അനീതിക്കെതിരെയുയര്‍ന്ന ‘പട’ പ്പുറപ്പാട്
Santhosh Iriveri Parootty എഴുതുന്നു
1975 ൽ ആണ് കേരളത്തിൽ ആദിവാസി ഭൂനിയമം നിലവിൽ വരുന്നത്. ഇത് 21 വർഷത്തോളം ആദിവാസികൾക്ക് പ്രത്യേക ഗുണമൊന്നും ചെയ്യാതെ തുടർന്നു. 1960 നു ശേഷം കുടിയേറ്റക്കാരിൽ നിന്നും ഏറ്റെടുത്ത ഭൂമി മുഴുവൻ ആദിവാസികൾക്ക് തിരിച്ചു നൽകാനാണ് ബില്ല് വ്യവസ്ഥ ചെയ്തിരുന്നത്. പിന്നീട് 1996 ൽ കൊണ്ട് വന്ന ആദിവാസി ഭൂനിയമ ഭേദഗതി ബില്ല് Kerala Scheduled Tribes (Restriction of Transfer of Land) ൽ വെള്ളം ചേര്ത്തു . ഇ കെ നായനാര്‍ മന്ത്രിസഭ പാസാക്കിയ ഈ നിയമം സമരങ്ങള്‍ക്ക് വഴി തെളിച്ചു. കാരണം ആദിവാസികള്‍ക്ക് നഷ്ടപ്പെട്ടുപോയ ഭൂമി തിരിച്ചുകൊടുക്കണമെന്ന വ്യവസ്ഥ മാറ്റി മറ്റൊരിടത്ത് ഭൂമി കൊടുത്താല്‍ മതിയെന്നായിരുന്നു പുതിയ നിയമഭേദഗതി. യുഡിഎഫ്-എല്‍ഡിഎഫ് എംഎല്‍എമാര്‍ എല്ലാവരും ചേര്‍ന്ന് നിയമം പാസാക്കിയപ്പോള്‍ കെ ആര്‍ ഗൗരിയമ്മ മാത്രം ഭേദഗതിയെ എതിര്‍ത്തു. ഇതിൽ പ്രതിഷേധിച്ചു സംസ്ഥാനമൊട്ടാകെ ആദിവാസി പ്രതിഷേധങ്ങൾ നടന്നു. മാവോയിസ്റ്റ് സംഘടന എന്ന് ആരോപിക്കപ്പെടുന്ന അയ്യങ്കാളിപ്പടയിലെ നാലു പേര് ചേർന്ന് 1996 ഒക്ടോബര് 4 നു പാലക്കാട് കലക്ടർ ഡബ്ല്യൂ ആർ റെഡ്ഢിയെ അദ്ദേഹത്തിന്റെ ചേംബറിൽ 9 മണിക്കൂറോളം ബന്ദിയാക്കി. നിയമം പിന്‍വലിക്കണമെന്നായിരുന്നു അയ്യങ്കാളിപ്പടയുടെ ആവശ്യം. കല്ലറ ബാബു, വിളയോടി ശിവന്‍കുട്ടി, കാഞ്ഞങ്ങാട് രമേശന്‍, അജയന്‍ മണ്ണൂര്‍ എന്നിവരായിരുന്നു ഭരണകൂടത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഘത്തിലുണ്ടായിരുന്നത്. ഈ സംഭവത്തെ അധികരിച്ചാണ് കമൽ കെ എം തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പട’ പ്രദര്ശനത്തിന് എത്തിയിരിക്കുന്നത്.
