മാസ്സ് ആൻഡ് ക്ലാസ് “കാപ്പ”
Santhosh Iriveri Parootty
ചെറിയ ഒരു കാലയളവിൽ കണ്ണൂർ കലക്ട്രേറ്റിൽ “കാപ്പ” കേസുകൾ കൈകാര്യം ചെയ്യുന്ന സീറ്റിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. KAAPA എന്നാൽ Kerala Antisocial Activities Prevention Act എന്നതിന്റെ ചുരുക്ക രൂപമാണ്. ചുരുക്കത്തിൽ ഗുണ്ടാ ആക്ട് എന്നും പറയും. ജില്ലാ പോലീസ് മേധാവിമാർ നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടർ ആണ് ഗുണ്ടാ ആക്ട് ചുമത്തി കുറ്റവാളികൾക്കെതിരെ നടപടി എടുക്കുന്നതിൽ തീരുമാനം എടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു പാട് കാര്യങ്ങൾ പറയാനുണ്ടെങ്കിലും ഔദ്യോഗിക രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കേണ്ടതിനാൽ അതിലേക്ക് പോവുന്നില്ല.എന്നാൽ ജി ആർ ഇന്ദുഗോപന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ “കാപ്പ” ആ പേരിനപ്പുറം പ്രസ്തുത നിയമത്തിന്റെ വിവിധ വശങ്ങളിലേക്കൊന്നും സഞ്ചരിക്കുന്നില്ല. 90 കളിലെ രാം ഗോപാൽ വർമ ചിത്രങ്ങളെയും മലയാളത്തിൽ മുമ്പ് വന്നിട്ടുള്ള “ഇവർ” മോഡൽ ചിത്രങ്ങളെയും പോലെ ഒരു ഗാങ്സ്റ്റർ ത്രില്ലർ ആണ് ഈ ചിത്രം. തിരുവനന്തപുരം കേന്ദ്രമാക്കി ഒരു കൂട്ടം ഗുണ്ടകളുടെ കുടിപ്പകയുടെയും രക്ത ചൊരിച്ചിലിന്റെയും കഥയാണ് കാപ്പ.
ആദ്യം സൂചിപ്പിച്ച പോലെ പ്രശസ്ത എഴുത്തുകാരന് ജി ആര് ഇന്ദുഗോപന് തന്റെ തന്നെ “ശംഖുമുഖി” എന്ന നോവല് അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് മുമ്പ് നടന്ന പല യഥാർഥ സംഭവങ്ങളും ഇതിൽ പറഞ്ഞിട്ടുണ്ടെന്ന് കേൾക്കുന്നു. സബ് ജയിലിനു മുമ്പിലെ ഞെട്ടിക്കുന്ന സീൻ ഒറിജിനൽ ആയി നടന്ന സംഭവമത്രേ. ഏതായാലും മികച്ചതും വ്യത്യസ്തവുമായ തിരക്കഥ തന്നെയാണ് ഷാജി കൈലാസിന് ഈ ചിത്രത്തിന് തന്റെ പതിവ് ശൈലിയിൽ നിന്ന് മാറി പുതുമ നൽകാൻ സഹായകമായത്. നേരത്തെ ചെയ്ത “കടുവ” യെക്കാൾ നൂറിരട്ടി മികച്ച ചിത്രമാണ് “കാപ്പ”.
ചിത്രം തുടങ്ങുമ്പോൾ ഉള്ള ചില സീനുകൾ മിസ്സ് ചെയ്യരുത് എന്ന് ആദ്യമേ പറയട്ടെ. ബാംഗ്ലൂരിൽ ഐ ടി പ്രൊഫഷണൽ ആയ യുവ എഞ്ചിനീയർ ആനന്ദ് അനിരുദ്ധൻ (ആസിഫ് അലി) തന്റെ ഗർഭിണിയായ ഭാര്യ ബിനു ത്രിവിക്രമനുമൊത്ത് (അന്ന ബെൻ) തിരുവനന്തപുരത്ത് ജോലി ആവശ്യത്തിനായി സ്ഥലം മാറി എത്തുന്നു. പതിവ് സ്പെഷ്യൽ ബ്രാഞ്ച് വെരിഫിക്കേഷനിടെ തന്റെ ഭാര്യയുടെ പേര് കാപ്പ ലിസ്റ്റിൽ വന്നതായി അയാൾ മനസിലാക്കുന്നു. തന്റെ ഭാര്യയെ നിയമത്തിന്റെ ഊരാക്കുടുക്കിൽ നിന്ന് രക്ഷിച്ചെടുക്കാൻ അയാൾക്ക് നഗരത്തിലെ ഗുണ്ടാ സംഘങ്ങളുമായി ബന്ധപ്പെടേണ്ടി വരുന്നു. വിരുദ്ധ ഗുണ്ടാ സംഘങ്ങൾക്കിടയിൽ പെട്ട് നിസ്സഹായനായ ആനന്ദ് എന്ന ചെറുപ്പക്കാരൻ പക്ഷേ, കഥയറിയാതെ ആട്ടം കാണുകയായിരുന്നു. എല്ലാ കാര്യങ്ങളും അയാളൊഴികെ മറ്റെല്ലാവർക്കും അറിയാമായിരുന്നു.
