തല്ലിത്തീർക്കുന്ന “തല്ലുമാല”
(NOT EVERYONE’S CUP OF TEA)
Santhosh Iriveri Parootty
അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങളിലൂടെ ഒന്നിനൊന്നു വ്യത്യസ്തമായ ചലച്ചിത്ര കാഴ്ചകൾ മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട് ഖാലിദ് റഹ്മാൻ. ഈ മൂന്നു ചിത്രങ്ങളുമായും വിദൂര സാദൃശ്യം പോലുമില്ലാത്ത “തല്ലുമാല” യുമായി ഇക്കുറി എത്തുമ്പോൾ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായി അത് മാറുകയാണ്. കണ്ണൂർ സവിത തിയേറ്ററിൽ യുവത്വത്തിന്റെ ആഘോഷമായിരുന്നു. കയ്യടിച്ചും ആർപ്പ് വിളിച്ചും അവർ ഓരോ രംഗത്തെയും എതിരേറ്റപ്പോൾ ഖാലിദ് റഹ്മാൻ ആദ്യമായി ഒരുക്കിയ ഫുൾ ലെങ്ത് എന്റർടെയ്നർ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു എന്നുറപ്പാണ്.
എല്ലാ പ്രേക്ഷകർക്കും പറഞ്ഞിട്ടുള്ളതല്ല “തല്ലുമാല”. അമ്മാവന്മാരും “അമ്മാവൻ സിൻഡ്രോം ” ബാധിച്ചവരും ഈ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററിന്റെ അടുത്തുള്ള കണ്ടം വഴി ഓടിക്കൊള്ളുക. സിനിമ തുടങ്ങുമ്പോൾ തന്നെ ഇത്തരക്കാർക്ക് വേണ്ടി ഒരു സീൻ ഉണ്ട്. ഒരു സോഷ്യൽ മീഡിയ വീഡിയോ വൈറൽ ആയതോടെ യുവത്വത്തിന്റെ സെൻസേഷൻ ആയി മാറിയ ‘മണവാളൻ വസീം’ (ടൊവിനോ തോമസ് ) ഒരു ചടങ്ങിന് മുഖ്യാതിഥിയായി എത്തുന്നു. അവിടെ പ്രസംഗിക്കുകയായിരുന്ന ഒരു എഴുത്തുകാരൻ യുവതലമുറയുടെ മൂല്യശോഷണത്തെ കുറിച്ച് സംസാരിക്കുകയും സമൂഹത്തിന് എന്ത് സംഭാവനയാണ് വസീം നൽകിയതെന്ന് ചോദിക്കുകയും ചെയ്യുന്നു. അതിനോടുള്ള വസീമിന്റെ പ്രതികരണവും തുടർന്ന് അവിടെക്കൂടിയ യുവതീയുവാക്കളുടെ പ്രതികരണവും കാണിച്ചു ആദ്യം തന്നെ സോ കോൾഡ് അമ്മാവന്മാരെ അടിച്ചിരുത്തുന്നുണ്ട്.
ഓരോ കാലഘട്ടങ്ങളിലും അക്കാലത്തെ യുവതലമുറ തന്നെയാണ് സിനിമയുടെ പ്രധാന പ്രേക്ഷകർ. ഇവിടെ ശരിയും തെറ്റും ഇഷ്ടപ്പെടലും ഇഷ്ടപ്പെടാതിരിക്കലും ഒക്കെ തികച്ചും ആപേക്ഷികമാണ്. അത് കൊണ്ട് തന്നെയാണ് തുടക്കത്തിൽ തന്നെ “This film is not everyone’s cup of tea” എന്ന് പറഞ്ഞത്. ഈ ചിത്രം എടുത്തിരിക്കുന്ന രീതി തന്നെ ചിലർക്ക് ഇഷ്ടപ്പെട്ടേക്കില്ല. പേര് സൂചിപ്പിക്കുമ്പോലെ തല്ലുകൾ കൊണ്ട് കോർത്തെടുത്ത ഒരു ചിത്രമാണിത്. നോൺ ലീനിയർ കഥ പറച്ചിൽ സങ്കേതത്തിനെ തന്നെ ഒരു പൊളിച്ചെഴുത്തിന് വിധേയമാക്കുന്നുണ്ട് ചിത്രം. തല്ലും പാട്ടും ഡാൻസും പ്രണയവും സൗഹൃദവും കോമഡിയും എല്ലാം കൂടി യുവത്വത്തിന് ആടിത്തിമിർക്കാനുള്ള വകയെല്ലാം മുഹ്സിൻ പരാരിയും അഷ്‌റഫ് ഹംസയും ചേർന്നൊരുക്കിയ സ്ക്രിപ്റ്റിൽ ഉണ്ട്. ജിംഷി ഖാലിദിന്റെ ക്യാമറ, വിഷ്ണു വിജയിന്റെ മ്യൂസിക്, സുപ്രീം സുന്ദറിന്റെ സ്റ്റൈലിഷ് സംഘട്ടനങ്ങൾ, ടൊവിനോ, ഷൈൻ ടോം ചാക്കോ, ലുക്ക്മാൻ എന്നിവരുടേതടക്കമുള്ള ഗംഭീരപ്രകടനങ്ങൾ എന്നിവയും കൂടെയാകുമ്പോൾ “തല്ലുമാല” യുവപ്രേക്ഷകർക്കും ഒരു ഉത്സവമാകുന്നു.
