മുലയെന്നു കേൾക്കുമ്പോൾ ലൈംഗിക ഉത്തേജനം ഉണ്ടാകുന്നുവെങ്കിൽ…

245
Santhosh Sethumadhavan
ഒന്ന്.
മുല ഒരു ലൈംഗികാവയവമല്ല. അത് സസ്‌തനികൾക്ക് കുഞ്ഞുങ്ങളെ ഫീഡ് ചെയ്യാനുള്ള അവയവമാണ്. മുലയെന്നു വായിക്കുമ്പോഴോ മുലയെന്നു കേൾക്കുമ്പോഴോ മുലയൊന്നു കാണുമ്പോഴോ എനിക്കോ നിങ്ങൾക്കോ ലൈംഗിക ഉത്തേജനം ഉണ്ടാകുന്നുവെങ്കിൽ, അത് ഓർമ്മ വെച്ചത് മുതൽ നമ്മളെ ചുറ്റി നിൽക്കുന്ന പൊതുബോധം കാരണമാണ്.
രണ്ട്.
മുലസ്പർശം ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്നില്ലേ? അപ്പോൾ അത് ലൈംഗിക അവയവമല്ലേ?
അല്ല. ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്ന കാരണം കൊണ്ടാണെങ്കിൽ, ആണിന്റെയും പെണ്ണിന്റെയും ഉച്ചി മുതൽ ഉള്ളംകാലു വരെ ഒരുപാട് വികാരകേന്ദ്രങ്ങളുണ്ട്. അവയെല്ലാം പ്രദർശിപ്പിക്കുന്നത് വിലക്കിയാൽ, ആൺ-പെൺ വ്യത്യാസമില്ലാതെ നമുക്കൊക്കെ മൂടുപടമിട്ടു നടക്കാം.
മൂന്ന്.
ബോഡി ആർട്ടും ഒരു ആർട്ടാണ്. പുലികളിക്ക് ആണിന്റെ ശരീരം മുഴുവൻ വരയ്ക്കുന്നത് കണ്ട് ആർക്കെങ്കിലും സദാചാരം പൊട്ടി ഒലിയ്ക്കാറുണ്ടോ? പുലികളിയുടെ വര പഠിയ്ക്കാൻ വരുന്ന പതിമൂന്നു വയസുകാരന് ഒരു പുരുഷ ശരീരം കിടത്തി വെച്ചു കൊടുക്കുന്നതിൽ നമുക്ക് സദാചാരപ്രശ്നം തോന്നുന്നുണ്ടോ? പെണ്ണിന്റെ ശരീരമായാലാണോ പ്രശ്നം?
അതെ, പെണ്ണിന്റെ ശരീരമാണ് നിങ്ങളുടെ പ്രശ്നം.
നാല്.
രണ്ട് മുലയുള്ള മാറിടം ബോഡി ആർട്ടെന്ന കല പഠിയ്ക്കാൻ തന്റെ മകൾക്കോ മകനോ മുന്നിൽ ക്യാൻവാസ് ആക്കിയത് നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ?
പ്രശസ്ത ചിത്രകാരന്മാർക്ക് വരയ്ക്കാൻ മോഡലുകൾ നഗ്നരായി നിൽക്കാറില്ലേ? ടൈറ്റാനിക്കിലെ ന്യൂഡ് ആർട്ട് സീൻ നിങ്ങളുടെ മായ്ച്ചു കളഞ്ഞ ബ്രൗസിംഗ് ഹിസ്റ്ററിയിൽ ഇല്ലേ?
അഞ്ച്.
ഒരേയൊരു സാധ്യതയാണ് നമ്മളിലെ കപട-സദാചാരവിരുദ്ധതയെ സമാശ്വസിപ്പിക്കാനെങ്കിലും കണ്ടെത്താൻ കഴിയുക. ആ കുട്ടികൾ പൂർണ ബോധ്യത്തോടെയാണോ പ്രസ്തുത കലാരൂപം പഠിയ്ക്കാൻ ഇറങ്ങിയത്? അതോ അവരെ നഗ്നത കാണിച്ചു മുതലെടുക്കുകയായിരുന്നോ? ആണെങ്കിൽ, നമ്മളിലെ ‘സദാചാര’ന് ആഘോഷിക്കാം.
പക്ഷെ, അവിടെയും പ്രതീക്ഷ വെയ്ക്കണ്ട – അവരുടെ മക്കളാണ്. അവരുടെ രാഷ്ട്രീയവും നിലപാടും അറിഞ്ഞു തന്നെയാണ് വളരുന്നത്.
അപ്പൊ ചുരുക്കി പറഞ്ഞാൽ,
ഡിയർ ‘സദാചാര’ൻസ്‌ & സെലക്ടീവ് ‘പുരോഗമന’ൻസ്‌,
ഒരു പെണ്ണിന്റെ മുലയിൽ രണ്ടു ചിത്രം വരച്ചു പഠിയ്ക്കുന്നത് കണ്ടാൽ ഉരുകി ഒലിയ്ക്കുന്ന നിങ്ങളുടെ പാതിവെന്ത ബോധ്യങ്ങളെല്ലാം എട്ടായി മടക്കി പെട്ടിയിൽ വെയ്ക്കുക.
നിങ്ങളുടെ ലോജിക് വെച്ച്, മക്കൾക്ക് മുല കാണിച്ചതിന് കേസ് എടുക്കാൻ നിന്നാൽ, അമ്മമാരെക്കൊണ്ട് ജയില് കവിയുമല്ലോ.
മുലയെ സെക്സിലേക്ക് മാത്രം ചേരുംപടി ചേർത്തു പടിച്ചതാണ് മനുഷ്യരെ, നമ്മുടെയൊക്കെ പ്രശ്നം! ആ കുഞ്ഞുങ്ങൾ മുല കൊണ്ട് കല പഠിയ്ക്കട്ടെ. മുലയുള്ള പെണ്ണുങ്ങളിൽ പ്രത്യേകിച്ചൊരു കൗതുകവും കാണാതെ, തുറിച്ചു നോക്കാതെ, മുലയൊരു പരിഗണനാ വിഷയം പോലുമാകാതെ, നമ്മളെ പോലെയാവാതെ അവരൊക്കെ വളർന്നു വരട്ടെ. തൽക്കാലാം നിങ്ങള് ഇപ്പൊ പ്രവർത്തിപ്പിക്കുന്ന യന്ത്രങ്ങൾ ഒക്കെ ഒന്ന് ഓഫ് ചെയ്ത വെയ്ക്കിൻ.
നമസ്കാരം.
NB: രെഹ്നയുടെ നഗ്നശരീരത്തിൽ ചിത്രം വരച്ചു രണ്ടു പേരിൽ, മകനെ മാത്രം കേന്ദ്രീകരിച്ചാണല്ലോ ഭൂരിപക്ഷ ചർച്ച. അതെന്താ പ്രമുഖരെ, മകളായാൽ അമ്മേടെ മുല കാണുന്നതിൽ നിങ്ങൾക്ക് കുരു പൊട്ടാത്തെ? പെൺ-പെൺ ലൈംഗികത ഇപ്പോഴും നിങ്ങൾക്കൊന്നു വിമർശിക്കാൻ തക്ക വിഷയമായിട്ടില്ലേ? കഷ്ടം!