രതിവൈകൃതക്കാരുടെ സ്വന്തം നാട്

0
106

Santhosh Iriveri Parootty

“രതിവൈകൃതക്കാരുടെ സ്വന്തം നാട്”

ഈ പോസ്റ്റ് ഞാൻ ആദ്യമായി ഫേസ്ബുക്കിൽ ഇടുന്നത് ഏതാണ്ട് മൂന്നു വർഷങ്ങൾക്കും മുമ്പാണ്. ഇപ്പോഴത്തെ ഫേസ്ബുക് ഫ്രണ്ട് ലിസ്റ്റിൽ പഴയവർ ആയി ഏതാണ്ട് 1100 പേർ മാത്രമേ ഉള്ളൂ. പുതുതായി ഫ്രണ്ട്‌സ് ആയി വന്ന കുട്ടികൾ ഈ പോസ്റ്റ് വായിക്കുന്നത് നല്ലതായിരിക്കും എന്ന് കരുതുന്നതിനാൽ ആണ് ചില മാറ്റങ്ങൾ വരുത്തി ഇത് റീ പോസ്റ്റ് ചെയ്യുന്നത്.

ഒരു മൂന്നു പതിറ്റാണ്ട് പിന്നിലേക്ക്. അന്ന് ഞാൻ മമ്പറം ഹൈസ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. ഞങ്ങളുടെ നാടായ ഇരിവേരിയിൽ നിന്ന് മമ്പറത്തേക്കു നേരിട്ട് ബസ്സില്ല. അത് കൊണ്ട് ആർ.വി.മെട്ട വരെ നടക്കും. അതിനിടയിൽ ഇരിവേരിക്കാവിന്റെ അടുത്ത് പപ്പേട്ടന്റെ വീട്ടിൽ കയറും. അവിടെ എന്റെ കൂടെ ബേബിയും കൂടും. അവൾ അന്ന് ഒൻപതിലാണ്. എന്റെ വീട്ടിൽ പെൺകുട്ടികളില്ല. അത് കൊണ്ട് പപ്പ്യേച്ചി ബേബിക്ക് മുടി പിന്നിക്കെട്ടി കൊടുക്കുന്നതും ടിഫിൻ ബോക്സ് ബാഗിൽ ആക്കി വെച്ചു കൊടുത്തു സ്കൂളിലേക്ക് യാത്രയാക്കുന്നതും ഒക്കെ കൗതുകത്തോടെയാണ് കാണുക. പപ്പ്യേച്ചിക്ക് എന്നെ വലിയ കാര്യമാണ്. വിശേഷങ്ങൾ ഒക്കെ അന്വേഷിക്കും. പിന്നെ ആർ വി മെട്ട വരെ ഞാനും ബേബിയും ഒരുമിച്ചാവും യാത്ര.

ആർ വി മെട്ടയിൽ നിന്നാണ് തലശ്ശേരി ബസ്സിൽ കയറുക. ചക്കരക്കല്ലിൽ നിന്നു പുറപ്പെടുന്ന ബസ് ആർ വി മെട്ട- വെള്ളച്ചാൽ- മൂന്നുപെരിയ-പെരളശ്ശേരി-മമ്പറം-പിണറായി വഴി (നമ്മുടെ മുഖ്യമന്ത്രിയുടെ സ്വദേശം പിണറായി തന്നെ) തലശ്ശേരി വരെ പോകുന്നതായിരിക്കും. അതിലാണ് മമ്പറത്തേക്കു പോവുക. അതാണ് പതിവ്. സാധാരണ എട്ടു അമ്പതിന്റെ നീന (പിന്നീടത് പേര് മാറ്റി ശില്പയായി) ബസ്സിനാണ് പൊയ്ക്കൊണ്ടിരുന്നത്. (15 പൈസയാണ് അന്ന് പാസ്സ്). ഇപ്പോൾ ആ ബസ്സൊന്നും ഇല്ലെന്ന് തോന്നുന്നു. നീന പഴയ ഒരു മൊട്ട ബസ് ആയിരുന്നു. ഇന്നുള്ളവർ എത്ര പേർ അത്തരം ബസ്സുകൾ കണ്ടിട്ടുണ്ട് എന്നറിയില്ല. നീന, നിമ്മി, നിജിൽ, ലിജിൻ, ആഞ്ജനേയ, ബാലറാം, സെവൻസ്, അനിൽ എന്നിവയൊക്കെയായിരുന്നു അന്നത്തെ ആർ വി മെട്ട വഴിയുള്ള പ്രധാന ബസ്സുകൾ.