പി എൻ മധുകുമാർ എന്ന ക്രൂരനായ ഗുണ്ടയിൽ നിന്നും കൊട്ട മധു എന്ന ക്രിമിനൽ സിൻഡിക്കേറ്റ് തലവനായി വളരുന്ന ശക്തനായ പ്രതിനായകനെയാണ് പൃഥ്വിരാജ് സുകുമാരൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യഭാഗത്തെ ഊർജസ്വലനായ യുവാവായ മധു എന്ന ലോക്കൽ ഗുണ്ടയിൽ നിന്നും അലക്കിത്തേച്ച കുപ്പായവുമിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തുടങ്ങുന്ന മധ്യവയസ്സിൽ എത്തിനിൽക്കുന്ന കൊട്ട മധു എന്ന ഗുണ്ടാത്തലവനെ പൃഥ്വിരാജ് ഗംഭീരമാക്കിയിട്ടുണ്ട്. ഇത്തരം വേഷങ്ങൾ ചെയ്യാൻ മലയാളത്തിലെ ഇന്നത്തെ യുവനടന്മാരിൽ ഏറ്റവും യോജിച്ചയാൾ താൻ തന്നെയെന്ന് പല സീനുകളിലും അടിവരയിടുന്നുണ്ട് പൃഥ്വി. ഒരേ സമയം പൈശാചികത്വവും പശ്ചാത്താപവും മനസ്സിൽ പേറുന്ന കൊട്ട മധു പൃഥ്വിയുടെ കയ്യിൽ ഭദ്രമായിരുന്നു. Subtle ആക്റ്റിങ്ങിലൂടെ സംഭാഷണം ഒക്കെ മിതത്വമാർന്ന് അവതരിപ്പിച്ചത് ശ്രദ്ധേയമായിരുന്നു.
പ്രത്യക്ഷത്തിൽ ഗുണ്ടയാണെന്ന് തോന്നിക്കാത്ത ഒന്നാന്തരം ഗുണ്ടകൾ തന്നെയാണ് ഈ ചിത്രത്തിലെ സസ്പെൻസും ട്വിസ്റ്റും. ആർക്കും ഒരു സൂചനയും തിരിച്ചറിവും നൽകാതെ, പ്രിയപ്പെട്ടവരെപ്പോലും ഇരുട്ടിൽ നിർത്തി, രംഗത്തൊരിടത്തും ഗുണ്ടയായി പ്രത്യക്ഷപ്പെടാതെ, തിരശീലയ്ക്ക് പിന്നിൽ നിന്ന് ചരട് വലിക്കുന്ന ഒന്നാന്തരം ഗുണ്ടകളെയും അവസാന ഭാഗത്ത് കാണാം. അവസാനത്തെ പതിനഞ്ച് മിനിറ്റ് നേരം ഗംഭീര അനുഭവം നൽകുന്നുണ്ട് “കാപ്പ”.എല്ലാം കഴിഞ്ഞെന്ന് തോന്നുന്ന സ്ഥലത്തു നിന്നുമാണ് ഈ ചിത്രത്തിലെ ഏറ്റവും മനോഹര നിമിഷങ്ങള് ഇതൾ വിരിയുന്നത്. ഒരു പക്ഷേ, കുറച്ചൊക്കെ ഊഹിക്കാൻ പറ്റാവുന്ന ട്വിസ്റ്റ് ഉണ്ടെങ്കിലും അവസാനം ഒരു രണ്ടാം ഭാഗത്തിന്റെ സൂചന നൽകി ചിത്രം അവസാനിപ്പിച്ചത് ഗംഭീരമായി.
മലയാള സിനിമയിലെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻമാരിൽ ഒരാൾ എന്ന തന്റെ സ്ഥാനത്തിന് പോറൽ വന്നിട്ടില്ലെന്ന് തെളിയിക്കുന്നുണ്ട് ഷാജി കൈലാസ്. മാസ് ആക്ഷൻ രംഗങ്ങൾക്ക് പുറമെ ക്ലാസ് കൂടിയാണ് “കാപ്പ”. സംഘട്ടന രംഗങ്ങൾ ഒക്കെ ഗംഭീരമായിരുന്നു. ഇടവേളക്ക് മുമ്പത്തെ കാർ -ബൈക്ക് ചേയ്സ് സീൻ ഒക്കെ കിടു. മികച്ച തിരക്കഥയിൽ ഇനിയും അത്ഭുതങ്ങൾ തന്നിൽ നിന്നും പ്രതീക്ഷിക്കാമെന്നു അടിവരയിടുന്നുണ്ട് ഷാജി കൈലാസ് “കാപ്പ” യിലൂടെ.
