ഞെട്ടിക്കുന്ന “ഇരട്ട”
(“ഇരട്ട” – A MUST WATCH MOVIE)
Santhosh Iriveri Parootty
ഇപ്പോഴും ഞെട്ടലും പകപ്പും മാറിയിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഏറെ ആഗ്രഹിച്ച “ഇരട്ട” എന്ന ചിത്രം കാണാൻ പറ്റിയത്. കണ്ണൂരിൽ നിന്നും എടുത്തു മാറ്റിയ ചിത്രം വീണ്ടും സവിത ഫിലിം സിറ്റിയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. രണ്ട് ഷോകൾ ആണുള്ളത്. തരക്കേടില്ലാത്ത വിധം പ്രേക്ഷകർ ഉച്ചയ്ക്കത്തെ ഷോയ്ക്ക് ഉണ്ടായിരുന്നു.ആദ്യമായി എല്ലാവരോടും ഈ ചിത്രം കാണാൻ അഭ്യർഥിക്കുന്നു. വളരെ മികച്ച ഒരു ചിത്രം ശ്രദ്ധിക്കപ്പെടാതെ പോകരുത് എന്ന ആഗ്രഹം കൊണ്ട് മാത്രമാണിത്. എത്രയോ നല്ല ചിത്രങ്ങൾ പ്രേക്ഷകരാൽ ശ്രദ്ധിക്കപ്പെടാതെ തിയേറ്റർ വിട്ടിട്ടുണ്ട്. ഈ ചിത്രത്തിന് ഇനി ആ അവസ്ഥ ഉണ്ടാവില്ലെന്ന് വിശ്വസിക്കുന്നു.അക്ഷരാർഥത്തിൽ എന്നെ പിടിച്ചു കുലുക്കി “ഇരട്ട”. ക്ലൈമാക്സ് നടുക്കമുണ്ടാക്കുന്നതാണ്. അതോടൊപ്പം നമ്മെ കീറി മുറിക്കുന്നതും. ഉണങ്ങാത്ത മുറിവായി പ്രേക്ഷകരെ അത് വേദനിപ്പിച്ചു കൊണ്ടിരിക്കും. അങ്ങേയറ്റം വൈകാരികമാണത്. ഇരട്ട ക്ലൈമാക്സ് ആണ് ചിത്രത്തിനുള്ളത്. ഇരട്ട നടുക്കത്തിന് പ്രേക്ഷകർ തയ്യാറാവേണ്ടതുണ്ട്. ആദ്യത്തെ സസ്പെൻസിന്റെ ഞെട്ടൽ കഴിഞ്ഞ് എല്ലാം തീർന്നു എന്ന് വിചാരിക്കുമ്പോഴാണ് അതിന്റെ ഇരട്ടി ശക്തിയിൽ രണ്ടാമത്തെ സസ്പെൻസ് വരുക. അതിൽ ഒരു വിധപ്പെട്ട മനുഷ്യരെല്ലാം തളർന്നു പോവും. എത്ര പേർക്ക് അത് ശരിക്കും മനസ്സിലായിട്ടുണ്ട് എന്നത് മറ്റൊരു കാര്യം. തുടക്കം മുതൽ സിനിമ ശ്രദ്ധയോടെ കാണാതെ മൊബൈലിൽ ചുണ്ണാമ്പും തേച്ചിരുന്ന ആളാണ് നിങ്ങളെങ്കിൽ കാര്യം ഖുദാഹവ. ഒന്നും മനസ്സിലാവില്ല. അത് കൊണ്ട് ആദ്യ ഭാഗങ്ങളിൽ വരുന്ന ഇത്തിരി ലാഗിംഗ് സഹിക്കേണ്ടി വരും. ഒരു മണിക്കൂർ 50 മിനുട്ട് മാത്രമേ ചിത്രത്തിന് ദൈർഘ്യമുള്ളൂ എന്നാണ് ഓർമ.
