നാരായണക്കൈമൾ (മലയാള സിനിമയിലെ പ്രതിനായകര്‍ -ഭാഗം 15)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
21 SHARES
257 VIEWS

മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിനായകന്മാർ അനവധിയുണ്ട്. ഒരുപക്ഷെ നായകനെക്കാൾ തിളങ്ങുന്ന പ്രതിനായകന്മാർ. സ്ഥിരം വില്ലൻ വേഷങ്ങൾ ചെയുന്നവരും നായകവേഷങ്ങൾ ചെയുന്ന സൂപ്പര്താരങ്ങളും എല്ലാം ഇത്തരത്തിൽ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എത്രകാലം കഴിഞ്ഞാലും നമ്മുടെ മനസ്സിൽ തിളങ്ങി നിൽക്കുന്ന ചില പ്രതിനായക കഥാപാത്രങ്ങളിലേക്കു ഒരു എത്തിനോട്ടമാണ് ഈ പരമ്പര. Santhosh Iriveri Parootty (ചന്തു) എഴുതുന്നു

മലയാള സിനിമയിലെ പ്രതിനായകര്‍ (ഭാഗം 15)
നാരായണക്കൈമൾ (സത്യൻ)
ചിത്രം – കടൽപ്പാലം (1969)

ആദ്യ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച സംഭാഷണം (കെ ടി മുഹമ്മദ്), മികച്ച നടൻ (സത്യൻ), മികച്ച സംഗീത സംവിധായകൻ (ജി ദേവരാജൻ), മികച്ച ഗാനരചയിതാവ് (വയലാർ രാമവർമ), മികച്ച ഗായിക (പി ലീല- “ഉജ്ജയിനിയിലെ ഗായിക”) എന്നീ പുരസ്‌കാരങ്ങൾ നേടിയെടുത്ത ചിത്രമാണ് 1969 ജൂലൈ 25ന് റിലീസ് ചെയ്ത കടല്‍പ്പാലം.

കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത “കടൽപ്പാലം” നിർമിച്ചത് മഞ്ഞിലാസിന്റെ ബാനറിൽ എം‌ ഒ ജോസഫ് ആയിരുന്നു.സത്യൻ, പ്രേം നസീർ, കെ പി ഉമ്മർ, ജയഭാരതി, ഷീല, വിജയചന്ദ്രിക, ബഹദൂർ, അടൂർ ഭാസി, ശങ്കരാടി, അടൂർ ഭവാനി തുടങ്ങി നിരവധി പേർ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. മെല്ലി ഇറാനിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. “കസ്തൂരിതൈലമിട്ടു മുടി മിനുക്കി..”, “ഉജ്ജയിനിയിലെ ഗായിക..”, “ഈ കരയും മറു കരയും…” എന്നീ ഗാനങ്ങൾ അടക്കം വയലാർ- ദേവരാജൻ ടീമിന്റെ മനോഹര ഗാനങ്ങൾ ഇതിലുണ്ട്. ഇതിലെ “ഈ കരയും മറു കരയും..” എന്ന ഗാനമാണ് എസ് പി ബാലസുബ്രഹ്മണ്യം സർ മലയാളത്തിൽ പാടിയ ആദ്യ ഗാനം.

ഒരു പാട് പാളികളിലായി ഇന്നും ചർച്ച ചെയ്യാവുന്ന ഒരു ഗംഭീര ചിത്രം തന്നെയാണ് “കടൽപ്പാലം”. ഒരു കടൽപ്പാലത്തിനു ഒരു ദിശയാണ്. അതിന്റെ ഒടുക്കം എത്തിയാൽ പിന്നെ തിരിച്ചു നടന്നേ പറ്റൂ. അതു പോലെ ഒരു വശത്തേക്ക് മാത്രം ഒഴുകിക്കൊണ്ടിരിക്കുന്ന മനുഷ്യജീവിതങ്ങളുണ്ട്. പലപ്പോഴും ഒരു തിരിച്ചൊഴുക്ക് സാധ്യമല്ലാത്ത രീതിയിൽ. അല്ലെങ്കിൽ ഏക ദിശോന്മുഖമായി മാത്രം ചിന്തകൾ സഞ്ചരിക്കുന്ന മനസ്സുകൾ ഉള്ളവർ. ഈ ചിത്രത്തിൽ കടൽപ്പാലം ഒരു കഥാപാത്രവും അതേ സമയം ശക്തമായ ഒരു പ്രതീകവുമാണ്.

