Entertainment
ളാഹേൽ വക്കച്ചൻ (മലയാള സിനിമയിലെ പ്രതിനായകര്‍ – ഭാഗം 12)

മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിനായകന്മാർ അനവധിയുണ്ട്. ഒരുപക്ഷെ നായകനെക്കാൾ തിളങ്ങുന്ന പ്രതിനായകന്മാർ. സ്ഥിരം വില്ലൻ വേഷങ്ങൾ ചെയുന്നവരും നായകവേഷങ്ങൾ ചെയുന്ന സൂപ്പര്‍താരങ്ങളും എല്ലാം ഇത്തരത്തിൽ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എത്രകാലം കഴിഞ്ഞാലും നമ്മുടെ മനസ്സിൽ തിളങ്ങി നിൽക്കുന്ന ചില പ്രതിനായക കഥാപാത്രങ്ങളിലേക്കു ഒരു എത്തിനോട്ടമാണ് ഈ പരമ്പര. Santhosh Iriveri Parootty (ചന്തു) എഴുതുന്നു.
മലയാള സിനിമയിലെ പ്രതിനായകര്‍ (ഭാഗം 12)
ളാഹേൽ വക്കച്ചൻ (എൻ എഫ് വർഗീസ്)
ചിത്രം : പ്രജ (2001)
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു എൻ എഫ് വർഗീസ് എന്ന അഭിനയ പ്രതിഭയുടെ ഇരുപതാം ചരമ വാർഷികദിനം. 2002 ജൂൺ 19 ന് ഉളിയന്നൂരിലെ സ്വന്തം ഫാമിൽ വെച്ച് നെഞ്ചു വേദന അനുഭവപ്പെട്ട അദ്ദേഹം ഭാര്യയോടൊത്ത് സ്വയം ഡ്രൈവ് ചെയ്ത് ആശുപത്രിയിലേക്ക് പോകവേ വീണ്ടും ഹൃദയാഘാതം സംഭവിക്കുകയും വണ്ടി നിയന്ത്രണം വിട്ട് കോമ്പൗണ്ട് വാളിൽ ഇടിക്കുകയുമായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അവിശ്വസനീയമായിരുന്നു സിനിമാപ്രേമികൾക്ക് പൊടുന്നനെയുള്ള ആ വേർപാട്.
വില്ലൻ മാത്രമല്ല, മറക്കാനാവാത്ത നിരവധി വേഷങ്ങൾ ചുരുങ്ങിയ കാലയളവിൽ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലേക്ക് ഒടുവിൽ വരാം. “മഴയത്തും മുൻപേ”യിലെ കൈമൾ എന്ന കഥാപാത്രം ഓർമയിൽ വരുകയാണ്. ചിത്രത്തിന്റെ ക്ലൈമാക്സിൽ മകൾ നഷ്ടപ്പെട്ടു നീറി നീറി ജീവിക്കുന്ന ഒരച്ഛനായി എൻ എഫ് നിറഞ്ഞാടുമ്പോൾ ഒരു വേള മമ്മൂട്ടി പോലും നിഷ്പ്രഭനാവുന്നുണ്ട്. സ്ഫടികത്തിലെ കോൺസ്റ്റബിൾ പാച്ചുപിള്ള, ഈ പുഴയും കടന്നിലെ സുകുമാരൻ, വാഴുന്നോരിലെ തേവക്കാട്ട് കുരുവിള, പല്ലാവൂർ ദേവനാരായണനിലെ മേഴക്കാട്ട് വൈദ്യമഠം നമ്പൂതിരി, വർണക്കാഴ്ചകളിലെ സുധാകര മേനോൻ, രാവണപ്രഭുവിലെ പോളേട്ടൻ, ഒന്നാമനിലെ സലിം ഭായ് അങ്ങനെ നിരവധി വേഷങ്ങൾ ഓർമയിൽ വരുന്നുണ്ട്.