സി ആർ സി – സി പി ഐ എം എൽ പിരിച്ചുവിട്ടതിനെത്തുടർന്ന് ഒരു വിഭാഗം പ്രവർത്തകർ ചേർന്ന് കേരള കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചു. അതിന്റെ യൂത്ത് വിങ് ആയിരുന്നു അയ്യങ്കാളിപ്പട. കേരള കമ്മ്യൂണിസ്റ്റ് പാർട്ടി പിന്നീട് സി പി ഐ എം എൽ നക്സൽ ബാറിൽ ലയിച്ചു. പിന്നീട് ഈ പാർട്ടി, മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററും പീപ്പിൾസ് വാർ ഗ്രൂപ്പും ചേർന്ന് രൂപീകരിച്ച സി പി ഐ മാവോയിസ്റ്റ് എന്ന പാർട്ടിയിൽ ലയിച്ചു ചേർന്നു .ഒന്നാം തരം രാഷ്ട്രീയ ചിത്രമാണ് പട. ചിത്രത്തിന്റെ തുടക്കത്തില്‍ അന്നത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ അടങ്ങുന്ന പത്രക്കട്ടിങ്ങുകള്‍ ഒക്കെ കാണിക്കുന്നുണ്ട്. “നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു കൊന്നില്ലേ” എന്ന് ഗൗരിയമ്മ കടമ്മനിട്ടയോട് ചോദിച്ച വാര്‍ത്തയൊക്കെ മിന്നിമറയുന്നുണ്ട്. പലപ്പോഴും പിന്നാക്ക വിഭാഗക്കാരുടെ കഥ പറയുമ്പോൾ അവഗണിക്കപ്പെടുന്ന ആദിവാസികളുടെ പ്രശ്നങ്ങൾ ഈ ചിത്രം സധൈര്യം വിളിച്ചു പറയുന്നുണ്ട്. ഭക്ഷണം, ഭൂമി, പാർപ്പിടം എന്നിവ നിഷേധിക്കപ്പെട്ടു സ്വന്തം ഭൂവിൽ അഭയാർത്ഥികൾ ആക്കപ്പെടുന്ന ഒരു ജനതയുടെ ദൈന്യത ചിത്രം വരച്ചു കാട്ടുന്നുണ്ട്. ചിത്രത്തിൽ തന്നെ പറയുന്ന പോലെ ‘ഭൂപടത്തിൽ ഇല്ലാത്ത ഒരു നാടും അവിടത്തെ മനുഷ്യരും’. അവരുടെ രോദനമാണ് അധികാരികളുടെ ബധിരകര്ണങ്ങളിൽ പതിക്കുന്നത്. ഓപ്പറേഷൻ നയിക്കുന്ന നാല് പേരും വ്യക്തിക്കുമപ്പുറം സമൂഹത്തിന്റെ ഉന്നതി ലക്ഷ്യമിടുന്നവരാണ്. ഇവരിൽ രാജേഷിനു (കുഞ്ചാക്കോ ബോബൻ) മാത്രമേ മുൻ ക്രിമിനൽ പശ്ചാത്തലമുള്ളൂ. സമയം പ്രധാനമായതിനാൽ തന്റെ കുഞ്ഞുമോളുടെ റിസ്റ്റ് വാച്ച് കടം വാങ്ങിയാണ് ബാലു (വിനായകൻ) ഓപ്പറേഷന് പുറപ്പെടുന്നത്. ലോട്ടറി വിൽക്കുന്ന സ്ത്രീ ഒരു ലോട്ടറി വാങ്ങിക്കാൻ കെഞ്ചുമ്പോൾ അതിനാവതില്ലാതെ വിഷമിക്കുന്നുണ്ട് അരവിന്ദൻ (ജോജു ജോർജ്). ഓപ്പറേഷൻ വിവരം അറിയുന്ന തന്റെ ഭാര്യയെ ആശ്വസിപ്പിക്കുന്ന തിരക്കിലാണ് നാരായണൻ കുട്ടി (ദിലീഷ് പോത്തൻ).
വ്യക്തമായ രാഷ്ട്രീയ ബോധമുള്ളവരാണ് ഈ പടയിലെ നാൽവർ സംഘം. ബന്ദിയാക്കപ്പെട്ട കളക്ടർ ബന്ദികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ജനീവ കൺവൻഷനെക്കുറിച്ച് പറയുമ്പോൾ അവരുടെ മറുപടി ശ്രദ്ധിക്കുക. താൻ ഭൂവിഷയത്തിൽ ആദിവാസികൾക്ക് അനുകൂല നിലപാടാണ് എടുത്തത് എന്ന് കളക്ടർ പറയുമ്പോൾ അദ്ദേഹത്തിന്റെ ശ്രമങ്ങൾ രാഷ്ട്രീയ സമ്മർദത്താൽ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് അവർ ഓർമിപ്പിക്കുന്നുണ്ട്.

“എല്ലാ പിന്തിരിപ്പന്മാരും വെറും കടലാസ് പുലികളാണെന്ന് മാവോ പറഞ്ഞത് ശരിയെന്ന് ഈ സംഭവം തെളിയിക്കുന്നു. ഒരു കളിത്തോക്കു കൊണ്ടും നൂലുണ്ട കൊണ്ടും പ്ലാസ്റ്റിക്ക് പൈപ്പ് കൊണ്ടും ഭരണ കൂടത്തെ മണിക്കൂറുകളോളം പിടിച്ചു വെയ്ക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. നിങ്ങൾ നിങ്ങളുടെ ഭരണഘടനയോട് നീതി പുലർത്തണം. ആദിവാസി ഭൂനിയമ ഭേദഗതി റദ്ദാക്കണം. മർദിതരുടെ ഐക്യം തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കും…” എന്ന് പോവുന്ന അവരുടെ ഒടുവിലത്തെ പ്രസ്താവനയിൽ അസന്ദിഗ്ധമായ ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം ഇവിടത്തെ ഇടതു-വലതു രാഷ്ട്രീയക്കാര്‍ കാണാതെ പോവുന്നു.
