‘മധ്യാഹ്ന സൂര്യന്റെ അസ്തമയം’

33

Santhosh Iriveri Parootty

‘മധ്യാഹ്ന സൂര്യന്റെ അസ്തമയം’

ഇത് എന്റെ പ്രയോഗമല്ല. 1991 മെയ് 21ന് ശ്രീ.രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടർന്നു പിറ്റേന്നിറങ്ങിയ മലയാള മനോരമ പത്രത്തിന്റെ മുഖപ്രസംഗത്തിന്റെ തലക്കെട്ടാണ്. മെയ് 22 പുലർച്ചെ നാട്ടിൽ ഒരു വണ്ടിയിൽ അനൗൺസു ചെയ്തു പോയപ്പോഴാണ് ഞാനടക്കമുള്ളവർ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്- ഞങ്ങളുടെ പ്രിയ നേതാവ് ഇനിയില്ല. ഉറച്ച കോൺഗ്രസ്സുകാരടങ്ങിയ ഞങ്ങളുടെ വീട് അന്ന് മരണ വീടായി, അന്നത്തെ ഏതൊരു സാധാരണ കോൺഗ്രസ്സുകാരന്റെയും വീട് പോലെ. ഞാനന്നിരുന്നു കരഞ്ഞു. ആദ്യമായും അവസാനമായും ഒരു രാഷ്ട്രീയ നേതാവ് മരിച്ചപ്പോൾ കരഞ്ഞത് അന്ന് മാത്രമാണ്. ആ ദുരന്തത്തിന് ഇന്നേക്ക് ഇരുപത്തിയൊമ്പത് വർഷം പൂർത്തിയാവുന്നു.

1991 മെയ് 10നാണെന്നു തോന്നുന്നു യു. ഡി.എഫ്.ന്റെ ഇലക്ഷൻ പ്രചാരണത്തിനായി അദ്ദേഹം കണ്ണൂരിൽ വന്നത്. ഉറച്ച കോൺഗ്രസ്സുകാരനായ അച്ഛൻ ഞങ്ങളെയും ആ പരിപാടി കാണിക്കാൻ കൂട്ടികൊണ്ട് പോയി. ജനലക്ഷങ്ങളുടെ നടുവിൽ ദൂരത്തു മങ്ങി ഒരു മിന്നായം പോലെ പ്രിയ നേതാവിനെ കണ്ടു. അദ്ദേഹത്തിന്റെ പ്രസംഗം ഇന്നും കാതിൽ മുഴങ്ങുന്നുണ്ട്. കെ.സുധാകരന്റെ പേര് വായിക്കുമ്പോൾ കെ.സുദകരൻ എന്ന് വായിച്ചപ്പോൾ ജനക്കൂട്ടം ആർത്തു വിളിച്ചത്. അന്നും കണ്ണൂരിലെ ഒരു ആവറേജ് കോൺഗ്രസ്സുകാരന്റെ ആവേശമായിരുന്നു സുധാകരൻ. അത്തരം outspoken നേതാക്കളെ പിന്നെ എല്ലാ പാർട്ടി അണികൾക്കും പ്രിയമാണല്ലോ.

എന്റെ രാഷ്ട്രീയ നിലപാടുകളെ വ്യക്തമായ മൂന്നു കാലഘട്ടങ്ങളായി തിരിക്കാം. 2000ന് മുമ്പും 2000ന് ശേഷവും 2019ന് ശേഷവും. 2000-01 വരെ ഞാൻ തികച്ചും ഒരു കോൺഗ്രസ്സുകാരൻ ആയിരുന്നു. ഇന്നും എനിക്ക് കോൺഗ്രസ്സിനോട് വെറുപ്പില്ല. ഇന്ത്യയിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ പാർട്ടി ഇന്നും കോൺഗ്രസ് ആണെന്ന് കരുതുന്നു. എന്നാൽ ആർ.എസ്.എസ്., എസ് ഡി പി ഐ അടക്കമുള്ള എല്ലാ മത തീവ്രവാദ സംഘടനകളോടും അന്നും ഇന്നും ശക്തമായ വെറുപ്പ് തന്നെയാണ്. എന്റെ ബന്ധുക്കളടക്കമുള്ള കോൺഗ്രസ്സുകാരിൽ പലർക്കും ആർ.എസ്.എസിനോട് സോഫ്റ്റ് കോർണർ ഉണ്ട്. അത് അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധത്തിൽ നിന്നുണ്ടാകുന്നതാണ്. ചില കമ്മ്യൂണിസ്റ്റുകാരിലുമുണ്ട്, അന്ധമായ കോൺഗ്രസ് വിരോധം. അത് കണ്ണൂർ ജില്ലയിലെ കോൺഗ്രസ്-സി.പി.എം. പ്രവർത്തകരുടെ ഒരു സ്വഭാവമാണ്. അതിന്റെ വിവിധ കാരണങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

