മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിനായകന്മാർ അനവധിയുണ്ട്. ഒരുപക്ഷെ നായകനെക്കാൾ തിളങ്ങുന്ന പ്രതിനായകന്മാർ. സ്ഥിരം വില്ലൻ വേഷങ്ങൾ ചെയുന്നവരും നായകവേഷങ്ങൾ ചെയുന്ന സൂപ്പര്താരങ്ങളും എല്ലാം ഇത്തരത്തിൽ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എത്രകാലം കഴിഞ്ഞാലും നമ്മുടെ മനസ്സിൽ തിളങ്ങി നിൽക്കുന്ന ചില പ്രതിനായക കഥാപാത്രങ്ങളിലേക്കു ഒരു എത്തിനോട്ടമാണ് ഈ പരമ്പര. Santhosh Iriveri Parootty (ചന്തു) എഴുതുന്നു.

മലയാള സിനിമയിലെ പ്രതിനായകര്‍ – 1
മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി (മമ്മൂട്ടി)
ചിത്രം- ‘പാലേരി മാണിക്യം – ഒരു പാ‍തിരാക്കൊലപാതകത്തിന്റെ കഥ’ (2009)

പ്രതിനായക വേഷങ്ങളെക്കുറിച്ച് പറയുമ്പോൾ പെട്ടെന്ന് മനസ്സിൽ കടന്നു വരാൻ ഇടയില്ലാത്ത ഒരു പേരായിരിക്കും പലർക്കും മമ്മൂട്ടിയുടേത്. എന്നാൽ മലയാളം കണ്ട ഏറ്റവും മികച്ച പ്രതിനായക കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തു വെച്ചിട്ടുണ്ട്. ഇപ്പോൾ തന്നെ നാലോളം കഥാപാത്രങ്ങൾ ഞാൻ തയ്യാറാക്കിയെങ്കിലും അവയിൽ രണ്ടെണ്ണം കുറച്ചു കൂടി ഗഹനമായ അക്കാദമിക്ക് വായന ആവശ്യപ്പെടുന്നത് കൊണ്ട് പിന്നീട് ഒരവസരത്തിൽ പറയാൻ വേണ്ടി തൽക്കാലം മാറ്റിവെക്കുന്നു. അതിൽ രണ്ട് കഥാപാത്രങ്ങൾ പ്രേക്ഷകരെ വിഭ്രമിപ്പിക്കുന്നവയാണ്. ഇന്ന് എഴുതുന്ന കഥാപാത്രം അവരോളം വരില്ല. ആദ്യമായി എഴുതുമ്പോൾ ഒരുപാട് സങ്കീർണമായ കഥാപാത്രം വേണ്ട എന്ന് തീരുമാനിച്ചത് കൊണ്ടാണ് ഇപ്പോൾ അവരെ ഒഴിവാക്കിയത്. തുടർന്നു വരുന്ന ലക്കങ്ങളിൽ തീർച്ചയായും അവരും കടന്നുവരും.

മാതൃഭൂമി’യില്‍ തുടര്‍കഥയായി പ്രസിദ്ധീകരിക്കുകയും പിന്നീട് പുസ്തകരൂപത്തില്‍ പുറത്തിറങ്ങുകയും ചെയ്ത ടി.പി. രാജീവന്റെ ‘പാലേരി മാണിക്യം – ഒരു പാ‍തിരാക്കൊലപാതകത്തിന്റെ കഥ’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമായിരുന്നു അതേ പേരില്‍ പുറത്തിറങ്ങിയ ‘പാലേരി മാണിക്യം – ഒരു പാ‍തിരാക്കൊലപാതകത്തിന്റെ കഥ’ എന്ന സിനിമ. ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ രഞ്ജിത്തിന്റേതായിരുന്നു തിരക്കഥ. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പരിഗണനയിലെത്തിയ ആദ്യ കൊലപാതക കേസാണ് പാലേരിയിലെ മാണിക്യത്തിന്റെ കൊലപാതകം. 1957 മാര്‍ച്ച് 30 ന് പാലേരിയില്‍ കൊല്ലപ്പെട്ട മാണിക്യം എന്ന യുവതിയുടെ കൊലപാതകത്തിന്റെ അന്വേഷണ പശ്ചാത്തലത്തിലായിരുന്നു ചിത്രത്തിന്റെ കഥ പറഞ്ഞത്.നിഗൂഢത അനാവരണം ചെയ്യുന്നതിനോടൊപ്പം ആ കാലഘട്ടത്തിന്റെ ഒരു ചിത്രവും പാലേരി മാണിക്യത്തിന്റെ കഥ നമുക്ക് നല്‍കുന്നുണ്ട്. ഹരിദാസ്, ഖാലിദ്, മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി എന്നിങ്ങനെ മൂന്നു വ്യത്യസ്ത കഥാപാത്രങ്ങളെയായിരുന്നു മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. 2009ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് അദ്ദേഹത്തിന് ഈ ചിത്രം നേടിക്കൊടുത്തു. 2009 ഡിസംബർ 5 നാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്.

