ഇതാണ് സിനിമ, ഇതാവണം സിനിമ
Santhosh Iriveri Parootty
2022 അവസാനിക്കുമ്പോൾ ഹൃദയത്തിൽ ചേർത്തു വെക്കാൻ ഒരു സിനിമ – അതാണ് സൗദി വെള്ളക്ക. അപൂർവം ചിത്രങ്ങൾ മാത്രമേ നമ്മെ പിടിച്ചു കുലുക്കാറുള്ളൂ, അല്ലെങ്കിൽ ചേർത്തു പിടിക്കാറുള്ളൂ. തിയേറ്റർ വീട്ടിറങ്ങിയാലും കൂടെ കൂടുന്ന മാനവികതയുടെ മഹത്തായ സന്ദേശം തന്നെയാണ് ഈ ചിത്രം നൽകുന്നത്. ജീവിതത്തിലെ ചില തോറ്റു കൊടുക്കലുകൾ യഥാർഥത്തിൽ നമ്മളെ വിജയികളാക്കുകയാണ്. ചിത്രത്തിന്റെ ഒടുക്കം ബ്രിട്ടോ എന്ന കഥാപാത്രം (ബിനു പപ്പു ) അഭിലാഷിനോട് (ലുക്ക്മാൻ അവറാൻ) പറയുന്നുണ്ട്, “കുഞ്ഞുമോനേ, നീ നേരത്തെ ചോദിച്ചില്ലേ, ഇത്രയൊക്കെയുള്ളൂ മനുഷ്യനെന്ന്? പക്ഷേ, ഇത്രയൊക്കെയുണ്ടെടാ മനുഷ്യൻ”. അത് തന്നെയാണ് ചിത്രം പറയുന്നത്.
“മനുഷ്യൻ, എത്ര മഹത്തായ പദം “പലപ്പോഴും ഒരു സിനിമയാണെന്ന് മറന്ന് ഇതിലെ കേന്ദ്ര കഥാപാത്രമായ ആയിഷ റാവുത്തർ (ദേവി വർമ) എന്ന വൃദ്ധകഥാപാത്രത്തിന്റെ കൂടെയുള്ള ഒരു ഇമോഷണൽ ജേർണി ആണ് ഈ ചിത്രം. ചിത്രാന്ത്യത്തിൽ പ്രേക്ഷകരുടെ കണ്ണ് ചെറുതായി നനയ്ക്കാൻ ചിത്രത്തിനാവുന്നുണ്ട് എന്നത് തന്നെയാണ് ഏറ്റവും വലിയ നന്മ. ഒന്ന് തിരിഞ്ഞ് ചിന്തിക്കാൻ, ജീവിതത്തിലെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ ഒറ്റപ്പെട്ടു പോവുന്നവരെ ചേർത്തു പിടിക്കാൻ, ചില വിടവാങ്ങലുകൾ ഒഴിവാക്കാൻ ഒക്കെ നമ്മെ പ്രേരിപ്പിക്കും ഈ മനോഹര ചലച്ചിത്രം. സിനിമയിൽ തന്നെ പറയുന്നുണ്ട്, “മഴ പെയ്തു തോർന്നാൽ പിന്നെ കുട എല്ലാവർക്കും ഒരു ബാധ്യതയല്ലേ” എന്ന്. അങ്ങനെ ബാധ്യതയായിപ്പോവാതിരിക്കേണ്ട പല മനുഷ്യരുമുണ്ട് നമുക്ക് ചുറ്റും. ഒരു നിമിഷാർധത്തേക്കെങ്കിലും അവരെപ്പറ്റിയുള്ള ഓർമയുണർത്തും ഈ ചിത്രം.