ജീവിതത്തിൽ എന്റെ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ വഴി തിരിച്ചു വിട്ട രണ്ടു നേതാക്കൾ ആണുള്ളത്. ഒന്ന് തീർച്ചയായും രാജീവ് ഗാന്ധിയാണ്. രണ്ടാമത്തേത് സഖാവ് വി.എസ്.അച്യുതാനന്ദനാണ്. എന്റെ മാത്രമല്ല, എനിക്കറിയുന്ന പല കടുത്ത കണ്ണൂർ കോൺഗ്രസ് സുഹൃത്തുക്കളെയും ഇടതുപക്ഷത്തേക്ക് കൊണ്ട് വന്നതിൽ സഖാവ് വി.എസിനു വലിയ പങ്കുണ്ട്. അത് പാർട്ടി നേതാക്കൾക്ക് പോലും അറിയുമോ എന്നറിയില്ല. വ്യത്യസ്തനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെ ഞങ്ങൾ അന്ന് അദ്ദേഹത്തിൽ കാണുകയായിരുന്നു. കണ്ണൂരിലെ സി.പി.എം.നേതാക്കളോട് എന്തോ ആകർഷണം അന്നുമിന്നും തോന്നിയിട്ടില്ല. ശ്രീ വി എസിന്റെ പേരിൽ ചില ഫ്ലക്സുകൾ വന്നപ്പോൾ പത്രസമ്മേളനം വിളിച്ചു ‘ഇത് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ചേർന്ന രീതിയല്ലെന്നും പാർട്ടിക്ക് കീഴിലാണ് വ്യക്തി’ എന്നുമൊക്കെ പറഞ്ഞവരുടെ രൂപങ്ങൾ അടങ്ങിയ ഹോർഡിങ്ങുകളൊക്കെ നാടാകെ കാണുമ്പോൾ ചിരി തോന്നാറുണ്ട്. അന്ന് എന്നെ ഇതൊക്കെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ച ആളുകളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിറയെ വ്യക്തിപൂജയാണ്. കാലം കാത്തുവെച്ച കാവ്യനീതി. വി.എസിലേക്ക് വേറൊരു അവസരത്തിൽ വരാം.

കേരള രാഷ്ട്രീയത്തോട് വലിയ പ്രതിപത്തി തോന്നാതിരുന്ന എനിക്ക് ദേശീയ രാഷ്ട്രീയം കുട്ടിക്കാലം മുതലേ താല്പര്യമുള്ള മേഖല ആയിരുന്നു. ശ്രീമതി ഇന്ദിര ഗാന്ധിയുടെ ഭരണത്തിന്റെ അവസാന കാലഘട്ടം മുതൽ ആണ് ഓർമകൾ തുടങ്ങുന്നത്. ബ്ലൂ സ്റ്റാർ ഓപ്പറേഷനും തുടർന്ന് ശ്രീമതി ഗാന്ധിയുടെ വധവും ഒക്കെ മനസ്സിലുണ്ട്. പിന്നീട് ഓർമയുറച്ചപ്പോൾ കണ്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്നു ശ്രീ രാജീവ് ഗാന്ധി. ഇന്നും പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധി എന്നേ എപ്പോഴും വായിൽ വരൂ. പ്രധാനമന്ത്രി എന്ന പദത്തോട് ചേർത്ത് വെക്കാൻ മറ്റ് പേരുകളൊന്നും മനസ്സിൽ വരില്ല.

