നിഗൂഢതയുടെ നിശാസഞ്ചാരം
Santhosh Iriveri Parootty
വീണ്ടും ത്രില്ലറിന്റെ പൂക്കാലവുമായെത്തുകയാണ് ജീത്തു ജോസഫ്. കണ്ണൂർ സവിത ഫിലിം സിറ്റിയിലെ തിരക്ക് ഒരു സൂചനയാണെങ്കിൽ ജീത്തുവിന്റെ കരിയറിലെ മറ്റൊരു സൂപ്പർ ഹിറ്റിന് കളമൊരുക്കുകയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം “കൂമൻ”. ജീത്തുവും തിരക്കഥാകൃത്ത് കൃഷ്ണകുമാറും ആദ്യമായി ഒന്നിച്ച “ട്വൽവ്ത് മാൻ” ഒരാവറേജ് സിനിമ കാഴ്ചയായിരുന്നെങ്കിൽ “കൂമനി” ൽ രണ്ടു പേരും മർമത്തിൽ തൊട്ട് തന്നെ സിനിമ ഒരുക്കിയിട്ടുണ്ട്. ഏറ്റവും രസകരമായി തോന്നിയ കാര്യം ഈ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ചിന്തിക്കാൻ പറ്റാത്ത ഒരു വിഷയം അടുത്ത കാലത്ത് കേരളത്തിൽ നടക്കുകയും അത് ഇതിന് കഥാബീജമായി തീരുകയും ചെയ്തു എന്നതാണ്. എന്തായാലും ആ സംഭവം നടന്നതിനു ശേഷം എടുത്ത ചിത്രമല്ല ഇത് എന്നുറപ്പുള്ളത് കൊണ്ട് തന്നെ ഭൂത – ഭാവി കാലങ്ങളിലേക്ക് ഒരു ടൈം ട്രാവൽ നടത്തിയ പ്രതീതിയാണ്.
ഏറ്റവും ഇന്ററസ്റ്റിങ് ചിത്രത്തിന്റെ ഒന്നാം പകുതി തന്നെയാണ്. അത്ര മാത്രം പുതുമയും രസകരവും എൻഗേജിങ്ങും ആണ് ഫസ്റ്റ് ഹാഫ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഗിരി (ആസിഫ് അലി ) എന്ന പോലീസുകാരൻ തന്നെയാണ് ഇവിടെ രസികൻ കഥാപാത്രം. മികച്ച സംവിധായകന്റെ കീഴിൽ മികച്ച തിരക്കഥ ലഭിച്ചാൽ വേറെ ലെവലിലേക്ക് ഉയരുന്ന ആസിഫ് അലി ഇതിൽ പൂന്തു വിളയാടിയിട്ടുണ്ട്.
ആസിഫ് അലി എന്ന നടനെക്കുറിച്ച് കൂടുതൽ പറയാൻ അവസരം കിട്ടിയിട്ടില്ലാത്തത് കൊണ്ട് ഈയൊരവസരം ഉപയോഗിക്കുകയാണ്. 2019 ൽ റിലീസ് ആയ രണ്ട് ചിത്രങ്ങൾ അദ്ദേഹത്തിന്റെതായുണ്ട്.
ആ വർഷം ആദ്യപാദത്തിൽ റിലീസ് ആയ “ഉയരെ ” യും വർഷാന്ത്യം പുറത്തു വന്ന “കെട്ട്യോളാണ് എന്റെ മാലാഖ” യും. ഈ രണ്ട് ചിത്രങ്ങൾ എടുത്താൽ തന്നെ ഈ നടന്റെ റേഞ്ച് മനസ്സിലാവും. പാർവതി തിരുവോത്തിനെ പോലെ ടാലന്റിന് പകരം വെക്കാനില്ലാത്ത ഒരു നടിയുടെ പല്ലവി എന്ന കഥാപാത്രമായുള്ള തകർപ്പൻ പ്രകടനത്തിന് മുന്നിലും ടോക്സിക് റൊമാൻസിന്റെ പര്യായമായ ഗോവിന്ദ് എന്ന കട്ട നെഗറ്റീവ് വേഷത്തിൽ ആസിഫിന്റെ മറ്റൊരു മുഖം കാണാം. അതേ സമയം “കെട്ട്യോളാണ് എന്റെ മാലാഖ” യിൽ ഏതൊരാളും ഇഷ്ടപ്പെടുന്ന, അതേ സമയം ഒരു ബലഹീനതയുടെ നിസ്സഹായതയിൽ പെട്ടുഴലുന്ന സ്ലീവാച്ചൻ എന്ന പാവത്താനായ ഭർത്താവ് ആയി അദ്ദേഹം മറ്റൊരു മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഈ ചിത്രത്തിൽ ക്രിമിനൽ ബുദ്ധിയോടെ പ്രവർത്തിക്കുന്ന ഗിരി എന്ന പോലീസുകാരൻ ആസിഫ് അലിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു മികച്ച കഥാപാത്രം ആകുമെന്നുറപ്പാണ്.
