ഈ സീരീസിന്റെ മുൻഭാഗങ്ങൾ > (വായിക്കാം > പുഴു, ഇലവീഴാപൂഞ്ചിറ , ഡിയർ ഫ്രണ്ട്, ഭൂതകാലം, ജോ & ജോ)
മലയാള സിനിമ – 2022
(തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ)
(ഭാഗം – 6)
ജനഗണമന
Santhosh Iriveri Parootty
സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന മികച്ച ഒരു ചലച്ചിത്ര ഉദ്യമം എന്ന നിലയിൽ കണ്ടിരിക്കേണ്ട സിനിമയായിരുന്നു ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത “”ജനഗണമന”. ഏറെക്കാലത്തിന് ശേഷമാണ് കിടിലൻ ഡയലോഗുകൾ ഉള്ള ഒരു ചിത്രം നിറഞ്ഞ സദസ്സിൽ പ്രേക്ഷകരുടെ കയ്യടികൾക്കിടയിൽ ഇരുന്നു കണ്ടത്. വെറുപ്പിന്റെ രാഷ്ട്രീയവും ജാതി -മത -വർണ -വർഗ വേർതിരിവുകളും വിദ്യാർഥി പ്രക്ഷോഭവും പോലീസ് അതിക്രമവും വർഗീയതയും എൻകൗണ്ടർ കൊലപാതകങ്ങളും രാഷ്ട്രീയ കുതിര കച്ചവടവും വ്യാജ പൊതുബോധ നിർമിതിയും തുടങ്ങി സമകാലിക ഇന്ത്യയിലെ നിരവധി നീറുന്ന വിഷയങ്ങൾ പ്രമേയമായി വന്ന ഈ ചിത്രം അസ്വസ്ഥപ്പെടുത്തുന്ന ഒട്ടേറെ ചോദ്യങ്ങൾ പ്രേക്ഷക മനസ്സിലേക്ക് എറിയുകയായിരുന്നു.
വിദ്യാർഥികൾക്ക് പ്രിയങ്കരിയും അധികാരികളുടെ കണ്ണിലെ കരടുമായ സെൻട്രൽ യൂണിവേഴ്സിറ്റി പ്രൊഫസർ സബ മറിയത്തിന്റെ (മംമ്ത മോഹൻദാസ്) ക്രൂരമായ കൊലപാതകമായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലം. കേസിന്റെ അന്വേഷണത്തിനായി എ സി പി സജ്ജൻ കുമാർ (സുരാജ് വെഞ്ഞാറമൂട് ) നിയോഗിക്കപ്പെടുന്നു. ആദ്യപകുതി സുരാജിന്റെ വൺ മാൻ ഷോ ആണെന്ന് പറയാം. ഗംഭീരമായി അദ്ദേഹം തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു. 2019ൽ ഇന്ത്യയെ ഞെട്ടിച്ച ഹൈദരാബാദ് കൊലപാതക കേസിന്റെ ഘടകങ്ങൾ ചേർത്തുകൊണ്ടുള്ള ഈ കേസ് പൈശാചികമായ കൊലപാതകത്തിന്റെ ചുരുളുകൾ ബിഗ് സ്‌ക്രീനിൽ തുറന്നിടുന്നുണ്ട് . ഒപ്പം ചില ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു . പ്രിയപ്പെട്ട അധ്യാപികയുടെ മരണത്തിൽ വിദ്യാർഥി പ്രക്ഷോഭം ആളിപ്പടരുമ്പോൾ, വേറൊരു ഭാഗത്ത് വർഗീയ കലാപങ്ങൾ തലപൊക്കുന്നു. പ്രക്ഷോഭകാരിയായ വിദ്യാർഥിനിയായി വിൻസി അലോഷ്യസിന്റെ തകർപ്പൻ പ്രകടനം എടുത്തു പറയേണ്ട ഘടകമാണ്.
ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ മൂഡിലായിരുന്നു ആദ്യ പകുതി. ചില രംഗങ്ങളുടെ ആവർത്തനവും ഇടയ്ക്ക് ലാഗ് ആവുന്നതുമാണ് ഇവിടെ പോരായ്മ ആയത്. ശാരി അവതരിപ്പിക്കുന്ന റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ഷബാനയുടെ മൂത്ത മകളാണ് സബ. താനും രണ്ടു പെൺമക്കളും അടങ്ങുന്ന നീതി തേടുന്ന കുടുംബത്തിനും പൊതുസമൂഹത്തിനും തൃപ്തി നൽകും വിധം ഇൻസ്റ്റന്റ് ജസ്റ്റിസ് നടപ്പാക്കുകയാണ് എ സി പി സജ്ജൻ കുമാർ. കൊലപാതകത്തിന് പിന്നിലെ ‘പ്രതികളെ’ (???) രായ്ക്കുരാമാനം ഇല്ലാതാക്കുന്ന എൻകൗണ്ടർ കൊലപാതകങ്ങൾ നമ്മുടെ നാട്ടിലെ ആക്ടിവിസ്റ്റുകൾക്കും മീഡിയക്കും പൊതുജനത്തിനും ഒക്കെ തൃപ്തി നൽകുന്ന ഒന്നാണല്ലോ.
രണ്ടാം പകുതി ഒരു കോർട്ട് റൂം ഡ്രാമയായാണ് അവതരിപ്പിക്കപ്പെട്ടത്. ഇവിടെ അഡ്വക്കേറ്റ് അരവിന്ദ് സ്വാമിനാഥൻ എന്ന കഥാപാത്രമായി പൃഥ്വിരാജ് സുകുമാരൻ നിറഞ്ഞാടുകയായിരുന്നു. സമീപകാലത്തെ പൃഥ്വിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ഇത്. ഡയലോഗ് ഡെലിവറിയിലെ മികവ് അസാമാന്യം എന്നേ പറയാനാവൂ. അക്ഷരങ്ങളിൽ അഗ്നി പടർത്തി തീ തുപ്പുന്ന ചില ഡയലോഗുകൾ ഈ രംഗങ്ങളിൽ കയ്യടി നേടുന്നുണ്ട്. കഥാപാത്രത്തെ കുറിച്ച് കൂടുതൽ പറയുന്നത് സ്പോയ്ലർ ആകും എന്നതിനാൽ അതിലേക്ക് പോവുന്നില്ല. അസാമാന്യ ബിൽഡ് അപ്പ് ഈ കാരക്റ്ററിന് നൽകിയിട്ടുണ്ട്. നായകനും വില്ലനും മാറി മറിയുന്ന കോടതി ഡ്രാമയിൽ നെല്ലും പതിരും വേർതിരിയുന്ന കാഴ്ച കാണാം. ആദ്യപകുതിയിൽ കണ്ട കാഴ്ചകളുടെ വേറിട്ട ഒരു വായനക്ക് ഇവിടെ പ്രേക്ഷകർ നിർബന്ധിതരാവും. ആദ്യപകുതിയിലെ സംഭവങ്ങൾ വേറിട്ടൊരു വീക്ഷണ കോണിലൂടെ ഇവിടെ അവതരിപ്പിക്കപ്പെടുന്നു. സമൂഹത്തിലെ തിന്മകളെയും ഇരട്ടത്താപ്പുകളെയും അക്ഷരാർഥത്തിൽ ഷാരിസ് മൊഹമ്മദിന്റെ തിരക്കഥ പൊളിച്ചടുക്കുന്നുണ്ട്.
നാല് ഭാഷകൾ സംസാരിക്കുന്ന തരത്തിലാണ് ചിത്രം. ഇടയ്ക്ക് രണ്ടു ഭാഷകൾ മിക്സ് ചെയ്ത് പറയുന്നതും കാണാം. ഇത് ചിലർക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടാക്കാം. ചില ഡയലോഗുകൾ മുഴച്ചുനിൽക്കുന്നുണ്ട്. ഇത്തിരി ബാലൻസിങ് ആക്റ്റ് ഒക്കെ കാണാം.രണ്ടാം പകുതിയിൽ ഒരു പാട് കാര്യങ്ങൾ പറഞ്ഞു പോവുന്നുണ്ട്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടെന്ന് പറഞ്ഞ സ്ഥിതിക്ക് കുറച്ചൊക്കെ വ്യക്തത ആ രംഗങ്ങളിൽ വരുന്നുണ്ട്. ചിത്രത്തിന്റെ ദൈർഘ്യം കുറയ്ക്കാമായിരുന്നു. ജേക്സ് ബിജോയിയുടെ മ്യൂസിക് , സുദീപ് ഇളമണിന്റെ ക്യാമറ ഒക്കെ സൂപ്പർ.മാധ്യമങ്ങൾ ടി ആർ പി റേറ്റിംഗ് വർധിപ്പിക്കാനായി നടത്തുന്ന അന്തിചർച്ചകളിലൂടെ നിർമിച്ചെടുക്കുന്ന പൊതുബോധ നിർമിതിയുടെ അടിമകളാണ് നമ്മളിൽ ബഹുഭൂരിപക്ഷവും. അതിനപ്പുറത്തു സ്വതന്ത്രമായ ഒരു വിലയിരുത്തലിനു നാമാരും മിനക്കെടാറില്ല.