എന്നെ സംബന്ധിച്ചിടത്തോളം അന്നും പതിവ് പോലെ ഒരു സാധാരണ ദിവസം ആയിരുന്നു. അന്ന് ബസ്സിൽ സീറ്റും കിട്ടി. അതും സൈഡ് സീറ്റ്. ആനന്ദ ലബ്ധിക്കിനിയെന്തു വേണ്ടൂ? സൈഡ് സീറ്റ് കിട്ടുക എന്ന് പറഞ്ഞാൽ ലോട്ടറി അടിച്ചത് പോലെയാണ്. സാധാരണ ആർ വി മെട്ട ആകുമ്പോഴേക്കും ചിലപ്പോൾ സീറ്റ് തന്നെ കിട്ടില്ല. ഇനിയിപ്പോ പുറത്തെ കാഴ്ചയൊക്കെ കണ്ടു യാത്ര ചെയ്യാം. മൂന്നുപെരിയ എത്തിയാൽ പിന്നെ കണ്ണൂർ-കൂത്തുപറമ്പ് റോഡ് ആയി. പെരളശ്ശേരി സ്കൂളിലെ കുട്ടികളെ ഇറക്കി കഴിഞ്ഞാൽ പിന്നെ മമ്പറം വരെ അത്യാവശ്യം നല്ല സ്പീഡിൽ പോവും. ചിലപ്പോൾ മമ്പറം വരെയുള്ള ആളെ പിടിക്കാൻ കണ്ണൂർ-കൂത്തുപറമ്പ് ബസ്സുകളുമായി മത്സരവുമുണ്ടാവും. ഇതൊക്കെയാണ് നമ്മുടെ ഒരു ത്രില്ല്. പെരളശ്ശേരി അമ്പലം കഴിഞ്ഞാൽ ഇറക്കത്തിനു ഒരു സ്റ്റോപ്പ് ഉണ്ടാവും. അവിടെ ആളുണ്ടാവല്ലേ, നിർത്തല്ലേ എന്ന് ഞാൻ പ്രാർത്ഥിക്കും. കാരണം അവിടെ നിർത്തുന്നില്ലെങ്കിൽ പിന്നെ നീണ്ടു നിവർന്നു കിടക്കുന്ന റോഡിൽ കൂടി ബസ്സ്, ജെറ്റ് പോകുന്ന പോലെ പോകും.

അങ്ങനെ മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടി ഇരിക്കുന്ന (ഇച്ചിരി ന്യൂ ജനറേഷൻ ആയിക്കോട്ടെ) നേരത്താണ് സീറ്റിൽ തൊട്ടടുത്തു ഇരുന്ന ആൾ എന്റെ ദേഹത്ത് തെല്ലു ചെറുതായി അമർത്തിയത്. അപ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത് തന്നെ. നോക്കുമ്പോൾ പാല്പുഞ്ചിരി പൊഴിച്ചുകൊണ്ട് എഴുപത്-എഴുപത്തഞ്ച് പ്രായം വരുന്ന ഒരു അപ്പൂപ്പൻ. എന്റെ വീട്ടിലും അച്ഛാച്ഛൻ ഉണ്ടായിരുന്നത് കൊണ്ട് അപ്പോൾ ഒന്നും തോന്നിയില്ല. മാത്രമല്ല അയാൾ ഒരു പ്രത്യേക മതവിശ്വാസത്തിന്റെ ഭാഗമായി തലയിൽ ഒരു കെട്ടും പിന്നെ താടി നീട്ടി വളർത്തുകയും ചെയ്തിരുന്നു. ക്രിസ്മസ് അപ്പൂപ്പന്റെ മാതിരി നല്ല വെളുവെളുത്ത താടി. ഇങ്ങനെയുള്ള ആളുകളോട് നമുക്ക് സ്വതസിദ്ധമായ ഒരു ബഹുമാനമുണ്ടാവുമല്ലോ. ഒരു മതപണ്ഡിതന്റെ ലുക്ക് ഉണ്ടായിരുന്നത് കൊണ്ട് സ്വാഭാവികമായും ഇത്തിരി റെസ്പെക്ട് തോന്നി.