കേരള- തമിഴ്നാട് അതിർത്തിയിലെ നെടുമ്പാറ എന്ന ഗ്രാമം. അവിടത്തെ പോലീസ് സ്റ്റേഷനിലെ സിപിഒ ആണ് ഗിരി. ആ നാട്ടുകാരൻ കൂടിയാണ് ഇയാൾ. നിസ്സാരകാര്യങ്ങൾക്ക് ആളുകളോട് മുട്ടുകയും വ്യക്തിവിരോധം മനസ്സിൽവെച്ച് തക്കം കിട്ടുമ്പോൾ അവർക്ക് നൈസായിട്ട് ‘പണി’ കൊടുക്കുകയും ചെയ്യുന്ന ഗിരി ഒരു തരം മനോവൈകല്യത്തിന്റെ ഉടമ തന്നെയാണ് . അതിനായി ഏതറ്റം വരെ പോകാനും എത്ര മാത്രം തരം താഴാനും ഒരു മടിയുമില്ലാത്ത പോലീസുകാരൻ. യൂണിഫോമിട്ട ഒരാൾ ഇത്തരം പ്രവൃത്തികൾ ചെയ്യുമ്പോൾ അയാൾ സാധാരണക്കാരുടെ സ്വൈര്യജീവിതത്തിന് തന്നെ ഭീഷണി ആയി തീരുന്നു. ഒടുവിൽ തന്റെ മേലുദ്യോഗസ്ഥനിട്ട് “തട്ട് ” കൊടുക്കാൻ ഒരു പോലീസുകാരൻ ഒരിക്കലും ചെയ്തു കൂടാത്ത, ഒരു തരം കൈ വിട്ട, തറവേല എന്ന് തന്നെ വിളിക്കാവുന്ന കളിക്ക് അയാൾ തയ്യാറാവുന്നു. പോലീസുകാരൻ തന്നെ കള്ളനാവും വിധമുള്ള ഇത്തരം പ്രവർത്തികൾ തന്നെയാണ് നിശാസഞ്ചാരിയായ കൂമൻ ആയി അയാളെ മാറ്റുന്നത്. നിഗൂഢമായ ഈ സഞ്ചാരം ഒന്നാം പകുതിയുടെ മധ്യത്തിൽ അയാളെ ഒരു വലിയ പ്രതിസന്ധിയിൽ എത്തിക്കുന്നു.
രണ്ടാം പകുതിയിലാണ് ജീത്തു ജോസഫ് തന്റെ ഇഷ്ടപ്പെട്ട ഴോണറിലേക്ക് കടക്കുന്നത്. ത്രില്ലറിൽ തൊട്ടപ്പോഴൊന്നും ജീത്തുവിന് കൈ പൊള്ളിയിട്ടില്ല. ഇവിടെയും സേഫ് ആയി ലാൻഡ് ചെയ്യുകയാണ് ജീത്തു. ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് കരുതി തള്ളിക്കളഞ്ഞ ഏതാനും ‘ആത്മഹത്യകൾ’ ആണ് ഇവിടെ അന്വേഷണവിധേയമാകുന്നത്. അതിന് പിന്നിൽ മറ്റെന്തെങ്കിലും ദുരൂഹതകളുണ്ടോ എന്ന അന്വേഷണം മറ്റൊരു മികച്ച ത്രില്ലറിലേക്കുള്ള യാത്രയുടെ തുടക്കമാവുന്നു. തന്റെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെടുന്ന തരത്തിൽ ഇതിൽ ഒരു ആത്മഹത്യ മാറുമ്പോൾ ഇതിന്റെ ചുരുളഴിക്കേണ്ടത് ഗിരിയ്ക്ക് ഒരു ജീവന്മരണ പ്രശ്നമായി തീരുന്നു. ദുരൂഹതകളുടെ പിന്നാലെയുള്ള ഗിരിയുടെ യാത്ര ഞെട്ടിക്കുന്ന ചില യാഥാർഥ്യങ്ങളിലേക്കെത്തിക്കുന്നു. ചിത്രത്തിലെ ട്വിസ്റ്റുകൾക്ക് ഒക്കെ വളരെ വിശദമായ ഡീറ്റെയിലിങ് നൽകി എന്നുള്ളത് ശ്രദ്ധേയമാണ്.
