Santhoshkumar K
നൻപകൽ നേരത്ത് മയക്കം സിനിമ കണ്ടുകൊണ്ടിരൂന്നപ്പോൾ കൂടുതൽ ശ്രദ്ധിച്ചത് അതിലെ ഒരു കൂട്ടം ശബ്ദങ്ങളൂടെ ഒരു മായിക ലോകമാണ്. ഒരു തമിഴ് ഗ്രാമത്തിലെ ശബ്ദങ്ങൾ മുഴുവനായും അങ്ങനെത്തന്നെ സിനിമയിലേയ്ക്ക് എടുത്തു വെച്ചിരിക്കുകയാണ്. എൽ ജെ പിയുടെ ജെല്ലിക്കെട്ടിലാണ് ഞാൻ ആദ്യമായി ശബ്ദങ്ങൾ കൊണ്ടുള്ള ഈ അത്ഭുതം ശ്രദ്ധിച്ചത്. പിന്നെ ചുരുളിയിലും പശ്ചാത്തലം സംഗീതം കൊണ്ടുള്ള മാന്ത്രികത അനുഭവിച്ചു. അതുപോലെ തന്നെയാണ് നൻപകലിലും. പഴയ തമിഴ് ഗാനങ്ങൾ, ടെലിവിഷനിൽ നിന്നുമുള്ള പഴയ തമിഴ് സിനിമ ഡയലോഗുകൾ, ആളുകളുടെ കലപില വർത്തമാനങ്ങൾ, പക്ഷികളുടെ ശബ്ദങ്ങൾ അങ്ങനെ ഒരു ഗ്രാമത്തിലെ പലപല ശബ്ദങ്ങൾ കോർത്തിണക്കിയ ശബ്ദ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഈ ശബ്ദങ്ങൾ നമ്മളെ ആ തമിഴ് ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയാണ്. ഡെസ്ക്ടോപ്പ് കംപ്യൂട്ടറിൽ സാധാരണ സ്പീക്കറുകൾ ഉപയോഗിച്ച് കണ്ടിട്ടും ഈ ബാക്ക് ഗ്രൗണ്ട് സ്കോർ ഗംഭീരമായി തോന്നി എങ്കിൽ തിയ്യേറ്ററിൽ നിന്നും കണ്ടവർക്ക് എത്ര മനോഹരമായ അനുഭവമായിരിയ്ക്കും. ❤️
ഇനി ഇത്തിരി സ്പോയിലർ ഉള്ളതാണ്. നൻപകൽ നേരത്ത് മയക്കം കഥയിലേക്ക് വന്നാൽ ജെയിംസ് എങ്ങനെയാണ് സുന്ദരം ആയി മാറുന്നത്?. പ്രേതബാധ എന്നതൊക്കെ ലോജിക്കല്ല. ജെയിംസിന്റെ മാനസികനിലയിലെ പ്രശ്നങ്ങളാണ് ഇങ്ങനെ സംഭവിയ്ക്കാൻ കാരണമെന്ന് തോന്നുന്നു. മരിച്ചുപോയ ഒരാളായി ജീവിച്ചിരിക്കുന്ന ഒരാൾ പെരുമാറണമെങ്കിൽ മരിച്ചയാളെക്കുറിച്ച് മറ്റേയാൾക്ക് എന്തെങ്കിലും അറിവുണ്ടായിരിയ്ക്കണം എന്നാണ് കേട്ടിട്ടുള്ളത്. നേരിട്ട് പരിചയമില്ലെങ്കിൽ ആരെങ്കിലും പറഞ്ഞു കേട്ട കഥകളിലൂടെയെങ്കിലും അറിവുവേണം. ഇവിടെ ജെയിംസിന് സുന്ദരവുമായി ഒരു ബന്ധവും പറയുന്നില്ല. പിന്നെ എങ്ങനെ ?.
