Santhosh Iriveri Parootty
ജനാധിപത്യത്തെ ഗെറ്റിസ് ബർഗ് പ്രസംഗത്തിൽ എബ്രഹാം ലിങ്കൺ നിർവചിച്ചത് ” democracy of the people, by the people and for the people” എന്നായിരുന്നു. അങ്ങനെ ചിന്തിച്ചാൽ ഇവിടെ അഞ്ജലി മേനോന്റെ പുതിയ ചിത്രം “വണ്ടർ വുമൺ” എന്നതിനെ “a film of the women, by the women and for the women” എന്നും നിർവചിക്കാം. എന്നാൽ ഈ ചിത്രം എല്ലാവരും കണ്ടിരിക്കേണ്ടതായി മാറുന്നത് അതു മുന്നോട്ട് വെക്കുന്ന ആശയങ്ങൾ കൊണ്ട് കൂടിയാണ്. പ്രസവാവസ്ഥ, ഗർഭകാലം, Shared parenthood, ആണധികാരം, ഹിന്ദി അടിച്ചേൽപ്പിക്കൽ, sisterhood, ഫെമിനിസം തുടങ്ങി നിരവധി വിഷയങ്ങളിലൂടെ കേവലം ഒന്നര മണിക്കൂറിൽ താഴെ മാത്രമുള്ള ഈ കൊച്ചു ചിത്രം കടന്നു പോവുന്നുണ്ട്. അഞ്ജലി മേനോന്റെ എല്ലാ ചിത്രങ്ങളിലും എന്നത് പോലെ ബന്ധങ്ങളുടെ ഊഷ്മളത തന്നെയാണ് ഇവിടെയും പ്രതിപാദനത്തിൽ മുന്നിട്ട് നിൽക്കുന്നത്.
എല്ലാ ഗർഭിണികളും “വണ്ടർ വുമൺ” തന്നെയാണ്. പെണ്മയുടെ ആഘോഷമായാണ് ഗർഭകാലത്തെ കാണുന്നത് തന്നെ. എന്നാൽ എല്ലാ ഗർഭിണികളും ഒരു homogeneous identity ആണെന്ന് പറയാനാവില്ല. എല്ലാ സ്ത്രീകളുടെയും ഗർഭകാലം ഒരിക്കലും ഒരു പോലെയാവില്ല. പുരുഷന്മാർ അവരുടെ ചിന്തയ്ക്കും ഇഷ്ടത്തിനും ആഗ്രഹത്തിനും കാല്പനികതയ്ക്കും ഒക്കെ അനുസരിച്ച് സ്ത്രീയെ സാഹിത്യത്തിലും കലയിലും ഒക്കെ ചിത്രീകരിച്ചു. എന്നാൽ സ്ത്രീകൾക്ക് അവരെപ്പറ്റിയുള്ള കാഴ്ചപ്പാട് വിഭിന്നമായിരുന്നു. കാലം പുരുഷാധിപത്യത്തിനു മൂക്കു കയറിട്ടപ്പോൾ സ്ത്രീകൾ ഉമ്മറത്തു കസേരയിട്ടിരുന്നു അവരുടേതായ കാഴ്ചപ്പാടുകളെ വാങ്മയ ചിത്രങ്ങളാക്കി. ഇവിടെ ഒരു സ്ത്രീ തന്നെ സ്ത്രീത്വത്തെപ്പറ്റി എടുത്ത ചിത്രം എന്നതാണ് “വണ്ടർ വുമൺ” എന്ന സിനിമയുടെ സവിശേഷതയും മേന്മയും.
പിറവിയുടെ നോവ് എന്നത് പുതിയ സങ്കൽപ്പമല്ല. മനുഷ്യകുലത്തിന്റെ നിലനിൽപ്പ് തന്നെ അതിനെ അടിസ്ഥാനമാക്കിയാണ്. ഗർഭാവസ്ഥ ആവശ്യത്തിനും അനാവശ്യത്തിനും glorify ചെയ്യപ്പെടുന്ന സമൂഹമാണ് നമ്മുടേത്. ചിലർക്കൊക്കെ സ്ത്രീകളെ വല്ലാതെയങ്ങ് ബഹുമാനിച്ചു കളയാം എന്ന് തോന്നുന്ന കാലം കൂടിയാണത്. എന്നാൽ ഈ ചിത്രത്തിൽ പറയുന്നത് പോലെ ഗർഭകാലം സ്ത്രീയുടെയും പുരുഷന്റെയും കൂട്ടുത്തരവാദിത്തത്തിന്റെ കാലമാണ്. കുട്ടിയെ എടുക്കാൻ പോലുമറിയാത്ത അച്ഛൻമാർക്കിട്ട് സിനിമ നല്ല കൊട്ട് കൊടുക്കുന്നുമുണ്ട്.