ആസിഫ് അലി കഴിഞ്ഞാൽ എടുത്തു പറയേണ്ട മറ്റൊരു പ്രകടനം ജാഫർ ഇടുക്കിയുടേതാണ്. അദ്ദേഹത്തെ പറ്റി ഓരോ സിനിമ എടുത്തു വെച്ച് പറയേണ്ട കാര്യം തന്നെയില്ല. ഇറങ്ങുന്ന ഓരോ ചിത്രത്തിലും ഒന്നിനൊന്നു മികച്ച പ്രകടനമാണ് അദ്ദേഹത്തിന്റേത്. രഞ്ജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, നന്ദു, ഹന്നാ റജി കോശി, ആദം അയൂബ്, ദീപക് പറമ്പോൽ, ബൈജു, പൗളി വിൽസൺ, രാജേഷ് പറവൂർ എന്നിവരൊക്ക മികച്ചു നിന്നു.
മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സാങ്കേതികവിഭാഗം വെടിപ്പായി ജോലി ചെയ്തിട്ടുണ്ട്. “കൂമൻ ” സഞ്ചരിക്കുന്നത് രാത്രിയിൽ ആയത് കൊണ്ട് തന്നെ രാത്രി അതിന്റെ എല്ലാ വന്യവും വശ്യവുമായ സൗന്ദര്യത്തോടെ അഭ്രപാളിയിലേക്ക് പകർത്തിയിട്ടുണ്ട് സതീഷ് കുറുപ്പ്. വിഷ്ണു ശ്യാമിന്റെ ബി ജി എം കിടു എന്നല്ല, കിക്കിടു.ചിത്രത്തിൽ പ്രതിപാദിക്കുന്ന ചില കാര്യങ്ങളോടുള്ള ആശയപരമായ വിയോജിപ്പും ഇവിടെ പറഞ്ഞു വെക്കട്ടെ. മിശ്രലിംഗം എന്ന ഐഡന്റിറ്റിയിൽ കേന്ദ്രീകരിച്ചു കൊണ്ട് കാര്യങ്ങൾ പറയണമെന്ന് നിർബന്ധമില്ല. അങ്ങനെ പറയുന്നതിൽ അർഥമില്ലെന്ന് കേരളത്തിന്റെ സമീപകാല അനുഭവങ്ങൾ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഒരു തരം ട്രാൻസ്ഫോബിക്ക് സമൂഹത്തെ സൃഷ്ടിക്കാൻ സിനിമകൾ കാരണമാകാതിരുന്നാൽ നന്ന്. പിന്നെ ഇതൊക്കെ ഉൾക്കാടുകളിലേക്കൊന്നും കൊണ്ടു പോകേണ്ട കാര്യമില്ല. നഗര മധ്യത്തിൽ തന്നെ നടക്കും. ക്ലൈമാക്സുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ വിയോജിപ്പുണ്ട്. സ്പോയിലർ ആകുമെന്നതിനാൽ കൂടുതൽ പറയുന്നില്ല.
ഒരു സ്ലോ പേസ് ത്രില്ലർ ആണ് കൂമൻ.മികച്ച ഒരു തിയറ്റർ അനുഭവം സമ്മാനിക്കുന്നുണ്ട് ചിത്രം. SO WATCH IT OUT IN THEATRES…