പ്രണയമെന്ന നിർവൃതി
Santhosh Iriveri Parootty
“പ്രണയമൊരസുലഭ മധുരമാം നിർവൃതി” എന്നാണ് മലയാളികളുടെ പ്രിയപ്പെട്ട ഒ എൻ വി സാർ ഒരു ഗാനത്തിൽ എഴുതി വെച്ചത്. ബ്ലെസ്സി സംവിധാനം ചെയ്ത “പ്രണയം” എന്ന് തന്നെ പേരുള്ള ചിത്രത്തിൽ എം ജയചന്ദ്രൻ ഈണം പകർന്ന “പാട്ടിൽ ഈ പാട്ടിൽ..” എന്ന മധുരമായ ഗാനത്തിലാണ് ഒ എൻ വി പ്രണയത്തെ ഒറ്റവരിയിൽ നിർവചിച്ചത്. അതിമനോഹരമായ പ്രണയകല്പനകൾ നമുക്ക് പകർന്നു തന്ന യൂസഫലി കേച്ചേരി സർ “പേരറിയാത്തൊരു നൊമ്പര”ത്തെ യാണ് പ്രേമം എന്ന് വിളിച്ചത്. (ജയരാജ് സംവിധാനം ചെയ്ത “സ്നേഹം” എന്ന ചിത്രത്തിലെ ഗാനം). വയലാറും ഭാസ്കരൻ മാഷും ശ്രീകുമാരൻ തമ്പി സാറുമെല്ലാം ഇത്തരത്തിൽ മധുരോദാത്തമായ പ്രണയകല്പനകൾ നമുക്ക് പകർന്നു തന്നിട്ടുണ്ട്. പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ വികാരമത്രെ പ്രണയം. എനിക്കറിയില്ല. അതിൽക്കൂടി കടന്നുപോയിട്ടില്ല. ഒരിക്കലെങ്കിലും പ്രണയം അനുഭവിക്കാത്തവരായി ഭൂമിയിൽ ആരും ഉണ്ടാവില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. പ്രണയത്തിന്റെ വിശാല അർഥത്തിൽ ശരിയാവാം. ഇത്രയും പറഞ്ഞത് കഴിഞ്ഞ ദിവസം കണ്ട “പ്രണയ വിലാസം” എന്ന ചിത്രത്തെപ്പറ്റി പറയാനാണ്.
ഒരു പാട് പ്രണയങ്ങളുടെ ഒരു യാത്രയാണ് “പ്രണയ വിലാസം”. കണ്ടു മടുത്ത സ്ഥിരം റൊമാന്റിക് ക്ളീഷേകളിൽ നിന്ന് ഒരു പരിധി വരെ വേറിട്ട് നിൽക്കുന്നു ഈ ചിത്രം. അത് കൊണ്ട് തന്നെ കാണുമ്പോൾ ചെറുതായെങ്കിലും ഒരു വ്യത്യസ്തത ഫീൽ ചെയ്യുന്നുണ്ട്. വിവിധ കാലഘട്ടങ്ങളിലെ പ്രണയം ചിത്രത്തിൽ പറഞ്ഞു പോകുന്നുണ്ട്. ആദ്യ പ്രണയത്തിന്റെ നൊസ്റ്റു വേറൊരു ഭാഗത്തും. ചിലപ്പോഴെങ്കിലും സുഖകരമായ ഒരു നോവ് തരുന്ന അത്തരം ഓർമകളിലൂടെ സഞ്ചരിക്കുമ്പോൾ ഇടയ്ക്കെപ്പോഴോ നമ്മുടെ കണ്ണുകളും ഈറനണിയും. സ്ഥിരം ഹീറോ -ഹീറോയിൻ ക്യാമ്പസ് റൊമാന്റിക് സ്റ്റോറി അല്ലിത്. അതും ഒരു വശത്തുണ്ട് എന്ന് മാത്രം. പല കാലങ്ങളിൽ, പല കഥാപാത്രങ്ങളിലൂടെ പ്രണയത്തിന്റെ പല തലങ്ങളിലേക്ക് ഒരു സഞ്ചാരം. ഒരർഥത്തിൽ ഇതിലെ പ്രധാന കഥാപാത്രങ്ങളെല്ലാം പ്രണയിക്കുന്നവരാണ്.
