ” ആണെന്നാണ് ഓർമ. “വേദം പറയുന്ന വില്ലൻ” എന്ന പേരിൽ അന്ന് ഫേസ്ബുക്കിൽ എഴുതിയതിന്റെ പേരിൽ ചില മോഹൻലാൽ ആരാധകർക്ക് കുരു പൊട്ടിയിരുന്നതോർക്കുന്നു. ഇദ്ദേഹത്തിന്റെ പടങ്ങളിൽ ഇഷ്ടപ്പെട്ടിട്ടുള്ളത് “ഗ്രാൻഡ്മാസ്റ്റർ” എന്ന പടം മാത്രമാണ്. “വില്ലൻ” എന്ന ചിത്രത്തിന് ശേഷം വന്ന സിനിമകൾ എല്ലാം റ്റ് വി യിലോ ഒ ടി ടി യിലോ ആണ് കണ്ടിട്ടുള്ളത്. ഇതു വരെയുള്ള അവസ്ഥ നോക്കിയാൽ ഒരു ഔട്ട്ഡേറ്റഡ് സംവിധായകൻ എന്ന് നിസ്സംശയം പറയാം. കാലഹരണപ്പെട്ട ഒരു തിരക്കഥാകൃത്തായ ഉദയകൃഷ്ണയുമായുള്ള ഇദ്ദേഹത്തിന്റെ കൂട്ടുകെട്ട് “ആറാട്ട്” എന്ന ദുരന്തം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ട് നാളേറെ ആയില്ല. അതിന്റെ ഷോക്ക് മാറുന്നതിനു മുമ്പാണ് ഈ കൂട്ടുകെട്ട് പുതിയ ചിത്രവുമായി എത്തിയിരിക്കുന്നത്.
“ക്രിസ്റ്റഫർ” കാണാനിടയായ സാഹചര്യത്തെക്കുറിച്ചു മുകളിൽ വിവരിച്ചിരുന്നു. എന്റെ ചോയ്സ് ആയിരുന്നില്ല, അടിച്ചേൽപ്പിക്കപ്പെട്ട ചിത്രം. പിന്നെ ഒന്നും കാണാതെ വരുന്നതിലും ഭേദം എന്തെങ്കിലും കാണുക എന്ന് കരുതി. ഏതായാലും ഉണ്ണിക്കൃഷ്ണനും ഉദയകൃഷ്ണയും വഞ്ചിയുമായി ഇപ്പോഴും തിരുനക്കര നിൽപ്പാണ്. നേരം ഉദിച്ചിട്ടില്ല രണ്ടു പേർക്കും. പിന്നെ “ആറാട്ട്” എന്ന ദുരന്തവുമായി താരതമ്യം ചെയ്ത് ഭേദം എന്ന് പറയാം. ഈ കൂട്ടുകെട്ടിൽ ചേർന്ന് കുറേക്കാലത്തിനു ശേഷം മമ്മൂട്ടിയും കുഴിയിൽ ചാടി.
ബയോഗ്രഫി ഓഫ് എ വിജിലന്റെ (Vigilante) കോപ്പ് എന്നാണ് tagline. ശ്രദ്ധിക്കുക, വിജിലന്റ് അല്ല, വിജിലാന്റെ. അതായത്, നിയമം കയ്യിലെടുക്കുന്ന, സമൂഹത്തിന്റെ സംരക്ഷകൻ ആയി സ്വയം അവതരിക്കുന്ന ഒരു വ്യക്തി. അത്തരം പോലീസുകാർ തന്നെയാണ് നമ്മുടെ മെയിൻ സ്ട്രീം ചിത്രങ്ങളിൽ പണ്ടേ ഉള്ളത്. ആവനാഴി, ഇൻസ്‌പെക്ടർ ബൽറാം, കമ്മീഷണർ അങ്ങനെ നൂറു നൂറു ഉദാഹരണങ്ങൾ. എക്സ്ട്രാ ജൂഡിഷ്യൽ കൊലപാതകങ്ങൾ നടപ്പാക്കുന്ന ട്രിഗർ ഹാപ്പി പോലീസുകാർ. പോലീസുകാർ മാത്രമല്ല, ഷാജി കൈലാസ് 2006ൽ സംവിധാനം ചെയ്ത് ഹിറ്റ് ആയ “ചിന്താമണി കൊലക്കേസ്” ഒക്കെ ഈ സിനിമ കണ്ടപ്പോൾ ഓർമ വന്നു. “ജനഗണമന” ഒക്കെ ആരും ഈ ചിത്രം കാണുമ്പോൾ ഓർക്കും.പോസ്റ്റ് ട്രോമാറ്റിക്ക് സ്ട്രസ് അനുഭവിക്കുന്ന ക്രിസ്റ്റഫർ ആന്റണി എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ജീവചരിത്രമാണ് അടിസ്ഥാനം. സ്ത്രീകൾക്ക് നേരെ അതിക്രമം നടത്തുന്നവരെ തോക്കിനിരയാക്കുന്ന ഇദ്ദേഹം തന്റെ ബന്ധുക്കളെപ്പോലും ഇതിൽ നിന്നൊഴിവാക്കില്ല. ഈ പോലീസുദ്യോഗസ്ഥന്റെ ജീവിതത്തിലെ പല സംഭവങ്ങളെയും ആളുകളേയും കുറിച്ച് പല ലെയറുകളിലൂടെ പറഞ്ഞുപോകുന്നുണ്ട്.