പന്തികേട് തോന്നിയത് അയാൾ എന്റെ തുടയിൽ കൈവെച്ചപ്പോഴാണ്. അപ്പോഴും കൂടുതൽ പരിഭ്രമം ഒന്നും ഉണ്ടായിരുന്നില്ല. തിരക്കിൽ സൗകര്യത്തിനു വെച്ചതായിരിക്കും എന്ന് കരുതി. പിന്നെ പിന്നെ അയാൾ തുടയിൽ തലോടാൻ തുടങ്ങി. അന്ന് ഞാൻ നല്ല പോലെ തടിച്ചിട്ടാണ്. ഇന്നത്തേക്കാളും നല്ല തടിയുണ്ട് . അയാളുടെ തലോടലിന്റെ ശക്തി വർധിച്ചു വന്നു. അത് ഒരു തരം മസ്സാജിന്റെ രൂപത്തിലായി. അന്ന് ഫോർപ്ലേയുടെ വിവരമൊന്നും നമുക്കില്ലല്ലോ. തുടയുടെ മുകൾ ഭാഗം തൊട്ടു താഴെ വരെ അയാൾ ശക്തിയായി തടവൽ തുടർന്നു .

അടുത്തതായി അയാളുടെ കൈ എന്റെ ലൈംഗികാവയവത്തിലേക്കു നീങ്ങി. penis ലും scrotum ത്തിലും അയാൾ പിടി മുറുക്കി. വൃഷണസഞ്ചി അയാളുടെ കൈയിൽ കിടന്നു ഞെരിഞ്ഞു. എനിക്ക് നന്നായി വേദനിക്കുന്നുണ്ടായിരുന്നു. എന്റെ വായിലെ വെള്ളം വറ്റി. തൊണ്ട വരണ്ടു. ശ്വാസം കിട്ടാത്തത് പോലത്തെ അനുഭവം. ശബ്ദം പുറത്തു വരുന്നില്ല. ആളുകൾ തിങ്ങി നിറഞ്ഞ ആ ബസ്സിൽ ഞാൻ ‘ആൾക്കൂട്ടത്തിൽ തനിയെ’ ആയി. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ വീട്ടുകാർ വളർത്തിയ എനിക്ക് ഒന്ന് കരയാൻ പോലുമായില്ല. എന്താണ് സംഭവിക്കുന്നതെന്നുപോലും എനിക്ക് പിടികിട്ടിയില്ല. അയാളെ തട്ടി മാറ്റി ആ സീറ്റിൽ നിന്നും എങ്ങനെയെങ്കിലും എഴുന്നേൽക്കാൻ ആഗ്രഹിച്ചു. പക്ഷെ പേടിച്ചു കാലു പൊങ്ങുന്നില്ല. വീട് വിട്ടാൽ സ്കൂൾ, സ്കൂൾ വിട്ടാൽ വീട് എന്ന് ശീലിച്ചു വളർന്ന എനിക്ക് ആദ്യമായി തലക്കടിയേറ്റതു പോലെ തോന്നി. സകല ദൈവങ്ങളെയും വിളിച്ചു.

കോട്ടം സ്റ്റോപ്പ് പിന്നിട്ടപ്പോൾ ബസ്സില്‍ സീറ്റ് കിട്ടാതെ നിന്നിരുന്ന ഒരാൾ സീറ്റിലിരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു അടുത്തുനിന്നു. എനിക്ക് അയാളെ ദൈവദൂതനായാണ് തോന്നിയത്. ആ തക്കം മുതലാക്കി എങ്ങനെയോ സീറ്റിൽ നിന്ന് ഒരു വിധത്തിൽ ചാടിപ്പിടന്നെഴുന്നേറ്റ് അയാൾക്ക് സീറ്റ് കൊടുത്തു. നോക്കിയപ്പോൾ ഒരു വഷളൻ ചിരി അപ്പോഴും ആ അപ്പൂപ്പന്റെ മുഖത്തു ബാക്കിയുണ്ടായിരുന്നു, അയാളുടെ പ്രായത്തിനു ചേരാത്ത വൃത്തികെട്ട ഒരു വികടൻ ചിരി.

