ഇത്തരമൊരു വിഷയം സിനിമയാക്കാന്‍ നട്ടെല്ല് വേണം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
69 SHARES
833 VIEWS

എഴുന്നേറ്റ് നിന്ന് കയ്യടി നല്‍കേണ്ട ചലച്ചിത്ര ഉദ്യമം

Santhosh Iriveri Parootty എഴുതിയ ആസ്വാദനം

എല്ലാ അര്‍ഥത്തിലും മലയാള സിനിമയിലെ ഒറ്റയാനാണ് ആഷിഖ് അബു. പല കാരണങ്ങളാലും അദ്ദേഹത്തെ സ്നേഹിക്കുകയും വെറുക്കുകയും ഒക്കെ ചെയ്യുന്നവരുണ്ടാവാം. എന്നാല്‍ മലയാള സിനിമാ രംഗത്ത് അവഗണിക്കാനാവാത്ത സാന്നിധ്യമാണദ്ദേഹം. ഇതു വരെ ചെയ്ത സിനിമകളില്‍ ഗ്യാംഗ്സ്റ്റര്‍ എന്ന സിനിമ മാത്രമാണ് എനിക്ക് തീരെ ഇഷ്ടപ്പെടാതെ പോയിട്ടുള്ളത്. വൈവിധ്യമാര്‍ന്ന എത്രയോ ചലച്ചിത്രങ്ങള്‍ ആഷിഖ് അബു സമ്മാനിച്ചിട്ടുണ്ട്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, 22 ഫീമെയില്‍ കോട്ടയം, ഇടുക്കി ഗോള്‍ഡ്, റാണി പദ്മിനി, മായാനദി, വൈറസ് അങ്ങനെ പല ചിത്രങ്ങളും. ഇവയെല്ലാം തന്നെ തികച്ചും

Santhosh Iriveri Parootty
Santhosh Iriveri Parootty

വ്യത്യസ്തങ്ങളാണു താനും.വളരെ കളർഫുൾ ആയ ക്യാൻവാസിലാണ് ആഷിഖ് തന്റെ ഏറ്റവും പുതിയ ചിത്രമായ ‘നാരദ’നും ഒരുക്കിയിരിക്കുന്നത്. ഓരോ തവണയും മേക്കിങ്ങിൽ പുതുമ കൊണ്ടു വരാൻ ശ്രമിക്കുന്ന അദ്ദേഹം ഈ ചിത്രത്തിൽ നടത്തിയ ശ്രമങ്ങളും വിജയിച്ചിട്ടുണ്ട്. ഇതില്‍ അദ്ദേഹത്തിന് പറ്റി എന്ന് എനിക്കു തോന്നിയ പ്രധാന പിഴവ് അവസാന ഭാഗത്തു പറയാം.

വളരെ ബോള്‍ഡ് ആയ, കയ്യടി അര്‍ഹിക്കുന്ന ഒരു ചലച്ചിത്ര ഉദ്യമമാണ് നാരദന്‍. ചര്‍ച്ചാ വിഷയമാക്കേണ്ട ഈ ചിത്രം മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ മൂടി വെച്ചിരിക്കുകയാണ് എന്ന് ഞാന്‍ കരുതുന്നു. ഈ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുന്നത് അവരെ അലോസരപ്പെടുത്തുമെന്ന് തീര്‍ച്ച. അതു കൊണ്ടു തന്നെ ഈ സിനിമ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ഇടതും വലതും നടുവുമായ എല്ലാ മാധ്യമ സ്ഥാപനങ്ങളും അങ്ങേയറ്റം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. എന്നാല്‍ അത്രയ്ക്കങ്ങ് അവഗണിക്കപ്പെടേണ്ട ഒരു ചിത്രമല്ല നാരദന്‍.