ഡോക്ടർ നന്ദിത നടത്തുന്ന (നദിയ മൊയ്തു) ‘സുമന’ എന്ന ഗർഭശുശ്രൂഷ സെന്ററിലെത്തുന്ന (pre – natal centre) ആറു ഗർഭിണികളുടെ കഥയാണ് ഈ ചിത്രം. ഗർഭിണിയുടെ ടെൻഷൻ കുറയ്ക്കുക, സമാന അവസ്ഥകളിലൂടെ കടന്നു പോവുന്ന സ്ത്രീകളുമായി സൗഹൃദം പങ്കിട്ട് sisterhood ഉണ്ടാക്കുക, ഗർഭകാലം സന്തോഷകരമായ ഒരനുഭവമാക്കി മാറ്റുക എന്നതൊക്കെ തന്നെയാണ് ‘സുമന’ യും ചെയ്യുന്നത്. എപ്പോഴും ഭർത്താവിന്റെ മാതാവിന്റെ അകമ്പടിയോടെ എത്തുന്ന, തമിഴ് പറയുന്ന കൃഷ്ണവേണി ബാലസുന്ദരം (പത്മപ്രിയ), മൂന്നു തവണ miscarriage ആയി, ഒരു കുഞ്ഞെന്ന സ്വപ്നത്തിനായി ഏറെ കഷ്ടപ്പാടുകൾ അനുഭവിക്കുന്ന മറാഠി വീട്ടമ്മ ജയ (അമൃത സുഭാഷ്), ഗായികയയും ഒരു free spirited soul ഉം തന്റെ ഓവർ പ്രൊട്ടക്റ്റീവ് പങ്കാളിയിൽ നിന്നും കുറച്ച് സ്വാതന്ത്ര്യവും ആഗ്രഹിക്കുന്ന സായ (സയനോര), ഒരു പാട് മാനസിക സംഘർഷങ്ങൾ നേരിടുന്ന സിംഗിൾ മദറായ മിനി (പാർവതി തിരുവോത്ത്), ബാംഗ്ലൂരിൽ ജനിച്ചു വളർന്ന കരിയറിസ്റ്റും ജൂബിലന്റ് മൂഡിലുള്ള യുവതിയുമായ നോറ (നിത്യ മേനൻ), ‘സുമന’യിലെ തന്നെ സഹായിയും സാധാരണക്കാരിയുമായ ഗ്രേസി (അർച്ചന പത്മിനി) എന്നിവരാണ് ആ ബാച്ചിലെ ഗർഭിണികൾ. സ്വഭാവത്തിലും ജീവിതസാഹചര്യങ്ങളിലുമെല്ലാം ഏറെ വ്യത്യസ്തരായ ഇവർ ആറുപേരും പങ്കിടുന്ന ഏക സമാനത, ഗർഭാവസ്ഥയും കുഞ്ഞിനെക്കുറിച്ചുള്ള ആശങ്കകളുമാണ്. വ്യത്യസ്തരായ ഈ സ്ത്രീകൾക്കിടയിൽ ഉടലെടുക്കുന്ന സൗഹൃദവും അവരുടെ ജീവിതസാഹചര്യങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്. ഒടുവിൽ, പതിവ് അഞ്ജലി മേനോൻ ചിത്രങ്ങളെ പോലെ ഒരു ഫീൽ ഗുഡ് അനുഭവത്തിലേക്ക് എത്തിച്ചുകൊണ്ടാണ് ‘വണ്ടർ വുമൺ’ എന്ന സിനിമയും അവസാനിക്കുന്നത്.
പ്രകടനങ്ങളിലേക്ക് വന്നാൽ പാർവതി തിരുവോത്ത്, അമൃത സുഭാഷ് എന്നിവർ മികച്ചു നിന്നു. തനിക്കിഷ്ടമുള്ള ആഹാരം ഒറ്റയ്ക്ക് റെസ്റ്റോറന്റിൽ പോയി കഴിക്കുന്ന രംഗം, നിത്യ മേനോനുമായി കലഹിക്കുന്ന സീൻ, തന്റെ മുത്തശ്ശിയെ കണ്ടുമുട്ടുമ്പോഴുള്ള വൈകാരിക രംഗം തുടങ്ങി നിരവധി രംഗങ്ങളിൽ പാർവതി തന്റെ ക്ലാസ്സ് വീണ്ടും വെളിപ്പെടുത്തുന്നുണ്ട്. അതു പോലെ ആശങ്കകൾ വേട്ടയാടുന്ന ഒരു ഗർഭിണിയെ മനോഹരമായി അമൃത സുഭാഷ് അവതരിപ്പിക്കുന്നു. അതു പോലെ പുരുഷ കഥാപാത്രങ്ങളും വ്യക്തമായി നിർവചിക്കപ്പെട്ടവയാണ്.
