“വിക്ര” ത്തിന്റെ ഹിറ്റ്ലിസ്റ്റ്

Santhosh Iriveri Parootty

തമിഴിലെ യുവസംവിധായകരില്‍ എന്തുകൊണ്ടും ശ്രദ്ധേയനാണ് ലോകേഷ് കനകരാജ്. മാനഗരം, കൈതി, മാസ്റ്റർ തുടങ്ങി അദ്ദേഹത്തിന്റെ ചിത്രങ്ങളിലെല്ലാം ഒരു സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞു കാണാം. കമലഹാസനെ നായകനാക്കി ഒരുക്കിയ “വിക്രം” എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രവും കൃതഹസ്തനായ ഒരു സംവിധായകന്റെ ചിത്രം തന്നെയാണ്. കമലഹാസൻ, ഫഹദ് ഫാസില്‍, വിജയ് സേതുപതി, നരെയ്‍ന്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങി ഒരു വമ്പൻ താരനിരയും ക്ലൈമാക്സിലെ സൂര്യയുടെ അതിഥിവേഷവും ചിത്രത്തിന് മാറ്റു പകരുന്നു. അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതം, ഗിരീഷ് ഗംഗാധരന്‍റെ ഛായാഗ്രഹണം തുടങ്ങി സാങ്കേതിക വിഭാഗവും സംവിധായകന് മികച്ച പിന്തുണ നൽകുന്നുണ്ട്. കമല്‍ഹാസൻ നായകനായി ഇതേപേരില്‍ 1986ല്‍ ഒരു ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്. ഈ ചിത്രവും കൈതി എന്ന ചിത്രവും പുതിയ ചിത്രവുമായി ബുദ്ധിപൂർവം സംവിധായകൻ വിളക്കിച്ചേർത്തിട്ടുമുണ്ട്. ചെന്നൈ തീരത്തേക്ക് എത്തിയ കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെയ്‍നറുകള്‍ അധോലോകത്തിന്റെ കൈകളില്‍ എത്തുന്നതിനു മുന്‍പേ അപ്രത്യക്ഷമാകുന്നു.

 

മയക്കുമരുന്ന് വേട്ട നടത്തിയ ഉദ്യോഗസ്ഥരടക്കം ചിലര്‍ കൊല്ലപ്പെടുന്നു. ഈ കൊലപാതകങ്ങള്‍ അന്വേഷിക്കാൻ അണ്ടര്‍കവര്‍ ഏജന്‍റ് ആയ അമറിനെയും (ഫഹദ് ഫാസിൽ) സംഘത്തെയും ചുമതലപ്പെടുത്തുന്നു. സ്ലീപ്പർ സെൽ ആയ ഇങ്ങനെയൊരു ടീം ഉണ്ടെന്നറിയാവുന്നത് പൊലീസിലെ ചില ഉന്നത ഉദ്യോഗസ്ഥർക്കു മാത്രമാണ്. കൊല ചെയ്യപ്പെട്ട മൂന്നുപേരില്‍ രണ്ടുപേര്‍ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. സ്വാഭാവികമായും മൂന്നാമത്തെ ആളായ കര്‍ണനിലേക്ക് അമറിന്‍റെ ശ്രദ്ധ പോകുന്നു. അമറിന്റെയും ടീമിന്റെയും അന്വേഷണം കൊല ചെയ്യപ്പെട്ട പ്രപഞ്ചൻ (കാളിദാസ് ജയറാം) എന്ന പൊലീസുകാരന്റെ അച്ഛന്‍ കർണനിൽ (കമലഹാസൻ) ചെന്നെത്തുന്നു. മകന്റെ മരണശേഷം മുഴുക്കുടിയനായി മാറിയ ഇയാളെ അക്രമികൾ വകവരുത്തിയിരുന്നു. ലഹരിമരുന്ന് മാഫിയ തലവൻ സന്താനമാണ് (വിജയ് സേതുപതി) ഈ അതിക്രമങ്ങൾക്ക് പിന്നിലെല്ലാമെന്ന് അമറിനു മനസ്സിലാവുന്നു. എന്നാൽ എല്ലാറ്റിനുമൊടുവിൽ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ അയാളെ കുഴയ്ക്കുന്നു. ആദ്യപകുതിക്ക് ശേഷം വേഗം കുറയുന്ന ചിത്രം ക്ലൈമാക്‌സിനോട് അടുക്കുന്നതോടെ വീണ്ടും സ്പീഡ് ട്രാക്കിൽ എത്തുന്നു. ഇന്റർവെൽ പഞ്ച് ഗംഭീരം. അനിരുദ്ധിന്റെ അന്യായമായമായ പശ്ചാത്തല സംഗീതം ചിത്രത്തിന് കൊടുക്കുന്ന ബൂസ്റ്റ് ചില്ലറയൊന്നുമല്ല. വേറെ ലെവല്‍ ആണ് അനിരുദ്ധ്. നേരത്തെ പറഞ്ഞ പോലെ ഗിരീഷ് ഗംഗാധരന്റെ മികച്ച ഛായാഗ്രഹണവും ചിത്രത്തിന് വലിയ മുതല്‍ക്കൂട്ടാകുന്നുണ്ട്. ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