“റോഷാക്കി” ലെ പോലെ വളരെ വ്യത്യസ്തമായ വേഷത്തിൽ ജഗദീഷ് പൂന്തുവിളയാടിയിട്ടുണ്ട് “കാപ്പ”യില്. ചിത്രത്തിൽ ഒരേ സമയം ഗുണ്ടയും ഗുണ്ടയുടെ സഹായിയും നായകന്റെ ഗുരുതുല്യനുമായ ജബ്ബാർക്ക എന്ന ക്രിമിനലിനെ ജഗദീഷ് അവിസ്മരണീയമാക്കി. കൊട്ട മധുവിന്റെ അന്ത്യത്തിന് ശേഷവും ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട് ജബ്ബാര്ക്ക. ഇടവേളയ്ക്കു ശേഷം ഇടി വെട്ടി പെയ്യുന്ന പെർഫോമൻസ് ആണ് ലത്തീഫ് എന്ന ക്രിമിനൽ പത്രപ്രവർത്തകന്റെ വേഷത്തിൽ ദിലീഷ് പോത്തൻ നടത്തിയിരിക്കുന്നത്. ചിത്രത്തിലെ ചില സീനുകളിൽ അന്യായ പെർഫോമൻസ് ആണ് അദ്ദേഹത്തിന്റേത്. ചിത്രാന്ത്യത്തിൽ ആളിക്കത്തുന്ന പെർഫോമൻസ് അപർണ ബാലമുരളിയും അന്ന ബെന്നും നടത്തിയിട്ടുണ്ട്. പ്രത്യേകിച്ചും അപർണയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. കാപ്പയുടെ രണ്ടാം ഭാഗത്തിലായിരിക്കും ഈ രണ്ട് കഥാപാത്രങ്ങൾക്ക് കൂടുതൽ മിഴിവ് ലഭിക്കുക എന്ന് തോന്നുന്നു. പാവത്താനും നിഷ്കളങ്കനുമായ ആനന്ദിനെ ആസിഫ് അലി തന്റേതായ രീതിയിൽ മികവുറ്റതാക്കിയിട്ടുണ്ട്. നന്ദു, ബിജു പപ്പൻ, സജിത മഠത്തിൽ, സെന്തിൽ കൃഷ്ണ, ബിനു പപ്പു തുടങ്ങി നിരവധി പേർ താരനിരയിൽ ഉണ്ട്. സാങ്കേതിക ഘടകങ്ങൾ മികച്ചു നിന്നതും ഒരു പ്ലസ് പോയിന്റ് ആണ്.
ഇത്തരം ചിത്രങ്ങൾ പലപ്പോഴും പ്രവചനാത്മകമാണ് എന്നതാണ് നെഗറ്റീവ് ആയി തോന്നിയ ഘടകം. “വാളെടുത്തവൻ വാളാലെ” എന്ന ചൊല്ല് പ്രാവർത്തികമാകുമെന്ന് ഈ ഴോണറിൽ പെട്ട മുൻകാല ചിത്രങ്ങൾ കണ്ടിട്ടുള്ളവർക്ക് അറിയാം. പിന്നെ തഴക്കവും പഴക്കവും ചെന്ന സീസൺഡ് ക്രിമിനൽ ആയ ഒരു ഗുണ്ടാത്തലവൻ ചിത്രത്തിൽ കാണിച്ചത് പോലെയുള്ള ഒരു ട്രാപ്പിൽ തല വെച്ചു കൊടുക്കുന്നത് അവിശ്വസനീയമായി തോന്നി. തിരുവനന്തപുരം ഭാഷ നന്നായി ഉപയോഗിച്ചെങ്കിലും ജഗദീഷിന്റെ “സമന്മാരോടേ സന്ധി പാടുള്ളൂ” എന്ന തരം ഡയലോഗുകൾ ഇടയ്ക്ക് വന്നത് കല്ല് കടിയായി. പിന്നെ ചില കടുത്ത വയലൻസ് രംഗങ്ങൾ ഉണ്ട്. എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല.
തീർച്ചയായും മാസും ക്ലാസും ആണ് “കാപ്പ”. അത് പോലെ എല്ലാവർക്കും ഇഷ്ടപ്പെട്ടു കൊള്ളുന്ന തരം പടം ആവണമെന്നുമില്ല. ചിത്രത്തിന് പലയിടത്തും പതിഞ്ഞ താളമാണ്, അത് ആവശ്യവുമാണ്. രണ്ടാം വാരത്തിലും കണ്ണൂർ സവിത കോംപ്ലക്സിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു എന്നത് ചിത്രം വിജയത്തിലേക്കാണെന്ന് സൂചിപ്പിക്കുന്നു. ഒരു സാധാരണ സിനിമ പ്രേക്ഷകന് കാശ് മുതലാവുന്ന പടം തന്നെയാണ് “കാപ്പ”. “കടുവ” പോലെ ഒരു പക്കാ മാസ് മസാല പടം പ്രതീക്ഷിച്ചു പോവരുതെന്ന് മാത്രം.