ഫോർപ്ലെ ഇഷ്ടമല്ലാത്ത ഏതെങ്കിലും മനുഷ്യൻ ലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമോ..?

378

Sanu Sathyan

“മഹത്തായ ഭാരതീയ അടുക്കള കുറച്ചെങ്കിലും പുരുഷന്മാരെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുമെന്ന് കരുതുന്നു”

1 ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും പറയുന്നത് കേട്ട് അതൊക്കെ അനുസരിച്ചു സഹികെടുമ്പോൾ പൊട്ടിത്തെറിക്കുന്ന രീതിയാണോ സ്ത്രീകൾ പിന്തുടരേണ്ടത്? ഈ ചലച്ചിത്രത്തിലുടനീളം നായികയ്ക്ക് ഒരു അടിമ ഭാവം കാണാം. ദാരിദ്ര്യം രേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ യുവതിയാണെങ്കിൽ സാഹചര്യം കൊണ്ടാണെന്ന് കരുതാം, ഇതിൽ അങ്ങനെയല്ലല്ലോ. ‘പറ്റില്ല എന്ന് പറയേണ്ടിടത് പറ്റില്ലെന്ന് തന്നെ പറയണം’ അല്ലാതെ ചെറിയ കാര്യങ്ങൾക്ക് ഇട്ടെറിഞ്ഞു പോകുന്ന രീതിയോടോ സംവിധായകൻ അഭിമുഖത്തിൽ പറയുന്നതുപോലെ ‘വിവാഹ മോചനങ്ങൾ നടക്കട്ടെ’ എന്നതിനോടോ യോജിക്കാൻ കഴിയുന്നില്ല.

2 വിവാഹ മോചനം നേടിയാലോ വിവാഹം കഴിച്ചില്ലെങ്കിലോ ലൈംഗിക തൊഴിലാളികൾ ഉള്ളിടത്തോളംകാലം പുരുഷനെ സംബന്ധിസിച്ചിടത്തോളം രതി എന്നത് കിട്ടാക്കനിയല്ല. പക്ഷേ സ്ത്രീകളുടെ കാര്യം അങ്ങനെയാണോ? വിവാഹം കഴിക്കാതെയുള്ള രതി നമ്മുടെ നാട്ടിലെ അവസ്ഥവച്ചു കുറച്ചു പ്രയാസമാണ്, ചിലപ്പോൾ ഗർഭം ആകുമ്പോൾ ആള് മുങ്ങി കളയും, അല്ലെങ്കിൽ മറ്റു കെണിയിൽ ചെന്ന് പെട്ടേക്കും.

3 ചിത്രത്തിൽ ശ്രദ്ധിച്ച മറ്റൊരു കാര്യം, ഫോർപ്ലെ ചെയ്യാൻ തനിക്ക് കൂടി തോന്നണ്ടേ എന്ന് നായകൻ പറയുന്നുണ്ട്!!! ഫോർപ്ലെ ഇഷ്ടമല്ലാത്ത ഏതെങ്കിലും മനുഷ്യൻ ലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമോ..? ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ട് ആ വാക്ക് പലർക്കും പരിചയമുണ്ടാകില്ല, ചിലപ്പോൾ ചെയ്യുന്ന രീതി പങ്കാളിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് വന്നേക്കാം, പക്ഷെ തനിക്കും കൂടി തോന്നണ്ടേ എന്ന് ആരെങ്കിലും പറയുമോ! അഥവാ പറഞ്ഞാൽ നിങ്ങൾക്ക് തോന്നിയപോലെ ഒന്നും കാര്യങ്ങൾ നടക്കില്ലെന്നു മുഖത്ത് നോക്കി പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ അതിലുള്ളൂ.

4 അടുത്തതായി ആർത്തവവും സ്വാമിമാരും. ദൈവ വിശ്വാസം ഉള്ളിടത്തോളം കാലം ആർത്തവം അശുദ്ധിയായി നിലനിൽക്കും അത് ഹിന്ദുക്കളിൽ മാത്രമല്ല, മുസ്ലിം സ്ത്രീകൾ ആർത്തവ സമയത്ത് ഖുർആനിലോ ക്രിസ്ത്യൻ സ്ത്രീകൾ (ചില വിഭാഗങ്ങൾ, ക്നാനായ പോലുള്ള) ബൈബിളിലോ തൊടാറില്ല.

ഹിന്ദുക്കളിലത് കൂടുതൽ ആണെന്നത് സത്യമാണ്. ആ വിശ്വാസത്തെ ‘പെട്ടെന്ന്’ ഉടച്ചു വാർക്കാൻ ആരെക്കൊണ്ടും കഴിയില്ല, ഇതിൽ നായകൻ മാലയിട്ട് കഴിഞ്ഞു ആർത്തവം തുടങ്ങുന്ന നായികയെ മറ്റൊരു മുറിയിലേക്ക് മാറ്റുന്നു. ‘അത് പറ്റില്ല, ചേട്ടൻ വേണേൽ അവിടെയെങ്ങാനും പോയി കിടന്നോ’ എന്നാണ് പറയേണ്ടത്. ദുഃഖിച്ചു കരഞ്ഞു ഒതുങ്ങി കൂടാനാണെങ്കിൽ മാറ്റം സാധ്യമല്ല. കാടിവെള്ളം മുഖത്ത് ഒഴിച്ച് ഇറങ്ങി പോകാൻ നിന്നാൽ എവിടെയും നിൽക്കാൻ കഴിയില്ല. സംസാരിക്കേണ്ട സ്ഥലത്തു സംസാരിച്ചു സമ്മർദ്ദം ചെലുത്തേണ്ട സ്ഥലത്തു സമ്മർദ്ദം ചെലുത്തി പോരാടിയെങ്കിലേ ജീവിക്കാൻ കഴിയൂ. അത് കുടുംബത്തിൽ മാത്രമല്ല രണ്ടു പേര് കൂടുന്ന ഏതൊരിടത്തും ആവശ്യമാണ്.

5 ‘ഇങ്ങനെയാണോ ചായ ഉണ്ടാക്കുന്നത്?’ എന്ന് ചോദിക്കുമ്പോൾ ഇങ്ങനെയെ ഉണ്ടാക്കൂ, നിങ്ങൾക്കൊക്കെ ഇത് മതി എന്ന് പുഞ്ചിരിച്ചു കൊണ്ട് മറുപടി പറയാൻ പഠിക്കണം. ഇങ്ങോട്ട് എങ്ങനെ പെരുമാറുന്നോ അതുപോലെ തിരിച്ചു പെരുമാറിയെങ്കിൽ മാത്രമേ പരസ്പര ബഹുമാനം നേടാനാവൂ.

6 ഈ ചിത്രത്തിൽ എവിടെയും നായിക അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ശക്തമായി സംസാരിക്കുന്നില്ല. എല്ലാം കേട്ട് അനുസരിച്ചിരുന്നിട്ട് പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന രീതി യുവതികൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്.
………………………………………………………………..
“യുദ്ധം ചെയ്തങ്കിലെ സ്വാതന്ത്ര്യം നേടാനാകൂ”