മലയാള സിനിമ 2022 – തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ
(ഭാഗം 1)
Santhosh Iriveri Parootty
2022ൽ ഞാൻ കണ്ട മലയാള സിനിമകളിൽ ഏതെങ്കിലും തരത്തിൽ പരാമർശം അർഹിക്കുന്ന ചിത്രങ്ങളെ കുറിച്ചുള്ള കുറിപ്പാണിത്. ഏതാണ്ട് 15 ഓളം ചിത്രങ്ങളാണ് ഇതിൽ പരാമർശവിധേയമാക്കുന്നത്. ഇവയെല്ലാം പൂർണമായും ഇഷ്ടപ്പെട്ടു എന്നോ അല്ലെങ്കിൽ എല്ലാം തികഞ്ഞവ ആയിരുന്നു എന്നോ ഇതിനർഥമില്ല. എന്നാൽ 1993-94 മുതൽ മലയാളസിനിമ ഒരു തരം ഭ്രാന്തോടെ കണ്ടിരിക്കുന്ന പ്രേക്ഷകൻ എന്ന നിലയിൽ അത്യന്തം ഉത്സാഹത്തോടെയാണ് സമീപ കാല ചിത്രങ്ങളെ നോക്കിക്കാണുന്നത്. കാരണം പ്രമേയത്തിൽ അത്ര മാത്രം വ്യത്യസ്തത പുലർത്തുന്ന ചിത്രങ്ങളാണ് ഇന്നിറങ്ങുന്നത്.ഈ സീരീസിലെ ആദ്യ ചിത്രം ഇന്ന് പരിചയപ്പെടുത്തുന്നു :- “പുഴു”
1. പുഴു
ദേവാസുരം, ആറാം തമ്പുരാൻ, നരസിംഹം, ധ്രുവം, വല്യേട്ടൻ തുടങ്ങി മലയാള സിനിമ പൂമുഖത്തു കൊണ്ടു വന്നിരുത്തിയ സവർണ നായക ബിംബങ്ങളെ തലകീഴായി കെട്ടിതൂക്കി ഉടുമുണ്ടുരിഞ്ഞു കളയുകയായിരുന്നു രതീന എന്ന മിടുക്കിയായ പുതുമുഖ സംവിധായിക “പുഴു ” വിലൂടെ. മലയാള സിനിമ ഇത്രയും കാലം ആഘോഷിച്ച ഫ്യൂഡൽ മാടമ്പിത്തരം മനുഷ്യത്വഹീനവും മൃഗീയവും ആയിരുന്നെന്ന് അടിവരയിട്ടു “പുഴു “. ആണഹങ്കാരത്തിന്റെയും ജാതിവെറിയുടെയും ടോക്സിക് പാരന്റിംഗിന്റെയും അതിരുവിട്ട അധികാര പ്രമത്തതയുടെയും ലോകം എത്ര മാത്രം ഭീകരവും ശ്വാസം മുട്ടിക്കുന്നതുമാണെന്ന് ചിത്രം എടുത്തു കാട്ടുകയായിരുന്നു . ഇതിലെ കുട്ടപ്പൻ (അപ്പുണ്ണി ശശി ) എന്ന കഥാപാത്രം പറയുന്ന പോലെ ഈ നാട്ടിൽ റോബോട്ടുകൾ വന്നാൽപ്പോലും അവർക്കിടയിൽ ജാതിവിവേചനം ഉണ്ടാകും. യാന്ത്രികതയിൽ പോലും തിളച്ചുമറിയുന്ന സവർണ ബോധവും അപരവിദ്വേഷവും കൊണ്ട് കലുഷിതമാണ് പലരുടെയും മനസ്സ്. സോണി ലൈവിലൂടെ ഒ ടി ടി ആയാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