പാലേരിയിലെ ക്രൂരനായ, സ്ത്രീകളെ പീഡിപ്പിക്കുന്ന, കൊലപാതകിയായ ജന്മി മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയായി മമ്മൂട്ടിയുടെ പ്രകടനം ഉള്‍ക്കിടിലത്തോടെയേ കണ്ടുതീര്‍ക്കാനാവൂ. സ്വാതന്ത്ര്യാനന്തരം ഫ്യൂഡലിസ്റ്റിക്ക് സങ്കല്‍പ്പങ്ങള്‍ക്ക് തിരിച്ചടികളേറ്റു തുടങ്ങിയ അന്‍പതുകളുടെ അവസാനത്തില്‍ ആണ് കഥ നടക്കുന്നത്. കേരളത്തിൽ ആദ്യ ഗവണ്മെന്റ് അധികാരത്തിൽ വരുന്നു. ആ സമയത്താണ് മലബാറില്‍ അഹമ്മദ് ഹാജി എന്ന ജന്മി കമ്മ്യൂണിസത്തിന്റെ വളര്‍ച്ചയെ പൂര്‍ണമായും അവഗണിച്ച് തന്റെ മേധാവിത്വം ഊട്ടിയുറപ്പിക്കുന്നതിനായി തനി മാടമ്പിവേഷം കെട്ടിയാടുന്നത്. താൻ കാലങ്ങളായി ഊട്ടിയുറപ്പിച്ചു വന്ന മേധാവിത്തവും താൻപോരിമയും വിട്ടൊഴിയാൻ അയാൾ തയ്യാറായിരുന്നില്ല. അടങ്ങാത്ത ലൈംഗികതൃഷ്ണയുടെയും ഭോഗ താത്പര്യങ്ങളുടെയും അവസാന വാക്കായ ഈ കഥാപാത്രത്തിന്റെ കടത്തനാടന്‍ ശൈലിയിലുള്ള ഡയലോഗ് ഡെലിവറി ശ്രദ്ധേയമാണ്.

മുരിക്കുംകുന്നത്ത് വീടും അഹമ്മദ് ഹാജി എന്ന നിഗൂഢതയും അമ്പട്ടന്‍ (ബാർബർ) കേശവനിലൂടെയാണ് നാം കാണുന്നത്. സ്വാഭാവികമായും കേശവന്റെ അമര്‍ഷങ്ങളും പ്രതിഷേധങ്ങളും ഹാജിയുടെ ഒറ്റമുണ്ടുടുത്തു നില്‍ക്കുന്ന ഇന്‍ട്രോ സീന്‍ മുതല്‍ പ്രകടമാണ്. തികഞ്ഞ ഔദ്ധത്യത്തോടു കൂടി നില്‍ക്കുന്ന ഹാജിയുടെ ഷോട്ടിലാണ് ഫസ്റ്റ് ഹാഫ് അവസാനിക്കുന്നത്.