ചിത്രത്തിൽ കൊച്ചിയിലെ തമ്മനത്തിനടുത്തുള്ള ഒരു സ്ഥലമാണ് സൗദി. അവിടെയാണ് കഥ നടക്കുന്നത്. വെള്ളക്ക എന്നതിന് എന്റെ നാട്ടിൽ “വെളിച്ചിൽ” എന്നാണ് പറയുന്നത്. തെങ്ങിൽ നിന്ന് വീഴുന്ന “സാധനം” തന്നെ. സിനിമ കണ്ടപ്പോഴാണ് ഇതാണ് വെള്ളക്ക എന്ന് മനസ്സിലായത്. ‘സിസി 225/2009’ എന്ന കോടതി കേസ് ആണ് യഥാർഥത്തിൽ സിനിമ. ആദ്യ ചിത്രം ‘ഓപ്പറേഷൻ ജാവ’യിൽ സൈബർ ഫോറൻസിക് വിഷയവുമായെത്തിയ തരുൺ മൂർത്തി ഇത്തവണ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളും വൈകിയെത്തുന്ന നീതി നിർവഹണവും മനുഷ്യ ജീവിതത്തെ എങ്ങനെ തകർക്കുന്നു എന്ന് വരച്ചു കാട്ടുന്നു. ഗംഭീരമാണ് തിരക്കഥ.
സൗദിയെന്ന ഗ്രാമത്തിൽ ജീവിക്കുന്ന അഭിലാഷ് ശശിധരന്റെ ജീവിതത്തിൽ പത്താം വയസ്സിൽ 2005ൽ സംഭവിക്കുന്ന ഒരു കേസും അതിന്റെ പ്രത്യാഘാതങ്ങളുമാണ് ഇതിവൃത്തം. രണ്ടു വീടുകൾ തമ്മിൽ അതിർത്തി തർക്കം. അതിലൊരു വീട്ടിലെ പ്രായമായ വല്യുമ്മ ആയിഷ റാവുത്തർക്ക് വെള്ളക്കയും ഓലമടലും കൊണ്ട് ക്രിക്കറ്റ് കളിച്ചിരുന്ന പിള്ളേരുടെ അടിയിൽ അബദ്ധത്തിൽ വെള്ളക്ക ദേഹത്ത് കൊള്ളുന്നു. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ തൊട്ടടുത്ത വീടിന്റെ ടെറസിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളിലൊരാളെ അവർ അടിക്കുന്നു. അവന്റെ വായിലെ ഇളകിയിരിക്കുന്ന പല്ല് പോവുന്നു. ഭൂലോക പാരയായ അയൽവാസി ഇതു ഊതിപെരുപ്പിച്ച് minor abuse ആക്കി അവന്റെ മാതാപിതാക്കളെക്കൊണ്ട് പൊലീസിൽ പരാതി കൊടുപ്പിക്കുന്നു. കേസ് പത്തുപതിമൂന്നു വർഷം നീണ്ടു പോവുകയാണ്. പട്ടിണിയും പരിവട്ടവും കൈമുതലായുള്ള ആ വൃദ്ധസ്ത്രീ പല തവണ മാപ്പ് പറയാൻ ശ്രമിക്കുന്നെങ്കിലും എതിർ കക്ഷികൾ സമ്മതിക്കുന്നില്ല. ഒടുവിൽ കേസിന്റെ നൂലമാലകളിൽ പെട്ട് ജീവിതം വഴിയാധാരമാവുന്ന ആ ഉമ്മയുടെ ജീവിതപ്രയാണമാണ് ചിത്രം പിന്നീട് പറയുന്നത്.
അസാധ്യം, അതിഗംഭീരം. ആയിഷ റാവുത്തർ ആയെത്തിയ ദേവി വർമയുടെ പ്രകടനത്തെ ഇതിലും കുറഞ്ഞ വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാനാവില്ല. അധികം ഡയലോഗുകളില്ലാതെ, ഉള്ളിൽ അടക്കിപ്പിടിച്ച വികാര വിക്ഷോഭങ്ങളെ നെഞ്ചുലയ്ക്കുന്ന പ്രകടനം കൊണ്ട് അവിസ്മരണീയമാക്കിയിട്ടുണ്ട് അവർ. പോളി വിൽസൺ ആണ് ശബ്ദം നൽകിയത്. വളരെ നന്നായിരുന്നു. മകൻ സത്താർ ആയി സുജിത് ശങ്കറിന്റെ മറ്റൊരു മുഖം ഈ ചിത്രത്തിൽ കാണാം. കൂടുതൽ പ്രതികരിക്കാൻ ശേഷിയില്ലാത്ത, മനസ്സ് കൊണ്ട് മാത്രം സ്നേഹിക്കാനറിയുന്ന, പാവത്താനും നിസ്സഹായനുമായ സത്താറിനെ അദ്ദേഹം മികവുറ്റതാക്കി. ലുക്മാൻ അവറാൻ, ബിനു പപ്പു, ഗോകുലൻ, ധന്യ അനന്യ, വിൻസി അലോഷ്യസ് എന്നിവരെല്ലാം നന്നായിരുന്നു. ചെറിയ റോളുകളിൽ വരുന്നവർ പോലും മികച്ചു നിന്നു. ഉദാഹരണത്തിന് മാറി മാറി വരുന്ന മജിസ്ട്രേറ്റുമാർ. ഏതാനും മിനുട്ടുകൾ മാത്രമേ ഉള്ളൂവെങ്കിലും അവരെല്ലാം മനസ്സിൽ നിറഞ്ഞു നിൽക്കും. കാരണം ഓരോരുത്തർക്കും വ്യക്തമായ ഐഡന്റിറ്റിയുണ്ട്. ക്യാമറ, എഡിറ്റിംഗ്, ബി ജി എം എന്നിവയെല്ലാം അതിമനോഹരം. സിനിമയിൽ നിന്ന് വേറിട്ടൊരു അസ്തിത്വം ചിന്തിക്കാൻ കഴിയാത്ത വിധം ചേർന്നു നിൽക്കുന്നു ഇവയെല്ലാം.
