“പത്തൊമ്പതാം നൂറ്റാണ്ടി” ൽ സംഭവിച്ചത്..?
Santhosh Iriveri Parootty
എന്റെ ടീനേജ് കാലത്തിന്റെ അവസാന വർഷങ്ങളിലും യൗവനാരംഭത്തിലും മലയാളത്തിലെ തിരക്കേറിയ കൊമേഴ്സ്യല്‍ സംവിധായകൻ ആയിരുന്നു വിനയൻ. ശിപായി ലഹള, ആകാശ ഗംഗ, പ്രണയ നിലാവ്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ദാദാ സാഹിബ്, കരുമാടിക്കുട്ടൻ, രാക്ഷസരാജാവ്, വെള്ളിനക്ഷത്രം, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ തുടങ്ങി അദ്ദേഹം സംവിധാനം ചെയ്ത നിരവധി ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വിജയങ്ങൾ ആയിട്ടുണ്ട്. പിൽക്കാലത്ത് സിനിമയിലെ ചില ഗ്രൂപ്പുകളോട് കൊമ്പ് കോർത്ത് അദ്ദേഹം വിലക്കുകളിലും വിലങ്ങുകളിലും ചെന്നു പെട്ടു. പിന്നീട് അദ്ദേഹം ചെയ്ത ചിത്രങ്ങളെല്ലാം തന്നെ താൻ നിലനിൽക്കും എന്ന് കാണിക്കാനുള്ള തട്ടിക്കൂട്ടുകൾ ആയിരുന്നു. സംവിധായകന് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ തിരിച്ചു വരവായി മാറുന്നുണ്ട് “പത്തൊന്‍പതാം നൂറ്റാണ്ട്” എന്ന സിനിമ. ഈയിടെ മലയാളത്തിലിറങ്ങിയ പല ചരിത്ര/ജീവചരിത്ര ചിത്രങ്ങളെക്കാളും ഏറെ ഭേദമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. ദൃശ്യസമ്പന്നതയിലും മുന്നിട്ടു നിൽക്കുന്നുണ്ട് ഈ ചിത്രം.
പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിലെ ജാതിവെറിയുടേയും മാറു മറയ്ക്കാൻ അനുവാദം നൽകാത്ത മേൽജാതിക്കാരുടെ പരാക്രമങ്ങളുടെയും മുലക്കരം, മീശക്കരം, വലക്കരം തുടങ്ങിയ മനുഷ്യത്വവിരുദ്ധ നടപടികളുടെയും ചരിത്രമാണിത്. അധികാരം അന്ധരാക്കിയ പ്രമാണി വർഗം തിരുവിതാംകൂറിനെ ബ്രിട്ടീഷുകാർക്ക് അടിയറവ് വച്ചപ്പോൾ താഴ്ന്നജാതിക്കാരുടെ ദുരിതം കാണാൻ ആരുമുണ്ടാകാതെ പോയി. ഇവിടെ അടിയാളന്മാരുടെ രക്ഷകനായി ഉയിർത്തെഴുന്നേറ്റ ആറാട്ടുപുഴ വേലായുധ പണിക്കരുടെ (സിജു വിൽസൺ) കഥയാണ് ഈ സിനിമ. കൂടാതെ മുലക്കരത്തിനെതിരെ ശക്തമായി പ്രതികരിച്ച് മാർക്കച്ച അഴിക്കാൻ വന്ന പ്രമാണികൾക്ക് മുന്നിൽ സ്വന്തം മുലകൾ അരിഞ്ഞു ജീവൻ വെടിഞ്ഞ നങ്ങേലിയുടെ കഥയും കൂടിയാണ് ഈ സിനിമ
അഭിനയത്തെക്കാളേറെ ആക്ഷൻ രംഗങ്ങളിൽ മികച്ചു നിന്നു സിജു വില്സന്, മികച്ച നടനാണെന്ന് സിജു ഇതിനകം തന്നെ തെളിയിച്ചിട്ടുള്ളതാണ്. ആറാട്ടുപുഴ വേലായുധ പണിക്കരിലേക്ക് ഒരു തരം കൂടു വിട്ട് കൂടുമാറൽ തന്നെ സിജു നടത്തിയിട്ടുണ്ട്. സുദേവ് നായര്‍, ദീപ്തി സതി, ചെമ്പന്‍ വിനോദ്, അനൂപ് മേനോന്, അലൻസിയർ, സുധീർ കരമന, ഇന്ദ്രൻസ്, രാജാമണി, ജാഫർ ഇടുക്കി, സുരേഷ് കൃഷ്ണ, ടിനി ടോം, കൃഷ്ണ, രാഘവൻ, മണികണ്ഠൻ തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിര ചിത്രത്തിൽ ഉണ്ട്. നങ്ങേലിയായി കയാദു ലോഹര്‍ എന്ന യുവനടി തിളങ്ങി.