അച്ഛൻ കുട്ടിക്കാലത്തു ഡയറി വാങ്ങിത്തന്നതും ഞാൻ പത്രങ്ങളൊക്കെ വായിച്ചു അതിൽ എഴുതി തുടങ്ങിയതും രാജീവ് ഗാന്ധിയുടെ ഭരണ കാലം മുതലാണ്. ഇന്ദിരാ ഗാന്ധിയുടെ മരണം, അന്നാദ്യമായി ടി.വി. കണ്ടത് എന്നിവയെക്കുറിച്ചൊക്കെ മുമ്പ് വിശദമായി എഴുതിയതാണ്. രാജീവ്-ലോംഗോവാൾ കരാർ, സീഷെൽസിലേക്ക് സൈന്യത്തെ അയച്ചത്, മാലിദ്വീപിലെ അട്ടിമറി തകർത്തത്, മിസോ accord, കൂറ് മാറ്റ നിരോധന നിയമം, നവോദയ വിദ്യാലയങ്ങൾ, പുതിയ വിദ്യാഭ്യാസ നിയമം, എം.ടി.എൻ.എൽ.രൂപീകരണം, നാഷണൽ ഇൻഫോമാറ്റിക് സെന്ററിന്റെ തുടക്കം, കംപ്യൂട്ടർവൽകരണത്തിന്റെആരംഭം, 18 വയസ്സുള്ളവർക്കു വോട്ടവകാശം നൽകിയത്, സ്വകാര്യ മൂലധനം പ്രോത്സാഹിപ്പിക്കൽ, ശ്രീലങ്കയിലേക്കു ഐ.പി.കെ.എഫ്. നെ അയച്ചത്, അണ്വായുധ നിരോധനാഹ്വാനം, ഓപ്പറേഷൻ ബ്ലാക്‌ തണ്ടർ തുടങ്ങി നിരവധി സംഭവങ്ങൾ എന്റെ കൊച്ചു ഡയറി താളുകളിലൂടെ കടന്നു പോയിട്ടുണ്ട്, അന്ന് ഇതിന്റെയൊന്നും അർഥം പൂർണമായും മനസ്സിലായിരുന്നില്ലെങ്കിലും…

ഇവയെ കൂടാതെ നിരവധി അസുഖകരമായ സംഭവങ്ങളും നടന്നു. ഡൽഹി കലാപം, അതിനെ ന്യായീകരിക്കും വിധം നടത്തിയ പ്രസംഗം,ഭോപ്പാൽ ഗ്യാസ് ദുരന്തം, അതിനു കാരണക്കാരനെ രക്ഷപ്പെടാൻ അനുവദിക്കൽ, ശബാനു കേസിൽ മുസ്ലിം പ്രമാണിമാരെ പ്രീണിപ്പിക്കൽ, അയോധ്യയിൽ ശിലാന്യാസം അനുവദിച്ചത്, അന്യായമായി സംസ്ഥാന സർക്കാറുകളെ പിരിച്ചു വിടൽ, ബൊഫോഴ്സ്‌ കേസ് തുടങ്ങി നിരവധി കറുത്ത അധ്യായങ്ങൾ. അവയും എന്റെ ഡയറിത്താളുകളിലൂടെ കടന്നു പോയവ തന്നെ. ഭരണത്തിന്റെ അവസാനം ബൊഫോഴ്‌സ് കേസിൽ രാജ്യം ആടിയുലഞ്ഞപ്പോൾ പാർലമെന്റിൽ നിന്നും പ്രതിപക്ഷാംഗങ്ങൾ രാജിവെച്ചു പോയത് ഡയറിയിൽ എഴുതിയത് ഓർക്കുന്നു. അന്ന് പ്രതിപക്ഷം രാജ്യത്തെ വഞ്ചിച്ചുവെന്നു രാജീവ് പറഞ്ഞു.