ജോഷിയുടെ സംവിധാനത്തിൽ മോഹൻലാൽ, ബിജു മേനോൻ, മനോജ് കെ. ജയൻ, ഐശ്വര്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പ്രജ. മുഖ്യധാരയുടെ ബാനറിൽ കെ. മോഹനൻ നിർമ്മിച്ച ഈ ചിത്രം സ്വർഗ്ഗചിത്ര ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഞ്ജി പണിക്കർ ആണ്.
നെടുനീളൻ ഡയലോഗുകൾ നിറഞ്ഞ ഈ ചിത്രം തിയേറ്ററിൽ വേണ്ടത്ര വിജയിച്ചില്ല. എന്നാൽ ഇന്ന് ചാനലുകളിൽ സ്ഥിരമായി ആവർത്തിച്ച് കാണിക്കുന്ന ഒരു ചിത്രമാണ് പ്രജ . ഈ ചിത്രത്തിലെ ചില പ്രകടനങ്ങൾ എടുത്തു പറയേണ്ടതുണ്ട്. ഷമ്മി തിലകൻ അവതരിപ്പിച്ച ബലരാമൻ എന്ന കഥാപാത്രവും എൻ എഫ് വർഗീസ് അവതരിപ്പിച്ച ആഭ്യന്തരമന്ത്രി ളാഹേൽ വക്കച്ചൻ എന്ന കഥാപാത്രവുമാണവ. പലപ്പോഴും ഇവരുടെ പ്രകടനത്തിന് മുന്നിൽ സാക്ഷാൽ മോഹൻലാൽ പോലും പകച്ചു നിൽക്കുന്ന കാഴ്ച്ച ഈ ചിത്രത്തിൽ കാണാം. ദൈർഘ്യമേറിയ ഡയലോഗുകൾ പറയുന്നതിൽ ലാലിന്റെ പരിമിതി വെളിവാക്കിയ ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ ആദ്യ ഭാഗത്തൊക്കെ ളാഹേൽ വക്കച്ചൻ എന്ന കഥാപാത്രം ഒരു മൂലയ്ക്ക് നിൽക്കുന്നതേയുള്ളൂ. അവസാന ഭാഗം എത്തുമ്പോഴേക്കും ഈ കഥാപാത്രത്തിന്റെ ശക്തി ക്രമാനുഗതമായി വർധിച്ച് ക്ലൈമാക്സിന് തൊട്ടു മുമ്പുള്ള സീനിൽ ആളിക്കത്തുന്നത് കാണാം. മോഹൻലാലുമായി നേർക്കുനേർ വരുന്ന രംഗങ്ങളിൽ അഭിനയത്തിന്റെ വിവിധഭാവങ്ങളിലൂടെ, നാട്യരസങ്ങളിലൂടെ എൻ എഫ് വർഗീസ് എന്ന അതുല്യ പ്രതിഭ കളം നിറഞ്ഞാടുകയാണ്.
ആദ്യഭാഗത്ത് മന്ദതാളത്തിൽ അൽപ്പം ഭവ്യതയോടെ എന്നാൽ പുച്ഛത്തോടെയാണ് ഡയലോഗ്.