പല വഴികളിലൂടെയാണ് ചിത്രത്തിൽ തല്ലെത്തുന്നത്. ഒരു തല്ല് അവസാനിക്കുന്നിടത്ത് മറ്റൊരു തല്ല് തുടങ്ങുന്നു. അല്ലെങ്കിൽ ഒരു വഴക്കിൽ നിന്ന് മറ്റൊരു വഴക്ക് തുടങ്ങുന്നു എന്ന് പറയാം. തല്ലിത്തല്ലിയാണ് ചങ്ങാതിമാർ ആകുന്നത് തന്നെ. തല്ലിന് അത്ര വലിയ കാരണങ്ങൾ ഒന്നും വേണ്ട. യഥാർഥത്തിൽ ക്ലൈമാക്‌സ് ആദ്യം കാണിച്ച് അതിലേക്ക് എങ്ങനെയാണ് എത്തിച്ചേരുന്നത് എന്ന രീതിയിലാണ് കഥ പറയുന്നത്. ഒരു തട്ടുപൊളിപ്പൻ വിവാഹച്ചടങ്ങിൽ പൊട്ടിപ്പുറപ്പെടുന്ന കലഹവും കൂട്ടത്തല്ലും. അതിലേക്ക് എങ്ങനെ എത്തുന്നു എന്നതിൽ വലിയ കഥയൊന്നും പ്രതീക്ഷിക്കേണ്ട. കുറെ അടിയും ഇടിയും തന്നെയാണ്. കഥ പറഞ്ഞു പോകുന്ന രീതിയ്ക്കാണ് ഇവിടെ പ്രാധാന്യം കൊടുത്തിരിക്കുന്നത് എന്ന് കാണാം.
പലർക്കും ആശയക്കുഴപ്പം ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു കഥ പറച്ചിൽ രീതി അവലംബിച്ചിട്ടുമുണ്ട്. കഥാഭാഗങ്ങൾ സ്പ്ളിറ്റ് ചെയ്ത് നൽകുമ്പോൾ സമയത്തെക്കുറിച്ചുള്ള സങ്കൽപം ചിലരിലെങ്കിലും ചിന്താക്കുഴപ്പം ഉണ്ടാക്കിയേക്കും. കഥാപാത്രങ്ങളുടെ പശ്ചാത്തലത്തെക്കുറിച്ച് ഒരു പാട് വിശദീകരിക്കുന്നില്ല. ഇത്തരമൊരു പടത്തിൽ അതിന്റെ ആവശ്യവുമില്ല. നായികയുടെ പ്രണയവും ഇവിടെ സെക്കണ്ടറി ആണ്. അടി വേണോ റൊമാൻസ് വേണോ എന്ന് ചോദിച്ചാൽ അടി തന്നെ മതിയപ്പാ എന്ന മൂഡ് ആണെന്നർഥം. തിയേറ്ററിനുള്ളിലും ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളിലും നടക്കുന്ന അടികൾക്ക് സവിശേഷ പ്രാധാന്യവും ഉണ്ട്. ഡാൻസ് ഒക്കെ സ്റ്റൈലിഷ് എന്നല്ല, അതിനപ്പുറം വേറെ എന്തെങ്കിലും വാക്ക് കണ്ടുപിടിക്കണം.
സിനിമ കണ്ടു കഴിഞ്ഞ് എന്താണ് മനസ്സിൽ ബാക്കിയാവുക എന്ന അർഥത്തിൽ സിനിമയെ സമീപിക്കുന്ന ആളാണ് നിങ്ങളെങ്കിൽ കിട്ടുക വട്ടപ്പൂജ്യമായിരിക്കും. മനസ്സിലുള്ള വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നവനാണ് യഥാർഥ ശക്തിമാൻ എന്ന് ഒരു കഥാപാത്രം ഇടയ്ക്ക് പറയുന്നൊക്കെയുണ്ടെങ്കിലും അടുത്ത നിമിഷം എതിരാളിയുടെ കരണം അടിച്ചു പുകയ്ക്കുകയാണ്. ചുരുക്കത്തിൽ ആദ്യം പറഞ്ഞ പോലെ ഇന്നത്തെ യുവത്വം ആഗ്രഹിക്കുന്ന ഒരു ചിത്രമാണ് “തല്ലുമാല “. തിയേറ്റർ പ്രതികരണം അതിന് അടിവരയിടുന്നു. അവർ ആഘോഷിക്കട്ടെ. ആ ആഘോഷത്തിൽ നമുക്കും പങ്കു ചേരാം..