Charismatic ആയിരുന്നു രാജീവ് ഗാന്ധി. ശ്രീ എൻ.വി.കൃഷ്ണ വാര്യർ മാതൃഭൂമിയിലൂടെ പറഞ്ഞത് കടമെടുത്താൽ “വെള്ളെഴുത്തു കണ്ണട വെക്കാത്ത സുന്ദരനായ, നമ്മൾ കണ്ടു ശീലിച്ചിട്ടില്ലാത്ത പ്രധാനമന്ത്രി”. ഞാനൊക്കെ ശരിക്കും ഒരു ഫാൻ ആയിരുന്നു. അന്ന് ആ വാക്കൊന്നും അത്ര പ്രചാരത്തിലുണ്ടായിരുന്നില്ലെങ്കിലും. എതിർ പാർടിക്കാരെപ്പോലും തന്നിലേക്ക് വ്യക്തിപരമായി ആകർഷിക്കുന്ന ഒരു character. ശ്രീ ജ്യോതി ബസുവൊക്കെ ഇക്കാര്യം പറഞ്ഞതായി ഓർക്കുന്നു.

ശ്രീ എം പി വീരേന്ദ്ര കുമാർ എഴുതിയ ഒരനുഭവം ഓർമയിൽ വരുന്നു. ശ്രീ രാജീവ് ഗാന്ധിയെ കാണാൻ പോയ അവസരം. ശ്രീ വീരേന്ദ്ര കുമാറിനോട് ഇരിക്കാൻ പറഞ്ഞപ്പോൾ ഇടതു പക്ഷത്തുള്ള നേതാവായ അദ്ദേഹം മുഖമടച്ചത് പോലെ ശ്രീ ഗാന്ധിയോട് പറഞ്ഞു, “എനിക്ക് നിങ്ങളോട് ഒരു പാട് വിയോജിപ്പുകളുണ്ട്. നിങ്ങളോടും നിങ്ങളുടെ പാർട്ടിയോടും ശക്തമായ എതിർപ്പുള്ള ഒരാളാണ് ഞാൻ”. രാജീവ് ഗാന്ധി ചിരിച്ചു കൊണ്ട് പറഞ്ഞത്രെ, “അതൊക്കെ എനിക്കറിയാം. അത് പോട്ടെ. മാതൃഭൂമിയൊക്കെ എങ്ങനെ പോവുന്നു” എന്ന്. മാതൃഭൂമിയുടെ പത്രാധിപർ ആണല്ലോ ശ്രീ വീരേന്ദ്രകുമാർ.

എന്നെ നവോദയ സ്കൂളിൽ ചേർക്കാൻ അച്ഛന് ആഗ്രഹമുണ്ടായിരുന്നു. എനിക്കിഷ്ടമായിരുന്നില്ല, വീട്ടിൽ നിന്നൊക്കെ വിട്ടു നിൽക്കണ്ടേ? ആ വർഷം നടന്ന പരീക്ഷയിൽ കേരളത്തിൽ പലയിടത്തും പരീക്ഷ അലങ്കോലപ്പെടുത്തുകയും ചോദ്യപേപ്പർ പിടിച്ചു വാങ്ങുകയുമൊക്കെ ചെയ്ത് സമരം നടന്നിരുന്നു. ഒരു വരേണ്യ വർഗത്തെ സൃഷ്ടിക്കുന്നു എന്നൊക്കെയായിരുന്നു ആരോപണം. കംപ്യൂട്ടറിനെതിരെയും സമരം നടന്നിരുന്നു. ഇടതു പക്ഷം മാത്രമല്ല, കോൺഗ്രസിന്റെ തൊഴിലാളി സംഘടനകളും തൊഴിൽ നഷ്ടം കാട്ടി അതിനെ എതിർത്തിരുന്നു. അങ്ങനെ ഒരു സമരം ശ്രീ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു ഫോട്ടോ പത്രത്തിൽ വന്നതായി ഞാനോർക്കുന്നുണ്ട്. ബി ജെ പി യുടെ തൊഴിലാളി സംഘടനയായ ബി എം എസ് അന്ന് ഓൾ ഇന്ത്യ ബന്ത് (ഹർത്താൽ?) നടത്തിയിരുന്നു എന്നാണോർമ. ഇന്ന് കളക്ടറേറ്റിൽ എന്റെ സീറ്റിൽ ജവഹർ നവോദയ സ്കൂളുകൾ എന്ന വിഷയവുമുണ്ട്. ഫയലുകളിലൂടെ പോവുമ്പോൾ ഇതൊക്കെ ഓർക്കും. ഓരോ സമരവും ഓരോ കാലത്തിന്റേതാണ്. കാലാതിവർത്തിയായി പ്രാധാന്യമുള്ള സമരങ്ങളുമുണ്ട്. ഇവയുടെ പ്രസക്തി ഭാവി ചരിത്രം വിലയിരുത്തട്ടെ.