പല തലങ്ങളിലുള്ള വായന സാധ്യമാകുന്ന ഒരു ചിത്രമായിരുന്നു “പുഴു”. പ്രതികാരത്തിന്റെയും മരണഭയത്തിന്റെയും മനഃശാസ്ത്രതലങ്ങൾ അത് ഉയർത്തിക്കാട്ടുന്നുണ്ട്. വരേണ്യവിഭാഗത്തിനും ഇരയുടെ ഭീതി കൊണ്ടു നടക്കേണ്ടി വരാറുണ്ട്. ചവിട്ടിയരക്കലിന് ഒരുപാട് വിധേയമാക്കപ്പെടുന്ന ജീവിയാണ് “പുഴു”. അതേ സമയം ചൊറിയന്മാരായ ജാതിപ്പുഴുക്കൾ അരിഞ്ഞിറങ്ങുന്ന മനസ്സുമായാണ് നമ്മിൽ പലരുടെയും ജീവിതം. പുരാണത്തിൽ പരീക്ഷിത്ത് രാജാവിന്റെ ജീവനെടുക്കാൻ തക്ഷകൻ എത്തുന്നതും ഒരു പുഴു ആയിട്ടാണ്. ഇവയെല്ലാം കൂട്ടിവായിച്ചാൽ അരിഞ്ഞിറങ്ങുന്ന, കാർന്നു തിന്നുന്ന, ചൊറിച്ചിൽ ഉണ്ടാക്കി അസ്വസ്ഥതപ്പെടുത്തുന്ന ഒരനുഭവം കൂടിയായിരുന്നു “പുഴു ” എന്ന സിനിമ. ചിത്രത്തിൽ ഒരിടത്ത് അച്യോൾ അഥവാ ഭാരതി (പാർവതി തിരുവോത്ത് ) പറയുന്നുണ്ട്, “നമ്മളെന്തിനാ മറ്റുള്ളോരെ മാറ്റാൻ നോക്കുന്നത്.. നമ്മളല്ലേ മാറേണ്ടത്..? എന്ന്. എന്നാൽ കണ്ടാലും കൊണ്ടാലും മാറാത്ത ഒരു കൂട്ടം ആൾക്കാർക്കിടയിൽ ഇത്തരം പരിദേവനങ്ങൾ വനരോദനങ്ങൾ ആണ്. കാരണം അത്തരക്കാരുടെ തലച്ചോറ് നിറയെ ഇത്തരം “ചൊറിയൻ പുഴുക്കൾ ” ആണ്.
ചിത്രത്തിന്റെ പ്രമേയത്തിലേക്ക് വന്നാൽ പ്രിയപ്പെട്ടവർ കുട്ടൻ എന്ന് വിളിക്കുന്ന ഒരു മുൻ പൊലീസ് ഓഫീസറും (മമ്മൂട്ടി ) അയാളുടെ സ്കൂൾ വിദ്യാർഥിയായ മകനും. ഒരു ഒ സി ഡി ബാധിതനും പെർഫെക്ഷനിസ്റ്റും ആയ ഇയാൾ ഭാര്യയുടെ മരണശേഷം മകൻ കിച്ചുവിനെ (മാസ്റ്റർ വാസുദേവ് ) വരച്ച വരയിൽ നിർത്തി വളർത്തുന്ന രംഗങ്ങൾ പ്രേക്ഷകരെ ഞെട്ടിക്കുക തന്നെ ചെയ്യും . ടോക്സിക്ക് പാരന്റിന്റെ ഒന്നാം തരം ഉദാഹരണമായ ഇയാൾ മകനെ വളർത്തുന്ന രീതികൾ ഞെട്ടലോടെയേ കണ്ടുതീർക്കാനാവൂ.
ഇളയ സഹോദരി ഭാരതി (പാർവതി തിരുവോത്ത്) താഴ്ന്ന ജാതിയിൽപ്പെട്ട നാടക കലാകാരനായ കുട്ടപ്പനൊപ്പം (അപ്പുണ്ണി ശശി) തന്നിഷ്ടപ്രകാരം ജീവിതം ആരംഭിയ്ക്കുന്നത് അയാളുടെ സമനില തെറ്റിയ്ക്കുന്നു. ഭാരതിയുടെ രണ്ടാം വിവാഹം ആയിരുന്നു അത്. ഭൂതകാലം അയാൾക്ക് ശ്വാസം മുട്ടിക്കുന്നതും പാപക്കറകൾ നിറഞ്ഞതുമാണ്. അതയാളെ ഓരോ നിമിഷവും വീർപ്പു മുട്ടിക്കുന്നു.
സഹോദരീ ഭർത്താവ് എന്ന നിലയിൽ അയാൾക്ക് ഒരിക്കലും കുട്ടപ്പനെ അംഗീകരിക്കാൻ കഴിയുന്നില്ല.
