അത്രമാത്രം വിനോദവും സന്തോഷവും ഊർജ്ജവും തരുന്ന മറ്റൊരു സ്ഥലവും ഹൈദരാബാദിൽ ഇന്നില്ല

0
194

Santhosh Narayanan

രാമോജി ഫിലിം സിറ്റി ,ഹൈദരാബാദ്

ഹൈദരാബാദിനെക്കുറിച്ചു എഴുതുമ്പോൾ പഴയകാല ചരിത്രം കുറെ എഴുതാൻ ഉണ്ടെങ്കിലും ഇന്ന് ഹൈദരാബാദ് ഏറെ അറിയപ്പെടുന്നത് പ്രധാനമായും ഒന്നിന്റെ പേരിൽ ആണ് .. രാമോജി ഫിലിം സിറ്റിയുടെ പേരിൽ ഹൈദരാബാദ് വരുന്ന ഒരു വിനോദസഞ്ചാരിയും രാമോജി ഫിലിം സിറ്റി കാണാതെ മടങ്ങാറില്ല . അത്രമാത്രം വിനോദവും സന്തോഷവും ഊർജ്ജവും തരുന്ന മറ്റൊരു സ്ഥലവും ഹൈദരാബാദിൽ ഇന്നില്ല

May be an image of outdoors and monumentഹൈദരാബാദിൽ വന്നു കുറെ വർഷങ്ങൾ കഴിഞ്ഞാണ് ഞാൻ ആദ്യമായി രാമോജിയിൽ പോകുന്നത്. അതിനു കാരണം നാട്ടിൽ നിന്ന് ഹൈദരാബാദ് കാണാൻ വന്ന ചേട്ടനും ഉണ്ണി മാമനും പ്രകാശേട്ടനുമാണ്
അവർ ഒരാഴ്ച ലീവ് എടുത്ത് ഹൈദരാബാദ് സന്ദർശിക്കാൻ വന്നതോടെയാണ് ഞാൻ ഹൈദരാബാദിനെപ്പറ്റി കൂടുതൽ പഠിക്കുന്നത് . ഏതൊക്കെ സ്ഥലങ്ങൾ കാണണം എവിടെയൊക്കെ അവരെ കൊണ്ട് പോകണം എന്നിങ്ങനെ. പക്ഷെ അവരുടെ മനസ്സിൽ ആദ്യമേ രാമോജി ഫിലിം സിറ്റി ഉണ്ടായിരുന്നു. കേരളത്തിൽ നിന്ന് വരുന്ന ഓരോരുത്തരും രാമോജി മനസ്സിൽ വെച്ചാണ് വരുന്നത് എന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്
No photo description available.ഏതായാലും അവരുടെ നാലു ദിവസത്തെ യാത്രാ പരിപാടിയിൽ ഒരു ദിവസം ഞങ്ങൾ രാമോജി ഫിലിം സിറ്റി സന്ദർശിക്കാൻ വേണ്ടി മാറ്റി വെച്ചു. ഹൈദരാബാദ് സിറ്റിയിൽ നിറയെ ട്രാവൽ ഏജൻസികൾ ഉണ്ട് . അവരുടെ അടുത്ത് രാമോജിയിലെക്കുള്ള ബസ്സ് ടിക്കറ്റ് ബുക്ക് ചെയ്യാം.

ഏതാണ്ട് കാലത്തു എട്ടു മണിക്ക് തന്നെ ഞങ്ങൾ ബസ് വരുന്ന പോയിന്റിൽ എത്തി . ചൈനീസ് ക്ഷേത്രത്തിന്റെ മാതൃകയിൽ അലങ്കരിച്ച സർക്കാർ വക ടൂറിസ്റ്റ് ബസ്സാണ് ഞങ്ങൾ പോകാനായി വന്നത് . നഗരത്തിന്റെ തിരക്കിൽ ടൂറിസ്റ്റുകൾക്ക് പെട്ടെന്ന് തങ്ങളുടെ ബസ്സ് തിരിച്ചറിയാനാണ് അത്തരം രൂപകല്പന ചെയ്തിരിക്കുന്നത്.

May be an image of outdoorsഞങ്ങളെക്കൂടാതെ കുറച്ചു പേർ ബസ്സിൽ ഉണ്ടായിരുന്നു. കൂടുതലും മലയാളികൾ . സിറ്റിയിൽ നിന്ന് പല ട്രാവൽ ഏജൻസികളിൽ നിന്ന് ആൾക്കാരെ എടുത്താണ് ബസ്സിന്റെ യാത്ര. നഗരത്തിന്റെ ഹൃദയത്തിലൂടെ നിറഞ്ഞ ട്രാഫിക്കിലൂടെ സിറ്റിയുടെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റം വരെ കടന്നു പോകണം ഫിലിം സിറ്റിയിൽ എത്താൻ. (ഇന്ന് ഔട്ടർ റിങ് റോഡ് വഴി വളരെ വേഗത്തിൽ ഫിലിം സിറ്റിയിൽ എത്താം , എയർപോർട്ടിൽ നിന്നും ഏതാണ്ട് 25 മിനിറ്റ് മതി ). എങ്കിലും പ്രതീക്ഷിച്ചതിലും നേരത്തെ ഞങ്ങൾ അവിടെ എത്തി .
ബസ്സിൽ ഇരുന്നു തന്നെ രാമോജി ഫിലിം സിറ്റി എന്നെഴുതിയ കമാനം കണ്ടതോടെ എല്ലാവരും ആവേശത്തിലായി. ടിക്കറ്റ് കൌണ്ടർ വരെ മാത്രമേ വാഹനങ്ങൾ അനുവദിക്കൂ . അവിടെ നിന്ന് ടിക്കറ്റ് എടുത്തു വീണ്ടും അഞ്ചു കിലോമീറ്റർ ഉള്ളിലേക്ക് പോയാൽ മാത്രമേ ഫിലിം സിറ്റിയിൽ എത്തൂ
അതിനുള്ളിലേക്ക് ഫിലിം സിറ്റിയുടെ വാഹനങ്ങൾക്ക് മാത്രമേ പ്രവേശം ഉള്ളൂ . അല്ലെങ്കിൽ പിന്നെ അവിടുത്തെ ഹോട്ടലുകളിൽ താമസിക്കാൻ വേണ്ടി വരുന്നവർ ആണെങ്കിൽ പ്രത്യേക പാസ് എടുത്തു ഉള്ളിലേക്ക് സ്വന്തം വാഹനം കൊണ്ട് പോകാം

