ഉയർന്നു പറക്കുന്ന “ഗരുഡൻ”
(A WATCHABLE MOVIE)

Santhosh Iriveri Parootty

കുറ്റവാളികൾക്ക് മേൽ ഗരുഡൻ കണ്ണുകളുമായി അവരെ പിന്തുടരുന്നത് ആരാണ്? ഇതിനുത്തരമാണ് മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ നവാഗതനായ അരുൺ വർമ സംവിധാനം ചെയ്ത “ഗരുഡൻ”. വ്യത്യസ്തമായ സിനിമ എന്ന് എല്ലാ സിനിമക്കാരും നാഴികയ്ക്ക് നാല്പത് വട്ടം ആവർത്തിക്കുമ്പോൾ ഇവിടെ ത്രില്ലർ ഴോണറിൽ ഒരു വ്യത്യസ്തത കൊണ്ടുവരാൻ ഇതിന്റെ അണിയറ പ്രവർത്തകർക്ക് ആയിട്ടുണ്ട്. മൗത്ത് പബ്ലിസിറ്റിയിലൂടെയും നല്ല അഭിപ്രായങ്ങളിലൂടെയും ചിത്രം മികച്ച വിജയം ആയേക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പ്രത്യക്ഷത്തിൽ വളരെ സാധാരണമായ ഒരു കഥയിൽ നിന്നും ബ്രില്ല്യന്റ് എന്ന് പറയാവുന്ന തിരക്കഥയിലൂടെയും അതിന്റെ ട്രീറ്റ്മെന്റിലൂടെയും ചിത്രം വേറൊരു ലെവലിലേക്ക് ഉയരുന്നുണ്ട്. നായക- പ്രതിനായക ദ്വന്ദ്വങ്ങൾ മാറി മാറി വരുമ്പോൾ പ്രേക്ഷകരിൽ ഉണ്ടാവുന്ന ആശയക്കുഴപ്പം തന്നെയാണ് പ്രധാന കഥാതന്തു.

കൊച്ചിയിൽ ഒരു പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കോമ സ്റ്റേജിൽ ആവുന്നു. കേസന്വേഷിക്കാനെത്തുന്ന ഡി.സി.പി ഹരീഷ് മാധവന്റെ (സുരേഷ് ഗോപി) അന്വേഷണത്തിലൂടെ കുറ്റവാളി പിടിയിലാവുന്നു. എന്നാൽ തുടർന്നുണ്ടാവുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെ ചിത്രം മറ്റൊരു ട്രാക്കിലേയ്ക്ക് കടക്കുന്നു. ഇന്റർവലിൽ ചിത്രം തീർന്നു എന്ന് കരുതുന്ന പ്രേക്ഷകർക്ക് പിന്നീടാണ് മനസ്സിലാവുക, യഥാർഥത്തിൽ ഇന്റർവലിന് ശേഷമാണ് ചിത്രം തുടങ്ങുന്നത് എന്ന്.

ഡിസിപി ഹരീഷ് മാധവിനെ സുരേഷ് ഗോപി മികവുറ്റതാക്കി. Restrained Performance കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. അത്യാവശ്യത്തിന് സ്റ്റാർ ഇമേജും ഉപയോഗിച്ചിട്ടുണ്ട്. Big and Bombastic Dialogues ഒന്നുമില്ല. എന്നാൽ നീതിബോധം, ജോലിയിലെ സൂക്ഷ്മത, കൃത്യത, തിരിച്ചടികളിലെ നിസ്സഹായത, രണ്ട് കാലഘട്ടങ്ങളിൽ പ്രായം വരുത്തുന്ന മാറ്റങ്ങൾ, ഈ രണ്ട് ഘട്ടങ്ങളിലെയും മാനസിക വ്യാപാരങ്ങൾ എന്നിവയൊക്കെ അദ്ദേഹം നന്നായി ആവിഷ്കരിച്ചിട്ടുണ്ട്. മദ്യപാനിയായുള്ള രംഗങ്ങൾ കുറച്ചു ഓവർ ആയെന്ന് ആദ്യം തോന്നിപ്പിച്ചെങ്കിലും അതിന് കാരണം ക്ലൈമാക്സിൽ വിശദീകരിക്കുന്നത് ഉൾക്കൊള്ളാൻ പറ്റുന്നതേയുള്ളൂ. സിനിമയിൽ അദ്ദേഹം സജീവമായിരുന്നെങ്കിൽ മലയാളത്തിന് കുറച്ചു മികച്ച ചിത്രങ്ങൾ ലഭിച്ചേനെ.