അടിമക്കാഴ്ചകളെ ആസ്വദിക്കുന്ന ഒരു സാഡിസ്റ്റായി, മുതലാളിത്തത്തിന്റെ പ്രതീകമായി മമ്മൂട്ടി എന്ന മഹാനടന്‍ തകര്‍ത്താടുകയായിരുന്നു. സ്വതന്ത്ര കേരളത്തിലെ ആദ്യ ഗവണ്മെന്റ് നിലവിൽ വന്നപ്പോൾ നാട്ടിലെ പാർട്ടിക്കാർ ആഘോഷിക്കുന്നു. തൊഴിലാളി വർഗത്തിന്റെ സർക്കാർ നിലവിൽ വന്നതായും അതുകൊണ്ട് ഇനിയാർക്കും വീട്ടിൽ ചെന്ന് മുടി വെട്ടിക്കൊടുക്കേണ്ടതില്ലെന്നും ബാർബർ കേശവൻ പറയുന്നു. കേശവന്റെ ചെറുത്തു നില്‍പ്പുകളോട് അഹമ്മദ് ഹാജിയുടെ രൂക്ഷമായ പ്രതികരണം ശ്രദ്ധിക്കുക-
“അപ്പുകുട്ടി ചത്തപ്പോ പുതിയ പരിഷ്കാരങ്ങളാ ചെക്കന്റെ വക. എന്നിട്ട് നിന്റെ അമ്മേനെ മാറ്റി പുതിയാളെ എടുത്തോ. എന്താടാ? ഹും. അപ്പൊ ചെലതെല്ലാം മാറ്റാന്‍ കഴിയൂല, ഇഞ്ഞു അതിനൊട്ടു മെനക്കെടുകേം വേണ്ട. വിളിക്കുമ്പോ ഇവിടെ എത്തികോണം. അമ്പട്ടന്റെ മോന്‍ മരിക്കും വരെ അമ്പട്ടന്റെ മോന്‍ തന്നെയാ. മനുഷന്മാരെ മുടി കളയാന്‍ ജനിച്ചോന്‍ അത് മരിയാദിക്ക് ചെയ്യ്‌. അല്ലാണ്ട് ഇന്റെ കമ്മൂണിസം ഈന്റാത്ത് കേറ്റാന്‍ നോക്കണ്ടാ. ഇവിടിപ്പോ പാലെരീല് അമ്മദാജീന്റെ കമ്മൂണിസാ നടക്കുന്നെ. അത് തിരിഞ്ഞിക്കാ നായിന്റെ മോനെ അനക്ക്, എന്നാ കത്തീം കത്രികേം എടുത്തോ”

മറ്റൊരവസരത്തിലെ ഡയലോഗ്-
“നിര്‍ത്ത് നായേ… ചെരക്കാന്‍ പറഞ്ഞാ ചെരച്ചോടുക്കണം. അല്ലാണ്ട് ചെലക്കുക അല്ല വേണ്ടേ. കത്രിക പിടിക്കുന്ന കൈ ഞാന്‍ ചവിട്ടി പോട്ടിചാളും അമ്പട്ടന്‍ പന്നീ”
സ്ത്രീകളെ കണ്‍വെട്ടത്ത് കണ്ടാല്‍ നോട്ടം കൊണ്ടു പോലും വ്യഭിചരിക്കുന്ന കഥാപാത്രമാണിത്. പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യാനും കൊലപ്പെടുത്താനും മടിയില്ലാത്ത ഈ കഥാപാത്രം അമ്മയെയും മകളെയും കാമിക്കാനും മടിക്കുന്നില്ല. ഒരു സീനില്‍ അതും പച്ചയ്ക്ക് പറയുന്നുണ്ട്. താഴെക്കൊടുക്കുന്ന ഡയലോഗ് ഓര്‍മയുണ്ടോ?
“ഒരു മാണിക്കത്തിനെ അല്ല, ഒമ്പത് മാണിക്കത്തിനെ കൊന്നാലും ഒരു നായും ചോയിക്കേല. നെന്റെ ഒക്കെ പോരേല്‍ ഉണ്ടാ കാണാന്‍ വര്‍ക്കത്തുള്ള പെണ്ണുങ്ങള്. അമ്മദാജീന്റെ കണ്ണില്‍ പെട്ടാ നിക്ക് വേണം ന്നു തോന്നിയാ എന്തും ചെയ്യും ഞാന്‍.. കൊല്ലണം ന്നു തോന്നിയാല്‍ കൊല്ലും. ചോദിക്കാന്‍ വരുന്നോന്‍ ന്റെ കാലിന്റെ അടീല്‍ കെടന്നു പൊട്ടും”