അങ്ങേയറ്റം പ്രവാചനാത്മകമായ ഈ ചിത്രത്തിന്റെ കഥയൊന്നും പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഏത് ഒന്നാം ക്ലാസിലെ കുട്ടിക്കും ചിത്രം തുടങ്ങുമ്പോൾ തന്നെ അറിയാം ഇതെങ്ങനെ അവസാനിക്കും എന്ന്. അത്ര മാത്രം പ്രെഡിക്റ്റബിൾ ആണ്. ഉദാഹരണത്തിന് ഒരു വീട്ടിൽ വെച്ച് മമ്മൂട്ടിയുടെ ക്രിസ്റ്റഫർ ഒരമ്മയെയും അവരുടെ മിടുക്കിയായ ടീനേജുകാരി മകളെയും പരിചയപ്പെടുന്നുണ്ട്. അപ്പോൾ തന്നെ ആ കുട്ടിക്ക് സംഭവിക്കാൻ പോകുന്നതെന്തെന്ന് പ്രേക്ഷകന് ഊഹിക്കാം. അത് പോലെ ക്രിസ്റ്റഫറിന്റെ ഭാര്യാഗൃഹത്തിൽ വെച്ച് ഭാര്യയുടെ അനുജനെ ഇൻട്രോഡ്യൂസ് ചെയ്യുന്ന സീൻ ഉണ്ട്. അപ്പോൾ തന്നെ അയാൾക്ക് എന്ത് സംഭവിക്കുമെന്നും നായകന്റെ കുടുംബജീവിതത്തിൽ എന്ത് മാറ്റം ഉണ്ടാവാൻ പോകുന്നുവെന്നും നമുക്ക് മാനത്ത് കാണാം.
സ്ത്രീകൾക്കെതിരെയുള്ള വയലൻസ് പറയുന്നതിലും ചിത്രീകരിക്കുന്നതിലും (അതിപ്പോൾ ഗ്രാഫിക്സ് ആയാലും) ചിത്രത്തിന് പിന്നിലുള്ളവർക്ക് വല്ലാത്തൊരു താല്പര്യം ഉള്ളത് പോലെ തോന്നും. ഒരു പക്ഷേ, നായകന്റെ പ്രതികാരത്തിന്റെ തീവ്രത കൂട്ടാൻ ആയിരിക്കാം. പക്ഷേ ക്രൂരത നേരിട്ട് കാണിക്കാതെ തന്നെ അതിന്റെ തീവ്രത പ്രേക്ഷകനിലേക്ക് പകരാനാവുന്നതാണ് ക്രാഫ്റ്റുള്ള ഒരു സംവിധായകന്റെ മിടുക്ക്. ബി ഉണ്ണിക്കൃഷ്ണന് ഇല്ലാതെ പോവുന്നതും അത് തന്നെയാണ്. വില്ലന് തുടക്കത്തിൽ വലിയ ബിൽഡ് അപ്പ് ഓക്കെ കൊടുക്കുന്നുണ്ടെങ്കിലും അവസാനം കോമഡിയാണ്. വിനയ് റായ്, ശരത്കുമാർ, സ്നേഹ, ഐശ്വര്യലക്ഷ്മി, അമലാ പോൾ, ഷൈൻ ടോം ചാക്കോ, രമ്യ സുരേഷ്, ജിനോ, കലേഷ് രാമാനന്ദ്, ഷഹീൻ സിദ്ദിഖ്, സിദ്ദിഖ് തുടങ്ങി നിരവധി പേർ ചിത്രത്തിലുണ്ട്.
ഡയലോഗുകളിൽ ചിലത് കേൾക്കുമ്പോൾ ചിരി വരുന്നത് തന്നെ കാലം നമ്മളെ എത്രത്തോളം മാറ്റിയെന്നും അത് മനസ്സിലാക്കുന്നതിൽ സംവിധായകനും തിരക്കഥാകൃത്തും എത്ര മാത്രം പരാജയപ്പെടുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. “തോക്കിന്റെ മുന്നിൽ എന്ത് ത്രിമൂർത്തി? കാഞ്ചി വലിച്ചാൽ ഉണ്ട കയറും” എന്ന ഡയലോഗ് ഒരുദാഹരണം. മറ്റൊരു സീനിൽ നായകൻ വില്ലനോട് പറയുന്നു, “നീ ത്രിമൂർത്തിയെങ്കിൽ ഞാൻ സംഹാര മൂർത്തിയാണ് “. ഒരാൾ പോലും തിയേറ്ററിൽ കയ്യടിച്ചത് കേട്ടില്ല. പ്രേക്ഷകരിൽ നിന്നും എത്ര മാത്രം ഈ സിനിമയുടെയും അണിയറ പ്രവർത്തകർ അകന്നു എന്നതിന്റെ ഉദാഹരണങ്ങളിൽ ചിലത് മാത്രമാണിത്.
പരമാവധി പറഞ്ഞാൽ ഒരു ഓക്കെ പടം. കണ്ടിരിക്കാം. കണ്ടില്ലെങ്കിലും കുഴപ്പമില്ല. അത്ര തന്നെ. ഏറിയാൽ ഒരു one-time watch. ആദ്യ പകുതിയാണ് കൂടുതൽ മെച്ചം. ബി ജി എമ്മും ക്യാമറയും ഒക്കെ കൊള്ളാം. ചില ഷോട്സ് ഒക്കെ എടുത്തു പറയണം, ട്രക്കിനടിയിലൂടെ ക്യാമറ സഞ്ചരിക്കുന്ന ആ ഷോട്ട് പോലെ. കോമഡി ഇല്ലാത്തത് വലിയൊരു ആശ്വാസമാണ്. മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം “പൂ പറിക്കുന്ന പോലെ ഈസി ആയി കൈകാര്യം ചെയ്യാവുന്ന ” ഒരു കാരക്റ്റർ ആണ് ക്രിസ്റ്റഫർ. അതദ്ദേഹം നന്നായി ചെയ്തിട്ടുണ്ട്. സംഘട്ടന രംഗങ്ങൾ ഒക്കെ അത്ര ഇമ്പ്രസീവ് ആയി തോന്നിയില്ല. ഷൈൻ ടോം ചാക്കോ ഇന്റർവ്യൂകളിൽ കാണിക്കുന്ന കോപ്രായങ്ങൾ അത് പോലെ ഈ ചിത്രത്തിലും പകർത്തിയിട്ടുണ്ട്. ഈ മനുഷ്യന് എന്ത് സംഭവിച്ചെന്ന് മനസ്സിലാവുന്നില്ല.
നാം ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നമ്മുടെ ഇഷ്ടതാരങ്ങൾ വെള്ളിത്തിരയിൽ ചെയ്യുമ്പോൾ കയ്യടിക്കുന്നത് തന്നെയാണ് മാസ് സിനിമകളുടെ എന്നത്തേയും മനഃശാസ്ത്രം. അതിൽ ഒരു തെറ്റുമില്ല, അത്തരം ചിത്രങ്ങൾ ഇനിയും ഉണ്ടാകേണ്ടതുണ്ട്. പക്ഷേ അപ്പോഴും ഒരു നോവൽറ്റി ഉണ്ടാവണം. കാലത്തിന്റെ മാറ്റം തൊട്ടറിയാനാവണം. യാതൊരു വ്യക്തിത്വവുമില്ലാത്ത കുറെ കഥാപാത്രങ്ങളെ സ്റ്റഫ് ചെയ്ത് വെക്കലാവരുത് തിരക്കഥ. മിടുക്കന്മാരായ പുത്തൻ തിരക്കഥാകൃത്തുക്കളും സംവിധായകരും പുതിയ ആശയങ്ങളുമായി ഇത്തരം ചിത്രങ്ങൾ ഒരുക്കട്ടെ. ഉണ്ണികൃഷ്ണൻമാരും ഉദയകൃഷ്ണമാരും വോളന്ററി റിട്ടയർമെന്റ് എടുക്കട്ടെ..
One Response
Good
Your frustration tolerance is price worthy