“പിന്നെ സക്കീർ ഭായിയുടെ മദർ വലിയൊരു ബ..ഹ്… അല്ല മദർ ഈ ഡാൻസിന്റെയും പാട്ടിന്റെയും ഒക്കെ വല്യ പാർട്ടി ആയിരുന്നു, വല്യ സുന്ദരി ആയിരുന്നു എന്നൊക്കെ കേട്ടിട്ടുണ്ടേ.. ഒടുക്കം കപ്പലിൽ നിന്ന് എടുത്ത് കടലിൽ ചാടി മരിച്ചു ആറാം വയസ്സിൽ താൻ പുറപ്പെട്ടു പോയി എന്നൊക്കെ ദാണ്ടേ ഈ ഇംഗ്ലീഷ് പത്രത്തില്‍ ഒരുപാട് വായിച്ചിട്ടുണ്ട് തന്നെക്കുറിച്ച്. “
“ദാണ്ടേ ഇനിം ഇപ്പൊ മുതൽ അങ്ങോട്ട് നിന്നോട് സംസാരിക്കുന്നതു ചുമ്മാ വെറുതെ അഞ്ചെമുക്കാൽ പെഗ്ഗ് ജോണി വാക്കറിന്റെ വാറ് അല്ല.. സാക്ഷാൽ ളാഹേൽ വക്കച്ചൻ എന്ന സീസൺഡ് പോളിറ്റിഷ്യനാ.. ഈ സ്റ്റേറ്റിൻറെ ഹോം പോർട്ട്ഫോളിയോ കൈകാര്യം ചെയ്യുന്ന ദി പവർഫുൾ സെക്കണ്ട് ഇൻ കമ്മാന്റ്റ് ഓഫ് ദി സ്റ്റേറ്റ് കാബിനറ്റ് …പറയ് എന്നാ വേണം നിനക്ക്??? ടെൽ മീ യുവർ പ്രൈസ്… ഹും.. എടാ കൊച്ചനെ അപ്പൊ അറിയാം നിനക്ക്. ഗുണ്ടായിസത്തിൽ നിന്റെ സ്റ്റാർ വാല്യൂ കണ്ടിട്ട് ഒന്നുമല്ല ളാഹേൽ വക്കച്ചൻ നിന്നെ ഇങ്ങനൊരു കോംപ്രമൈസ് ടോക്കിന് വിളിച്ചു വരുത്തി കുഴമ്പ് ഇട്ട് തിരുമി സുഹിപ്പിച്ചത് എന്ന്.. You know my intentions……. ഊഹിച്ചെങ്കിലും കാണും നീയ്, ആരാ ഈ ളാഹേൽ വക്കച്ചന്റെ പിന്നിലെന്ന്”
പിന്നീട് അതിരൂക്ഷമായ പ്രതികരണത്തിലേക്ക്-
” ഡാ അധോലോകം, ഇപ്പൊ ദെ രണ്ടെണ്ണം കണ്ടില്ലേ നീയ്.. വക്കച്ചന്റെ രണ്ട് മുഖങ്ങള്‍.. ഇനി ഇതും കൂടാതെ മൂന്നാമത് ഒരെണ്ണം കൂടി ഒണ്ട് വക്കച്ചന്.. മൂന്നാമത് ഒരു മുഖം… ഡാ നാറി നിൻറെ ഈ മൂക്കിന്റെ ചോട്ടിലുള്ള ഈ പൂട ഒണ്ടല്ലോ.. അതിങ്ങനെ സിനിമാ സ്റ്റൈലില്‍ പിരിച്ച് വളച്ച് മേപ്പോട്ട് കാണിച്ചാ പേടിക്കുന്ന മന്ത്രിമാരും നേതാക്കന്മ്മാരും കാണും. അത് അങ്ങ് ബോംബെയില്‍.. ഡാ ഈ ളാഹേൽ വക്കച്ചൻ തിരുവനന്തപുരത്ത് നിന്ന് സ്റ്റേറ്റ് കാറ് ഓടിച്ചു കൊച്ചി വരെ ഒലത്തിയതേ നിന്റെ ഈ പൂട പിരിക്കുന്ന ഷോ കാണാനല്ല.. നിന്നെക്കൊണ്ടു അനുസരിപ്പിക്കാനാ.. ഡാ ദാണ്ടേ ഇതിനേക്കാൾ നീളമുള്ള പൂട ഒരുപാട് കണ്ടിട്ടുണ്ടഡാ ഈ ളാഹേൽ വക്കച്ചൻ. അങ്ങ് പൂഞ്ഞാറ്റില്, എന്റെ നാട്ടില്‍. ഛീ കൈ വിടെടാ നാറി! “
ഒടുവിൽ ആളിക്കത്തുന്ന അഗ്നിയായി അവസാന ഭാഗത്തേക്ക്, മുഖത്ത് ഒരു തരം രാക്ഷസീയ ഭാവം.