ഈ പടത്തിൽ ഏറ്റവും സ്കോർ ചെയ്തതായി തോന്നിയത് നിഷാന്ത് എന്ന കോളജ് അധ്യാപകനും അഡ്വക്കേറ്റുമായി വേഷമിട്ട ബിജു മേനോൻ ആണ്. ചെയ്യാത്ത കുറ്റത്തിന് ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുന്ന മധ്യവയസ്കന്റെ രോഷവും വാശിയും പ്രതികാരവും എല്ലാം മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു അദ്ദേഹം. ക്ലൈമാക്സിലെ ബിജു മേനോന്റെ ഗംഭീര പകർന്നാട്ടം ഈ ചിത്രം കണ്ട പ്രേക്ഷകർക്ക് ആർക്കും മറക്കാനാവില്ല. അദ്ദേഹത്തിന്റെ പല ഭാവത്തിലുള്ള, അർഥഗർഭമായ ചിരികൾ ഈ ചിത്രത്തിൽ കാണാം. സ്പോയ്ലർ ആയതിനാൽ കൂടുതൽ പറയുന്നില്ല.

ജഗദീഷും സിദ്ദിഖിന്റെയും ചില മികച്ച അഭിനയ മുഹൂർത്തങ്ങളും ചിത്രത്തിൽ ഉണ്ട്. മനോഹരമായിത്തന്നെ “ഗരുഡനി”ൽ അവ ഉൾചേർന്നിരിക്കുന്നു. സമീപ കാലത്ത് എല്ലാ ചിത്രങ്ങളിലും വൈവിധ്യ പൂർണമായ പ്രകടനം കൊണ്ടു വരുന്ന ജഗദീഷ് ഈ ചിത്രത്തിലും തകർത്തിട്ടുണ്ട്. നിഷാന്ത് സാഗറിന്റെ വേഷവും കിടു ആയിരുന്നു. അഭിരാമി, ദിവ്യ പിള്ള, ചൈതന്യ പ്രകാശ്, മേഘ, തലൈവാസൽ വിജയ്, ദിലീഷ് പോത്തൻ, ദിനേശ് പണിക്കർ, മഹേഷ്‌, ജയൻ ചേർത്തല, മേജർ രവി, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ജിനേഷിന്റെ കഥയ്ക്ക് മിഥുൻ മാനുവൽ തോമസ് ഒരുക്കിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ കരുത്ത്. ത്രില്ലർ സിനിമകളിൽ ഒരു ബെഞ്ച്മാർക്ക് സൃഷ്ടിച്ച അഞ്ചാം പാതിരയുടെ എഴുത്തുകാരനും സംവിധായകനുമായ മിഥുന്റെ വേറിട്ടൊരു ത്രില്ലർ ആണ് “ഗരുഡൻ”. ടെയ്ൽ–എൻഡിൽ വരെ കയ്യടിപ്പിക്കുന്ന ആ കരവിരുത് മിഥുൻ മാനുവൽ തോമസിന് അവകാശപ്പെട്ടത് തന്നെ. ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതം, അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ ക്യാമറ, ശ്രീജിത്ത് സാരംഗിന്റെ എഡിറ്റിംഗ് എന്നിവയെല്ലാം ചിത്രത്തെ വേറൊരു ലെവലിലേക്ക് ഉയർത്തുന്നുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

പൊതുവെ സ്ലോ പേസിൽ ആണ് ചിത്രം പോകുന്നത്. അത് കൊണ്ടായിരിക്കണം ചിത്രം അവസാനഭാഗത്ത്‌ ധൃതിയിൽ തീർത്തത് പോലെ തോന്നിയത്. കുറച്ച് മെലോഡ്രാമ ഒക്കെ ചില രംഗങ്ങളിൽ അനുഭവപ്പെട്ടു, പ്രതേകിച്ചും ഫാമിലി രംഗങ്ങളിൽ. അത് പോലെ ഇതിൽ പറയുന്ന നിയമപരമായ ചില കാര്യങ്ങളെക്കുറിച്ചും സംശയമുണ്ട്. ധാരണയില്ലാത്തതിനാൽ കൂടുതൽ പറയുന്നില്ല. പിന്നെ ഡോളർ കടത്തുന്ന മന്ത്രി, കൊടി സുനിയെ ഓർമിപ്പിക്കുന്ന നരി സുനി എന്ന കഥാപാത്രം എന്നിവയൊക്കെ ഒരു വിഭാഗം പ്രേക്ഷകരെ സന്തോഷിപ്പിക്കുകയും മറ്റൊരു വിഭാഗത്തെ അസ്വസ്ഥരാക്കുകയും ചെയ്തേക്കാം.

