Santhosh Iriveri Parootty

“ന്നാ പോയി ധൈര്യമായി ടിക്കറ്റെടുത്തോ”
സഹോദരിയുടെ കുഞ്ഞുങ്ങളുടെ വിശന്നു വലഞ്ഞുള്ള നിലവിളി സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് ജീൻ വാൽ ജീൻ ഒരു കഷണം റൊട്ടി മോഷ്ടിക്കുന്നത്. അതിന് അയാൾക്ക് ജയിലിൽ കഴിയേണ്ടി വന്നത് 19 വർഷമായിരുന്നു. പിൽക്കാല ജീവിതത്തിലും ഭൂതകാലത്തിലെ പ്രവർത്തികൾ അയാളെ വേട്ടയാടിക്കൊണ്ടിരുന്നു. വിക്ടർ ഹ്യൂഗോയുടെ “പാവങ്ങൾ” എന്ന കൃതിയിലെ ജീൻ വാൽ ജീൻ മറക്കാനാവാത്ത ഒരു കഥാപാത്രമാണ്.

ഒരിക്കൽ കള്ളനെന്ന ലേബൽ വീണു പോയാൽ അത് മാറ്റാൻ സമൂഹവും അധികാരിവർഗവും എളുപ്പം സമ്മതിക്കില്ല. അങ്ങനെ കള്ളൻ എന്ന വിളിപ്പേര് വീണ കൊഴുമ്മൽ രാജീവൻ എന്ന ഒരു സാധാരണ തൊഴിലാളി മോഷണം ഉപേക്ഷിക്കുമെന്ന് താൻ സ്നേഹിക്കുന്ന പെണ്ണിന് വാക്ക് കൊടുക്കുന്നു. മോഷണമൊക്കെ മതിയാക്കി കുടുംബജീവിതവുമായി അയാൾ മുന്നോട്ട് പോവുന്നു. ഒരു രാത്രി നാട്ടിലെ ഒരു കല്യാണ വീട്ടിലെ പരിപാടിയിൽ സംബന്ധിച്ച് മടങ്ങുമ്പോൾ സ്പീഡിൽ വന്ന ഒരു ഓട്ടോ ഇടിക്കുന്നതിൽ നിന്നും രക്ഷപ്പെടാൻ അയാൾ തൊട്ടടുത്ത വീടിന്റെ മതിൽ ചാടിക്കടക്കുന്നു. സ്ഥലം എം എൽ എ യുടെ ആ വീട്ടിൽ വെച്ച് അയാൾക്ക് പട്ടികടിയേൽക്കുന്നു. എം.എൽ.എയുടെ വീട്ടിൽ നടത്തിയ മോഷണ ശ്രമത്തിനിടെയാണ് പട്ടി കടിച്ചതെന്ന ആരോപണം ഉയരുകയും സ്വന്തമായി ജോലി ചെയ്യാൻ പോലും കഴിയാതെ വരുകയും ചെയ്യുന്ന സാഹചര്യത്തിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ രാജീവൻ നീതിപീഠത്തെ സമർപ്പിക്കുന്നു. നായ കടിക്കാൻ കാരണം ഓട്ടോ വെട്ടിച്ചതാണെന്നും അതിന് കാരണം റോഡിലെ കുഴിയും, ഒന്നാം പ്രതി പൊതുമരാമത്ത് മന്ത്രിയുമാണെന്നും ആരോപിച്ച് രാജീവൻ കേസ് കൊടുക്കുന്നു. തുടർന്നുള്ള സംഭവ വികാസങ്ങളാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത “ന്നാ താൻ കേസ് കൊട്” എന്ന ചിത്രം പറയുന്നത്.

പ്രാഥമിക വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള രാജീവൻ കോടതിയിൽ സ്വയം കേസ് വാദിച്ച് തെളിയിക്കുകയാണ്. കാസർഗോഡ് / കണ്ണൂർ രാഷ്ട്രീയ പശ്ചാത്തലത്തിൽ, അധികാരശക്തികളുടെ പിൻബലമില്ലാതെ ഒരു സാധാരണക്കാരൻ നടത്തുന്ന ഒറ്റയാൾ പോരാട്ടം തന്നെയാണ് ഇവിടെ പ്രേക്ഷകരുടെ കയ്യടി നേടുന്നത്. കോടതിയിലെ ഇംഗ്ലീഷ് വാക്കുകളൊന്നും അയാൾക്ക് അറിയില്ല. എന്നാൽ നിയമത്തിലെ പല വകുപ്പുകളും അയാൾക്ക് മനഃപാഠമാണ്. അതെങ്ങനെ എന്ന് സിനിമ കണ്ടറിയുക. ഗർഭിണിയായ പങ്കാളിയും കിടപ്പ് രോഗിയായ അച്ഛനുമാണ് അയാളുടെ വീട്ടിൽ.