May be an image of outdoorsടിക്കറ്റ് എടുത്തു സെക്യൂരിറ്റി ചെക്ക് എല്ലാം കഴിഞ്ഞു ഫിലിം സിറ്റി ബസ്സുകൾ പാർക്ക് ചെയ്ത ടെര്മിനലിൽ എത്തിയപ്പോഴാണ് പെട്ടെന്നു രണ്ടു പെൺകുട്ടികൾ ഡാൻസ് ചെയ്യാൻ തുടങ്ങിയത്. ഭരതനാട്യത്തിന്റെ മറ്റൊരു വേർഷൻ . കുറേ കൂടി വേഗതയാർന്ന ഒരു നൃത്തം .എല്ലാവരും അവർക്കു ചുറ്റും കൂടി . ഇതാണ് രാമോജി ഫിലിം സിറ്റിയുടെ പ്രത്യേകത . എവിടെയാണ് അവർ എന്റർടൈൻമെന്റ് ഒളിപ്പിച്ചു വെച്ചിരിക്കുന്നത് എന്ന് പറയാൻ പറ്റില്ല . ചിലപ്പോൾ നമ്മൾ തീരെ പ്രതീക്ഷിക്കാത്ത സ്ഥലത്തായിരിക്കും അത്തരം നൃത്ത സംഘങ്ങൾ പ്രത്യക്ഷപ്പെടുക

May be an image of outdoorsഞങ്ങൾ ഫിലിം സിറ്റിയുടെ ബസ്സിൽ കയറി. മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം . ഒന്നാമത് ലീവ് എടുത്തു കറങ്ങി നടക്കുന്നതിന്റെ , രണ്ടാമത് കൂട്ടുകാരെ പോലുള്ള അമ്മാവനും ചേട്ടന്മാരും നാട്ടിൽ നിന്ന് വന്നതിന്റെ മൂന്നാമത് രാമോജിയിലെ ആ ഒരു പോസിറ്റീവ് വൈബ് . ബസ് പുറപ്പെട്ടു . നിറയെ ആൾക്കാർ ആണ് . ഏതാണ്ട് ഇരുപതോളം ബസ്സുകൾ ആണ് ഫിലിം സിറ്റിയിൽ അങ്ങോട്ടും ഇങ്ങോട്ടും സർവീസ് നടത്തുന്നത് . അപ്പോൾ ഊഹിക്കാമല്ലോ ജനത്തിരക്ക് . അതിനും പുറമെ വേനൽ അവധിക്കാലവും . അപ്പോഴാണ് ഫിലിം സിറ്റിയിൽ സമ്മർ കാർണിവലും ലൈറ്റ് ഷോയും ഒക്കെ നടക്കുന്നത് . ആകെ കൂടി ഒരു ഉത്സവാന്തരീക്ഷം. ബസ്സ് പതുക്കെ സിറ്റി ലക്ഷ്യമാക്കി നീങ്ങി . രാമോജി ഫിലിം സിറ്റി എന്ന് പറഞ്ഞാൽ സിറ്റിക്കുള്ളിൽ മറ്റൊരു സിറ്റിയാണ് . പണ്ടത്തെ ഗോൽകൊണ്ട ഫോർട്ടിന്റെ കഥ പറഞ്ഞ പോലെ മതില്കെട്ടിനകത്തു 1600 ഏക്കർ ഭൂമിയിൽ ആണ് എല്ലാ സൗകര്യങ്ങളോടും കൂടി ഫിലിം സിറ്റി നിൽക്കുന്നത്

May be an image of one or more people, people standing, crowd and outdoorsഅതിനകത്തു കാടും മലയും അമ്പലവും പെട്രോൾ പമ്പും ആൾക്കാർക്കാർ താമസിക്കാൻ ഉള്ള ഡോര്മിറ്ററി മുതൽ ഫോർ സ്റ്റാർ ഹോട്ടൽ വരെ ഉണ്ട് . ഏതാണ്ട് ഇരുപത്തിനായിരത്തിനു അടുത്ത് ആൾക്കാർ ദിവസേന ജോലിക്ക് വരുന്ന ഒരു കൊച്ചു നഗരം തന്നെയാണ് രാമോജി ഫിലിം സിറ്റി
യാത്ര പുറപ്പെടും മുൻപ് രാമോജി ഫിലിം സിറ്റിയെ ക്കുറിച്ചു ഞാൻ കുറെ വായിച്ചു മനസ്സിലാക്കിയിരുന്നു . അതിന്റെ ചരിത്രവും അവിടുത്തെ പ്രധാന ആകര്ഷണങ്ങളും . ഏതു സ്ഥലത്തേക്ക് നമ്മൾ പോകുമ്പോഴും അതിനെക്കുറിച്ചു സാമാന്യമായ ഒരറിവ് ഉണ്ടാവുന്നത് എപ്പോഴും നല്ലതാണ്.