 

‘യാരണ്ണൈ അവൻ, സംബന്ധമേ ഇല്ലാതെ വന്ത് മൊത്തത്തെ കാലി വന്ത് പോയിട്ടാ.’’ ‘‘സംബന്ധം ഇരുക്ക്… അവൻ പേര് ഡില്ലി…’’ കൈതി സിനിമയുടെ ക്ലൈമാക്സിലെ അടൈകളത്തിന്റെ ഈ ഡയലോഗ് ആണ് ഒരർഥത്തിൽ വിക്രത്തിന്റെ ആമുഖം. ഇൻസ്പെക്ടർ ബിജോയ്‌യും (നരെയ്ൻ) സംഘവും മാർക്കറ്റിൽ 800 കോടി രൂപ വില വരുന്ന ലഹരിമരുന്ന് പിടികൂടുന്നിടത്താണല്ലോ കൈതിയുടെ തുടക്കം. ഡില്ലി (കാർത്തി) എന്ന മുൻ ജയിൽപുള്ളിയുടെ സഹായത്തോടെയാണ് ലഹരിമരുന്ന് മാഫിയയിൽനിന്നു ബിജോയ്‌ ആ ചിത്രത്തിൽ സഹപ്രവർത്തകരെ രക്ഷപ്പെടുത്തുന്നത്. അതിനു ശേഷം എന്തു സംഭവിക്കുന്നുവെന്നും ലഹരിമരുന്ന് നിറച്ച കണ്ടെയ്നർ ട്രക്ക് എവിടെയെന്നും അടൈകളവും (ഹരീഷ് ഉത്തമൻ) സഹോദരൻ അൻപുവും (അർജുൻ ദാസ്) ജയിലിൽ തന്നെയാണോയെന്നുമുള്ള ചോദ്യങ്ങൾക്കും വിക്രം ഉത്തരം നൽകുന്നുണ്ട്. മുമ്പ് സൂചിപ്പിച്ച പോലെ കമൽഹാസൻ നായകനായി 1986ൽ റിലീസ് ചെയ്ത വിക്രം എന്ന സിനിമയുമായും ഈ ചിത്രത്തിന് ബന്ധമുണ്ട്. അതിന്റെ പ്ലോട്ട് തന്റെ മുൻകാല സിനിമയുമായി ബന്ധപ്പെടുത്തി ചിത്രം ഒരുക്കിയയിടത്താണ് സംവിധായകന്റെ ബ്രില്യൻസ്.

 

കമലഹാസൻ ഒരു രക്ഷയുമില്ല. കുറച്ചുകാലത്തിനു ശേഷം തിരിച്ചെത്തിയ കമലിന്റെ ക്ലാസ് മാസ്സ് പ്രകടനം പ്രേക്ഷകർ ശരിക്കും ആസ്വദിക്കുന്നുണ്ട്. സന്താനം എന്ന വില്ലൻ കഥാപാത്രത്തിന് പുതിയ മാനറിസങ്ങൾ നൽകിയിട്ടുണ്ട് വിജയ് സേതുപതി. എന്നാൽ സിനിമ മുന്നോട്ട് പോകുമ്പോൾ ആ കഥാപാത്രത്തിനു വേണ്ടത്ര ഡെപ്ത് കിട്ടിയില്ലെന്ന് തോന്നി. കമൽഹാസനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് ഫഹദ് ഫാസിൽ കാഴ്ച വെച്ചത്. ഒരു മുഴുനീള കഥാപാത്രം. ആദ്യ പകുതി ഒറ്റയ്ക്കു കൊണ്ടുപോകുന്നുണ്ട് ഫഹദ് .എന്നാൽ ഫഹദിന് വെല്ലുവിളി ഉയർത്തുന്ന കഥാപാത്രം ഒന്നുമല്ല അമർ. ക്ലൈമാക്സിൽ അഞ്ചേ അഞ്ച് മിനിറ്റില്‍ തീയേറ്ററിനെ നിശബ്ദമാക്കുന്ന ഗംഭീര വില്ലനായി സൂര്യ അരങ്ങു തകർത്തു. ബിജോയ് എന്ന കഥാപാത്രം നരേൻ കയ്യൊതുക്കത്തോടെ ചെയ്തു. ചെമ്പൻ വിനോദിന്റെ വില്ലൻ പോലീസ് വേഷവും മികച്ചു നിന്നു.2 മണിക്കൂര്‍ 53 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് ഇഴച്ചില്‍ ഉണ്ടാവാതിരിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്.ഫിലോമിന്‍ രാജിന്‍റെ എഡിറ്റിംഗും എടുത്തു പറയേണ്ടതാണ്.