ചീമേനി പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രധാനമായും 2016 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ആദ്യപകുതി സിറ്റുവേഷൻ കോമഡികൾ കൊണ്ട് നിറഞ്ഞതാണ്. ഒട്ടും ബോറടിപ്പിക്കാതെയാണ് മുന്നോട്ട് പോവുന്നത്. രാജീവന്റെ കേസുമായി ബന്ധപ്പെട്ട് ഹോസ്ദുർഗ് മുനിസിപ്പൽ ഒന്നാം ക്ലാസ് കോടതിയിലെ നടപടിക്രമങ്ങളാണ് കൂടുതൽ സമയവും.രണ്ടാം പകുതിയിൽ ചിത്രം കുറച്ചു കൂടി ഗൗരവമായ വിഷയത്തിലേക്ക് നീങ്ങുന്നു. സ്ഥിരം സിനിമ കോടതിക്ക് പകരം വളരെ റിയലിസ്റ്റിക് ആയി ഒരു കീഴ്കോടതിയിൽ നടക്കുന്ന നടപടിക്രമങ്ങൾ അത്യന്തം രസാവഹമായി പകർത്തിയിട്ടുണ്ട്. ക്ലെെമാക്‌സിനോട് ചേർന്ന് ലാഗടിക്കുന്നുണ്ട്. എങ്കിലും ടോട്ടാലിറ്റിയിൽ അത് ആസ്വാദനത്തെ ബാധിച്ചതായി തോന്നിയില്ല.

ചിത്രത്തിന്റെ പ്രധാന ആകർഷണം കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കൊഴുമ്മൽ രാജീവൻ എന്ന കള്ളൻ കഥാപാത്രം തന്നെയാണ്. ചാക്കോച്ചന്റെ അഭിനയജീവിതത്തിലെ എക്കാലവും ഓർക്കപ്പെടുന്ന കഥാപാത്രം ആയിരിക്കുമിത്. ബോഡി ലാംഗ്വേജിൽ മാത്രമല്ല, അന്നാട്ടിലെ സംസാരഭാഷ ഏറെക്കുറെ നന്നായിത്തന്നെ കെെകാര്യം ചെയ്‌തിട്ടുണ്ട് അദ്ദേഹം. ഡീഗ്ലാമറൈസേഷന്റെ അങ്ങേയറ്റത്ത്, തന്നിലെ ചോക്ലേറ്റ് ബോയിയെ പടിക്ക് പുറത്തേക്ക് ചവിട്ടി പുറത്താക്കിയിട്ടുണ്ട് ചാക്കോച്ചൻ. ‘ദേവദൂതർ പാടി…’ എന്ന ഗാനത്തിന്റെ താളത്തിനൊപ്പം മുഴുവൻ തിയേറ്ററുകളിലും രാജീവന്റെ ആറാട്ട് കേരളം കൊണ്ടാടുകയാണ്. രാകേഷ് ഹരിദാസിന്റെ ക്യാമറ, മനോജ് കണ്ണോത്തിന്റെ എഡിറ്റിംഗ് നന്നായിരുന്നു. സംവിധായകൻ തന്നെയാണ് സ്ക്രിപ്റ്റും. “ആൻഡ്രോയ്ഡ് കുഞ്ഞപ്പനി”ലേത് പോലെ തന്നെ ആ നാടിന്റെ ഭംഗിയും മനുഷ്യജീവിതവും ഉത്സവവും തെയ്യവും രാഷ്ട്രീയ കാഴ്ചകളും പ്രാദേശിക ഭാഷയുടെ സൗന്ദര്യവും സംസ്കാരവുമെല്ലാം ചിത്രത്തിന് ചാരുത പകരുന്നു.