May be an image of outdoors and monument1996 ഇൽ ആണ് രാമോജി ഫിലിം സിറ്റി നിലവിൽ വരുന്നത് . ഹൈദരാബാദിലെ പ്രശസ്തമായ ഉഷാകിരൺ മൂവീസിന്റെ ഉടമയും സിനിമ നിർമാതാവും സംവിധായകനുമായ ചെറുകുറി രാമോജി റാവു സ്ഥാപിച്ചതാണ് ഈ ഫിലിം സിറ്റി . ഹോളിവുഡ് യൂണിവേഴ്സൽ സ്റ്റുഡിയോ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് തോന്നിയ ഒരു ആശയമാണ് എന്ത് കൊണ്ട് തന്റെ നാട്ടിൽ ഒരു ഫിലിം സിറ്റി നിർമിച്ചു കൂടാ എന്നത് .
പിന്നീടുള്ള നീക്കങ്ങൾ ചടുലമായിരുന്നു . ഹൈദരാബാദ് സിറ്റിക്ക് പുറത്തു ആയിരക്കണക്കിന് ഏക്കർ ഭൂമി വാങ്ങി അതിൽ ഫിലിം സിറ്റിയുടെ നിർമാണം ആരംഭിക്കുന്നു . ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം സിറ്റി എന്ന റെക്കോർഡ് യൂണിവേഴ്സൽ സ്റുഡിയോക്ക് അല്ല രാമോജി ഫിലിം സിറ്റിക്കാണ്
ഞങ്ങൾ സംസാരിച്ചു കൊണ്ട് പുറത്തെ കാഴ്ചകൾ നോക്കിയിരിക്കുമ്പോഴാണ് ബസ് പതുക്കെ ഫിലിം സിറ്റിയുടെ പ്രധാന ഭാഗത്തേക്ക് എത്തിയത് . അവിടെ രണ്ടു ഹോട്ടലുകൾ തലയുയർത്തി നിൽക്കുന്നു. താരയും സിതാരയും. സിനിമ ഷൂട്ടിംഗ് നു വരുന്ന താരങ്ങൾ ഇവിടെയാണ് തങ്ങുന്നത് .

May be an image of roadബസ്സിൽ ഇരുന്നാൽ ഇരുവശത്തേയും മനോഹരമായ ദൃശ്യങ്ങൾ കാണാം . ചെത്തി മിനുക്കി നിർത്തിയായ പൂന്തോട്ടങ്ങൾ മനോഹരമായ പ്രതിമകൾ . ചുറ്റും വളരെ ആവേശം തരുന്ന ഒരു വൈബ് . ഹൈദരാബാദ് നഗരത്തിൽ നിന്ന് മാറി തീർത്തും ഒറ്റപ്പെട്ട ഒരിടത്തു തികച്ചും നയന മനോഹരമായ ഒരു ക്യാമ്പസ് ഉണ്ടാക്കിയെടുക്കാൻ തന്നെ നല്ല ഭാവന വേണം

May be an image of outdoors and monumentഇന്ത്യൻ സിനിമയിലെ പ്രശസ്തനായ ആർട്ട് ഡയറക്ടർ നിതീഷ് റോയ് ആണ് രാമോജി ഫിലിം സിറ്റി രൂപകല്പന ചെയ്തത് . പ്രശസ്തരായ ഒരു പിടി സംവിധാകരുടെ പ്രിയപ്പെട്ട ആര്ട്ട് ഡയറക്ടർ ആയ നിതീഷ് സിനിമയിലെ കുലപതിയായ രാമോജി റാവുവിന്റെ ശ്രദ്ധയിൽ പെടാൻ അധികം സമയം വേണ്ടല്ലോ
അവിടുത്തെ പ്രകൃതിക്കും മരങ്ങൾക്കും മലകൾക്കും കേടു പാട് വരുത്താതെ ആണ് രാമോജി ഫിലിം സിറ്റി നിർമ്മിച്ചെടുത്തിരിക്കുന്നത്
ഞങ്ങളുടെ ബസ് ലക്ഷ്യത്തിൽ എത്തിയിരിക്കുന്നു . ബസ്സിൽ നിന്നിറങ്ങി ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ള വഴിയേ പോകുന്നു . ഇവിടെ വന്നാൽ ആദ്യം നമ്മൾ ചെയ്യേണ്ടത് പ്രധാനപ്പെട്ട ഷോകളുടെ സമയം നോക്കി മനസ്സിലാക്കി വെക്കുക എന്നതാണ്. അല്ലെങ്കിൽ നമ്മൾക്ക് പല ഷോകളും കാണാൻ കഴിഞ്ഞു എന്ന് വരില്ല . ടിക്കറ്റ് വാങ്ങിക്കുമ്പോൾ കിട്ടുന്ന ബ്രോഷറിൽ ഷോകളുടെ സമയമൊക്കെ കൃത്യമായി രേഖപ്പെടുത്തിയിരിക്കും