“ഡാ സക്കീറെ, ഈ സ്റ്റേറ്റിലെ മുഴുവൻ പോലീസിനെയും ദാണ്ടേ ഇങ്ങനെ ചൂണ്ടു വിരലേൽ ഇട്ട് കറക്കുന്ന ഹോം മിനിസ്റ്റർ ളാഹേൽ വക്കച്ചന് ഇരുപത്തിനാല് നാഴിക നേരം തികച്ച് വേണ്ട നിന്നെ പായും തലയിണയും കെട്ടി എടുപ്പിച്ചു ഈ സ്റ്റേറ്റിൽ നിന്ന് ചവിട്ടി പുറത്താക്കി നാട് കടത്താൻ..പക്ഷേ അത് വേണ്ടടാ.. എടാ ളാഹേൽ വക്കച്ചന് പോസ്റ്റർ ഒട്ടിക്കാനും ളാഹേൽ വക്കച്ചന് മുദ്രാവാക്യം വിളിക്കാനും ളാഹേൽ വക്കച്ചന് ഒലത്താം ഒലത്താം ഒലത്താം എന്ന് പറയുന്ന പട്ടയത്തിന് ഇരന്നു നിൽക്കുന്ന തെണ്ടികൾ ഒണ്ടല്ലോ.. പ്രജകള്‍… ലക്ഷ ലക്ഷക്കണക്കിന് ഒണ്ടഡാ വക്കച്ചന്റെ പാർട്ടിയില്‍.. ദാണ്ടേ പട്ടിയെ ഞൊടിക്കുന്നപോലെ ഒന്ന് ഞൊടിച്ചാ മതി.. അവന്മാര് വന്നു കടിച്ച് കീറി തിന്നും നിന്നെ.. അതും വേണ്ടട ദാണ്ടേ ഇരുമ്പുണ്ട പോലത്തെ മസിലുള്ള നല്ല പാറ പണിക്കാര് പാണ്ടികൾ ഒണ്ട് എന്റെ തോട്ടത്തില്‍. ആള്‍ക്ക് ഓരോ ഫുള്ള് വെച്ച് വാങ്ങിച്ച് അവരുടെ അണ്ണാക്കേലോട്ടു ഞൊട്ടിച്ച് കൊടുത്താമതിയെടാ.. വന്നു കയ്യും കാലും കൂച്ചി കെട്ടി കൊണ്ടുപോകും നിന്നെ, അങ്ങ് പാലായില്‍, എസ്റ്റേറ്റിലേക്ക്. എന്നിട്ട് ആള് വലിപ്പമുള്ള ആസിഡ് കന്നാസിലിട്ട് നിന്നെ ദ്രവിപ്പിക്കും, എന്നിട്ട് റബ്ബറിന് ഒറ ഒഴിക്കും.. നിന്നേം ദാണ്ടേ ഇവനേം പിന്നെ നിന്റെ മറ്റേ ബാപ്പുവിനേം.. അതൊന്നും വേണ്ടടാ കുഞ്ഞേ.. ”
“ദാണ്ടേ ഇത് കണ്ടോ നീയ്.. ഈ കൈ കണ്ടോ നീയ്.. ഇവറ്റയുടെ തഴമ്പ് കണ്ടോ നീയ്.. ഡാ കഴിഞ്ഞ പത്തു നാൽപ്പത്തിയഞ്ചു കൊല്ലക്കാലം കേരളത്തിലെ കക്ഷി രാഷ്ട്രീയത്തിൽ കിടന്ന് കടവിറങ്ങിയതിന്റെ തഴമ്പാടാ ഈ വക്കച്ചന്റെ കയ്യില്‍.. ഇത് കണ്ടോ നീയ്?? ഡാ നീ കൊന്നതിന്റെ നാലിരട്ടി കൊല്ലിച്ചിട്ടുണ്ടടാ ഈ വക്കച്ചൻ.. കൊന്നിട്ടും ഒണ്ടടാ .. ഡാ നീ ഗണ്ണ് കണ്ടിട്ടുണ്ടോടാ ഗണ്ണ്?? ഡാ.. ഡാ.. ഇബിടെ… അതേടാ നീ ഒക്കഡേൽ ഇങ്ങനെ ചേടി നടക്കുന്ന ഒന്നര ചാണിന്റെ പിസ്റ്റളല്ല ഗണ്ണ്.. നല്ല ഡബിൾ ബാരൽ ഗണ്ണ്… ഡാ…. ആഴ്ചേൽ ആഴ്ചേൽ എണ്ണയിട്ട് പുൾത്രൂ അടിപ്പിച്ച് അങ്ങ് ഭരണങ്ങാനത്തെ ളാഹേൽ ബംഗ്ലാവിന്റെ ഭിത്തിയില്‍ ആണി അടിച്ച് നിരത്തി തൂക്കിയിട്ടുണ്ടഡാ വക്കച്ചൻ ഒരു പത്തു പതിനാറ് എണ്ണം ഡബിൾ ബാരൽ ഗണ്ണ്….. ഡാ വേണ്ടി വന്നാ അതേൽ ഒരെണ്ണം ഇങ്ങു എടുക്കും ളാഹേൽ വക്കച്ചൻ. എന്നിട്ട് അത് നിന്റെ നെഞ്ചത്തോട്ട് ഇങ്ങനെ കഴുവേറ്റി..”