പ്രതികളെന്ന് പോലീസും മീഡിയയും ചൂണ്ടിക്കാട്ടുന്നവരെ വിചാരണ പോലും ഇല്ലാതെ തൂക്കിലേറ്റണമെന്നും അല്ലെങ്കിൽ വ്യാജ ഏറ്റുമുട്ടലുകളിലൂടെ വകവരുത്തണം എന്നുമാണ് ജനാധിപത്യവാദികൾ എന്ന് അവകാശപ്പെടുന്നവർ പോലും ആഗ്രഹിക്കുന്നത്. ഇൻസ്റ്റന്റ് ആയി ഭക്ഷണ പദാർത്ഥങ്ങൾ ലഭിക്കുന്ന പോലെ നീതിയും തൽക്ഷണം ലഭിക്കാനാണ് നമുക്ക് താല്പര്യം. എന്നാൽ ഇതിലെ ചതിക്കുഴികളെ കുറിച്ച് നമ്മളിൽ പലരും ബോധവാന്മാരല്ല. “ജനഗണമന” വിരൽ ചൂണ്ടിയതും ഈ വലിയ സത്യത്തിലേക്കായിരുന്നു.
എങ്ങനെയാണ് ചില സംഭവങ്ങൾ മാത്രം സെലക്റ്റീവ് ആയി നമ്മുടെ സമൂഹത്തിൽ രോഷം ഉണ്ടാക്കുന്നത്? ഓരോ സെക്കന്റിലും പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന ഈ രാജ്യത്ത് ചില സംഭവങ്ങൾ മാത്രം എന്ത് കൊണ്ടാണ് മീഡിയ ഹൈലൈറ്റ് ചെയ്യുകയും സമാനമായ മറ്റ് സംഭവങ്ങൾ പത്രങ്ങളുടെ ഉൾപ്പെജുകളിൽ ഒറ്റക്കോളം വാർത്തകളായി സമാധിയടയുകയും ചെയ്യുന്നത്? എന്തു കൊണ്ടാണ് പ്രതിഷേധങ്ങൾ സെലക്റ്റീവ് ആകുന്നത്? ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഒരുപോലെയല്ലേ?
സമൂഹ മനഃസാക്ഷി (Collective Conscience of Society) എങ്ങനെയാണ് നമ്മുടെ ജൂഡീഷ്യറിയെ സ്വാധീനിക്കുന്നത്? അതിനനുസരിച്ചു വധശിക്ഷകൾ പോലും വിധിക്കപ്പെടുന്നത്? കോടതിവിധികളുടെ മാനദണ്ഡം പൊതുബോധത്തെ തൃപ്തിപ്പെടുത്തുക എന്നതാകരുത്. ജൂഡിഷ്യറിയുടെ ഗീതയും ബൈബിളും ഖുർആനും ഒക്കെ നമ്മുടെ മഹത്തായ ഭരണഘടന മാത്രമാണ്. അതെ, അത് തന്നെയാണ് മാഗ്നകാർട്ട.
അധികാരികൾക്ക് എത്ര തന്നെ ഇഷ്ടമല്ലെങ്കിലും അസുഖകരങ്ങളായ ചോദ്യങ്ങൾ ഉയർന്നു വന്നു കൊണ്ടിരിക്കും. ജനം അത് ചോദിച്ചു കൊണ്ടിരിക്കും. കാരണം “ഈ രാജ്യം ആരുടെയും തന്തയുടെ വകയല്ല “. അഡ്വ അരവിന്ദ് സ്വാമിനാഥൻ അവസാനഭാഗത്ത് പറയുന്ന ഈ ഡയലോഗ് തന്നെയായിരുന്നു ഈ ചിത്രത്തിന്റെ കാതൽ. അതെ, ചോദ്യങ്ങൾ ഉയരട്ടെ, അങ്ങനെ ഉയർത്തുന്ന നാവുകൾ അഗ്നിഗോളങ്ങൾ ആയി പടരട്ടെ…
(അടുത്തയാഴ്ച്ച – ഭാഗം 7 – പട)