May be an image of road, monument and skyസമയ നിഷ്ഠ രാമോജിയിൽ എടുത്തു പറയേണ്ട കാര്യമാണ് . ബ്രോഷറിൽ പറഞ്ഞ സമയത്തു തന്നെ ഓരോ സ്ഥലത്തും ഷോകൾ ആരംഭിക്കും. നമ്മൾ അവിടെ സമയത്തു എത്തിച്ചേരുക എന്നതാണ് പ്രധാനം
ഫിലിം സിറ്റിയിൽ പല തരത്തിൽ നമുക്ക് സമയം ചിലവിടാം. ഷൂട്ടിംഗ് നടക്കുന്ന ലൊക്കേഷനിൽ പോകാം, അവിടുത്തെ ഗാർഡനും ലാൻഡ്സ്കേപ്പിങ് കണ്ടു നടക്കാം , പല വിധത്തിൽ ഉള്ള ഷോകൾ നടക്കുന്ന തിയേറ്ററുകളിൽ പോകാം , കുട്ടികൾക്കായി ഒരു പാട് റൈഡുകൾ അവിടെയുണ്ട് , ഭക്ഷണം കഴിക്കാൻ പല വിധത്തിലുള്ള ഹോട്ടലുകൾ , ഷോപ്പിംഗ് നടത്താൻ ഉള്ള സൗകര്യം .. അങ്ങനെ അവിടെ വരുന്നവരുടെ അഭിരുചിക്ക് അനുസരിച്ചു നമ്മുടെ ആ ദിവസം പ്ലാൻ ചെയ്യാം

May be an image of outdoorsഎങ്കിലും ഏറ്റവും പ്രധാനമായി കണ്ടിരിക്കേണ്ടത് വൈൽഡ് വെസ്റ്റ് എന്ന് പറയുന്ന കൗബോയ് സ്റ്റണ്ട് ആണ്.
ഗുണ്ടകളും അവരെ നേരിടുന്ന നായകനും ആണ് ആ ഷോയുടെ പ്രമേയം (കഥ എന്നും ഒന്ന് തന്നെ, പക്ഷെ സ്റ്റണ്ട് ചെയ്യുന്നവർ മാറി മാറി വരും). മാർഷ്യൽ ആർട്സും സിനിമാറ്റിക് ഫീലും കോമഡിയും നല്ല സംഗീതവും ചേർന്ന് ഏതാണ്ട് ഇരുപതു മിനിട്ടു സ്റ്റേജിൽ അടി പൊടി പൂരമാണ് . അതിനിടയിൽ തോക്കും ബോംബും എല്ലാം പൊട്ടും. തീയും പുകയും വേറെ. കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിഞ്ഞു വീഴുമ്പോൾ അതിനടിയിൽ പെടാതെ നായകൻ ചാടി രക്ഷപ്പെടുന്നതൊക്കെ കാണികൾക്ക് അതിശയം പകരുന്ന സംഭവങ്ങൾ ആണ് . ദിവസേന മൂന്ന് തവണ മാത്രമേ ഈ സ്റ്റണ്ട് ഷോ ഉള്ളൂ. ഇവിടെ വരുന്നവർ ഈ ഷോ മിസ്സ് ആവാതെ നോക്കണം

അത് കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ഷോ മൂവി മാജിക് ആണ് . ഷോലെ സിനിമയിലെ ഒരു രംഗം വീണ്ടും അവിടെ ഷൂട്ട് ചെയ്തു ഔട്ഡോർ രംഗം ആണെന്ന രീതിയിൽ നമുക്ക് ഫീൽ ചെയ്യിക്കുന്നത് എങ്ങിനെയാണ് എന്നാണ് ഇവിടെ കാണിക്കുന്നത് . ഒരു ലൈവ് സിനിമ ഷൂട്ടിംഗ് . മൂന്നു ഘട്ടങ്ങളിൽ ആയാണ് ഇത് നടക്കുക
കാണികളായ സ്ത്രീകളിൽ നിന്ന് നിന്ന് ആർക്കു വേണമെങ്കിലും ഷോലെയിലെ നായികയായ ബസന്തി ആകാം. ചെറിയൊരു മേക്കപ്പ്ലൂടെ നായികയാവാൻ വന്ന പെൺകുട്ടിയെ ഹേമമാലിയെപ്പോലെ ആക്കി മാറ്റുന്നു . പിന്നെ അവിടെ ഉള്ളത് ഒരു കുതിരവണ്ടിയുടെ മേൽഭാഗം ആണ്. കുതിരയയും ഇല്ല വണ്ടിക്കു ചക്രങ്ങളും ഇല്ല . അതിൽ കയറി ഇരുന്നു ഈ പെൺകുട്ടി കുതിരയെ ചാട്ടവാറുകൊണ്ടു അടിക്കുന്ന പോലെ കാണിക്കണം. ഇടയ്ക്ക് ഒന്ന് പേടിച്ച പോലെ പിറകിലേക്ക് നോക്കണം അതിനിടയിൽ ഒരാൾ ആ വണ്ടി ആട്ടികൊണ്ടിരിക്കും. രണ്ടോ മൂന്നോ മിനിറ്റ് , ഷൂട്ടിംഗ് കഴിഞ്ഞു.

