അന്താരാഷ്ട്ര ബഹിരാകാശനിലയം കാണാം

0
179

Sanu N

അന്താരാഷ്ട്രബഹിരാകാശനിലയം കാണാം.

ഭൂമിക്കു വെളിയിൽ മനുഷ്യർ സ്ഥിരതാമസമുള്ള ഏകസ്ഥലമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. അമേരിക്ക, റഷ്യ, ജപ്പാൻ, കാനഡ, യൂറോപ്യൻ രാജ്യങ്ങള്‍ എന്നിവയുടെ സംയുക്ത സംരംഭമാണ് ഈ ബഹിരാകാശ ഗവേഷണ നിലയം. ഭൂമിയിൽ നിന്നും ശരാശരി 400കി.മീ. ഉരയത്തിൽ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ഈ നിലയം കേവലം 92.68 മിനിറ്റുകൊണ്ട് ഭൂമിയെ ഒരു തവണ വലംവയ്ക്കും. അതായത് ദിവസവും 15 -ലധികം തവണ ഇത് ഭൂമിയെ വലം വയ്ക്കുന്നു.

ഭാരമില്ലായ്മ അനുഭവപ്പെട്ടുന്ന അവസ്ഥയിൽ നടക്കുന്ന പരീക്ഷണങ്ങള്‍, ബഹിരാകാശയാനങ്ങള്‍ നിര്‍മ്മിക്കുന്നതിനായുള്ള രൂപകല്പന സംബന്ധിച്ച ഗവേഷണങ്ങള്‍ എന്നിവയാണ് പ്രധാനമായും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നടക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇതിനായി സജ്ജമാക്കിയിട്ടുള്ള ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽവച്ച് ജീവശാസ്ത്രം, മനുഷ്യന്റെ ശരീരശാസ്ത്രം, ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം, കാലാവസ്ഥാശാസ്ത്രം എന്നീ മേഖലകളിലെല്ലാം ഇതിലെ താമസക്കാര്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള പര്യവേഷണ യാനങ്ങളുടെയും ഉപകരണങ്ങളുടെയും അവസ്ഥ പരിശോധിക്കുന്നതിനുള്ള പ്രധാന കേന്ദ്രവും അന്താരാഷ്ട്ര ബഹിരാകാശ നിലയമാണ്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ആദ്യഭാഗം ബഹിരാകാശത്ത് എത്തിച്ചത് 1998ൽ ആണ്. 2000-ആണ്ടോടെയാണ് ഇവിടെ ദീ‍ർഘനാൾ മനുഷ്യര്‍ താമസിക്കുന്ന രീതി തുടങ്ങിയത്. ഇതിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങൾ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഭൂമിയെ പരിക്രമണം ചെയ്യുന്ന, ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത വസ്തുവാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. ഇതിനെ നമുക്ക് നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാൻ സാധിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ വളരെ വലിയ സൗരോ‍ജ്ജ പാളികളിൽ പ്രകാശം തട്ടി പ്രതിഫലിക്കുന്നതുകൊണ്ടാണ് ബഹിരാകാശ നിലയം ഭൂമിയിൽ നന്നായി ദൃശ്യമാകുന്നത്. സന്ധ്യാനേരത്തും പുലര്‍കാലത്തുമാണ് ഇതിനെ നന്നായി കാണാൻ സാധിക്കുക.

കേരളീയരായ നമുക്ക് ഈ വരുന്ന ആഴ്ചകളിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ നന്നായി കാണാൻ സാധിക്കും. ഈ മാസം 21 വരെ നമുക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയം ദൃശ്യമാകും. ഇതിൽ നന്നായി കാണാൻ കഴിയുക നാളെയാണ്, അതായത് ഏപ്രിൽ 12 ഞായറാഴ്ച വൈകിട്ട്. നാളെ നമുക്ക് 5 മിനിറ്റ് തുടർച്ചയായി നിലയം കാണാൻ സാധിക്കും. വൈകിട്ട് 7.22ന് വടക്കു പടിഞ്ഞാറുദിശയിൽ, ചക്രവാളത്തിൽ നിന്നും 10 ഡിഗ്രി ഉയരത്തില്‍ നിലയം ദൃശ്യമായി തുടങ്ങും. തുടര്‍ന്ന് മുകളിലേക്ക് ഉയര്‍ന്നു വരുന്ന നിലയം 80 ഡിഗ്രി വരെ ഉയരത്തിലെത്തി, തെക്കു-തെക്കു പടിഞ്ഞാറു ദിശയിൽ 21ഡിഗ്രി താഴ്ന് അദൃശ്യമാകും. ഇത്രയും ഉയരത്തിൽ ബഹിരാകാശ നിലയം കാണാൻ സാധിക്കുന്നത് വളരെ വിരളമാണ്.

തുടർന്ന് 19നു പുലര്‍ച്ചെ 5.33 മുതൽ 5.38 വരെ ഇതിനെ കാണാനാകും. അന്ന് തെക്കു പടിഞ്ഞാറെ ചക്രവാളത്തിനു മുകലിൽ 10ഡിഗ്രി ഉയരത്തിൽ ദൃശ്യമായിതുടങ്ങുന്ന നിലയം വടക്കു കിഴക്ക് ദിശയാലായി സ‍ഞ്ചരിച്ച് 66 ഡിഗ്രി വരെ ഉയര്‍ന്ന്, വടക്കു കിഴക്ക് 32 ഡിഗ്രി ഉയരത്തിലെത്തി അദൃശ്യമാകും. മറ്റുള്ള ദിവസങ്ങളിലും നമുക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണാൻ സാധിക്കും. നിങ്ങളുടെ പ്രദേശത്ത് അന്താരാഷ്ട്ര ബഹിരാകാശ നിലയം എങ്ങനെ കാണാൻ സാധിക്കും എന്നറിയാൻ spotthestation.nasa.gov എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാൽ മതി.