കാളയ്ക്കു പകരം കുടിയാനെക്കൊണ്ട് കന്നു പൂട്ടിക്കുന്ന ക്രൂരനായ ഹാജിയുടെ രംഗം ചിത്രം കണ്ടവരാരും മറക്കാന്‍ ഇടയില്ല. അത് പോലെ ചീരുവിനെ പ്രാപിച്ച ശേഷം അവളുടെ ഭര്‍ത്താവിനെ ചവിട്ടിക്കൊല്ലുന്നതും തുടര്‍ന്ന് കഞ്ഞിയില്‍ പഴുതാര വീണ് വിഷമേറ്റാണ് അയാള്‍ മരിച്ചതെന്ന് പുറംലോകത്തോട് പറയാന്‍ അവളോട് നിര്‍ദേശിക്കുന്നതും. മറ്റൊരു സീനിൽ ചീരുവിന്റെ പൊക്കിളിൽ കാലിന്റെ പെരുവിരൽ കയറ്റി അഹമ്മദ് ഹാജി ചുഴറ്റുന്ന രംഗവും ചിത്രം കണ്ടവർ മറക്കാൻ ഇടയില്ല.
ഇയാളുടെ അനിവാര്യമായ പതനത്തിന്റെ തുടക്കവും നിരപരാധിയായ ഒരു സ്തിയുടെ മരണത്തോടെയെന്നത് കാവ്യനീതി. മാണിക്യത്തിന്റെ കൊലപാതകത്തിനു ശേഷം കേസ് ഒതുക്കിത്തീര്‍ക്കാനായി താന്‍ ഏറ്റവും വെറുത്തിരുന്ന കമ്മ്യൂണിസത്തോട് ഹാജിക്ക് സന്ധി ചെയ്യേണ്ടി വരുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളും കൊലപാതകം ഒതുക്കാൻ കൂട്ടുനിൽക്കുന്നു. അത് വഴി ഹാജിയുടെ പണം ഉപയോഗിച്ച് അവർ നാട്ടിൽ ഒരു ഹൈ സ്കൂൾ സ്ഥാപിക്കുന്നു. കാലാന്തരത്തില്‍ അരയ്ക്കു കീഴെ തളര്‍ന്ന് പുഴുവരിച്ച് ദയനീയമായിട്ടായിരുന്നു ഇയാളുടെ മരണമെന്ന് പില്‍ക്കാലത്ത് കേശവന്‍ പറയുന്നുണ്ട്.

മാണിക്യത്തിന്റെ കൊലപാതകം അന്‍പതു കൊല്ലത്തിനിപ്പുറം അന്വേഷിക്കുവാന്‍ വരുന്ന ഹരിദാസിനെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയെന്ന ഭൂപ്രഭുവിന്റെ ജാരസന്തതിയാക്കുക എന്നൊരു ട്വിസ്റ്റ് രഞ്ജിത്ത് സിനിമയില്‍ സ്വീകരിച്ചിട്ടുണ്ട്. ക്ളൈമാക്സിലെ സസ്പെന്‍സ് ഇവിടെ വിശദീകരിക്കുന്നില്ല. സംവിധായകന്റെ ലക്ഷ്യത്തെ സാധൂകരിക്കുവാന്‍ തക്കവണ്ണം അഹമ്മദ് ഹാജി എന്ന കഥാപാത്രത്തെ വളരെ നന്നായി തിരശീലയില്‍ പുനഃസൃഷ്ടിക്കുവാന്‍ മമ്മൂട്ടിക്ക് സാധിച്ചു. ഹരിദാസ്, ഖാലിദ് അഹമ്മദ് എന്നീ വേഷങ്ങളേക്കാളും മികവു പുലര്‍ത്തിയത് തീര്‍ച്ചയായും മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി തന്നെ.
അക്കാലത്ത് മണിരത്നം തന്നോട് പറഞ്ഞ ഒരു കാര്യം പൃഥ്വിരാജ് പിന്നീട് ഇന്റര്‍വ്യൂവില്‍ പറയുന്നത് കേട്ടിട്ടുണ്ട്. “കുറെക്കാലത്തിനുശേഷം അദ്ദേഹത്തിന് ഏറെയിഷ്ടപ്പെട്ട ഒരു മമ്മൂട്ടി കഥാപാത്രമാണ് മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയെന്ന്”