ആദ്യമായി ഇരുവരും നേർക്കുനേർ വരുന്ന രംഗം ഒരു ഫ്ലാഷ്ബാക്കിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നുണ്ട്. കുട്ടൻ എന്ന കഥാപാത്രത്തിന്റെ ജാതിവെറി എത്ര മാത്രം ഭീകരമാണെന്ന് ആ ഒറ്റ സീനിൽ നമുക്ക് മനസ്സിലാവും. സഹോദരിയെ മോഡലാക്കി അന്ന് അവളുടെ കാമുകനായിരുന്ന കുട്ടപ്പൻ വരച്ച പെയിന്റിംഗ് ഒരു പാതകമായി കാണുന്ന അയാൾ കുട്ടപ്പനോട് ആക്രോശിക്കുന്ന രംഗം മനസ്സിൽ നിന്ന് പോവില്ല. “നീ ആരെടാ രാജാരവിവർമയോ?വയസ്സ് കുറെയായല്ലോ. പോയി കക്കൂസ് കഴുകി ജീവിക്കെടാ” എന്ന് പറഞ്ഞാണ് അയാൾ പൊട്ടിത്തെറിക്കുന്നത്. അതെ, കുട്ടപ്പനെപ്പോലുള്ളവർ ചെയ്യേണ്ട ജോലി കക്കൂസ് കഴുകലാണെന്ന് അയാൾക്കുറപ്പുണ്ട്. സ്വന്തം കുഞ്ഞിന് നങ്ങേലി എന്ന് പേരിടണം എന്ന ആഗ്രഹം ഭാര്യാസഹോദരനോട് കുട്ടപ്പൻ പറയുമ്പോൾ, കുട്ടന്റെ മൃഗീയമായ പ്രതികരണം ശ്വാസം അടക്കിപ്പിടിച്ചു നടുക്കത്തോടെയേ കണ്ടിരിക്കാൻ സാധിക്കൂ. സവർണരുടെ ജാതിവെറിക്കെതിരെ മുലമുറിച്ചു പ്രതിഷേധിച്ച നങ്ങേലിയുടെ പേരാണ് തന്റെ സഹോദരിയുടെ കുഞ്ഞിന് നൽകാൻ പോകുന്നത് എന്ന് അറിയുന്ന അയാൾ ഗർഭിണിയായ സഹോദരിയെയും അവളുടെ ഭർത്താവിനെയും മൃഗീയമായി കൊലപ്പെടുത്തുകയാണ്.
കുട്ടപ്പൻ വേദിയിൽ നിറഞ്ഞാടിയ ജാതിവെറിക്കെതിരെയുള്ള കഥാപാത്രങ്ങളെല്ലാം സ്വന്തം ജീവിതത്തിൽ അയാൾ തന്നെ നേരിട്ട കയ്പ്പേറിയ അനുഭവങ്ങൾക്കു നേരെയുള്ള പ്രതികരണങ്ങൾ ആയിരുന്നു. തുടക്കത്തിൽ രജിസ്ട്രാർ ഓഫീസിൽ അയാൾക്കുണ്ടാകുന്ന അനുഭവവും അയാൾ പ്രതികരിക്കുന്ന രീതിയും ശ്രദ്ധിക്കുക. തന്നെയും ഭാര്യയെയും താരതമ്യം ചെയ്ത് ജാതി അടിസ്ഥാനത്തിൽ സംസാരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥന്റെ കരണം അടിച്ചു പുകയ്ക്കുകയാണ് അയാൾ. ഇത്തരത്തിലുള്ള ജീവനക്കാർ സർക്കാർ സർവീസിൽ ഇപ്പോഴും ഒരു പാടുണ്ട്. പൊതു സമൂഹത്തിലും ഉണ്ട്.
പോലീസ് ഉദ്യോഗസ്ഥൻ എന്ന് പറയുന്നെങ്കിലും റിയൽ എസ്റ്റേറ്റ് ബിസിനസ് ആണ് കുട്ടന്റെ ലോകം. ലാഭം മാത്രം ഉന്നം വെക്കുന്ന ഒരു തികഞ്ഞ ഭൗതികവാദി. തന്നെ എതിർക്കുന്ന എന്തിനെയും ഉന്മൂലനം ചെയ്യുന്ന ഒരു തരം മനോവൈകല്യം കൈമുതലായുള്ള വ്യക്തി. അതിനായി നിരവധി പാവങ്ങളുടെ ജീവിതം നിഷ്കരുണം പിച്ചിച്ചീന്താൻ മടിയില്ലാത്ത അധമൻ.