ഈ ഡയലോഗുകൾ പറയുമ്പോൾ ഡയലോഗ് ഡെലിവറിയിൽ, ശബ്ദനിയന്ത്രണത്തിൽ, മോഡുലേഷനിൽ, മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളിൽ അദ്ദേഹം കൊണ്ടു വരുന്ന അസാമാന്യമായ കയ്യൊതുക്കം കണ്ടു തന്നെ അറിയണം. മദ്യത്തിന്റെ ലഹരിയിൽ സംസാരിക്കുമ്പോഴും അല്ലാത്തപ്പോഴും വരുത്തുന്ന മൈന്യൂട്ട് വ്യത്യാസങ്ങൾ അടക്കം. തുടക്കത്തിലെ സോഫ്റ്റ് പേസും അവസാനഭാഗങ്ങളിൽ വരുന്ന അഗ്രസ്സീവ് ടോണും തമ്മിലുള്ള വ്യത്യാസം. അങ്ങനെ പറയാൻ നിരവധി ഉണ്ട്.
എൻ എഫ് വർഗീസ് എന്ന നടന്റെ മികവുറ്റ വില്ലൻ വേഷങ്ങൾ ഇനിയും പലതുണ്ട്. നിയന്ത്രിതവും ഗംഭീരവുമായ പ്രകടനത്തിലൂടെ അദ്ദേഹം വിസ്മയിപ്പിച്ച ‘പത്ര’ ത്തിലെ വിശ്വനാഥനടക്കം. പടം കണ്ടവർക്ക് ഒരു പക്ഷേ ഇതായിരിക്കാം എൻ എഫിന്റെ ഏറ്റവും മികച്ച വില്ലൻ വേഷം. എന്നാൽ തികച്ചും വ്യത്യസ്തമായ വില്ലൻ വേഷങ്ങൾ ഇനിയും നിരവധി ഉണ്ട്. ആകാശദൂതിലെ കേശവൻ, സല്ലാപത്തിലെ ഗൾഫുകാരൻ ചന്ദ്രൻ, ലേലത്തിലെ കടയാടി രാഘവൻ, വല്യേട്ടനിലെ മമ്പറം ബാവ, നരസിംഹത്തിലെ മടപ്പള്ളി പവിത്രൻ തുടങ്ങി എത്രയെത്ര വേഷങ്ങൾ. പക്ഷേ ഇത്രയും ദൈർഘ്യമേറിയ ഡയലോഗുകൾ പറഞ്ഞു അദ്ദേഹം നിറഞ്ഞാടിയത് പ്രജയിലെ ളാഹേൽ വക്കച്ചനിൽക്കൂടി തന്നെയാണെന്ന് തോന്നുന്നു. ആ അനശ്വര നടന്റെ സ്മരണക്കു മുന്നിൽ കൂപ്പുകൈ..
1,392 total views, 4 views today