മാധ്യമ ലോകത്തിന്‍റെ പശ്ചാത്തലത്തില്‍ നിരവധി സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അവയെല്ലാം മാധ്യമ ധര്‍മം ഉയര്‍ത്തിപ്പിടിച്ച് പോരാടുന്ന നായകനെ പ്രതിനിധീകരിക്കുന്നവയായിരുന്നു. ഒരു തരം ഹീറോയിസം തന്നെ. പത്രം പോലുള്ള ചിത്രങ്ങള്‍ ഉദാഹരണം. എന്നാല്‍ മാധ്യമ ലോകത്തിലെ കാണാകാഴ്ചകളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നിടുന്നുണ്ട് ‘നാരദന്‍’. നമ്മൾ സാധാരണ കാണുന്ന ചില സ്ക്രോളുകളൊക്കെ വരുന്ന രീതിയും ചർച്ച തുടങ്ങുന്നതിന് മുമ്പ് ആങ്കറും ചർച്ചയിൽ പങ്കെടുക്കുന്നയാളും തമ്മിലുള്ള സൗഹൃദ സംഭാഷണവും ഒക്കെ ഇന്ററസ്റ്റിംഗ് ആയി തോന്നി. സമാന്തര കോടതികളായി മാറുന്ന ചാനൽ ന്യൂസ്‌റൂമുകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട് ഈ ചിത്രം. ധാർമ്മികത നഷ്ടപ്പെടുന്ന മാധ്യമപ്രവർത്തനവും മീഡിയയുടെ കോര്‍പ്പറേറ്റുവല്‍ക്കരണവും മാര്‍ക്കറ്റിങ്ങ് താല്‍പ്പര്യങ്ങളും മാധ്യമലോകത്തെ പുഴുക്കുത്തുകളും ചാനലുകൾ തമ്മിലുള്ള അനാശാസ്യ മത്സരങ്ങളും ചാനലുകള്‍ക്കുള്ളിലെ തൊഴിലാളി പ്രശ്നങ്ങളും മീഡിയ ട്രയലും ഒക്കെ തുറന്നു കാട്ടാന്‍ ശ്രമിക്കുന്ന മികച്ച ഒരു ചലച്ചിത്ര ഉദ്യമമാണ് ‘നാരദൻ’.ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉണ്ണി ആര്‍ ആണ്.

ചന്ദ്രപ്രകാശ് (ടൊവിനോ തോമസ്) എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. മുതിർന്ന മാധ്യമ പ്രവർത്തകനായ ചന്ദ്രപ്രകാശ് ‘ന്യൂസ് മലയാളം’ എന്ന പ്രമുഖ ചാനലിലെ പ്രൈം ടൈം അവതാരകനാണ്. ചാനലിന്‍റെ റേറ്റിങ് നിലനിർത്തുന്ന ‘ന്യൂസ് ട്രാക്ക്’ എന്ന ജനപ്രിയ പ്രോഗ്രാം നയിക്കുന്ന ചാനലിന്‍റെ മുഖമാണയാള്‍. അങ്ങനെയിരിക്കെ ഒരു ദിവസം, മറ്റൊരു ചാനൽ ഒരു പ്രധാന വാർത്ത ബ്രേക്ക് ചെയ്യുകയും മറ്റൊരു ബ്രേക്കിങ് വാർത്ത നൽകാൻ അയാൾക്ക് മേൽ എഡിറ്ററിൽ നിന്ന് വലിയ സമ്മർദ്ദമുണ്ടാകുകയും ചെയ്യുന്നു. തുടർന്ന് ചന്ദ്രപ്രകാശ് ന്യൂസ് മലയാളത്തിൽ നിന്ന് രാജി വെക്കുന്നു
ഇതേ സമയം തന്നെ ഒരു കോർപറേറ്റ് ഗ്രൂപ്പ് ആരംഭിക്കുന്ന ‘നാരദ ന്യൂസ്’ എന്ന പുതിയ ചാനലിന്‍റെ ചീഫ് എഡിറ്റർ പദവിയിലേക്കുള്ള ഓഫർ അയാൾക്ക് ലഭിക്കുന്നു. ആദ്യത്തെ പ്രചാരകനായ ‘നാരദനെ’ അനുസ്മരിച്ചു തന്നെയാണ് ചന്ദ്രപ്രകാശ് തന്റെ പുതിയ ചാനലായ നാരദ ന്യൂസ് തുടങുന്നത്. ആ ഓഫർ ഏറ്റെടുക്കുന്ന ചന്ദ്രപ്രകാശ് പിന്നീട് തെറ്റിൽ നിന്ന് വലിയ തെറ്റുകളിലേക്ക് നീങ്ങുന്ന, തിന്മയുടെ ആൾരൂപമായ മാധ്യപ്രവർത്തകൻ സി പി ആയി രൂപാന്തരം പ്രാപിക്കുന്നു. ഒന്നാമതാകുക എന്ന ലക്ഷ്യം മാത്രം മുന്നിലുള്ള ഒരാള്‍. അതിനായി എന്ത് ചെയ്യാനും, എങ്ങനെ വാർത്തകൾ സൃഷ്ടിക്കാനും തയ്യാറാകുന്ന അങ്ങേയറ്റം corrupted ആയ ഒരു മീഡിയാമാന്‍. തുടര്‍ന്ന് ഒരു മാധ്യമം എങ്ങനെയൊക്കെ പ്രവര്‍ത്തിക്കാന്‍ പാടില്ലയോ ആ വഴികളിലൂടെ റേറ്റിംഗ് മാത്രം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന ഒരു കുടില ബുദ്ധി. ഒടുവില്‍ അയാള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നാണ് ചിത്രം പറയുന്നത്.