Plan your next visit with our must-visit places in Hyderabad –  Entertainment Buzzനമ്മൾ സ്റ്റുഡിയോയുടെ അടുത്ത ഭാഗത്തേക്ക് പോകുന്നു അവിടെയാണ് ആ രംഗത്തിൽ വേണ്ട എഡിറ്റിംഗ് നടത്തുന്നത് . നായികയെ പിന്തുടരുന്ന കൊള്ളക്കാരെ ഇവിടെയാണ് ഗ്രാഫിക്സ് വഴി എഡിറ്റ് ചെയ്തു ചേർക്കുന്നത് . അതോടെ നമുക്ക് രംഗത്തിന്റെ ഏകദേശ രൂപം കിട്ടുന്നു .
നമ്മൾ സ്റ്റുഡിയോയുടെ അടുത്ത ഭാഗത്തേക്ക് കടക്കുന്നു .അടുത്ത ഘട്ടം അതിലേക്ക് വേണ്ട ബാക്ക്ഗ്രൗണ്ട് മ്യൂസിക് മിക്സ് ചെയ്യുക എന്നതാണ് എങ്ങിനെയാണ് കുതിരക്കുളമ്പടി ശബ്ദം ഉണ്ടാക്കുന്നത് എന്നും മറ്റും ഈ ഘട്ടത്തിൽ ആണ് കാണിച്ചു തരുന്നത് . അങ്ങിനെ മൂന്ന് ഘട്ടങ്ങൾ കഴിയുമ്പോൾ നമ്മുടെ മുന്നിലേക്ക് ആ മൊത്തം രംഗം വലിയ തിരശീലയിൽ എഡിറ്റിങ്ങും സൗണ്ട് മിക്സിങ്ങും കഴിഞ്ഞു എത്തുന്നു .. അതാണ് സിനിമയുടെ മാജിക്.. അഭിനയിച്ചവർക്ക് പോലും അത്ഭുതം തോന്നും എങ്ങിനെ അവർ അഭിനയിച്ച ആ ചെറിയ ഒരു ഭാഗം മനോഹരമായ ഒരു സിനിമ പോലെ മാറിപ്പോയത് എന്ന്. ആദ്യം കാണുമ്പോൾ ഇത് നമ്മളിൽ വലിയ അത്ഭുതം ഉണ്ടാക്കും . പിന്നെ പിന്നെ രണ്ടും മൂന്നും തവണ രാമോജിയിൽ പോയപ്പോൾ ഇത് വീണ്ടും വീണ്ടും കണ്ടപ്പോൾ എനിക്ക് ബോറടിച്ചു എന്നത് സത്യമാണ് . ഷോലെ മാറ്റി ബാഹുബലിയിലെ കുതിരസവാരിയോ അല്ലെങ്കിൽ സഞ്ജയ് ലീല ബൻസാലിയുടെ ഏതെങ്കിലും ചിത്രത്തിലെ രംഗമോ ആക്കി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

Photo #1 from Ramoji Film City "Venue photo gallery" albumഅമേരിക്കയിലെ യൂണിവേഴ്സൽ സ്റ്റുഡിയോയിൽ ഓരോ വർഷവും പുതിയ പുതിയ തീം ആണ് അവർ ഉപയോഗിക്കുന്നത് . കാണികൾ വീണ്ടും വീണ്ടും അവിടേയ്ക്ക് വരുന്നതിൽ അത്തരം മാറ്റങ്ങൾ അവർ നടപ്പിൽ വരുത്തുന്നത് വലിയ പങ്ക് വഹിക്കുന്നു. അവിടെ ട്രാൻസ്‌ഫോർമേർസും , ഹാരി പോട്ടറും കണ്ടവർക്ക് ഇത് അത്ര ഇഷ്ടപ്പെടണം എന്നില്ല
പിന്നീട് ഞങ്ങൾ പോയത് രാമോജി ടവർ എന്ന ഷോ കാണാനാണ് . അതിനിടയിൽ ആണ് പെട്ടെന്ന് വഴിക്കു നടുവിൽ ഫിലിം സിറ്റി മ്യൂസിക് ടീം പ്രത്യക്ഷപ്പെട്ടത് . കൂടെ കുറെ സുന്ദരികളായ നർത്തകികളും . പെട്ടെന്ന് കാണികളെ ആവേശഭരിതരാക്കാനും ഒരു ഉത്സവത്തിന്റെ ഫീൽ ലഭിക്കാനും ആണ് അത്തരം പരിപാടികൾ അവർ നടത്തുന്നത്

Ramoji Film City Weekend Packages - Ramoji Film City Weekend Holiday Packageരാമോജി ടവറിൽ ഒരു സിനിമയാണ് . ഒരു ഫോർ ഡി സിനിമ. പക്ഷെ സിനിമയോടൊപ്പം നമ്മൾ ഇരിക്കുന്ന സീറ്റുകളും ഇളകാൻ തുടങ്ങും . തലയിലേക്ക് മഴ പെയ്യുന്ന പോലെ തോന്നും . കാലുകൾക്കിടയിലൂടെ എലികളോ മറ്റു ജീവികളോ പോകുന്ന പോലെ തോന്നും . ആകെപ്പാടെ ഒരു പ്രത്യേക ഫീൽ.
അത് കഴിഞ്ഞപ്പോഴേക്കും വിശപ്പും ദാഹവും ഞങ്ങളെ കീഴ്പെടുത്തിയിരുന്നു , ഭക്ഷണം നല്ല വിലയാണ് അതിനൊത്ത രുചിയും കുറവ് . ഹൈദരാബാദിൽ വന്നു ഇത്രയും മോശം ബിരിയാണിയാണല്ലോ ഞാൻ അവർക്ക് വാങ്ങിക്കൊടുത്ത് എന്നൊരു കുറ്റബോധം എനിക്കും തോന്നാതിരുന്നില്ല . പക്ഷെ അവസാനം കുടിച്ച ലസ്സിയുടെ രുചിയിൽ അതെല്ലാം മറന്നു ഞങ്ങൾ മുന്നോട്ടു നടന്നു
അവിടെ മറക്കാതെ കാണാൻ ഉള്ള രണ്ടു സ്ഥലങ്ങൾ ഒന്ന് വൈൽഡ് വെസ്റ്റ് സ്ട്രീറ്റും രണ്ടാമത്തേത് രാജകൊട്ടാരത്തിന്റെ പടികളുമാണ് . വൈൽഡ് വെസ്റ്റ് സ്ട്രീറ്റ് പണ്ടത്തെ കൗ ബോയ് സിനിമകളിലെ സെറ്റ് പോലെ ഇരിക്കും . ഒരു പാട് തെലുഗു സിനിമകളുടെ ഡാൻസ് രംഗങ്ങൾ അവിടെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത് രാജകൊട്ടാരപടവുകൾ മനോഹരമാണ് . പ്രത്യേകിച്ചും കൊട്ടാരത്തിന്റെ ബാക്ക്ഗ്രൗണ്ടിൽ ഫോട്ടോ എടുത്ത പോലെ ഇരിക്കും.