എ.ആർ. റഹ്മാന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഗീതം പഠിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന സൂരജ് (അർജുൻ അശോകൻ). വില്ലേജ് ഓഫിസറായ രാജീവിന്റെയും (മനോജ് കെ യു) വീട്ടമ്മയായ അനുശ്രീയുടെയും (ശ്രീധന്യ) ഏക മകൻ. സൂരജിന് ഒരു പ്രണയമുണ്ട് (മമിത ബൈജു). വീട്ടിൽ കണിശക്കാരനായ രാജീവിന്റെ മനസ്സ് തന്റെ ആദ്യ കാമുകിയെ (മിയ) വീണ്ടും കണ്ടുമുട്ടുന്നതോടെ പതിനേഴിലെത്തുന്നു. ഇവിടെ “അനുരാഗക്കരിക്കിൻ വെള്ളം” എന്ന ചിത്രവുമായി നേരിയ സാമ്യം തോന്നാം. രാജീവ് വീണ്ടും പഴയ കൗമാരക്കാരനാവുന്നു.
അച്ഛനും മകനും തമ്മിൽ മിക്കപ്പോഴും ജഗ്ഡയാണ്. ആണ് വീടിലുള്ള മൂന്നു പേരും മൂന്നു ലോകങ്ങളിൽ ജീവിക്കുന്നവരാണ്. സംഭാഷണം പോലും പരിമിതം. പിതാവും പുത്രനും പ്രണയത്തിൽ ആപാദചൂഡം മുങ്ങി നിവരുമ്പോൾ ഉണ്ടാകുന്ന വേദനിപ്പിക്കുന്ന ഒരു അപ്രതീക്ഷിത സംഭവം കഥാഗതിയെ അപ്പാടെ മാറ്റി മറിക്കുന്നു.തികച്ചും വ്യത്യസ്തമായ സഞ്ചാരത്തിലൂടെ രണ്ടാം പകുതി പ്രേക്ഷകരുടെ മനം കവരും. ഒരു യാത്രയാണത്. ശരിക്കും ഒരു റോഡ് മൂവി എന്ന് പറയാവുന്ന തലത്തിലേക്ക് അത് വളരുന്നുണ്ട്. വർത്തമാനത്തിലേക്കും അതേ സമയം തന്നെ മുപ്പതു വർഷം പിന്നോട്ട് നടന്ന കുറെ സംഭവങ്ങളിലേക്കും അത് വഴി 1990 കളിലേക്കും. പലരിലും ഗൃഹാതുരത്വം ഉണർത്താൻ സാധ്യതയുള്ള നിരവധി മുഹൂർത്തങ്ങൾ രണ്ടാം പകുതിയിൽ ഉണ്ട്. പ്രണയത്തിന്റെ പര്യായമായി കുഞ്ചാക്കോ ബോബൻ സിനിമകളും ഓഡിയോ കാസറ്റുകളും ഒക്കെ നിറഞ്ഞു നിന്ന കാലം ചിത്രത്തിൽ കടന്നുവരുന്നു. തിരക്കഥ കൂടുതൽ മികച്ചു നിന്നതും സെക്കന്റ് ഹാഫിൽ ആണ്. കൂടുതൽ ഡാർക്ക് ആവാതെ ഇമോഷണൽ സീനുകൾ കഴിഞ്ഞ് ഇടയ്ക്ക് ലൈറ്റ് കോമഡി സീനുകൾ ഉൾപ്പെടുത്തിയാണ് തിരക്കഥ ഇവിടെ ഒരുക്കിയിരിക്കുന്നത്.