ഒരേ സമയം മികച്ച ഒരു കുറ്റാന്വേഷണ കഥയും സസ്പെൻസ് ത്രില്ലറും ഇമോഷണൽ ഡ്രാമയുമാണ് “ഇരട്ട”. വളരെ ഗൗരവമേറിയതാണ് പ്രമേയം. വാഗമൺ പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന ഒരു പൊലീസുകാരന്റെ കൊലപാതകവും തുടർന്നുള്ള അന്വേഷണവുമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. എഎസ്ഐ വിനോദിന്റെയും ഡിവൈഎസ്‍പി പ്രമോദിന്റെയും (ഇരട്ട വേഷത്തിൽ ജോജു ജോർജ്) കഥ. സിനിമ തുടങ്ങി 10 മിനിറ്റിനുള്ളിൽ വിനോദ് പോലീസ് സ്റ്റേഷനിലുള്ളിൽ വെച്ച് വെടിയേറ്റ് മരിക്കുന്നു. കൊലപാതകി ആര്?മരണം എങ്ങനെ സംഭവിച്ചു? സ്റ്റേഷനിലുള്ളിൽ വെച്ചുള്ള കൊലപാതകത്തിനുള്ള കാരണം എന്ത്? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുകയാണ് സിനിമ.
(1981 മാർച്ച് 12 ന് കണ്ണൂർ ജില്ലയിലെ പാനൂർ എസ് ഐ ആയിരുന്ന സോമനെ പോലീസ് സ്റ്റേഷനിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയുണ്ടായി. കീഴ്ക്കോടതി ഒരു ഹെഡ് കോൺസ്റ്റബിളിനും രണ്ട് കോൺസ്റ്റബിളുമാർക്കും ശിക്ഷ വിധിച്ചെങ്കിലും മേൽക്കോടതി തെളിവുകൾ ഇല്ലെന്ന് പറഞ്ഞു ഇവരെ കുറ്റവിമുക്തരാക്കി. ഈ സംഭവവുമായി സിനിമക്ക് ബന്ധമൊന്നുമില്ല. എന്നാൽ സാന്ദർഭികമായി ചിത്രത്തിൽ ഈ സംഭവം സൂചിപ്പിക്കുന്നത് കൊണ്ട് പറഞ്ഞെന്നേയുള്ളൂ. ആ സംഭവവുമായി ബന്ധപ്പെട്ടുള്ള പല ആരോപണങ്ങളും വിവാദങ്ങളും ഇന്നും ഉത്തരമില്ലാതെ അവശേഷിക്കുന്നു.)
പട്ടാപ്പകൽ നടക്കുന്ന കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കപ്പെടുന്നത് സ്റ്റേഷനിലുള്ളിൽ ഉണ്ടായിരുന്ന മൂന്നു പൊലീസുകാരാണ്. മരണം പൊലീസ് സ്റ്റേഷനിൽ വച്ചായതുകൊണ്ടു കേസ് തെളിയിക്കാനുള്ള സമ്മർദം ഏറുന്നു. കുറ്റാന്വേഷണത്തിനൊപ്പം നടപടി ക്രമങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട് “ഇരട്ട”. ബേസിക് പ്ലോട്ട് എന്നത് ഒരൊറ്റ ദിവസത്തെ കഥയാണെങ്കിലും പ്രമോദിന്റെയും വിനോദിന്റെയും മുൻകാല ജീവിതം, അവരുടെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നുമൊക്കെയായി ചുരുൾ നിവരുകയാണ്. കൊലപാതകി ആരെന്ന് പ്രേക്ഷകർക്ക് അവസാന നിമിഷം വരെ പിടികൊടുക്കാതെ കൊണ്ടുപോകാൻ തിരക്കഥാകൃത്ത് കൂടിയായ സംവിധായകനായിട്ടുണ്ട്. അസാധാരണമായ ക്ലൈമാക്സ് പ്രേക്ഷകര്‍ക്ക് ഊഹിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല., പ്രത്യേകിച്ചും രണ്ടാമത്തേത്. എനിക്കെന്തായാലും കഴിഞ്ഞില്ല.