ഒരു സാദ്ധ്യതയാണ് തോന്നുന്നത്. രണ്ടു വർഷം മുമ്പ് കാണാതായ സുന്ദരം മരിയ്ക്കുന്നതിന് മുമ്പ് എവിടെയോ വെച്ച് ജെയിംസിനെ കണ്ടു. സുന്ദരത്തിന്റെ നാടും വീടും വീട്ടുകാരെയുമെല്ലാം ജെയിംസ് മനസ്സിലാക്കി. സുന്ദരം ഒരപകടത്തിൽ, അല്ലെങ്കിൽ ആരെങ്കിലും കൊന്നിട്ട് ജെയിംസിന്റെ മൂന്നിൽ വെച്ച് മരണപ്പെടുന്നു. അതുമല്ലെങ്കിൽ ഒരബദ്ധത്തിൽ ജെയിംസ് തന്നെ സുന്ദരത്തെ കൊല്ലുന്നു. എന്തുതന്നെയായാലും സുന്ദരത്തിന്റെ മരണം ജെയിംസിന് ഒരു ഷോക്കാകുന്നു. അയാൾക്ക് ഇത് ആരോടും പറയാൻ പറ്റാത്ത അവസ്ഥയുമാണ്. അങ്ങനെയൊരു സാഹചര്യത്തിലാണ് ഈ വേളാങ്കണ്ണി യാത്ര പുറപ്പെടുന്നത്. ഭക്തനല്ലാത്ത ജെയിംസ് വേളാങ്കണ്ണി എന്ന് കേട്ടപ്പോൾ ചാടിക്കയറി പുറപ്പെട്ടതിനെക്കുറിച്ച് സഹയാത്രികർ പറയൂന്നുമുണ്ട്. വേളാങ്കണ്ണിയ്ക്ക് പോണവഴിയ്ക്കാണ് സുന്ദരത്തിന്റെ വീടെന്ന് ജെയിംസിനറിയാം. വേളാങ്കണ്ണിയിൽ നിന്നും തിരിച്ചു പോരുമ്പോൾ ജെയിംസ് അസ്വസ്ഥത പ്രകടിപ്പിയ്ക്കുന്നൂണ്ട്. വാൻ സുന്ദരത്തിന്റെ നാട്ടിലെത്തിയപ്പോൾ ജെയിംസിന്റെ ഉള്ളിലുള്ള കുറ്റബോധം സുന്ദരമായി രൂപം പ്രാപിയ്ക്കുകയായിരുന്നു.
ജെയിംസ് പൂർണമായി സുന്ദരമായി മാറിയതായി തോന്നിയില്ല. കാരണം അയാൾ സുന്ദരത്തിന്റെ ഭാര്യയോട് വലിയ അടുപ്പം കാണിയ്ക്കൂന്നില്ല. രാത്രിയിൽ അവിടെ താമസിച്ചിട്ടും ഭാര്യയുടെ കൂടെ കിടക്കുന്നില്ല. സുന്ദരത്തിന്റെ കണ്ണുകാണാത്ത അമ്മയോടാണ് കുറച്ചെങ്കിലും അടുപ്പം തോന്നിപ്പിയ്ക്കുന്നത്. അതിനാൽ തന്നെ സുന്ദരത്തിന് എന്ത് സംഭവിച്ചു എന്നറിഞ്ഞിട്ടും അത് മറച്ചുവെയ്ക്കേണ്ടി വന്നതിൽ നിന്നും ജെയിംസിനുണ്ടായ വിഭ്രാന്തിയാണ് അയാളെ ഒരു ദിവസത്തെയ്ക്ക് സുന്ദരമാക്കി മാറ്റിയത്. ഇത്രയുമാണ് ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ. എൽ ജെ പിയുടെ സിനിമയായതിനാൽ ഇതൊന്നുമാകില്ല ഇതിലും വലിയ എന്തെങ്കിലുമായിരിയ്ക്കും ശരിയായ കഥ. ജെയിംസിനേയും സുന്ദരത്തേയും മമ്മൂട്ടി മനോഹരമാക്കി. നല്ലൊരു മമ്മൂട്ടി സിനിമ കണ്ട സംതൃപ്തിയാണ് നൻപകൽ നേരത്ത് മയക്കം തന്നത്. 💖