അടുത്ത പ്രധാന ഷോ സ്പിരിറ്റ് ഓഫ് രാമോജി ആണ് . അതൊരു സംഘ നൃത്തമാണ് . നൃത്തത്തിനോടൊപ്പം അല്പം ധൈര്യവും കഴിവും വേണ്ട ഇനങ്ങൾ ആണ്. മാർഷ്യൽ ആർട്സും ജിംനാസ്‌റ്റിക്‌സും എല്ലാം ഉൾപ്പെട്ട നൃത്തരൂപം. ഫിലിംസിറ്റിയിലെ മനോഹരമായ ഷോകളിൽ ഒന്നാണ് സ്പിരിറ്റ് ഓഫ് രാമോജി
ഇനി അധികം സമയം ഇല്ല . ആറു മണിക്ക് തിരിച്ചു പോകാനുള്ള ബസുകൾ റെഡി ആവും . അതിനു മുൻപ് കണ്ടു തീര്ക്കാൻ ഒരു പാടുണ്ട് . ഞങ്ങൾ ഫിലിം സിറ്റി ഡ്രൈവിന് ആൾക്കാരെ കൊണ്ട് പോകുന്ന സ്പെഷ്യൽ ബസ്സിൽ കയറി . ഉദയനാണ് താരം എന്ന സിനിമയിൽ മീനയും ശ്രീനിവാസനും എന്ന് പാടി നടക്കുന്ന സ്ഥലത്തു കൂടെ അതെ ബസ്സിൽ ഞങ്ങൾ ഫിലിം സിറ്റിയുടെ മറ്റു ഭാഗങ്ങൾ കാണാൻ പുറപ്പെട്ടു
ആ യാത്രയുടെ പ്രത്യേകത ആ ബസ്സുകൾ ഹോപ് ഓൺ ഹോപ് ഓഫ് മോഡലിൽ ഉള്ളവയാണ് ഓരോ പോയിന്റിൽ അവർ ബസ്സ് നിർത്തിത്തരും . നമുക്ക് നടന്നു കാണാം . എന്നിട്ടു അടുത്ത ബസ്സിൽ കയറി അടുത്ത പോയിന്റിൽ പോയി ഇറങ്ങാം . ഇങ്ങനെ ബസ്സുകൾ ഓരോ പോയന്റിലും വന്നും പോയി ഇരിക്കും
അവിടെ ഞങ്ങളെ ആദ്യം ആകർഷിച്ചത് ഷൂട്ടിംഗിനു വേണ്ടി തയ്യാറാക്കിയ പോലെ ഉള്ള ഒരു മാർക്കറ്റ് ആണ്. ബാങ്കും ഹോട്ടലും പള്ളിയും ഒക്കെ ചേർന്ന് സിനിമയിലെ ഒരു തിരക്കേറിയ രംഗം അവിടെ പെട്ടെന്ന് ക്രമീകരിക്കാം . എത്രയോ ആലോചിച്ചാണ് അങ്ങിനെ ഒരു ലേഔട്ട് അവിടെ ഉണ്ടാക്കിയിട്ടുള്ളത് . ചില സിനിമകളിൽ അതാണ് ലക്നൗ നഗരമായി വന്നിട്ടുള്ളതു . മിക്കവാറും തെലുഗു സിനിമകളിൽ നായകൻ മാർക്കറ്റിൽ കിടന്നു തല്ലുണ്ടാകുന്നത് ഈ സെറ്റിൽ വെച്ചാണ്.

Ramoji film city, Hyderabad: Entry fee (Tickets), Tour, Timings & Photos -  Trekkerpediaഅവിടുത്തെ കാഴ്ചകൾ പൂർത്തിയാക്കി ഞങ്ങൾ അടുത്ത് വന്ന ബസ്സിൽ കയറി . പിന്നെ ഞങ്ങളെ കൊണ്ട് പോയത് യൂറോപ്പ്യൻ സ്ട്രീറ്റിലേക്ക് ആയിരുന്നു. അവിടെയാണ് ഉദയനാണു താരത്തിലെ ശ്രീനിവാസനറെ വീട് രൂപപ്പെടുത്തിയിരുന്നത്. സലിം കുമാർ ശ്രീനിവാസനെ അടിക്കുന്ന രംഗവും ഇവിടെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത് . പല സിനിമകളിലും നമ്മൾ കാണുന്ന യൂറോപ്പ്യൻ നഗരം ശരിക്കും യൂറോപ്പല്ല . അത് ഈ സ്ട്രീറ്റിൽ ആണ്. നമ്മൾ കണ്ടു ആസ്വദിച്ച ഒരു പാട് നൃത്തരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതും ഇവിടെയാണ്