അതിനിടയിൽ ഇടയ്ക്കിടെ തനിക്ക് നേരെ ഉണ്ടാകുന്ന വധശ്രമങ്ങൾ എവിടെ നിന്നെന്നു മനസിലാവാതെ ഉഴറുന്ന മറ്റൊരു കുട്ടനെയും ഇവിടെ കാണാം. ആ കടങ്കഥയ്ക്ക് ഉത്തരം തേടുമ്പോൾ മരണഭയം അയാളെ വേട്ടയാടുന്നു. പുരാണത്തിലെ പരീക്ഷിത്ത് രാജാവിനെപ്പോലെ അയാളും മരണത്തിൽ നിന്നും രക്ഷ നേടാൻ കോട്ട കൊത്തളങ്ങൾ ഒരുക്കുന്നു. എന്നാൽ പരീക്ഷിത്തിന്റെ ജീവനെടുത്തത് ഒരു “പുഴു ” ആയിരുന്നല്ലോ. ഇവിടെയും ഒരു “പുഴു ” അയാളുടെ ജീവനെടുക്കാൻ എത്തുന്നു. വിജയകരമായി തന്നെ ആ മിടുക്കൻ വളരെ സമർഥമായി കുട്ടൻ എന്ന അധമജന്മത്തിന്റെ പ്രാണൻ കവരുന്നു.
“മുന്നറിയിപ്പി”ലെ രാഘവനു ശേഷം സൂക്ഷ്മാഭിനയത്തിലൂടെ മമ്മൂട്ടി അമ്പരപ്പിക്കുന്ന അതിശക്തനായ വില്ലനാണ് ഈ ചിത്രത്തിലെ കുട്ടൻ എന്ന നരാധമൻ . കൊലയാളിയും ജാതിവെറിയനും ക്രൂരനും ഇസ്ലാമോഫോബിക്കും ടോക്സിക്ക് പാരന്റും ആയി മമ്മൂട്ടിയുടെ പകർന്നാട്ടം കൊണ്ടു മാത്രം കണ്ടിരിക്കാം “പുഴു “. ഇത്തരത്തിലുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ തയ്യാറായതിലൂടെ തന്നെ കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ തയ്യാറാകാനും സ്വയം പുതുക്കിപ്പണിയാനും താൻ ഒരുക്കമാണെന്ന് മമ്മൂട്ടി തെളിയിക്കുന്നുണ്ട്. അസാമാന്യവും വാക്കുകൾക്ക് അതീതവുമാണ് ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ അതുല്യ പ്രകടനം. മകൻ കിച്ചു എന്ന ഋഷികേശ് ആയി മാസ്റ്റർ വാസുദേവ് തിളങ്ങി. ഭാരതി എന്ന അച്യോൾ ആയി പാർവതി തിരുവോത്ത് ചെറുതെങ്കിലും വളരെ സ്വാഭാവികമായ പ്രകടനം സമ്മാനിച്ചു. അപ്പുണ്ണി ശശിയുടെ ‘കുട്ടപ്പൻ’ എന്ന കഥാപാത്രം ഇനിയും ഏറെക്കാലം ചർച്ച ചെയ്യപ്പെടും. അത്ര മാത്രം മികവുറ്റതാക്കി ആ കഥാപാത്രത്തെ അദ്ദേഹം പ്രസന്റ് ചെയ്തിട്ടുണ്ട്. കോട്ടയം രമേശ്, ഇന്ദ്രൻസ്, കുഞ്ചൻ, നെടുമുടി വേണു എന്നിവരും മികച്ചു നിന്നു. സാങ്കേതിക വിഭാഗവും ചിത്രത്തിന് മികച്ച പിന്തുണ നൽകി. തേനി ഈശ്വറിന്റെ ക്യാമറ, ജെക്സ് ബിജോയിയുടെ ബി ജി എം എന്നിവ വളരെ നല്ല നിലവാരം പുലർത്തി. ആവശ്യമായ അളവിൽ വളരെ മിതമായി മാത്രമേ പശ്ചാത്തല സംഗീതം ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ളൂ.