 

തിരക്കഥയുടെ കാമ്പിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ ചിലയിടത്തെങ്കിലും സംവിധായകന് കഴിഞ്ഞില്ലെന്ന് തോന്നി. സസ്പെൻസ് ഒന്നും ചിത്രത്തിൽ ഇല്ല. കഥാഗതി പ്രവചനീയമാണ്. വിഷ്വൽ ഇഫക്ട്സിൽ ചിലയിടങ്ങളിൽ പാളിച്ച ഉണ്ടായതായി തോന്നി. ആക്‌ഷൻ രംഗങ്ങളിലും ഇതേ പ്രശ്നം ഇടയ്ക്ക് അനുഭവപ്പെട്ടു, അൻപ് അറിവിന്റെ സംഘട്ടന രംഗങ്ങൾ മികച്ച കാഴ്ചാനുഭവം തന്നെങ്കിലും.കമലഹാസന്‍ ആരാധകർക്ക് ഒരു വിരുന്നായിരിക്കും ഈ ചിത്രം. കമലഹാസന്റെ ഏറ്റവും വലിയ ഫാന്‍ബോയ് ആണ് താനെന്നു സ്വയം പറഞ്ഞ ലോകേഷ് അദ്ദേഹത്തിന് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വല്യ ട്രിബൂട്ട് തന്നെ ‘വിക്രം’ എന്ന ചിത്രത്തിലൂടെ നൽകിയിട്ടുണ്ട്. ലഭിച്ച പ്രീ റിലീസ് ഹൈപ്പിനോട് ഒരു വലിയ അളവോളം ചിത്രം നീതി പുലര്‍ത്തിയിട്ടുമുണ്ട്. സിനിമ തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ തീയേറ്ററുകളില്‍ നിലക്കാത്ത കൈയ്യടിയും ആരവങ്ങളുമാണ്. ഒരു കംപ്ലീറ്റ് മാസ്സ് എന്റര്‍റ്റെയ്നര്‍. അത് തന്നെയാണ് വിക്രം. ആരാധകരെയും സാധാരണ പ്രേക്ഷകരെയും ചിത്രം നിരാശപ്പെടുത്തില്ല. ഈ ചിത്രം തിയേറ്ററിൽ ചെന്ന് തന്നെ കണ്ടാസ്വദിക്കേണ്ടതാണ്.ധൈര്യമായി ടിക്കറ്റെടുക്കാം.

Leave a Reply
You May Also Like

ലൗ ജിഹാദ് ഉൾപ്പെടെയുള്ള കാലിക പ്രസക്തിയുള്ള പല വിഷയങ്ങളും, മനഃപൂർവ്വം കുത്തി തിരുകാതെ, കഥയുടെ ഭാഗമായി തന്നെ ചർച്ച ചെയ്യുന്നുണ്ട്

Shaju Surendran ദഹാട് (Dahaad) വിഷയം സീരിയൽ കില്ലർ vs പോലീസ്, പൂച്ചയും എലിയും കഥ…

വൈബ്രേറ്ററും കണ്മുൻപിൽ ഒരു നീലച്ചിത്രവുമായി സ്വയംഭോഗം ആസ്വദിക്കാൻ പോകുന്ന ആലിസിനെ കാണിച്ചാണ് സിനിമ അവസാനിക്കുന്നത്

Theju P Thankachan കത്തോലിക്കാ സഭയുടെ കീഴിലുള്ള യുവജന സംഘടനയായ ജീസസ് ഊത്ത് പറയുന്നു :…

ലൂക്ക് ആൻ്റണിയുടെ പ്രതികാരദാഹത്തിലൂടെ ഒരു യാത്ര

ലൂക്ക് ആൻ്റണിയുടെ പ്രതികാരദാഹത്തിലൂടെ ഒരു യാത്ര തൃശ്ശൂർ ഗെഡി ഞാൻ കണ്ടതും, പിന്നീട് സുഹൃത്തുക്കളുമായി ഉണ്ടായ…

‘നമ്മുക്ക് വ്യക്തമായ പദ്ധതി വേണം ഇല്ലെങ്കിൽ മറ്റുള്ളവർ നമ്മളെ അവരുടെ പദ്ധതിയുടെ ഭാഗം ആക്കും’

Abhijith Gopakumar S കടുത്ത രാഷ്ട്രീയ സിനിമകൾ ഇപ്പൊൾ പുത്തരി അല്ല.. എന്നാല് കൊടിയുടെ രാഷ്ടീയം…