എൻ ബി : പ്രതിനായക കഥാപാത്രങ്ങളെ നിർദേശിക്കാൻ പറഞ്ഞപ്പോൾ നിരവധി നിർദേശങ്ങൾ വാട്‌സ്ആപ്പിൽ കിട്ടിയിട്ടുണ്ട്. എല്ലാവർക്കും നന്ദി. അതിൽ ചിലത് എന്റെ മനസ്സിൽ ഉള്ളതാണ്. പിന്നെ സ്ഥിരം വില്ലൻ കഥാപാത്രങ്ങൾക്ക് പകരം വ്യത്യസ്തതയുള്ള പ്രതിനായക കഥാപാത്രങ്ങളെ നിർദ്ദേശിക്കുക. കൂടുതൽ കഥാപാത്രങ്ങളെക്കുറിച്ച് ഈ പംക്തിയിൽ എഴുതിക്കഴിയുമ്പോൾ ഇക്കാര്യത്തിൽ കുറച്ചു കൂടി വ്യക്തത വരുമെന്ന് കരുതുന്നു. 2020 ന് മുമ്പുള്ള കഥാപാത്രങ്ങൾ നിര്ദേശിച്ചാൽ മതി. ആരൊക്കെയോ ഫഹദ് ഫാസിലിന്റെ ജോജിയൊക്കെ നിർദേശിച്ചു കണ്ടു. നല്ല നിർദേശമാണ്. പക്ഷേ, ആ ചിത്രത്തെക്കുറിച്ചൊക്കെ അടുത്ത കാലത്ത് എഴുതിയതല്ലേ ഉള്ളൂ..

(അപ്പോൾ ശരി. അടുത്ത ദിവസം പുതിയ കഥാപാത്രവുമായി കാണാം)

Leave a Reply
You May Also Like

ഓരോ രംഗവും നാടകത്തിലെന്നപോലെ റിഹേഴ്സൽ ചെയ്താണ് മമ്മൂട്ടിയുൾപ്പെടെ ഉള്ളവരെ ചിത്രീകരണത്തിന് സജ്ജരാക്കിയത്.

കാഴ്ച 2004-ൽ മലയാള സിനിമാ ലോകത്ത് ചലനം സൃഷ്ടിച്ച ചലച്ചിത്രം. അക്കാലത്തിറങ്ങിയ സിനിമകളിൽ നിന്നും വ്യത്യസ്തമായ പ്രമേയം സ്വീകരിച്ചിട്ടും ഈ ചിത്രം

സൌഹൃദങ്ങള് മുറിച്ചിട്ട് ഒറ്റയാവുക..

ആരോടും അടുത്തിടപെടാതിരിക്കുക .സൌഹൃദങ്ങള് മുറിച്ചിട്ട് ഒറ്റയാവുക.ജീവന് പണ്ട് ഇങ്ങനെയൊന്നുമല്ലായിരുന്നു.ആത്മ സുഹൃത്തായ തന്നെ പോലും ഒരന്യനായി കാണാന് ജീവന് എങ്ങനെ കഴിയുന്നു എന്നായിരുന്നു ആര്യന് ചിന്തിച്ചത്.

ജയിംസ് കാമറൂൺ ‘ടൈറ്റാനിക്’ എന്ന ചിത്രത്തിൽ ചരിത്രത്തോട് നീതി പുലർത്തിയില്ല എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും ?

ജയിംസ് കാമറൂൺ ‘ടൈറ്റാനിക്’ എന്ന ചിത്രത്തിൽ ചരിത്രത്തോട് നീതി പുലർത്തിയില്ല എന്ന് നാളെ ഒരുകാലത്ത് ചർച്ച ചെയ്യപ്പെട്ടാൽ എങ്ങനെയിരിക്കും..

കാര്‍, കാമം, കാഴ്ച

ഇന്നു രാത്രി എട്ടരയ്ക്ക് ആരോഗ്യലഘുലേഖാ വിതരണത്തിനിടെ നടന്നത്. അവധിയുടെ ആവേശവും ആലസ്യവും ദുരമൂക്കുന്ന രാത്രിയാണു പ്രവാസിയുടെ…