ചിത്രത്തിൽ രണ്ട് തലത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ടൊവിനോ തോമസ് ഞെട്ടിക്കുന്നു. ഒരാളിൽ നിന്നും മറ്റൊരാളിലേക്കുള്ള മാറ്റം, അങ്ങേയറ്റം പക്വത വന്ന നടന്റെ വൈഭവത്തോടെ ടൊവിനോ അഭിനയിച്ച് ഫലിപ്പിക്കുന്നുണ്ട്. നമുക്ക് പരിചയമുള്ള ചാനൽ അവതാരകരുടെ മാനറിസങ്ങളും സംസാരരീതിയും പകർത്തി ടൊവിനോ തകര്‍ക്കുന്നുണ്ട്. ന്യൂസ് മലയാളത്തിന്‍റെ അവതാരകനിൽ നിന്ന് ‘നാരദ ന്യൂസി’ന്റെ ചീഫ് എഡിറ്ററിലേക്കുള്ള ചന്ദ്രപ്രകാശിന്‍റെ വേഷപ്പകർച്ച അതിഗംഭീരം എന്നേ പറയാനാവൂ.. ശരിയുടെ പക്ഷത്ത് നിന്ന് മാധ്യമ ചർച്ചകളെ നയിക്കുന്ന ന്യൂസ് റൂമിലെ മടുപ്പ്, ക്ലബ്ബിൽ പോയി മറ്റു മാധ്യമ പ്രവർത്തകരുമായി സംസാരിച്ചും, മദ്യപിച്ചും തീർക്കുന്നുണ്ട് ആദ്യഭാഗത്ത് ചന്ദ്രപ്രകാശ്. അവിടെ നിന്നും ന്യൂസ് റൂമിൽ ഇരുന്ന് ആക്രോശിക്കുന്ന, തനിക്ക് വായിൽ തോന്നിയത് എന്തും പറയാമെന്ന് അഹങ്കരിക്കുന്ന, മറ്റൊരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് യാതൊരു വിലയും നൽകാത്ത, ലാഭത്തിന് വേണ്ടി ചാനൽ മുതലാളിമാരുമായി വിലപേശുന്ന, എന്തിനെയും തന്‍റെ വരുതിയിലാക്കാമെന്ന് കരുതുന്ന, എതിര്‍ക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി ബ്ളാക്ക് മെയില്‍ ചെയ്യുന്ന, എതിരാളികളെ കൊല്ലാന്‍ പോലും മടിക്കാത്ത സിപി എന്ന കൊടും വില്ലനിലേക്ക് അനായാസമായി മാറുന്നുണ്ട് ടൊവിനോ. ഇത് ഭാരതമാണെന്നും ഭാരതസംസ്കാരത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നുമൊക്കെ ഇടയ്ക്കിടെ ഓരിയിടുന്ന ഇയാൾ (ഗർജനം എന്ന് ആരാധകർക്ക് തോന്നാം) “An unprincipled showman masquerading as a journalist” എന്ന് പണ്ട് ശശി തരൂർ പറഞ്ഞ വ്യക്തിയെ ഓർമിപ്പിക്കുന്നുണ്ട്.

എത്തിക്കല്‍ ജേര്‍ണലിസത്തിന്റെ ആള്‍രൂപമായ പ്രദീപ് ആയി ഷറഫുദ്ദീനും തന്റെ കഥാപാത്രത്തെ ഗംഭീരമാക്കി. ചന്ദ്രപ്രകാശ് എന്ന ക്രിമിനല്‍ മാധ്യമ പ്രവര്‍ത്തകനെ അതിവിദഗ്ധമായി നിയമത്തിന്റെ വലയില്‍ കുരുക്കുന്ന ഷാക്കിറ മുഹമ്മദ് എന്ന അഡ്യക്കേറ്റ് ആയി അന്ന ബെന്‍ ക്ളൈമാക്സില്‍ തകര്‍ത്തു. ക്ളൈമാക്സിൽ മാത്രം എത്തുന്ന ഇന്ദ്രൻസിന്റെ പ്രകടനം ശ്രദ്ധേയം. ഇന്ത്യന്‍ ഭരണഘടനയും കൈയില്‍പ്പിടിച്ച് കോടതി മുറിയിലേക്ക് ശാന്തനായി കടന്നു വരുന്ന മജിസ്ട്രേറ്റ് കെ പി ചോതിയുടെ മുഖം മനസ്സില്‍ നിറഞ്ഞുനില്‍ക്കും.