അർജുൻ അശോകനും മമിത ബൈജുവും തമ്മിലുള്ള കെമിസ്ട്രി സ്‌ക്രീനിൽ നന്നായി വർക്ക് ഔട്ട് ആയിട്ടുണ്ട്. മമിതയ്ക്ക് കൂടുതലായൊന്നും ചിത്രത്തിൽ ചെയ്യാനില്ലെങ്കിലും ചെയ്തത് നന്നായിരുന്നു. മനോജ് കെ യു പൊളിച്ചിട്ടുണ്ട്. “തിങ്കളാഴ്ച നിശ്ചയ” ത്തിനു ശേഷം മറ്റൊരു കിടിലൻ പ്രകടനം. ചില സീനുകളിൽ കോമഡി നന്നായി ചെയ്യാൻ ആയിട്ടുണ്ട്. അനശ്വര – ഹക്കീം ഷാ ജോഡികൾ രണ്ടാം പകുതിയിൽ ശരിക്കും സ്കോർ ചെയ്തു. കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയ അനശ്വര സ്വാഭാവികമായും കണ്ണൂർ സ്ലാങ് ഉപയോഗിക്കുന്നതിലും തിളങ്ങി. വിവിധ പ്രായങ്ങളിലൂടെയുള്ള ഹക്കീമിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. കണ്ണൂർ ഭാഷ ഉപയോഗിച്ച സിനിമയിൽ മിയയുടെ പ്രകടനം മിസ്കാസ്റ്റ് ആയി തോന്നി.ഷാൻ റഹ്മാന്റെ ബിജിഎം ഗംഭീരം. ക്ലൈമാക്സിൽ തകർത്തു. പാട്ടുകളും കൊള്ളാം. ശ്രീധന്യ, മിയ, ശരത് സഭ, ഉണ്ണിമായ നാലപ്പാടം എന്നിവരൊക്കെയാണ് അഭിനേതാക്കൾ.
വിവിധ പ്രണയ കാലഘട്ടങ്ങൾ വരച്ചു കാട്ടുന്നതിന് പുറമേ ചിത്രം പറയുന്ന മറ്റ് ചില വിഷയങ്ങളും ശ്രദ്ധേയമാണ്. കുടുംബജീവിതത്തിന്റെ തിരക്കിൽ, ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്ന ഭാര്യയ്ക്കും അമ്മയ്ക്കും സ്വപ്‌നങ്ങളും ജീവിതങ്ങളുമുണ്ടെന്നും ഭർത്താക്കന്മാരും മക്കളും അത് മറന്നു പോകരുതെന്നും ചിത്രം പറയാതെ പറയുന്നുണ്ട്. തിരക്ക് കഴിഞ്ഞ് ഒരു മണിക്കൂർ സീരിയൽ കാണുന്നവരെ അതിന് പോലും സമ്മതിക്കാതെ ഓരോന്ന് ചെയ്യാൻ നിർബന്ധിക്കുമ്പോൾ, അവരെ പരിഹസിക്കുമ്പോൾ ഓർക്കുക, ആ സീരിയൽ ചിലപ്പോൾ അവരുടെ ജീവിതത്തിലെ ഒരേ ഒരു എന്റർടെയ്നർ ആകാം.ഞങ്ങളുടെ നാട്ടിലെ ഭാഷ വീണ്ടും സിനിമയിൽ വന്നതിൽ സന്തോഷം. ജ്യോതിഷ് എം,സുനു എ.വി. എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ തിരക്കഥയിൽ നിഖിൽ മുരളിയാണ് സംവിധാനം.
മികച്ച ക്ലൈമാക്സ് ആണ് സിനിമയുടേത്. ആവശ്യമായ ഒരു പരിസമാപ്തി അവിടെ നൽകിയതായി തന്നെയാണ് തോന്നിയത്. മഴയുടെ നിരവധി ഭാവങ്ങൾ അടങ്ങുന്ന ഫ്രെയ്മുകൾ മനോഹരങ്ങൾ ആയിരുന്നു. മഴപെയ്തു മഴവെള്ളം കെട്ടി നിൽക്കുന്ന വീട്ടുമുറ്റവും പറമ്പുമൊക്കെ കണ്ണിന് കുളിർ പകർന്നു. ഷിനോസ് ആണ് ക്യാമറ. 122 മിനിറ്റ് ദൈർഘ്യമാണ് ചിത്രത്തിന്.ഏതായാലും സമീപകാല മലയാള റൊമാന്റിക് ചിത്രങ്ങളിൽ വേറിട്ടുനിൽക്കുന്നു “പ്രണയ വിലാസം “. എനിക്കിഷ്ടപ്പെട്ടു. നിങ്ങൾക്കും ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ.