ഒരു സ്ത്രീ ഭർത്താവിൽനിന്നല്ലാതെ സെക്സിനെക്കുറിച്ച് ഒന്നുമറിയാൻ പാടില്ലത്രേ

75

Santhosh Kumar K

For play- യെക്കുറിച്ച് നിമിഷ സുരാജിനോട് പറയുമ്പോൾ “അപ്പോ ഇതിനെക്കുറിച്ചെല്ലാമറിയാമല്ലേ .? എന്ന് സുരാജ് ചോദിക്കുന്നുണ്ട്. ആ ചോദ്യത്തിന്റെ ടോൺ കേഴ്ക്കുമ്പോൾ അത് അറിയുന്നത് വലിയ തെറ്റാണെന്ന് തോന്നിപ്പോകും. ഒരു സ്ത്രീ ഭർത്താവിൽനിന്നല്ലാതെ സെക്സിനെക്കുറിച്ച് ഒന്നുമറിയാൻ പാടില്ല എന്നാണ് സുരാജിന്റെ മനസ്സിൽ എന്ന് തോന്നി. ഈ രംഗം കണ്ടപ്പോൾ എന്റെ നാട്ടിൽ നടന്ന ഒരു സംഭവം ഓർമ്മ വന്നു.

കുറേ കാലം മുൻപ് എന്റെ നാട്ടിൽ ഒരു പെൺകുട്ടിയുടെ വിവാഹം നടന്നു. ഭർത്താവിന് ഗൾഫിലായിരുന്നു ജോലി. കല്യാണം കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞ് അയാൾ ഗൾഫിൽ പോകാറായപ്പോൾ ഈ കുട്ടി കൂടെപ്പോകാൻ തെയ്യാറായില്ല, എന്നു മാത്രമല്ല സ്വന്തം വീട്ടിലേക്ക് പോരുകയും ചെയ്തു. എന്താണ് കാരണമെന്ന് വീട്ടുകാർ ചോദച്ഛിട്ടും ഒന്നും പറഞ്ഞില്ല. പിന്നെ കുറച്ചുമാസങ്ങൾ കഴിഞ്ഞ് വീട്ടുകാരുടെ നിർബന്ധം കാരണം അയാളുടെ കൂടെ പോയി. കുറച്ചു വർഷങ്ങൾ കഴിഞ്ഞു അവർക്ക് രണ്ട് കുട്ടികളായി. എങ്കിലും അവർ തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടായിരുന്നതായി കേട്ടിരുന്നു. കുട്ടികൾക്ക് ഒരു അഞ്ച് ആറ് വയസ്സായപ്പോൾ അയാൾ ഭാര്യയെ നാട്ടിൽകൊടുന്നാക്കി പോയി. ഭാര്യക്ക് മാനസിക പ്രശ്നമാണ് കുട്ടികളെ ശ്രദ്ധിയ്ക്കുന്നില്ല എന്നൊക്കെയായിരുന്നു പരാതി. ആ സ്ത്രീയുടെ വീട്ടുകാർ കുറേ ചികിത്സയൊക്കെ ചെയ്തു. എന്നിട്ടും കാര്യമുണ്ടായില്ല. അയാൾ വേറെവിവാഹം കഴിച്ചു.

ആ സമയത്ത് എന്റെ ഒരു സുഹൃത്ത് പറഞ്ഞ ഒരു കാര്യമുണ്ട്. ഈ ചേച്ചിയുടെ ഭർത്താവിന്റെ ഒരു ഫ്രണ്ട് എന്റെ നാട്ടിലുണ്ടായിരുന്നു. ആ ഭർത്താവ് നാട്ടിലുള്ള ഫ്രണ്ടിന് തന്റെ ദാമ്പത്യ പ്രശ്നങ്ങൾ പറഞ്ഞുകൊണ്ട് ഒരു കത്ത് മുൻപ് എപ്പോളോ എഴുതിയിരുന്നു. അത് ഇയാൾ വെള്ളമടിച്ചിരിക്കുന്ന സമയത്ത് കൂട്ടുകാർക്ക് കാണിച്ചുകൊടുത്തു. അങ്ങിനെയാണ് എന്റെ സുഹൃത്ത് കാണുന്നത്. ആ കത്തിൽ പറയുന്നത് കല്യാണം കഴിഞ്ഞ് ആദ്യരാത്രിയിൽ തന്നെ അയാൾക്ക് ഭാര്യയെ സംശയം തോന്നിയിരുന്നുവെന്നാണ്. കാരണം ഫോർപ്ലേ പോലുള്ള എന്തൊക്കെയോ കാര്യങ്ങൾ ഭാര്യ പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിരുന്നു. അതിനാൽ ഭാര്യക്ക് ഇതിൽ മുൻപരിചയമുണ്ട് വേറെ വിവാഹത്തിനുമുൻപ് സെക്സ് ചെയ്തിട്ടുണ്ട് എന്നൊക്കെ അയാൾക്ക് തോന്നി. അതായിരുന്നു തുടക്കം, പിന്നെ സംശയരോഗിയായിമാറിയ അയാൾ അതിന്റെ പേരിൽ ഈ സ്ത്രീയെ മാനസികമായി പീഡിപ്പിച്ചിട്ടുണ്ടാകാം. അതായിരിക്കും അവർ തമ്മിൽ പ്രശ്നമുണ്ടാവാനും.

സ്ത്രീ മാനസികരോഗിയാകാനും കാരണം. ഒന്നും അവർ വീട്ടുകാരോട് തുറന്നു പറഞ്ഞതുമില്ല. ആ ചേച്ചിയുടെ വീട്ടുകാരെല്ലാം അവരുടെ ഭർത്താവിന്റെ പക്ഷത്തായിരുന്നു. ഈ കത്ത് പുറത്തുവരുന്നതു തന്നെ ഡൈവേഴ്സിനുശേഷമാണെന്നാണോർമ്മ. എന്തായാലും ആ ചേച്ചി കുറച്ചു വർഷങ്ങൾക്കുമുൻപ് ആത്മഹത്യ ചെയ്തു. സിനിമയിൽ ആ രംഗം കണ്ടപ്പോൾ അതൊക്കെ ഓർമ്മ വന്നു, സുരാജിന്റെ സ്വഭാവമായിരുന്നിരിക്കണം അയാളുടെയും എന്നു തോന്നുന്നു. Jeo മൂവി ഇങ്ങിനെ പലർക്കും പല ഓർമ്മകളും ഉണർത്തുന്നുണ്ടാവും എന്നുറപ്പാണ്. പലരുടെയും ജിവിതവുമായി അത്രയും അടുത്തുനിൽക്കുന്നുണ്ട് മഹത്തായ ഭാരതിയ അടുക്കള..❤