കുടുംബജീവിതം ആഹ്ലാദഭരിതമാക്കിത്തീര്‍ക്കുവാന്‍ ആവശ്യമായ സമീപനരീതിയും, സഹനശക്തിയുമില്ലാത്ത മുരടനും ദുര്‍വാശിക്കാരനും ഉഗ്രപ്രതാപിയുമായ തറവാട്ടു കാരണവരായ അന്ധനായ നാരായണക്കൈമളായി സത്യന്റെ ശക്തമായ നെഗറ്റീവ് വേഷം ചിത്രത്തില്‍ കാണാം. തന്റെ ചിന്തകളും തത്വങ്ങളും എല്ലായ്പ്പോഴും തന്റെ മക്കളുടെയും സഹജീവികളുടെയും മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കർക്കശക്കാരനും കാഴ്ച്ച ശക്തി നഷ്ടപ്പെടുന്നവനുമായ റിട്ടയേർഡ് ജഡ്ജിയായി വിസ്മയിപ്പിക്കുന്ന പ്രകടനമാണ് സത്യന്‍ ഈ ചിത്രത്തിലൂടെ നടത്തുന്നത്. തന്റെ കാര്‍ കയറി ഒരാളുടെ മരണത്തിനിടയാക്കിയ സന്ദര്‍ഭത്തില്‍ അദ്ദേഹത്തെ രക്ഷിച്ച് സ്വയം കുറ്റമേറ്റെടുത്ത ഡ്രൈവര്‍ക്കുള്ള പ്രത്യുപകാരമായി ഡ്രൈവറുടെ ഭാര്യ ഖദീജഉമ്മക്കു ഒരു ചെറിയ വീടു പണിതുകൊടുക്കുകയാണയാള്‍. പക്ഷെ മക്കളുടെ ഉടമസ്ഥന്‍ മാത്രമല്ല അവരെ തന്റെ കല്‍പ്പനകള്‍ അനുസരിപ്പിക്കുന്നതിനോടൊപ്പം തന്റെ വാക്കുകള്‍ പാലിക്കുന്നവനും കൂടിയാണു് താനെന്നു വീമ്പിളക്കിയിരുന്ന കൈമള്‍ ഖദീജയോടു ആ വീടിനു വാടക വാങ്ങിക്കൊണ്ടിരുന്നു.

കൈമളുടെ ദുര്‍വ്വാശി മൂലം മനസ്സുനൊന്തു മരിച്ച അമ്മയുടെ കാര്യമോര്‍ത്തു് അച്ഛനോടു പകരംവീട്ടാന്‍ നില്‍ക്കുകയാണു രഘു. സത്യന്‍ തന്നെയാണ് ഈ റോളും ചെയ്തിരിക്കുന്നത്. പരസ്പ്പരം തോറ്റുകൊടുക്കുവാന്‍ അച്ഛനും മകനും തയ്യാറല്ല. താനാണു ശരിയെന്നു ഇരുവരും വിശ്വസിച്ചു. പാരതന്ത്ര്യത്തിന്‍കീഴില്‍ തന്നെ ഒതുക്കുവാന്‍ തുടങ്ങുന്ന അച്ഛനുമായി രഘു ഉഗ്രമായ പോരാട്ടം തന്നെ തുടങ്ങി. ബോംബെയില്‍ നിന്നും വരുത്തിയ മരുന്നിന്റെ ശക്തികൊണ്ടു നാരായണക്കൈമള്‍ക്കു കാഴ്ചശക്തി തിരിച്ചു കിട്ടിയപ്പോഴാണ് ഗീതയും മുരളിയുമായുള്ള വിവാഹത്തിനെപ്പറ്റി അദ്ദേഹം അറിയുന്നത്. ഈ വാര്‍ത്ത തന്നില്‍നിന്നും മറച്ചുവെച്ച പ്രഭാകരന്‍ എന്തെല്ലാം രീതിയില്‍ തന്നെ കബളിപ്പിച്ചിട്ടുണ്ടു എന്നറിയാനായി അന്ധനായിത്തന്നെ അഭിനയിക്കുവാന്‍ കൈമള്‍ തീരുമാനിച്ചു. ഉമ്മയുടെ കൂടെ താമസമാക്കിയ ഗീതയുടെ അസാന്നിദ്ധ്യം മറച്ചുവെയ്ക്കുവാന്‍ പ്രഭാകരന്‍ സരളയെ തന്റെ മുന്നില്‍ നൃത്തം ചെയ്യിക്കുന്ന കാഴ്ചയാണു് അദ്ദേഹം ആദ്യമായി കണ്ടത്. വിവരം മനസ്സിലാക്കിയ കൈമള്‍ പ്രഭാകരനും സരളയുമായുള്ള ബന്ധത്തെ എതിര്‍ത്തു.

