തങ്കത്തിളക്കമില്ലെങ്കിലും ചെമ്പല്ല
Santhosh Iriveri Parootty
മലയാള സിനിമയെ അടക്കി ഭരിച്ച തിരക്കഥാകൃത്തുക്കൾ എന്നും ഉണ്ടായിട്ടുണ്ട്. തുടക്കകാലത്ത് തോപ്പിൽ ഭാസിയെ പോലെ നാടകത്തിൽ നിന്നും സിനിമയിലേക്ക് വന്നവരായിരുന്നു എങ്കിൽ എന്റെയൊക്കെ കുട്ടിക്കാലത്തു ഡെന്നിസ് ജോസഫ്, കലൂർ ഡെന്നിസ് എന്നിവരും പിന്നീട് രഞ്ജി പണിക്കരും രഞ്ജിത്തും കമേഴ്‌സ്യൽ സിനിമയിൽ അത്തരം വിജയക്കൊടി പാറിച്ചവരാണ്. സമാന്തരമായി പത്മരാജൻ, ലോഹിതദാസ്, ശ്രീനിവാസൻ എന്നിവർ വേറൊരു തരത്തിൽ മികച്ച തിരക്കഥകൾ മലയാളത്തിന് സംഭാവന ചെയ്തിട്ടുള്ളതായി കാണാം.
ഇന്നത്തെ തിരക്കഥാകൃത്തുക്കളിൽ പ്രേക്ഷകരെ തിയേറ്ററിലേക്ക് സ്വന്തം പേര് കൊണ്ട് മാത്രം ആകർഷിക്കാൻ കഴിയുന്ന ഒരാൾ തന്നെയാണ് ശ്യാം പുഷ്കരൻ. 2011ൽ സാൾട്ട് ആൻഡ് പെപ്പറിൽ തുടങ്ങിയ യാത്രയിൽ നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് അദ്ദേഹം. 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഇടുക്കി ഗോൾഡ്, ഇയ്യോബിന്റെ പുസ്തകം, റാണി പത്മിനി, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, മായാനദി, കുമ്പളങ്ങി നൈറ്റ്‌സ് എന്നിങ്ങനെ എത്ര മാത്രം വൈവിധ്യമാർന്ന ചിത്രങ്ങളുടെ പിന്നിലാണ് അദ്ദേഹം പ്രവർത്തിച്ചത്. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും “മഹേഷിന്റെ പ്രതികാര” ത്തിലൂടെ അദ്ദേഹത്തെ തേടിയെത്തി. “തങ്കം” എന്ന പുതിയ ചിത്രം കാണാനുള്ള ഏറ്റവും വലിയ പ്രചോദനം അത് ശ്യാം പുഷ്കരൻ തിരക്കഥ എഴുതിയ സിനിമയാണ് എന്നുള്ളത് തന്നെ.
ഇതു വരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു ഴോണറിലാണ് ഇത്തവണ അദ്ദേഹം കൈവെച്ചിരിക്കുന്നത്. ഒരു സസ്പെൻസ് ത്രില്ലർ അല്ലെങ്കിൽ മർഡർ മിസ്റ്ററി. ഇങ്ങനെയൊരു ക്രൈം ഡ്രാമ വിജയകരമായി പറയുന്നതിൽ അദ്ദേഹം വിജയിച്ചോ എന്ന് ചോദിച്ചാൽ ഏറെക്കുറെ എന്ന് ഞാൻ പറയും. ഇത്തരം പടങ്ങൾ കൂടുതൽ മികവോടെ ചെയ്യാൻ ഭാവിയിൽ അദ്ദേഹത്തിന് കഴിഞ്ഞേക്കും. ഭൂരിഭാഗം പ്രേക്ഷകർക്കും അഭിപ്രായവ്യത്യാസം ഉണ്ടാകാൻ സാധ്യത ക്ലൈമാക്സിനെ കുറിച്ചാവും. അത് ഒരു വിഭാഗം പ്രേക്ഷകരെ നിരാശപ്പെടുത്തിയേക്കും. എന്നാൽ സ്ഥിരം ത്രില്ലറുകളിൽ നിന്ന് മാറി ശ്യാം പുഷ്കരൻ തിരക്കഥകളുടെ ട്രേഡ് മാർക്ക് ആയ ഒരു റിയലിസ്റ്റിക് ടച്ച് ക്ലൈമാക്സിൽ കൊണ്ടു വരാൻ ആ വ്യത്യസ്തതയ്ക്ക് ആകുന്നുണ്ട്. കഥയുമായി ബന്ധമൊന്നുമില്ലെങ്കിലും വേറൊരർഥത്തിൽ ഒന്നു രണ്ടു സിനിമകൾ ഓർമയിൽ വന്നു. എം ടി യുടെ തിരക്കഥയിൽ പവിത്രൻ സംവിധാനം ചെയ്ത് മമ്മൂട്ടി ലീഡ് റോളിൽ വന്ന “ഉത്തരം” എന്ന ത്രില്ലർ, അത് പോലെ ടി വി ചന്ദ്രൻ സംവിധാനം ചെയ്ത് ദിലീപ് പ്രധാന റോളിൽ വന്ന “കഥാവശേഷൻ” എന്ന മിസ്റ്ററി ത്രില്ലർ എന്നിവ. അത് പോലെ രണ്ടാം പകുതിയിൽ ചെറിയ ലാഗിംഗും ചിലർക്ക് തോന്നിയേക്കാം. ഇന്റർവൽ പഞ്ച് ഗംഭീരമായിരുന്നു. സഹീദ് അറാഫത്ത് ആണ് ‘തങ്കം’ സംവിധാനം ചെയ്തിരിക്കുന്നത്.