ഏതായാലും മികച്ച ഒരു സ്ലോ പേസ് ത്രില്ലർ ആണ് “ഗരുഡൻ”. ചിലയിടങ്ങളിൽ ഒരു ലീഗൽ ത്രില്ലറിന്റെ
സ്വഭാവവും ചിത്രം കൈവരിക്കുന്നുണ്ട്. ഒരു തരം മൈൻഡ് ഗെയിമും പലപ്പോഴും കടന്നു വരുന്നു. കേരള പോലീസിനും ചിത്രം ട്രൈബ്യൂട്ട് ആവുന്നുണ്ട്. അതേ സമയം പോലീസ് കള്ളക്കേസിൽ കുടുക്കിയത് വഴി ജീവിതം നഷ്ടമായ നിരപരാധികളുടെ ജീവിതത്തിലേക്ക് ഒരു വേള ചിത്രം വെളിച്ചം വീശുന്നുമുണ്ട്. ക്ലൈമാക്സ്‌ അടക്കമുള്ള അവസാനത്തെ 15 മിനിറ്റ് ഗംഭീരമാണ്. നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ ക്ലൈമാക്സ്‌ രംഗങ്ങളെ വരവേൽക്കുന്നത്. ക്ലൈമാക്സിൽ “ഗരുഡൻ” ആരെന്ന് വിശദീകരിക്കുന്നതും തകർത്തു. മലയാളികൾക്ക് ആ “ഗരുഡനോ” ട് സ്വഭാവികമായി തോന്നുന്ന ഇഷ്ടം സീനിനു കിട്ടുന്ന കയ്യടിയിൽ പ്രതിഫലിക്കുന്നുണ്ട്. ചിത്രത്തിന് ഒരു ടെയിൽ – എൻഡ് ഉണ്ട്. അത് കൊണ്ട് പടം കഴിഞ്ഞെന്ന് കരുതി തിരക്കിട്ടു തിയേറ്ററിൽ നിന്നും ഇറങ്ങിപ്പോവരുത്. തീർച്ചയായും ധൈര്യമായി ടിക്കറ്റ് എടുക്കാം. പക്ഷേ, മറ്റൊരു “അഞ്ചാം പാതിരാ” പ്രതീക്ഷിക്കരുത് എന്ന് മാത്രം.

You May Also Like

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ഒരു ശുദ്ധ A പടം ‘ചതുരം’ റിലീസിന്

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത സിനിമയാണ് ചതുരം .നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ…

അങ്ങനെ ഒടുവിൽ അത് സംഭവിക്കുന്നു

ധനുഷും, ഐശ്വര്യ രജനികാന്തും വേർപിരിയുന്നു… കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചു

ഈ ബോളിവുഡ് സെലിബ്രിറ്റികളുടെ പേരിൽ പ്രത്യേക വിഭവങ്ങൾ ലഭ്യമാണ്

ഈ ബോളിവുഡ് സെലിബ്രിറ്റികളുടെ പേരിൽ പ്രത്യേക വിഭവങ്ങൾ ലഭ്യമാണ്. ബോളിവുഡ് താരങ്ങളോടുള്ള ആരാധകരുടെ ഭ്രാന്തിന് അതിരില്ല.…

ആരാധകർക്ക് ചൂടുപകരുന്ന ഇന്ത്യൻ അഡൾട്ട് വെബ് സീരീസിലെ 30 ഹോട്ടസ്റ്റ് നടികൾ

വെബ് സീരീസുകളും OTT പ്ലാറ്റ്‌ഫോമുകളും തീർച്ചയായും വിനോദ ജീവിതത്തിന്റെ വഴി മാറ്റി. താരപദവി, വിനോദം, വ്യവസായത്തിലെ…