അച്ഛന്റെ ആഗ്രഹങ്ങള്‍ക്കു വിപരീതമായി പ്രവര്‍ത്തിക്കുവാന്‍ നട്ടെല്ലില്ലാത്ത പ്രഭാകരന്‍ സരളയെ കൈവെടിഞ്ഞു. തനിക്കെതിരായ വ്യവഹാരത്തില്‍ വിജയിയായ രഘു കമ്പനിയുടെ ആധാരവുമായി അച്ഛനെ സമീപിച്ചു. വീട്ടില്‍ വെച്ചു രഘുവും പ്രഭാകരനുമായി വാക്കേറ്റമുണ്ടായി. തത്സമയം തന്റെ മുറിയില്‍നിന്നുമിറങ്ങിയ അച്ഛനെ കണ്ടപ്പോള്‍ മാത്രമാണു പ്രഭാകരന്‍ അച്ഛനു കാഴ്ച വീണ്ടുകിട്ടിയ വിവരം മനസ്സിലാക്കിയത്. അച്ഛന്‍ തന്നെ കബളിപ്പിക്കുകയായിരുന്നു എന്നറിഞ്ഞ പ്രഭാകരനും കൈമള്‍ക്കു എതിരായി. താന്‍ പരാജയപ്പെട്ടു എന്നു പൂര്‍ണബോധ്യമുണ്ടായ നാരായണക്കൈമൾ ഹൃദയം തകര്‍ന്ന് മരിച്ചുവീഴുകയാണ്.

പാതി തുറന്ന വാതിലിൽ പിടിച്ചുകൊണ്ട് നിൽക്കുന്ന മകനായ രഘു. കയ്യെത്തും ദൂരത്ത് കാഴ്ച ശക്തി കുറഞ്ഞ അച്ഛൻ നാരായണ കൈമൾ. രൂപത്തിൽ മാത്രമല്ല ഭാവത്തിലും പറഞ്ഞറിയിക്കാൻ കഴിയാത്ത രീതിയിലുള്ള വ്യത്യസ്തമായ അഭിനയമായിരുന്നു കടൽപ്പാലത്തിലെ ഇരട്ട വേഷത്തിലേത്. പിതാവിനെ സ്നേഹിക്കുന്നതിനോടൊപ്പം തന്നെ സ്വന്തം അഭിപ്രായം ഉള്ള സ്വതന്ത്ര വ്യക്തികളായി മക്കൾ വളരേണ്ടതിന്റെ ആവശ്യകത അംഗീകരിക്കാത്ത ഉഗ്രമൂര്‍ത്തിയായ നാരായണക്കൈമള്‍ സത്യന്റെ മികച്ച വേഷങ്ങളില്‍ വേറിട്ടു നില്‍ക്കുന്നു. തന്റെ മക്കളിൽ തനിക്ക് ഉടമസ്ഥാവകാശം ഉണ്ടെന്ന് വിശ്വസിക്കുന്ന അച്ഛനാണയാള്‍. തന്നോടുള്ള കൂറ് മാത്രമാണ് അയാളുടെ മാനദണ്ഡം. അച്ഛന്റെ ഇഷ്ടം മാത്രം നോക്കി ജീവിച്ചാൽ ഒടുവിൽ സ്വന്തം മനസ്സിലുള്ള താത്പര്യങ്ങളോടും ഇഷ്ടങ്ങളോടും നീതി പുലർത്താനോ അവ തൃപ്തിപ്പെടുത്താനോ കഴിഞ്ഞിരുന്നോ എന്ന് എന്നെങ്കിലും ഒരിക്കൽ ചോദിക്കേണ്ടി വരുമെന്ന് ഒരു മകൾ ഈ ചിത്രത്തിൽ പറയുന്നുണ്ട്. ജീവിതത്തിൽ അവരവരുടെ ചോയ്സ് തന്നെയാണ് ആത്യന്തികമായി വലുത് എന്ന് നാരായണക്കൈമള്‍ക്ക് തിരിച്ചറിയാന്‍ കഴിയാതെ പോവുന്നു. അതു പോലെ തന്നെ സ്നേഹബന്ധങ്ങളിലും രക്തബന്ധങ്ങളിലും മതങ്ങൾക്കോ ജാതിക്കോ ഒന്നും ഒരു പ്രധാന്യവുമില്ലെന്നും ജാതി മത ചിന്തകൾ അർഥശൂന്യങ്ങൾ ആണെന്നും മനസ്സിലാക്കാനും അയാള്‍ക്കാവുന്നില്ല.

തികച്ചും വ്യത്യസ്തങ്ങളായ രണ്ടു കഥാപാത്രങ്ങളെ തികഞ്ഞ കയ്യൊതുക്കത്തോടെ വളരെ subtle ആയാണ് സത്യന്‍ ഇതിൽ കൈകാര്യം ചെയ്തിരിക്കുന്നത്. നാരായണക്കൈമള്‍ എന്ന അച്ഛന്‍ കഥാപാത്രം ഇതില്‍ ലക്ഷണമൊത്ത പ്രതിനായകസ്വഭാവം കൈവരിക്കുന്നുണ്ട്.

LATEST

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.

കാന്താരയിലെ ശിവയ്ക്ക് മാനസികരോഗമെന്ന്, ജുറാസിക് പാർക്ക് ദിനോസറുകളെ തുരത്തുന്ന സിനിമയാണെന്ന് പറയുന്നവരോട് എന്ത് പറയാൻ

കാന്താരയിലെ ശിവക്ക് മാനസികാരോഗ്യ പ്രശ്നമാണ് എന്നാണു അനു ചന്ദ്രയുടെ പോസ്റ്റിൽ പറയുന്നത്. വിഷ്വൽ