ഹർഷാദ്, ഷറഫ്, സുഹസു എന്നിവരുടേതായിരുന്നു തിരക്കഥ. പല തലങ്ങളിൽ കൂടി കടന്നു പോവുന്ന തിരക്കഥ അവയെയെല്ലാം കൂട്ടിയിണക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ ആശയപ്രകടനങ്ങളിലേക്കും അഭിനയമുഹൂർത്തങ്ങളിലേക്കുമാണ് സംവിധായിക കൂടുതൽ കണ്ണോടിച്ചതെന്ന് തോന്നി. ഒരർഥത്തിൽ അത് ഒരു ചോയ്സ് ആണ്. എങ്കിലും തിരക്കഥ, സംവിധാനം എന്നിവയിലേക്ക് വരുമ്പോൾ ചില പോരായ്മകൾ ചൂണ്ടിക്കാട്ടാതെയും വയ്യ.ചിത്രത്തെ എൻഗേജിംഗ് ആയി കൊണ്ടുപോവാൻ പലപ്പോഴും കഴിഞ്ഞില്ല. ട്രീറ്റ്മെന്റിൽ ലാഗിംഗ് ഉണ്ട്, പ്രത്യേകിച്ചും ഒന്നാം പകുതിയിൽ.
മറ്റൊരു കാര്യം ചിത്രത്തിന്റെ ഒടുവിൽ കൊണ്ടുവരാൻ ശ്രമിച്ച ഇസ്ലാമോഫോബിയ എന്ന വിഷയത്തെ വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാനായില്ല. അതിനുള്ള സമയവും ഉണ്ടായിരുന്നില്ല എന്ന് പറയാം. ചിത്രാന്ത്യത്തിൽ ആ വിഷയം നിർബന്ധപൂർവം ഉൾക്കൊള്ളിക്കാനായി ശ്രമിച്ചപ്പോൾ ഏച്ചുകെട്ടിയ പോലെ തോന്നി. ആ വിഷയം കൊണ്ടുവന്നതിലല്ല, അത് കൊണ്ടുവന്ന രീതിയിലാണ് വിയോജിപ്പ് . അങ്ങനെ കൊണ്ടുവരുമ്പോൾ കുട്ടൻ എന്ന ക്യാരക്റ്ററിന്റെ മറ്റ് ചില വശങ്ങൾ വിശദീകരിക്കപ്പെടാതെ പോയി. തിരക്കഥയുടെ പൊതുസ്വഭാവത്തെ അത് ബാധിച്ചു. ഒരു പാട് കാര്യങ്ങൾ ഒരുമിച്ച് പറയാൻ ശ്രമിച്ചപ്പോൾ ഉണ്ടായ പ്രശ്നം. അത് കൊണ്ട് തന്നെ ക്ലൈമാക്സ് കൂടുതൽ മികവുറ്റതാക്കാമായിരുന്നു എന്നും തോന്നി. ഒരു വിഷയത്തിൽ നിന്ന് മറ്റൊന്നിലേക്ക് ചാടിച്ചാടി പോകുന്ന രീതി കാണുന്ന പലർക്കും ആശയക്കുഴപ്പമുണ്ടാക്കാൻ സാധ്യതയുണ്ട്. ആകെ സിനിമയുടെ ദൈർഘ്യം തന്നെ 2 മണിക്കൂറിൽ താഴെയാണല്ലോ.
ഇത് പറയുമ്പോഴും ആദ്യം പറഞ്ഞ കാരണങ്ങൾ കൊണ്ടു തന്നെ 2022ലെ ചിത്രങ്ങളിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് “പുഴു “. കാരണം ഇത് നല്ല സിനിമയെ സ്നേഹിക്കുന്നവർക്ക് വേണ്ടിയുള്ള ചിത്രമാണ്. വിനോദത്തിന് വേണ്ടിയുള്ള ഗിമ്മിക്കുകളോ താര പരിവേഷത്തിനായുള്ള ഏച്ചുകെട്ടലുകളോ ഇവിടെ നിങ്ങൾക്ക് ലഭിക്കില്ല. മറിച്ച് പച്ചയായ ജീവിത യാഥാർഥ്യങ്ങളുടെ തുറന്നു പിടിച്ച കാഴ്ചയാണ്. അത്തരം സിനിമകൾ അപൂർവമായാണ് നമുക്ക് ലഭിക്കാറ്. അതു കൊണ്ട് അല്പം ഇഴച്ചിൽ തോന്നിയാലും ഈ ചിത്രം നൽകുന്ന ദൃശ്യാനുഭവം അത്ര വലുതാണ്. SO, DON’T MISS IT. IT’S A MUST WATCH MOVIE.
(സോണി ലൈവിൽ ആണ് ” പുഴു ” ഒ ടി ടി റിലീസ് ആയി പ്രദർശനത്തിന് എത്തിയത് )
(അടുത്തത് :- ഇലവീഴാപ്പൂഞ്ചിറ )