പല കാലഘട്ടങ്ങളിലെ മനുഷ്യജീവിതസാഹചര്യങ്ങളും രാഷ്ട്രീയവും ഒക്കെ അവിടവിടെയായി പറഞ്ഞു പോകുന്നുണ്ട്. കാലഘട്ടങ്ങൾ മാറുന്നതിനനുസരിച്ച് റോഡരികിൽ ഒട്ടിച്ച സിനിമാ പോസ്റ്ററുകൾ മാറുന്നതൊക്ക വളരെ ശ്രദ്ധിച്ചു ചെയ്തിട്ടുണ്ട്. നിയമത്തെ മനുഷ്യ നന്മ കൊണ്ട് എതിരിടുക എന്നത് സാമൂഹ്യമായി ഒരു ജനാധിപത്യ രാജ്യത്ത് ശരിയാണോ എന്നൊക്കെ ചോദിക്കുന്നവരും ഉണ്ടായേക്കാം. നീതിയാണോ നിയമമാണോ ആത്യന്തിക വിജയം നേടേണ്ടത് എന്ന ചോദ്യം എന്നും തർക്കവിഷയമായി തുടരുകയും ചെയ്യും.
കോടതികളിൽ കെട്ടി കിടക്കുന്ന കേസുകളിൽപെട്ടു ജീവിതത്തിലെ വർഷങ്ങൾ നഷ്ടപ്പെട്ടു പോകുന്ന നിസ്സഹായരായ സാധാരണക്കാരുടെ കഥയാണിത്. അവർ കുറച്ച് കൂടി അനുതാപ പൂർവമായ പരിഗണന അർഹിക്കുന്നുണ്ട്. സമയബന്ധിതമായ നീതിനിർവഹണം ഓരോ പൗരന്റെയും അവകാശമാണ്. മനുഷ്യ നന്മയും മറക്കാനും പൊറുക്കാനുമുള്ള കഴിവും പ്രധാനമാണ് എന്നും നിയമത്തിനപ്പുറമാണ് മനുഷ്യത്വം എന്നും ഒക്കെ പറയുന്നിടത്തെ political correctness ചോദ്യം ചെയ്യപ്പെട്ടേക്കാമെങ്കിലും അതിൽ ഒരു വശത്ത് ഒരു വലിയ ശരിയുമുണ്ട്. ആ ശരിയുടെ ഭാഗത്താണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് മധുരിക്കും ഈ വെള്ളക്ക.
തുടക്കത്തിൽ നിന്ന് അവസാന ഭാഗത്തെത്തുമ്പോൾ വെള്ളക്കയിൽ നിന്ന് കരിക്കിലേക്ക് എത്തുന്നത് പോലെ മധുരതരമായ ഒരു ചലച്ചിത്ര അനുഭവമാണ് സൗദി വെള്ളക്ക. ഈ വർഷം റിലീസ് ചെയ്ത ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്ന് തന്നെയായാണ് എനിക്ക് ഈ സിനിമ അനുഭവപ്പെട്ടത്. തീർച്ചയായും കാണാൻ നിർദേശിക്കുന്നു, ഈ “മധുരിക്കും വെള്ളക്ക”.