ഓട്ടോ ഡ്രൈവറായെത്തിയ രാജേഷ് മാധവൻ ഒത്തിരി നർമമുഹൂർത്തങ്ങൾ സമ്മാനിച്ചു. ഗായത്രി ശങ്കർ ആണ് നായിക. ലോറി ഡ്രൈവർ ജോണിച്ചനായി സിബി തോമസും മുഖ്യമന്ത്രിയായി ഉണ്ണിമായ പ്രസാദും ക്ലൈമാക്സിൽ ജഡ്ജ് ആയി ബേസിൽ ജോസഫും എത്തുന്നു. ഒട്ടേറെ പുതുമുഖ താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പ്രകടനത്തിൽ അസാധ്യ ടൈമിങ് ആയിരുന്നു അവരെല്ലാം. രസികനായ മജിസ്ട്രേറ്റായെത്തിയ പി.പി. കുഞ്ഞികൃഷ്ണൻ, പൊതുമരാമത്ത് മന്ത്രിയായെത്തിയ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, കൃഷ്ണൻ വക്കീലായി വന്ന എ.വി. ബാലകൃഷ്ണൻ, മന്ത്രിയുടെയും നായകന്റെയും അഭിഭാഷകരായി വേഷമിട്ട സി. ഷുക്കൂർ, ഗംഗാധരൻ കുട്ടമത്ത് എന്നിവർ , എം.എൽ.എയുടെ ഭാര്യയുടെ വേഷത്തിലെത്തിയ സി.പി.ശുഭ എന്നിവരെല്ലാം അക്ഷരാർഥത്തിൽ തിളങ്ങിയിട്ടുണ്ട്.

വൈശാഖ് സുഗുണന്റെ രചനയിൽ ഡോൺ വിൻസെന്റ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും നന്നായിരുന്നു. ” ദൈവദൂതർ പാടി”, “ആയിരം കണ്ണുമായ്” എന്നീ പഴയ ഗാനങ്ങളെ രസകരമായി ചിത്രത്തിൽ വിളക്കിച്ചേർത്തിരിക്കുന്നു. “ആടലോടകം ആടി നിക്കണ്” എന്ന ഗാനം മനോഹരമായിരുന്നു.
ഒരു പൊളിറ്റിക്കൽ സറ്റയർ കൂടിയാണ് ചിത്രം. കൃത്യമായ രാഷ്‌ട്രീയം നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്നു. സിനിമയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. സിനിമയുടെ കഥനടക്കുന്ന കാലഘട്ടത്തെ തുടക്കം മുതൽ സൂക്ഷ്മമായി വിമർശനബുദ്ധിയോടെ അടയാളപ്പെടുത്തുന്ന സംവിധായകൻ സിനിമയുടെ രാഷ്ട്രീയം അർഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്. 2016 മുതൽ 2020 വരെയുള്ള പെട്രോൾ വില കാണിക്കൽ, തനിക്ക് ഒരു പെണ്ണ് കേസ് ഉണ്ടെന്ന് പൊതുയോഗത്തിൽ പ്രസംഗിക്കുന്ന ഇടത് മന്ത്രി, കരാറുകാരനോട് നേരിട്ട് ഇടപെട്ട് മെയിന്റനൻസ് വ്യവസ്ഥ മാറ്റിയെഴുതാൻ പറയുന്ന പൊതുമരാമത്ത് മന്ത്രി, വിജയിച്ചു നിൽക്കുമ്പോൾ “അവന്മാർ” കൊല്ലാൻ പോലും മടിക്കില്ലെന്ന് പറയുന്നത്, കൊല്ലാൻ പാർട്ടി ഗുണ്ടകളെ വിടൽ, “എല്ലാം ശരിയാക്കും, അല്ലേ” എന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യം, ഷട്ടിൽ കോർട്ടിൽ ഉണ്ടാവുന്ന സംഘർഷത്തിൽ യാദൃച്ഛികമായി കൊല്ലപ്പെടുന്നയാൾ തങ്ങളുടെ രക്തസാക്ഷിയാണെന്ന് പറയുന്ന മന്ത്രി, മരിച്ചു കിടക്കുന്നയാളുടെ ശരീരത്തിൽ നിന്നും പിന്നിലുള്ള ചെഗുവേര ബാനറിലേക്ക് ഫോക്കസ് ചെയ്യുന്ന ക്യാമറയും തുടർന്ന് ഇന്റർവെലിനു പകരം “കൊല്ലാം, പക്ഷേ, തോൽപ്പിക്കാനാവില്ല ” എന്ന ക്യാപ്ഷൻ കൊടുക്കലും തുടങ്ങി നിരവധി രംഗങ്ങൾ ചിത്രത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നുണ്ട്. നിങ്ങൾ ഏത് രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും ഈ രംഗങ്ങളെ സ്വീകരിക്കുന്നത്.