അടുത്ത പോയിന്റിൽ ആണ് ചന്ദ്രമുഖിയിലെയും സൂര്യവംശത്തിലെയും കൊട്ടാര സദൃശ്യമായ വീട്. കുറെ കൂടി മുന്നോട്ട് പോയാൽ സെൻട്രൽ ജയിലിന്റെ ഒരു മാതൃക കാണാം . അവിടെയാണ് ചൈനാടൗൺ സിനിമയിലെ ജയിൽ ചിത്രീകരിച്ചിരിക്കുന്നത്
സിനിമയ്ക്ക് വേണ്ടി മാത്രം ഉള്ളതല്ല രാമോജി ഫിലിം സിറ്റി . അത് ആന്ധ്രയുടെയും തെലുങ്കാനയുടെയും ചരിത്രവും പാരമ്പര്യവും ഉയർത്തിക്കാട്ടുന്ന ഒരു പ്രതീകം കൂടിയാണ് . ബുദ്ധമതത്തിന് ഹൈദെരാബാദുമായി എന്തോ ബന്ധം ഉണ്ട് . നഗരത്തിന്റെ പല ഭാഗത്തും ബുദ്ധപ്രതിമകൾ കാണാം . രാമോജിയിലും ബുദ്ധ പ്രതിമകളും ബുദ്ധന്റെ പേരിൽ ഉള്ള ഗുഹയും എല്ലാം കാണാം

THE BEST Ramoji Film City Tours & Tickets - Hyderabad 2021 | Viatorഞങ്ങളുടെ ബസ് മുന്നോട്ടു നീങ്ങി . അകലെയായി നിറയെ നിറയെ ഗോഡൗണുകൾ. അവിടെയാണ് ശിവാജി സിനിമയിലെ ഗാനങ്ങൾ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് . പിന്നെ മുന്നോട്ട് പോയാൽ റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് എല്ലാത്തിന്റെയും മാതൃക കാണാം . മോഡൽ വിമാനത്തിൽ കയറി ഒരു ഫോട്ടോ എടുക്കുകയും ചെയ്യാം
തിരികെ ഞങ്ങളെ ഒരു പോയിന്റിൽ ഇറക്കി . അവിടെ നിന്ന് നടന്നു പോകാൻ ആണ് നിർദ്ദേശം കിട്ടിയത്. അവിടെയാണ് ബുദ്ധ സ്തൂപവും പാർക്കും ഉള്ളത് . അവിടെയും പെട്ടെന്ന് ഒരു നൃത്ത സംഘം രൂപംകൊണ്ടിരുന്നു യാത്ര ചെയ്തു ക്ഷീണിച്ച യാത്രികർക്ക് ഉന്മേഷം പകരാൻ . കുറച്ചു നേരം അത് കണ്ടു നിന്ന് ഞങ്ങൾ ബുദ്ധ പാർക്കിലേക്ക് നടന്നു

ഇന്ന് അവിടെ പുതുതായി ഒരു ബട്ടർഫ്ളൈ പാർക്ക് ഉണ്ട് . നൂറു കണക്കിന് പൂമ്പാറ്റകൾ ആ പാർക്കിൽ വളരുന്നു . കണ്ണിനു ആനന്ദം പകരുന്ന കാഴ്ച ആണത് . അത് കഴിഞ്ഞാൽ പക്ഷികളുടെ ഒരു വലിയ സങ്കേതം പുതുതായി വന്നിട്ടുണ്ട് .ഞങ്ങളുടെ ആദ്യയാത്രയിൽ അങ്ങിനെ ഒരു പക്ഷി പാർക്ക് ഉണ്ടായിരുന്നില്ല . ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ പാർക്ക് ആണ് തത്തകൾക്ക് വേണ്ടി രാമോജിയിൽ ഉള്ളത് . പലതും കണ്ടാൽ നമ്മൾ നോക്കി നിന്ന് പോകും അത്രയ്ക്ക് മനോഹരമാണ് പല പക്ഷികളുടെയും നിറങ്ങൾ
പിന്നെ ഉള്ളത് ബോൺസായ് മരങ്ങളുടെ ഒരു പാർക്ക് ആണ് . പ്രകൃതിയ്ക്കും ജീവികൾക്കും മനുഷ്യനോടൊപ്പം പ്രാധാന്യം ഉണ്ട് എന്ന സന്ദേശം ആയിരിക്കണം ഒരു ഫിലിം സിറ്റിയുടെ ഉള്ളിൽ ഇത്രയും വലിയൊരു സ്ഥലം അവയ്ക്ക് വേണ്ടി മാറ്റി വെക്കാൻ കാരണം .

ബാഹുബലി ഷൂട്ടിംഗ് നടന്നതിന് ശേഷം ഉള്ള യാത്രയിൽ ബസ്സിന്റെ യാത്ര ആ ഷൂട്ടിങ് ലൊക്കേഷൻ വരെ നീട്ടിയിരുന്നു . ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സെറ്റ് ഇന്നും അവർ കേടു കൂടാതെ പരിപാലിച്ചു നിർത്തിയിരിക്കുന്നു. അത് പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് സ്പോട്ട് ആണ്. ബാഹുബലിയുടെവീര്യവും കട്ടപ്പയുടെ കൂറും, ദേവസേനയുടെ വാശിയും , ബല്ലാല ദേവന്റെ അട്ടഹാസവും ശിവഗാമിയുടെ രാജശാസനവും അവിടെ ഇന്നും അലിഞ്ഞു ചേർന്ന് കിടക്കുന്ന പോലെ തോന്നും . രാജമൗലി എന്ന സംവിധായകനെ മനസ്സുകൊണ്ട് ബഹുമാനിച്ചു പോകും ഇങ്ങനെ ഒരു സെറ്റ് ഉണ്ടാക്കിയതിനും അതിൽ നിന്ന് ജീവനുള്ള പോലെ ഒരു സിനിമ എടുത്തതിനും