നമുക്കിഷ്ടമുള്ള നേതാക്കളുടെ തെറ്റുകൾ പൊറുക്കാൻ നാം തയ്യാറാവും. നമുക്കിഷ്ടമില്ലാത്തവർ ചെറിയ എന്തെങ്കിലും തെറ്റ് ചെയ്‌താൽ പോലും നാം അതിനെ പല്ലും നഖവും വച്ചെതിർക്കും. ആയുധ ഇടപാടുകളിൽ ഇടനിലയായി കിട്ടുന്ന പണം പാർട്ടി ഫണ്ടിലേക്ക് മാറ്റാനായിരുന്നു രാജീവ് ഗാന്ധിയുടെ നിര്ദേശമെന്നു പിൽക്കാലത്തു ‘ദി ഹിന്ദു’ വിൽ ഏതോ ഒരു പുസ്തകത്തിന്റെ വിവരണവുമായി വന്ന ആർട്ടിക്കിളിൽ വായിച്ചതായി ഞാനോർക്കുന്നു. “എന്തായാലും ഈ പണം നമുക്ക് ഒഴിവാക്കാനാവില്ല. കാലങ്ങളായി നമ്മുടെ ഗവണ്മെന്റുകൾ ഈ ശീലം ഉണ്ടാക്കി വെച്ചു കഴിഞ്ഞു. പാർട്ടി ഫണ്ടിലേക്ക് മാറ്റിയാൽ ഇലക്ഷൻ ആവശ്യങ്ങൾക്ക് കോർപറേറ്റുകളെ ആശ്രയിക്കുന്നത് നമുക്കൊഴിവാക്കാം. പിന്നെ കോർപറേറ്റുകളുടെ അന്യായ ആവശ്യങ്ങൾക്ക് നിന്ന് കൊടുക്കേണ്ടല്ലോ” എന്ന് അദ്ദേഹം പറഞ്ഞതായാണ് ആ ആർടിക്കിളിൽ വായിച്ചതെന്നാണോർമ. ഏതായാലും ബൊഫോഴ്‌സ് കേസ് നമ്മുടെ പ്രതിരോധ മേഖലയെ മരവിപ്പിച്ചു നിർത്തിയത് 30 വർഷമാണ്. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതിനു ശേഷമാണ് ഇപ്പോൾ ബിഗ് ഡീലുകൾ വീണ്ടും ആരംഭിച്ചത് എന്നാണറിവ്. റാഫേൽ കരാർ അടക്കം പലതും വിവാദത്തിന്റെ നടുവിലും ആണ്. പ്രതിരോധ മേഖലയിലും മുക്കാൽ പങ്കും വിദേശികൾക്കും സ്വകാര്യ മൂലധന സംരംഭകർക്കും തുറന്നു കൊടുക്കുന്ന നടപടിയും ഈ സർക്കാർ ആരംഭിച്ചു കഴിഞ്ഞു.