സാധാരണ സിനിമകളില്‍ സിനിമക്കാര്‍ പറയാന്‍ മടിക്കുന്ന ചില വിഷയങ്ങളും ഈ സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. പുതിയ ചാനല്‍ റിക്രൂട്ടുകളെ പരിചയപ്പെടുമ്പോള്‍ ചന്ദ്രപ്രകാശ് ഒരു പെണ്‍കുട്ടിയോട് പേര് ചോദിക്കുന്നു. അച്ഛന്റെ മേനോന്‍ എന്ന ജാതിവാല് അവള്‍ ഉപേക്ഷിച്ചതായി മനസ്സിലാക്കുന്ന അയാള്‍ അവരോട് പറയുന്നുണ്ട്, “Caste is a reality, Why don’t you own it?”. തുടര്‍ന്ന് അവരുടെ പേരിന്റെ കൂടെ മേനോന്‍ എന്ന് എഴുതി ചേര്‍ക്കുന്നു. നാരദ ന്യൂസിലെ എല്ലാ റിപ്പോര്‍ട്ടര്‍മാരുടെയും പേരിന്റെ കൂടെ ജാതിവാല്‍ ചേര്‍ക്കാന്‍ അയാള്‍ മറക്കുന്നില്ല. മറ്റൊരു സീനില്‍ രഞ്ജി പണിക്കര്‍ അവതരിപ്പിക്കുന്ന സീനിയര്‍ അഡ്വക്കേറ്റ് ആയ ഗോവിന്ദമേനോന്‍ ചന്ദ്രപ്രകാശിനോട് പറയുന്നുണ്ട്, “ഞാന്‍ ആ ജഡ്ഡിയോട് (ജഡ്ജി ദളിതനാണ്) കെഞ്ചാനൊന്നും പോവില്ല, ഞാനേ അസ്സല് മേനോനാ, വേണേ എന്റെ Juniors വരും” എന്ന്. അത് പോലെ ബാറിൽ വെച്ചുള്ള ഒരു സീനിൽ ഒരു കഥാപാത്രം പറയുന്നുണ്ട്, “എടോ, തകഴി ശിവശങ്കരപിള്ള, പി ഗോവിന്ദപിള്ള, എം പി നാരായണപിള്ള, കെ ജി ശങ്കരപ്പിള്ള …. ഇവർക്കൊക്കെയുള്ള പ്രത്യേകത എന്താന്നറിയോ” എന്ന്.

ചിത്രത്തിന്റെ ഏറ്റവും വലിയ കുഴപ്പം ഇഴഞ്ഞു നീങ്ങുന്ന ആദ്യ പകുതിയാണ്. പലപ്പോഴും ഉറങ്ങിപ്പോകുമെന്ന് തോന്നി. തിരക്കഥയും കഥപറച്ചിലിന്റെ രീതിയും ആ ഭാഗങ്ങളില്‍ പ്രേക്ഷകരിൽ വല്ലാത്ത ലാഗ് അനുഭവപ്പെടുത്തുന്നുണ്ട്. സിനിമാറ്റിക് സ്വഭാവം നഷ്ടപ്പെട്ട് ഡോക്യുമെന്‍ററി രീതിയിലേക്ക് ഈ ഭാഗങ്ങളില്‍ സിനിമ മാറിപ്പോവുന്നു. പഴയ ചില അവാര്‍ഡ് സിനിമകളൊക്കെ ഓര്‍മ വന്നു. ഈ ഭാഗം കൂടുതല്‍ എന്‍ഗേജിംഗ് ആക്കാന്‍ സംവിധായകന്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. രണ്ടാം പകുതിയും ക്ലൈമാക്‌സ് രംഗങ്ങളും ചടുലവും ഉദ്വേഗജനകവുമാണ്. മാധ്യമങ്ങളുടെ രീതികളിലെ ശരി തെറ്റുകൾ വിചാരണ ചെയ്യപ്പെടുന്ന കോടതി രംഗം ഉൾപ്പെടുന്ന ക്ളൈമാക്സാണ് ചിത്രത്തിലെ ഏറ്റവും കരുത്തുറ്റ ഭാഗം. ആ ഭാഗങ്ങളില്‍ ചിത്രം ഒരു കോര്‍ട്ട് റൂം ഡ്രാമയുടെ സ്വഭാവം കൈവരിക്കുന്നുണ്ട്.
ഡിജെ ശേഖറിന്‍റെ സംഗീതം മികച്ചു നിന്നു. യക്‌സന്‍ ഗാരി പെരേരയും നേഹ നായരും ഒരുക്കിയ പശ്ചാത്തല സംഗീതം സിനിമയുടെ കഥാഗതിക്ക് അനുസരണമായിരുന്നു. ചാനല്‍ ലോകത്തെ ജാഫര്‍ സാദിഖ് മികവോടെ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