എന്നാൽ ഒന്നും മാറുന്നില്ലെന്ന് പിന്നീട് നമുക്ക് ബോധ്യമാവുന്നുണ്ട്. സന്ധി സംഭാഷണത്തിനെത്തുന്ന ജഡ്ജിയോട് (സലിം കുമാർ) ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കും അല്ലേ എന്ന് ചോദിക്കുമ്പോൾ അദ്ദേഹം ചിരിക്കുന്ന ആ മങ്ങിയ ചിരിയിൽ എല്ലാമുണ്ട്. ആ ജഡ്ജിക്ക് തന്നെ പ്രൊമോഷൻ നിഷേധിക്കപ്പെടുന്നു. ആദിവാസികൾക്ക് അനുകൂല നിലപാടെടുത്ത കളക്ടറെ രണ്ട് മാസത്തിനുള്ളിൽ സ്ഥലം മാറ്റുന്നു. നാലു പേരുടെയും പേരിൽ കേസെടുത്ത് വേട്ടയാടുന്നു. അങ്ങനെ എല്ലാം അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നു.
പടയിലെ അംഗങ്ങളായെത്തിയ നാലു പേരും മികച്ചു നിന്നു. യഥാർഥ പേരുകളിൽ നിന്നും അൽപ്പം മാറ്റം വരുത്തിയാണ് കഥാപാത്രങ്ങൾക്ക് പേരുകൾ നൽകിയിട്ടുള്ളത്. കലക്ടറുടെ വേഷത്തിൽ വന്ന അർജുൻ രാധാകൃഷ്ണൻ മിതത്വമാർന്ന പ്രകടനം കൊണ്ട് ശ്രദ്ധേയനായി. തിരക്കഥ ഡോക്യുമെന്ററി സ്വഭാവത്തിലേക്ക് പോവാതിരിക്കാന്‍ പരമാവധി ശ്രമിച്ചു കാണുന്നുണ്ട്. ചിത്രത്തിന്റെ സമയം 2 മണിക്കൂര്‍ 5 മിനുട്ടില്‍ ഒതുക്കിയതും നന്ന്. സമീർ താഹിറിന്റെ ക്യാമറ , ഷാൻ മുഹമ്മദിന്റെ എഡിറ്റിംഗ്, വിഷ്ണു വിജയിന്റെ സംഗീതം എല്ലാം സിനിമയ്ക്ക് കരുത്തായി. പ്രകാശ് രാജ്, ഇന്ദ്രൻസ്, കനി കുസൃതി, ഉണ്ണിമായ പ്രസാദ്, ഷൈൻ ടോം ചാക്കോ, ജഗദീഷ്, ടി ജി രവി, അർജുൻ രാധാകൃഷ്ണൻ, സജിത മഠത്തിൽ, സാവിത്രി ശ്രീധരൻ, ശങ്കർ രാമകൃഷ്ണൻ, സുധീർ കരമന, സിബി തോമസ്, വി കെ ശ്രീരാമൻ, സന്തോഷ് കീഴാറ്റൂർ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ടെങ്കിലും പലർക്കും കാര്യമായൊന്നും ചെയ്യാനില്ല.
ഇവിടെ യഥാർത്ഥത്തിൽ ബന്ദിയാക്കപ്പെടുന്നത് കളക്ടർ അല്ല, മറിച്ച് ആദിവാസി സമൂഹമാണ് എന്നുറക്കെ വിളിച്ചു പറയുന്നു, പട. അത്തരമൊരു സമൂഹത്തിനു വേണ്ടി ചാവേറുകളാവാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ കഥയാണിത്.ചിത്രത്തിന്റെ തുടക്കത്തിൽ എഴുതിക്കാണിക്കുന്ന ഉദ്ധരണി പോലെ,
“മരണം ഒരു സാധാരണ സംഭവമാണ്. എന്നാൽ ജനങ്ങൾക്ക് വേണ്ടി പോരാടി മരിക്കുന്നത് ഹിമാലയത്തെക്കാൾ അത്യുന്നതവും ശാന്ത സമുദ്രത്തേക്കാൾ അഗാധവുമാണ്..”
കഥ വീണ്ടും തുടരുന്നു, മുത്തങ്ങയില്‍, ചെങ്ങറയില്‍, അരിപ്പയില്‍…!!!