നല്ല രീതിയിൽ തുടങ്ങിയ രാജീവ് ഗാന്ധിയുടെ ഭരണം അദ്ദേഹത്തിന്റെ ഡൂൺ സ്കൂൾ കൂട്ടുകാരുടെ അവിഹിത ഇടപെടലും സമ്പർക്കവും കൊണ്ട് മോശമാവുകയാവുകയായിരുന്നു എന്ന് കരുതുന്നു. അവസാന കാലത്തു തനിക്ക് തെറ്റ് പറ്റിയെന്നു ജനങ്ങളോട് ഏറ്റു പറഞ്ഞ അദ്ദേഹം ഒരു തിരിച്ചു വരവ് ആഗ്രഹിച്ചു. പക്ഷേ…
1991ൽ അധികാരത്തിൽ വന്ന ശ്രീ നരസിംഹ റാവുവിന്റെ ഭരണത്തോടെ കോൺഗ്രസിൽ നിന്നും മാനസികമായ അകൽച്ച ആരംഭിച്ചു. കോൺഗ്രസിന്റെ നന്മയായി കരുതിയ പല സാമ്പത്തിക നയങ്ങളും എടുത്ത് അറബിക്കടലിൽ എറിയുകയായിരുന്നു. Liberalisation പോളിസിക്ക് ഒരിക്കലും എതിരായിരുന്നില്ല, പക്ഷേ അത് അതിരു കടക്കാൻ തുടങ്ങി. വാജ്‌പേയിയുടെ കാലമെത്തിയപ്പോൾ അത് എല്ലാ അതിരുകളും ലംഘിച്ചു.ബാങ്കിങ് സർവീസ് റിക്രൂട്ട്മെന്റ് ബോർഡ് പിരിച്ചു വിടൽ, പി.എഫ്.ആർ.ഡി.എ. ബിൽ തുടങ്ങി നിരവധി. അന്ന് പൊതുമേഖലാ സ്ഥാപനങ്ങളെ തൂക്കി വിൽക്കാൻ മാത്രം ഒരു മന്ത്രി ഉണ്ടായിരുന്നു, disinvestment മിനിസ്റ്റർ അരുൺ ഷൂറി.

കേരളത്തിൽ അതിന്റെ ഉദ്ഘാടകൻ ശ്രീ എ.കെ.ആന്റണി ആയിരുന്നു. ആ വിഷയവും എന്റെ രാഷ്ട്രീയ മാറ്റവും വേറൊരു അവസരത്തിൽ ചർച്ച ചെയ്യേണ്ടതാണ്. ഏതായാലും എന്നെ ഇടതു പക്ഷത്തേക്ക് കൂടുതൽ അടുപ്പിച്ചത് ശ്രീ ആന്റണിയുടെ നയങ്ങൾ തന്നെ ആയിരുന്നു. പിന്നെ തീർച്ചയായും ശ്രീ വി എസ് എന്ന വിശ്രമമില്ലാത്ത പോരാളിയും. അതിനു ശേഷം ഈ വർഷത്തോടെ എല്ലാ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ നിന്നും മാറി മനുഷ്യ പക്ഷം (humanist) എന്നൊരു നിലപാടിലേക്ക് എത്തിച്ചേർന്നു. നേതാക്കളോടും പാർട്ടികളോടും ഉള്ള അനുഭാവം പൂർണമായും ഇല്ലാതായി. അതൊക്കെ നേരത്തെ പറഞ്ഞതാണ്. വിശദമായി പിന്നീട് ഒരവസരത്തിൽ പറയാം.

ഓർമകൾ മരിക്കുന്നില്ല. സ്വാധീനിച്ച ആദ്യ രാഷ്ട്രീയ നേതാവ് എന്ന നിലയിൽ രാജീവ് ഗാന്ധി എന്നും മനസ്സിലുണ്ടാവും. അദ്ദേഹത്തിന്റെ സംസ്കാര സമയത്തു ജനലക്ഷങ്ങൾ ഉയർത്തിയ മുദ്രാവാക്യം ഉദ്ധരിച്ചു കൊണ്ട് നിർത്തുന്നു:-
“മാം ബേട്ടേ കാ യഹ് ബലിദാൻ
യാദ് രഹേഗാ ഹിന്ദുസ്ഥാൻ”


ചിത്രങ്ങളിൽ ശ്രീ രാജീവ് ഗാന്ധിയുടെ വധത്തിനു കാരണമായ ബോംബ് സ്‌ഫോടനത്തിന് തൊട്ടു മുമ്പുള്ള നിമിഷം കൊലയാളികൾ അദ്ദേഹത്തോട് ചേർന്നു നിൽക്കുന്നത്, ബോംബ് സ്‌ഫോടനത്തിന് ശേഷമുള്ള ചിത്രം എന്നിവയും കാണാം.