സ്വർണം പ്രമേയമായി മുൻപ് വന്ന ചിത്രങ്ങളിൽ നിന്നും മാറി പുതിയ കുറെ അറിവുകളും ഈ മേഖലയെക്കുറിച്ച് ചിത്രം നൽകുന്നുണ്ട്. നേരത്തെ പറഞ്ഞ പോലെ റിയലിസ്റ്റിക്കും ഗ്രിപ്പിംഗുമാണ് ചിത്രം. എന്നാൽ മെലോഡ്രാമ ഒട്ടുമില്ല. പ്രേക്ഷകരെ കൂടെ കൂട്ടിയാണ് ചിത്രത്തിന്റെ യാത്ര. സ്വർണ ഏജന്റുമാരുടെ ജീവിതത്തിന്റെ കാണാക്കാഴ്ചകൾ ചിത്രം വരച്ചിടുന്നുണ്ട്. അനിശ്ചിതത്വവും റിസ്ക്കും നിറഞ്ഞ ഇക്കൂട്ടരുടെ ജീവിതത്തെ കുറിച്ചുള്ള അറിവ് തന്നെ ഒരു പുതിയ അനുഭവമായിരുന്നു.
ബിജു മേനോന്റെ മുത്തു, വിനീത് ശ്രീനിവാസന്റെ കണ്ണൻ എന്നിവരിലൂടെയാണ് കഥ വികസിക്കുന്നത്. ചിത്രത്തെ മുന്നോട്ടുനയിക്കുന്ന കഥാപാത്രങ്ങൾ. രണ്ടു പേരും നന്നായി അവതരിപ്പിച്ചിട്ടുമുണ്ട്. എന്നാൽ കുശാഗ്ര ബുദ്ധിയായ ജയന്ത് സഖൽക്കർ എന്ന മഹാരാഷ്ട്ര പോലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിച്ച ഗിരീഷ് കുൽക്കർണിയുടെ പ്രകടനമാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. വിനീത് തട്ടിൽ, കൊച്ചുപ്രേമൻ, അപർണ ബാലമുരളി എന്നിവരൊക്കെ നന്നായിരുന്നു.
ഭാവന സ്റ്റുഡിയോയും ഫഹദ് ഫാസിലുമൊക്കെ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
കേരളം, തമിഴ്നാട്, മഹാരാഷ്ട്ര എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളിലെ പല സ്ഥലങ്ങളിലൂടെ പല കാലങ്ങളിലൂടെ യാത്ര ചെയ്യുന്നുണ്ട് ചിത്രം. തൃശൂരിൽ തുടങ്ങുന്ന യാത്ര കോയമ്പത്തൂർ മുത്തുപ്പേട്ടൈ വഴി മുംബൈയിലെത്തുന്നുണ്ട്. 145 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. രാവും പകലുമടക്കം വിവിധ സമയങ്ങളിലെ വിവിധ നഗരക്കാഴ്ചകൾ ക്യാമറ മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു. ബിജിബാലിന്റെ സംഗീതം എന്നത്തെയുമെന്ന പോലെ സിനിമയുടെ മൂഡിനെ എലവേtറ്റ് ചെയ്യുന്നു. ഗൗതം ശങ്കറിന്റെ ഛായാഗ്രഹണം, കിരൺ ദാസിന്റെ എഡിറ്റിംഗ് തുടങ്ങി ടെക്‌നിക്കൽ സൈഡ് മൊത്തം തിരക്കഥയ്ക്ക് 100% പിന്തുണ നൽകുന്നുണ്ട്. തിരക്കഥയെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ച സംവിധായകനും കയ്യടി അർഹിക്കുന്നു.
നേരത്തെ പറഞ്ഞ പോലെ ഏറെക്കുറെ തൃപ്തനാണ് ഞാൻ ഈ ചിത്രത്തിൽ. കണ്ടിരിക്കാവുന്ന വ്യത്യസ്തമായ ഒരു സസ്പെൻസ് ത്രില്ലർ. മലയാളത്തിൽ ഇറങ്ങിയ വഴി മാറി സഞ്ചരിച്ച കുറ്റാന്വേഷണ ചിത്രങ്ങളിൽ ഒന്ന്. അത് കൊണ്ട് തന്നെ പത്തരമാറ്റിന്റെ തങ്കമല്ലെങ്കിലും തീർച്ചയായും ചെമ്പല്ല ഈ ചിത്രം. അസ്സൽ പൊന്ന് തന്നെയാണ്.