സാമ്പത്തികവും രാഷ്ട്രീയവുമായ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി പ്രവർത്തിക്കുന്ന ചില മാധ്യമ സ്ഥാപനങ്ങളെ കുറിച്ച് ഈ സിനിമ ഓര്‍മപ്പെടുത്തുന്നു. ഇന്‍വെസ്റ്റിഗേറ്റീവ് ജേർണലിസം എന്ന പേരിൽ ജീവനക്കാരെ ഇരകളാക്കി ലൈംഗിക സംഭാഷണങ്ങളോ ദൃശ്യങ്ങളോ പകര്‍ത്തി സംപ്രേഷണം ചെയ്യുന്ന, അന്യന്റെ കിടപ്പറയിലേക്ക് ഒളിക്യാമറ വെക്കുന്ന, സദാചാര മാമൂലുകളെ മുൻനിർത്തിയുള്ള മാധ്യമ ഇടപെടലുകളെ പൊളിച്ചടുക്കുന്നുണ്ട് നാരദൻ. ചാനൽ ചർച്ചകളിലിരിക്കുന്നവരുടെ വാക്കുകൾ ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന ഓമനപ്പേരില്‍ സ്വാർഥ താല്‍പര്യങ്ങൾക്കായി വളച്ചൊടിക്കുന്ന ചില മാധ്യമപ്രവർത്തകരെയെങ്കിലും ഈ സിനിമ ഓർമപ്പെടുത്തുന്നുണ്ട്. അത് പോലെ പ്രതിസന്ധി കാലത്ത് പിരിച്ചു വിടപ്പെട്ട മാധ്യമപ്രവർത്തകരെപ്പറ്റിയും അവരിൽ അമ്പത് കഴിഞ്ഞവർക്ക് മുന്നിലുള്ള ശൂന്യമായ ഭാവിയെക്കുറിച്ചുമൊക്കെ ചിത്രം സൂചിപ്പിക്കുന്നുണ്ട്. യഥാസമയത്ത് വേതനം കിട്ടാതെ ജോലി ചെയ്യേണ്ടി വരുന്ന മാധ്യമപ്രവർത്തകരുടെ ദൈന്യതയും മൂല്യവത്തായ മാധ്യമപ്രവർത്തനം പിന്തുടരാൻ ശ്രമിക്കുന്നവരുടെ ആത്മാർഥ നീക്കങ്ങളും ചിത്രം പ്രേക്ഷകർക്ക് മുന്നിൽ വരച്ചിടുന്നുണ്ട്. ബ്രേക്കിംഗ് ന്യൂസുകള്‍ക്കു വേണ്ടിയുള്ള പരക്കം പാച്ചിലുകളുടെ ഈ കാലത്ത് പ്രേക്ഷകർക്ക് അങ്ങേയറ്റം സുപരിചതമാണ് നാരദൻ പറയുന്ന വിഷയം.

ഈ സിനിമ ഇന്ന് എത്ര മാത്രം ഓടും എന്നെനിക്കറിയില്ല. പക്ഷേ ഈ സിനിമ ഉയര്‍ത്തിയ വിഷയം വര്‍ഷങ്ങള്‍ കഴിഞ്ഞും ചര്‍ച്ച ചെയ്യപ്പെടും എന്നുറപ്പാണ്. കഥപറച്ചിലിന്റെ ആദ്യഭാഗത്തെ ഇഴച്ചിൽ മാറ്റിനിര്‍ത്തിയാല്‍ എഴുന്നേറ്റ് നിന്ന് കയ്യടി നല്‍കേണ്ട ഒരു ചലച്ചിത്ര ഉദ്യമമാണ് നാരദന്‍. കാരണം ഇത്തരമൊരു വിഷയം സിനിമയാക്കാന്‍ അത്യാവശ്യം നട്ടെല്ല് കൂടി ആവശ്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