എന്തായാലും പ്രസന്റേഷൻ സ്റ്റൈൽ കൊണ്ടും ആനുകാലിക പ്രസക്തി കൊണ്ടും മികച്ച ഒരു ചിത്രം തന്നെയാണ് ‘ന്നാ താന്‍ കേസ് കൊട്’.എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്‌ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവഹിക്കുന്ന ഈ ചിത്രം തിയേറ്ററിൽ നിന്ന് തന്നെ കണ്ട് ആസ്വദിക്കേണ്ടുന്ന ഒന്നാണ്. ബ്ലാക്ക് ഹ്യൂമറിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാർ ഉച്ചത്തിൽ വിളിച്ചു പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ തലയുയർത്തി വിളിച്ചുപറയുന്നു എന്നത് തന്നെയാണ് ചിത്രം നേടുന്ന കയ്യടികൾക്ക് അടിസ്ഥാനം. റോഡ് അപകടങ്ങളിൽ പെട്ട് അകാലത്ത് നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവർക്ക്, അപകടം സംഭവിച്ചു , ജീവിതം നഷ്‌ടപ്പെട്ട്, ജീവച്ഛവമായി കഴിയുന്നവർക്ക്, അംഗഭംഗം ഉണ്ടായി മൃതപ്രായരായവർക്ക്.. അങ്ങനെയുള്ളവർക്കെല്ലാം വേണ്ടിയുള്ള ഒരോർമപ്പെടുത്തലാണ് ഈ ചിത്രം. ശുദ്ധഹാസ്യത്തിന്റെ തിരിച്ചു വരവ് കൂടിയാണിത്. ട്രെയിലറിൽ നായകകഥാപാത്രം പറയുന്ന പോലെ, “കയ്യൂക്കുള്ളവൻ പാവപ്പെട്ടവന്റെ മെക്കിട്ട് കയറിയശേഷം പറയുന്ന ഒരു ഡയലോഗാണ് ‘ന്നാ താൻ കേസ് കൊട്’ എന്ന്. പാവപ്പെട്ടവൻ തിരിച്ച് ഒന്നും ചെയ്യില്ലെന്ന ധൈര്യമാണോ അതിന് പിന്നിൽ”? ഇവിടെ ഒരു സാധാരണക്കാരൻ തുനിഞ്ഞിറങ്ങിയപ്പോൾ അധികാരകേന്ദ്രങ്ങൾ വിറയ്ക്കുന്ന കാഴ്ചയാണ്. ധൈര്യമായി ടിക്കറ്റെടുത്തോളൂ ഈ കേസും വാദങ്ങളും കാണാൻ.
“ന്നാ പിന്നെ ടിക്കറ്റെടുക്കുകല്ലേ..”