ഒരു ഗ്ലോബൽ ഫിലിം എന്ന് ഇതിനെ വിളിക്കാമെന്ന് തോന്നുന്നു. ഒന്നര മണിക്കൂറിൽ ആകെ 5 മിനിറ്റോ മറ്റോ മാത്രമാണ് മലയാളം സംഭാഷണം ഉള്ളത്. കൂടുതലും ഇംഗ്ലീഷ്, ഹിന്ദി ആണ്. കൂടാതെ തമിഴ്, മറാത്തി അങ്ങനെ പല ഭാഷകളും ഉണ്ട്. തെക്കേ ഇന്ത്യയുടെ ലിംഗ്വിസ്റ്റിക്ക് ഡൈവേഴ്സിറ്റി ചിത്രത്തിൽ വിഷയമാകുന്നുമുണ്ട്. അതു പോലെ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ പരോക്ഷമായി വിമർശിക്കുന്നുമുണ്ട്.
മനസ്സിൽ തൊടുന്ന പല വൈകാരിക മുഹൂർത്തങ്ങളും ചിത്രത്തിലുണ്ടെങ്കിലും, സിനിമ മൊത്തത്തിൽ ആയൊരവസ്ഥയിലേക്ക് എത്തുന്നില്ലെന്ന് തോന്നി. വ്യക്തമായ ഒരു കഥയ്ക്ക് പകരം ഒരു extended docu-fiction ന്റെ സ്വഭാവമാണ് ചിത്രത്തിന്. ഒരർഥത്തിൽ ഒരു ഷോർട്ട് ഫിലിമിനുള്ള കഥയേ ചിത്രത്തിനുള്ളൂ. അതു കൊണ്ടാണ് ചിലയിടങ്ങളിൽ വലിച്ചു നീട്ടൽ അനുഭവപ്പെടുന്നത്. പല കഥാപാത്രങ്ങളുടെയും പാത്രസൃഷ്ടി അപൂർണമാണ്. ഉദാ :- നന്ദിത, സോയ.. ചില ആർട്ടിസ്റ്റുകൾക്ക് പൊതു സമൂഹത്തിലുള്ള ഇമേജിന് അനുസരിച്ചുള്ള കഥാപാത്രങ്ങളാണ് നൽകിയിട്ടുള്ളത്.
ഗർഭാവസ്ഥയ്ക്ക് പരിശീലനം നൽകുന്ന പ്രീ നാറ്റൽ സെന്ററുകൾ ഒരു മുതലാളിത്ത എലിറ്റിസ്റ്റ് പുതിയകാല സങ്കൽപം തന്നെയാണ്. എത്ര സാധാരണക്കാർക്ക് ഇത്തരം സൗകര്യങ്ങൾ പ്രാപ്യമാണ്? പലപ്പോഴും ഏച്ചുകെട്ടലുകൾ ഉള്ളതായും തോന്നി. ഒരു കുട്ടിയുണ്ടാകുന്നതാണ് ജീവിതത്തിലെ പരമമായ ലക്ഷ്യം എന്ന തോന്നൽ ജനിപ്പിക്കുന്നതും നല്ല പ്രവണതയല്ല. സിനിമ ഏറെക്കുറെ പ്രവാചനാത്മകവുമാണ്. പറയാൻ മാത്രം ക്രാഫ്റ്റിന്റെ മിടുക്കുമില്ല. പിന്നെ ഗർഭാവസ്ഥയെക്കുറിച്ച് ചിത്രത്തിൽ പറയുന്ന കാര്യങ്ങളും ഇന്റർനെറ്റിന്റെ ഈ പുഷ്കരകാലത്ത് ഒരു മൗസ് ക്ലിക്കിന്റെ അകലത്തിലോ കയ്യിലെ സ്മാർട്ട് ഫോണിലോ അല്ലെങ്കിൽ മാർക്കറ്റിൽ മുപ്പത്തിമുക്കോടി പുസ്തകങ്ങളുടെ രൂപത്തിലോ ഒക്കെ ലഭ്യമാണ് എന്നത് വേറൊരു കാര്യം. ഏതായാലും മനേഷ് മാധവന്റെ ക്യാമറ , ഗോവിന്ദ് വസന്തയുടെ സംഗീതം എന്നിവ മികച്ചു നിന്നു. മികച്ച ഒരു ചലച്ചിത്ര ഉദ്യമം തന്നെയാണ് “വണ്ടർ വുമൺ”. എല്ലാ സ്ത്രീകളും നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രം. പുരുഷന്മാരും കാണണം. കാരണം, ഭാര്യയുടെ ഗർഭ കാലത്ത് നിങ്ങൾ വേലിപ്പുറത്തെ കാഴ്ചക്കാരല്ലല്ലോ…