എല്ലാ തരത്തിലും അധമ ജന്മം എന്ന് വിശേഷിപ്പിക്കാവുന്നവനും ‘അഴുക്ക്’ എന്ന് സ്വയം വിശ്വസിക്കുന്നയാളുമാണ് കുറ്റകൃത്യത്തിൽ ഇരയാവുന്ന വിനോദ്. വഴിപിഴച്ച ജീവിതം നയിക്കുന്നതിനാൽ ജോലി ചെയ്യുന്ന പോലീസ് സ്റ്റേഷനിൽ പോലും ഇയാള്‍ പ്രശ്നക്കാരനാണ്. അയാളുടെ ഭൂതകാല ജീവിതത്തിൽ ഇടപെട്ടിട്ടുള്ളവർക്ക്, അയാൾ എന്തായിരുന്നു എന്ന് കാണിക്കുന്നതോടെയാണ് പതിയെപ്പതിയെ രഹസ്യത്തിന്റെ മറ നീക്കുന്നത്. എന്നാല്‍ എന്തിന്റെ പേരിലായാലും ബലാല്‍സംഗത്തെയോ അത് ചെയ്യുന്നവരെയോ ഏതെങ്കിലും തരത്തില്‍ ന്യായീകരിക്കാനാവില്ല എന്ന കാര്യവും സാന്ദർഭികമായി സൂചിപ്പിക്കട്ടെ. ചൈൽഡ്ഹുഡ് ട്രോമയൊക്കെ കാണിക്കുന്നത് കഥാപാത്രത്തിന്റെ ചെയ്തികൾക്ക് നീതീകരണത്തിനാവാം. But a crime is a crime.
ഇപ്പോഴത്തെ മിക്ക സിനിമകളിലുമെന്ന പോലെ ഗ്രേ ഷേഡില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളെ ഈ ചിത്രത്തിലും കാണാം. നല്ല സഹോദരന്‍, ചീത്ത സഹോദരന്‍ മോഡല്‍ ദ്വന്ദ്വ ചിത്രീകരണവും കാണാം. എന്നാല്‍ മറ്റൊരര്‍ഥത്തില്‍ ഈ രണ്ടു പേരും ജീവിതത്തില്‍ പരാജയപ്പെട്ട വ്യക്തികളാണെന്നും കാണാം.. അത് പോലെ വഷളനായ വ്യക്തിയെ സ്നേഹം കൊണ്ട് നന്നാക്കിയെടുക്കുന്ന സ്ത്രീ എന്നത് മറ്റൊരു ക്ളീഷെയായും തോന്നി. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി 1989 ല്‍ വി കെ പവിത്രന്‍ സംവിധാനം ചെയ്ത “ഉത്തരം” എന്ന മിസ്റ്ററി ത്രില്ലര്‍ ആണ് വിദൂരതയിലെവിടെയോ ഒരു സാമ്യമായി ഈ ചിത്രം കണ്ടപ്പോള്‍ മനസ്സില്‍ വന്നത്. പക്ഷേ ഇരട്ട ക്ളൈമാക്സ് വെച്ച് ചിന്തിക്കുമ്പോള്‍ ആ സാമ്യം പരാമര്‍ശിക്കേണ്ടതു പോലുമില്ലെന്നു തോന്നുന്നു.
ജോജു ജോർജ്!! എന്ത് മനുഷ്യനാണ്? രണ്ട് കഥാപാത്രങ്ങളായുള്ള ഈ കലാകാരന്റെ പകർന്നാട്ടം കണ്ടിരിക്കേണ്ടത് തന്നെയാണ്. സ്വഭാവത്തിലും ജീവിത ശൈലിയിലും വിഭിന്ന ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ട് സഹോദരന്മാരായി ജോജു തകർത്തു. പ്രത്യേകിച്ചും എ എസ് ഐ വിനോദായി ജോജു പൂന്തുവിളയാടുകയായിരുന്നു. നേരത്തെ പറഞ്ഞ പോലെ തന്റെ കുത്തഴിഞ്ഞ ജീവിതത്തെ അയാൾ സ്വയം വിശേഷിപ്പിക്കുന്നത് അഴുക്ക് എന്നാണ്. പ്രമോദിന്റെ ജീവിതവും ട്രാക്കിലല്ല. ഇരട്ടകളിൽ ഒരാൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ മറ്റേയാളെയും ബാധിക്കും എന്നൊക്കെ പറയുന്നത് ഇവിടെയും ആവർത്തിക്കുന്നുണ്ട് .ഒരു നടന്റെ മുഖം തന്നെയായിട്ടും ഒറ്റനോട്ടത്തില്‍ തന്നെ വേര്‍തിരിച്ചറിയാനാകും വിധമുള്ളതാണ് രണ്ടു പേരുടെയും മാനറിസങ്ങളും ഡയലോഗ് ഡെലിവറിയും. അത് ജോജുവിന്റെ മിടുക്ക്. ക്ലൈമാക്സിൽ കണ്ണാടിയിലേക്ക് നോക്കിയുള്ള എക്സ്പ്രഷൻ ഒക്കെ, no words, superb മച്ചാ.
ശ്രീകാന്ത് മുരളി അവതരിപ്പിച്ച ‘ഡിവൈഎസ്‍പി സതീഷ് ചന്ദ്രൻ സ്വാഭാവിക അഭിനയം കൊണ്ട് മികച്ചു നിന്നു. ‘എസ്‍പി സവിത സത്യൻ’ ആയി എത്തിയ ആര്യ സലിമും നന്നായിട്ടുണ്ട്. തമിഴ് നടി അഞ്‍ജലിയുടെ ‘മാലിനി’യും പ്രേക്ഷക ശ്രദ്ധ നേടും. അത് പോലെ ചെറുതെങ്കിലും പാസ്റ്ററായി എത്തിയ ജിത്തു അഷ്റഫ് പൊളിച്ചടുക്കിയിട്ടുണ്ട്. അഞ്ജലി, സാബു മോൻ, മനോജ് കെ.യു, ശ്രിന്ദ, ഷെബിൻ ബെൻസൺ, ശ്രീജ, ശ്രുതി ജയൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ അണിനിരക്കുന്നു.
രോഹിത്ത് എന്ന പുതുമുഖ സംവിധായകൻ ഏറെ പ്രതീക്ഷ നൽകുന്നു. ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹത്തിന്റേത് തന്നെയെന്നത് പ്രതീക്ഷ ഇരട്ടിപ്പിക്കുന്നുണ്ട്. റിയലിസവും ഡ്രാമയും ഒക്കെ ബ്ളെന്‍ഡ് ചെയ്താണ് ചിത്രത്തിന്റെ ട്രീറ്റ്മെന്റ്. വിജയ് യുടെ ക്യാമറ, മനു ആന്റണിയുടെ എഡിറ്റിംഗ്, ജേക്സ് ബിജോയ്‌യുടെ മ്യൂസിക് എല്ലാം പ്രമേയത്തിനൊപ്പം ചേർന്നു നിന്നു.അപ്പു പാത്തു പ്രൊഡക്‌ഷൻ ഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനും ഒപ്പം നിര്‍മാതാവ് സിജോ വടക്കനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചുരുക്കത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് “ഇരട്ട” എന്ന് ഞാൻ പറയും. ചെറിയ ലാഗ് മാത്രമാണ് പോരായ്മയായി വേണമെങ്കിൽ പറയാമെന്നു തോന്നിയത്. പക്ഷേ, ഇതിന്റെ കഥ അങ്ങനെയേ പറയാൻ പറ്റൂ. അത് കൊണ്ട് കഴിയുമെങ്കിൽ തൊട്ടടുത്ത ദിവസം തന്നെ ചിത്രം കാണുക. എടുത്തു മാറ്റിയ ശേഷം വീണ്ടും തിയേറ്ററിൽ തിരിച്ചെത്തിയ ചിത്രമാണിതെന്ന് ഓർക്കുക. പ്രേക്ഷകരുടെ മികച്ച പിന്തുണ ഈ സിനിമ അർഹിക്കുന്നുണ്ട്.
ചുരുക്കത്തിൽ,
“YES, IT’S A MUST WATCH MOVIE”