പഴയകാലത്തെ ഓർമിപ്പിക്കുവിധം അജയൻ കാലിശ്ശേരി ഗംഭീരമായി കലാസംവിധാനം നിർവഹിച്ചു. വി.എഫ്.എക്സ് നന്നായിരുന്നു. ഷാജി കുമാറിന്റെ ഛായാഗ്രഹണവും വിവേക് ഹർഷന്റെ എഡിറ്റിങ്ങും സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതവും നന്ന്. എം. ജയചന്ദ്രന്റെ സംഗീതം പ്രതീക്ഷിച്ചത്ര നന്നായില്ല. പാട്ടുകൾ അത്രത്തോളം മികച്ചതായി തോന്നിയില്ല.ഗോകുലം ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിച്ചത്. അഭിനന്ദനങ്ങൾ.
പോരായ്മകളിലേക്ക് വന്നാൽ ദുർബലമായ കഥയും തിരക്കഥയും തന്നെയാണ് ആദ്യത്തേത്. ദൃശ്യഭംഗിക്ക് പ്രാമുഖ്യം നൽകിയപ്പോൾ അവതരണം പലയിടത്തും കൈവിട്ടുപോയി. ഒരുപാട് അഭിനേതാക്കൾ ഉണ്ടെങ്കിലും പലരുടെയും കഥാപാത്രങ്ങൾക്ക് ആഴവും പരപ്പും ഇല്ല. ആക്ഷൻ രംഗങ്ങൾ എല്ലാം പലയിടത്തും ഒരേ പോലെ തോന്നി. പലയിടത്തും സിനിമ മുന്നോട്ട് കണ്ടിരിക്കാനുള്ള ഒരു പ്രേരണ നൽകാൻ സംവിധായകന് കഴിയുന്നില്ല. സ്ത്രീ കഥാ പാത്രങ്ങളെ ചിത്രീകരിച്ച ചില രംഗങ്ങളൊക്കെ കാണുമ്പോൾ വിനയൻ ഇപ്പോഴും 1990 കളിൽ നിൽക്കുന്നത് പോലെ തോന്നി. സംഭാഷണങ്ങളിലെ അതിനാടകീയത വിനയൻ ഇപ്പോഴും കൈവിട്ടിട്ടില്ല. ചിത്രത്തിന്റെ ദൈർഘ്യം ഇനിയും കുറക്കാമായിരുന്നു. പാട്ടൊന്നും അത്ര മികച്ചതായിരുന്നില്ല. അതു കൊണ്ട് തന്നെ അവ ഇല്ലെങ്കിലും ഒന്നും സംഭവിക്കാനില്ല.
തിരുവിതാംകൂർ രാജാക്കന്മാരെ നന്നായി വെള്ള പൂശിയിട്ടുണ്ട്. രാജാവും രാജ്ഞിയും നന്മയുടെ നിറകുടങ്ങളും രാജസദസ്സിലെ മറ്റുള്ളവർ തിന്മയുടെ പ്രതീകങ്ങളുമാണ്. കായംകുളം കൊച്ചുണ്ണിയെ ഒന്നാന്തരം ക്രിമിനലായും വിഗ്രഹമോഷ്ടാവായുമാണ് ഈ സിനിമയിൽ കാണിക്കുന്നത്. നേരത്തെ ഇറങ്ങിയ റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ബോബി – സഞ്ജയ് എഴുതിയ ഡയലോഗുകൾക്ക് വിനയന്റെ മറുപടി പോലുണ്ട് കൊച്ചുണ്ണി വരുന്ന പല സീനുകളിലെയും ഡയലോഗുകൾ. നായർ സ്ത്രീകളെ കിഴവൻ നമ്പൂതിരിമാർ വേളി കഴിക്കുന്നതടക്കം പല സാമൂഹ്യ പ്രശ്നങ്ങളും പറയുന്നുണ്ട്. കീഴാളന്മാർക്ക് വേണ്ടിയാണ് തന്റെ പ്രവർത്തനമെന്നും ഇത്തരം വിഷയങ്ങളിൽ ഇടപെടാനാവില്ലെന്നും ഒരവസരത്തിൽ നായകൻ പറയുന്നുമുണ്ട്. ഒരു പാട് വിഷയങ്ങളെ പ്രതിപാദിക്കാൻ ശ്രമിക്കുമ്പോൾ ഒന്നിലും കേന്ദ്രീകരിക്കാൻ ആവാതെ പോകുന്ന സ്ഥിതി ഇവിടെയും കാണാം. സിനിമയിൽ ചരിത്രം എത്രത്തോളം ഉണ്ട് എന്നതിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ലാത്തതിനാൽ അതിലേക്ക് കൂടുതൽ കടക്കുന്നില്ല. ഇങ്ങനെയൊക്കെയിരുന്നാലും മികച്ച ഒരു ദൃശ്യാനുഭവം എന്ന നിലയിൽ ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ് “പത്തൊമ്പതാം നൂറ്റാണ്ട്”. കൂടുതൽ മികച്ച സിനിമകളുമായി വരാൻ ഭാവിയിൽ വിനയന് കഴിയട്ടെയെന്ന് ആശംസിക്കുന്നു.