സ്കൂളിൽ ഒരു വിധത്തിലെത്തിയപ്പോൾ മാനസികമായി ആകെ തകർന്നിരുന്നു. പൊട്ടിക്കരഞ്ഞു. എത്രനേരം കരഞ്ഞെന്നു എനിക്ക് തന്നെ ഓർമയില്ല. അന്ന് കരഞ്ഞ പോലെ അതിനു മുമ്പോ പിന്നീടോ ജീവിതത്തിൽ കരഞ്ഞിട്ടുണ്ടാവില്ല. കൂട്ടുകാരും അധ്യാപകരും ചുറ്റും കൂടി നിന്നു. അവർ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ ഒന്നും കേട്ടില്ല. ഒന്നിനും മറുപടി പറഞ്ഞുമില്ല. എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു. എങ്ങനെയെങ്കിലും വീട്ടിലെത്തി അച്ഛനെയും അമ്മയെയും കണ്ടാൽ മതിയായിരുന്നു.അന്നത്തെ ക്ലാസ്സുകളൊന്നും കേട്ടില്ല. ഒരു ജീവച്ഛവം പോലെ സ്കൂളിലെ വൈകുന്നേരത്തെ ബെൽ മുഴങ്ങാൻ കാത്തുനിന്നു.

വൈകുന്നേരം വീട്ടിലെത്തി അച്ഛനോടും അമ്മയോടും ഉണ്ടായ അനുഭവം പറഞ്ഞു ഒരു പാട് കരഞ്ഞു. അവർ ആശ്വസിപ്പിച്ചു. ഇനി ഇത്തരം അനുഭവം ഉണ്ടായാൽ നേരിടാനുള്ള വഴികൾ പറഞ്ഞു തന്നു. അത് മനസ്സിന് നൽകിയ ധൈര്യം ചെറുതല്ലായിരുന്നു.പിന്നീട് എത്രയോ ദിവസം ആ മനുഷ്യനെ കാണണേ എന്നാശിച്ചു ബസ്സിൽ കയറിയിട്ടുണ്ട്. അയാളുടെ അടുത്തിരിക്കാനും ഇനി അയാൾ അങ്ങനെ ചെയ്താൽ അയാളോട് പ്രതികാരം ചെയ്യാനും. പക്ഷേ പിന്നീടൊരിക്കലും അയാളെ കണ്ടില്ല. വേറെ നിരവധി കുട്ടികളുടെ മനസ്സിൽ ആധി നിറച്ചു ആ മനുഷ്യമൃഗം പിന്നെയും കുറേക്കാലം അയാളുടെ യാത്ര തുടർന്ന് കാണും.

നിങ്ങളിൽ പലർക്കും ചിലപ്പോൾ സമാന അനുഭവം ഉണ്ടായിക്കാണും. എന്നാൽ താൻ sexual abuse ന് ഇരയായി എന്ന് പറയാൻ നമ്മിൽ പലർക്കും മടിയാണ്. ആ മനോഭാവം വെടിയേണ്ടതുണ്ട്. ചില തുറന്നു പറച്ചിലുകൾ ചിലപ്പോൾ സമൂഹത്തിൽ പലർക്കും പ്രയോജനപ്പെട്ടേക്കും. എന്നെ സംബന്ധിച്ചിടത്തോളം പിന്നീട് ഇത്തരം അനുഭവങ്ങൾ കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിവരുന്നത് ഇതാണ്. ഓരോ ലൈംഗികാതിക്രമത്തിന്റെയും കഥ കേൾക്കുമ്പോൾ ഇപ്പോഴും മനസ്സിനെ വേട്ടയാടുന്ന സംഭവമാണിത്. കാലം ഇത്ര കഴിഞ്ഞിട്ടും ആ മനുഷ്യനോട് ഞാൻ ക്ഷമിച്ചിട്ടില്ല. ക്ഷമിക്കാൻ കഴിയുകയുമില്ല. ലൈംഗികാതിക്രമത്തിനിരയായ ഒരു ഇരക്കും അതിനു കഴിയുമെന്ന് തോന്നുന്നില്ല. ആൺകുട്ടികളും പെൺകുട്ടികളും ഇരകൾ ആകുന്നുണ്ട്. പള്ളീലച്ചന്മാരും പൂജാരിമാരും മൗലവിമാരും അടക്കം മത്സരിച്ചു തങ്ങളുടെ libido exhibit ചെയ്യാനിറങ്ങുമ്പോൾ കേരളം ലൈംഗികവൈകൃതക്കാരുടെ നാടായി മാറുകയാണ്.
അതെ,
“രതിവൈകൃതക്കാരുടെ സ്വന്തം നാട്”