മുഗൾ സ്വമ്രാജ്യം പോലെ ഉണ്ടാക്കിയിരിക്കുന്ന എടുപ്പുകളുടെ പരിസരത്തു കൂടെ ഞങ്ങൾ പ്രധാന വേദിയിലേക്ക് നടന്നു . അപ്പോഴേക്കും സൂര്യൻ അസ്തമിച്ചിരുന്നു . ഫിലിം സിറ്റിയിലെ എല്ലാ വിളക്കുകളും തെളിഞ്ഞു തുടങ്ങി. . വർണശബളമായ മനോഹരമായ കാഴ്ച ആയിരുന്നു അത്
കുട്ടികൾ റൈഡുകളിൽ കയറി ആസ്വദിക്കുന്നു കൂടെ മുതിർന്നവർക്കും പങ്കെടുക്കാവുന്ന വിവിധ തരം റൈഡുകൾ ഉണ്ട് . ഒരു കണക്കിന് ഒരു അമ്യൂസ്മെന്റ് പാർക്ക് കൂടിയാണ് ആ ഫിലിം സിറ്റി . അവിടെ വരുന്ന ഏതു പ്രായക്കാരെയും തൃപ്തിപ്പെടുത്താനുള്ള എല്ലാ വിധ സംവിധാനവും അവിടെ ഒരുക്കിയിട്ടുണ്ട് . പാട്ടും ഡാൻസും സ്റ്റണ്ടും ഉള്ള ഒരു അടിപൊളി ബോളിവുഡ് പടം കണ്ടിറങ്ങിയ ഫീൽ ആണ് അവിടെ വന്ന ആർക്കും അനുഭവപ്പെടുക

സ്റ്റേജിൽ സമ്മർ കാർണിവൽ നൃത്ത നൃത്യങ്ങൾ അരങ്ങേറുന്നു . സ്നാക്ക് ഷോപ്പുകളിൽ ജനങ്ങളുടെ നല്ല തിരക്ക്. സുവനീർ ഷോപ്പുകളിൽ ജനങ്ങൾ അവിടെ വന്നതിന്റെ ഓർമക്കായി കൊച്ചു കൊച്ചു സാധനങ്ങൾ വാങ്ങിക്കുന്നു.
ഒരു ചായകുടിച്ചു കുറച്ചു നേരം ഞങ്ങൾ കാർണിവൽ പരിപാടികൾ കണ്ടിരുന്നു . രാത്രി എട്ടു മാണി വരെ ആണ് ആ പരിപാടി . ഞങ്ങൾക്ക് കൂടുതൽ സമയം നില്ക്കാൻ സാധ്യമല്ല . ഞങ്ങളുടെ ബസ്സ് ടിക്കറ്റ് കൗണ്ടറിൽ നിന്ന് കൃത്യം ഏഴു മണിക്ക് പുറപ്പെടും. മനസ്സില്ലാ മനസ്സോടെ ഞങ്ങൾ തിരികെ ബസ്സിൽ കയറി . അവിടെ പരിപാടികൾ അവസാനം വരെ കാണാൻ ഭാഗ്യം ലഭിച്ചവരോട് ഞങ്ങൾക്ക് അസൂയ തോന്നി
തിരികെ ബസ്സിൽ വരുമ്പോൾ തണുത്ത കാറ്റ് മുഖത്തേക്ക് അടിയ്ക്കാൻ തുടങ്ങിയിരുന്നു . ഒരു ദിവസത്തിന്റെ ക്ഷീണം മുഴുവൻ ആ കാറ്റ് ഏറ്റതോടെ ഉറക്കത്തിന്റെ രൂപത്തിൽ കണ്ണിലേക്ക് പതിയെ ഇറങ്ങി വന്നു അപ്പോഴേക്കും ഞങ്ങളുടെ ബസ് മനോഹരമായ അലങ്കരിച്ച ഫിലിംസിറ്റിയുടെ പാതയും കടന്നു പതിയെ പുറത്തേയ്ക്ക് നീങ്ങി കഴിഞ്ഞിരുന്നു

പിന്നീട് പല തവണ പലരുടെയും കൂടെ അവിടെ പോയിട്ടുണ്ട് . ഓരോ യാത്രയും മനോഹരമായിരുന്നു . കാരണം പുതുതായി ഫിലിം സിറ്റി കാണുന്നവരുടെ കണ്ണിലെ ആവേശം കാണാൻ ഒരു രസമാണ് . കോവിഡ് കാലം ആയതു കൊണ്ട് ഇപ്പോൾ അവിടെ പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ല . എങ്കിലും ഈ അടുത്ത് വെറുതെ ഒരു രസത്തിനു ഫാമിലിയും സുഹൃത്തുക്കളുമായി അവിടെ പോയി , അവിടുത്തെ ഹോട്ടലിൽ ഒരു രാത്രി ഞങ്ങൾ താമസിച്ചു. ആരും ഇല്ലാത്ത ഫിലിം സിറ്റിയിൽ ഞങ്ങൾ കുറച്ചു പേര് മാത്രം. അവിടെ എല്ലായിടത്തും കറങ്ങി നടക്കാൻ ഉള്ള് അനുമതിഞങ്ങൾക്ക് ലഭിച്ചു
ജനങ്ങളുടെ തിരക്ക് ഉള്ള ഫിലിം സിറ്റിക്ക് ഒരു ഭംഗിയും ആരും ഇല്ലാത്ത ഫിലിം സിറ്റിക്ക് മറ്റൊരു ഭംഗിയുമാണ് . ഏതാണ് ഏറ്റവും മികച്ചത് എന്ന് പറയാൻ കഴിയില്ല . എങ്ങിനെ പോയാലും ഈ ഫിലിം സിറ്റി ഇന്നും എന്നെ ഏറെ ആകർഷിക്കുന്നു എന്നത് ഒരു സത്യമാണ്