എൻ ബി : ഈ ചിത്രത്തിന്റെ പരസ്യം വന്നപ്പോൾ ഒരു വിഭാഗം സുഹൃത്തുക്കൾ രംഗത്തിറങ്ങി “ഞങ്ങൾ ഈ സിനിമ കാണുന്നില്ലാ” ന്ന് പറഞ്ഞു. കാരണം പൂർണമായും രാഷ്ട്രീയം. അപ്പോൾ എതിർഭാഗത്ത് നിൽക്കുന്ന പല സുഹൃത്തുക്കളും സഹപ്രവർത്തകരും (ഇതേ വരെ ഒരു സിനിമ കണ്ട് സോഷ്യൽ മീഡിയയിൽ എഴുതാത്തവർ വരെ ) രാഷ്ട്രീയ കാരണം കൊണ്ട് മാത്രം പോയി സിനിമ കണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. “സിനിമ അതിഗംഭീരം “. നിങ്ങൾ രണ്ടു പേർക്കും കുഴപ്പമുണ്ട്. പിന്നെ ഒരു ചിത്രം കാണുന്നില്ല എന്ന് തീരുമാനിക്കുന്നതിൽ അസഹിഷ്ണുത ഉണ്ടെന്ന് കരുതുന്നില്ല. അത് വ്യക്തിപരമായ ചോയ്സ് ആണ്. എന്നാൽ തനിക്ക് ഇഷ്ടപ്പെടാത്ത സിനിമ ബാക്കിയുള്ളവർ കാണുന്നത് തടസ്സപ്പെടുത്തുമ്പോഴാണ് അത് അസഹിഷ്ണുതയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവും ഒക്കെ ആവുന്നത്. ഇവിടെ ഇതുവരെ അതൊന്നും നടന്നിട്ടില്ലല്ലോ..സന്തോഷം, സമാധാനം..!!

Leave a Reply
You May Also Like

വായുവില്‍ വിസ്മയം തീര്‍ത്ത് ടെക് ജാലവിദ്യയുമായി മാര്‍ക്കോ

Marco Tempest ഈ നാമം നിങ്ങള്‍ കേട്ടിട്ടുണ്ടോ?? ഇദ്ദേഹം ഒരു ലോക പ്രശസ്ത ജാലവിദ്യക്കാരന്‍ ആണ്, പക്ഷെ നമ്മുടെ ഗോപിനാഥ് മുതകാട് ഒക്കെ ചെയുന്നത് പോലെയുള്ള മാജിക്‌ അല്ല ഇയാള്‍ ചെയുന്നത് എന്ന്‍ മാത്രം.

മുത്തച്ഛന്‍ മോഡലായി; കൊച്ചുമകളുടെ വെബ്സൈറ്റ് ഹിറ്റും ആയി

കൊച്ചുമകള്‍ക്ക് വേണ്ടി 72 വയസ്സുള്ള മുത്തച്ഛന്‍ മോഡലായതോടെ കൊച്ചുമകളുടെ ബിസിനസ് കുതിച്ചുയരുന്ന കാഴ്ചയാണ് ചൈനക്കാര്‍ കണ്ടത്. കൊച്ചുമകളുടെ ലേഡീസ്‌ വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഷോപ്പ്‌ ആണ് കൊച്ചുമകളുടെത്. യൂക്കോ എന്ന് പേരുള്ള ഈ സ്റ്റോറിന് വേണ്ടിയാണ് മുത്തച്ഛന്‍ മിഡി അണിയാന്‍ തീരുമാനിച്ചത്. ലിയോ സിയാന്‍പിംഗ് എന്ന ചൈനീസ് വൃദ്ധന്‍ ആണ് ഈ സാഹസത്തിനു മുതിര്‍ന്നത്.

കേരളം തൊഴില്‍രഹിതരുടെ തലസ്ഥാനം..

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ എണ്ണം ഏറ്റവും കുറവ് കേരളത്തിലാണ്. 7.1 ശതമാനം. ജിഡിപിയില്‍ മുന്നില്‍ നില്‍ക്കുന്ന ബീഹാറിലാണ് എന്നാല്‍ ഏറ്റവും കൂടുതല്‍ ദരിദ്രരുള്ളത്.

കുലം മുടിക്കുന്ന കുടിഭ്രാന്ത്

രണ്ടാഴ്ചയേ കഴിഞ്ഞുള്ളൂ. ഇതേ കോളനിയില്‍ 35 വയസ്സുള്ള മാതി എന്ന യുവതിയെ അടിവസ്ത്രം മാത്രം ധരിച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇവരും അമിതമായി മദ്യപിച്ചിരുന്നു. തൂങ്ങി മരിക്കാന്‍ ഒരുങ്ങുന്നവര്‍ അടിവസ്ത്രം മാത്രം ധരിച്ച് ആ കൃത്യത്തിനിറങ്ങുമോ എന്ന സംശയം സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് പോലും ഉയരാമെങ്കിലും ഇവിടെ അതിനൊന്നും പ്രസക്തിയില്ല. ഇതെല്ലാം ചെറിയ ചില ഉദാഹരണങ്ങള്‍ മാത്രം